ദില്ലി: ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പൊതുമേഖലയും സ്വകാര്യ മേഖലയും ചേർന്ന് ഗവേഷണത്തിനും വികസനത്തിനുമുള്ള നിക്ഷേപങ്ങൾ നടത്തിയാൽ അത് വൻ മുന്നേറ്റത്തിന് കാരണമാകും. സിവിലിയൻ സാങ്കേതികവിദ്യയ്ക്കായാലും പ്രതിരോധ സാങ്കേതികവിദ്യയ്ക്കായാലും അത് ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിപ്പിക്കുന്ന സാങ്കേതികവിദ്യയെ കുറിച്ചുള്ള വിവരങ്ങൾ എങ്ങനെ പങ്കുവെയ്ക്കാം, അറിവ് പങ്കുവെക്കലും ബൗദ്ധിക സ്വത്തവകാശ സംരക്ഷണവും എങ്ങനെ നടപ്പാക്കണം, വിവരങ്ങൾ എങ്ങനെ കൈമാറും, ജേണലുകൾ പ്രസിദ്ധീകരിക്കുന്നത്, പേറ്റന്റുകൾ ഫയൽ ചെയ്യുന്നത്, പേറ്റന്റുകൾ ലഭിക്കുമ്പോൾ, ആ പേറ്റന്റുകൾ എങ്ങനെ സംരക്ഷിക്കപ്പെടും എന്നിവയെക്കുറിച്ചും അറിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.