തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടറുടെ ആത്മഹത്യ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ്ജിൻ്റെ നിർദ്ദേശം. ആത്മഹത്യയ്ക്ക് പിന്നില്‍ സ്ത്രീധനമാണെന്ന ആരോപണം ഉണ്ടായ സാഹചര്യത്തിലാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഡോ. ഷഹാനയുടെ മരണത്തിൽ ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തു. ഡിഎംഇ, സിറ്റി പൊലീസ് കമ്മീഷണർ, ജില്ലാ കളക്ടർ എന്നിവരോട് ഇത് സംബന്ധിച്ച റിപ്പോർട്ട് തേടി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദേശം. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
മെഡിക്കൽ പിജി വിദ്യാർഥിനിയുടെ ആത്മഹത്യ സംബന്ധിച്ച വിഷയത്തിൽ പൊലീസ് വിശദമായി അന്വേഷിക്കട്ടെ എന്ന് ഐഎംഎ മുൻ പ്രസിഡന്റ് ഡോക്ടർ സുൽഫി നൂഹു വ്യക്തമാക്കി.
അതേസമയം ഉയർന്ന സ്ത്രീധനം ചോദിച്ചതോടെ വിവാഹത്തിൽ നിന്ന് പിന്മാറേണ്ടി വന്നതായും ഇതേത്തുടർന്ന് സഹോദരി ഡിപ്രഷനിൽ ആയിരുന്നുവെന്നുമാണ് സഹോദരൻ്റെ പ്രതികരണം. മെഡിക്കൽ പിജി വിദ്യാർഥിനി ഷഹനയ്ക്ക് വീട്ടുകാർ നൽകാൻ ഇരുന്നത് 50 പവൻ സ്വർണാഭരണവും കാറും വസ്തുവും. ഒപ്പം പഠിച്ച യുവ ഡോക്ടർ ആയ പയ്യന്റെ വീട്ടുകാർക്ക് സ്വർണം പോരാ എന്ന് നിർബന്ധം. പലവട്ടം സംസാരിച്ചിട്ടും വിട്ടുവീഴ്ച ഉണ്ടാകാത്ത സാഹചര്യത്തിൽ വിവാഹം വേണ്ടെന്ന് വയ്ക്കാൻ ഷഹനയുടെ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.
എല്ലാവർക്കും പണം മതി പണത്തിനു മേലെ ഒന്നുമില്ല എന്ന് എഴുതിവച്ച ശേഷമായിരുന്ന ഷഹന ആത്മഹത്യ ചെയ്തത്. ഒപ്പം പഠിച്ച ഡോക്ടർ തന്നെ സ്ത്രീധനത്തിന്റെ പേരിൽ വിവാഹത്തിൽ നിന്ന് പിന്മാറിയത് കടുത്ത ഷോക്കായിരുന്നു ഷഹനക്ക്. ഷഹന ഡിപ്രഷനിൽ ആയിരുന്നുവെന്നും ഇത് തിരിച്ചറിഞ്ഞ് വീട്ടുകാർ ഒപ്പമുണ്ടായിരുന്നുവെന്നും ഷഹനയുടെ സഹോദരൻ പറയുന്നു എന്നാൽ ഉമ്മ ഒപ്പം ഇല്ലാത്ത സമയത്താണ് ഷഹന മരുന്നു കുത്തിവെച്ച് മരിച്ചത്. അസ്വഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.