കൊച്ചി:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി നവകേരള സദസ്സിന് പഞ്ചായത്ത് സെക്രട്ടറിമാർ പണം നൽകുന്നത് ഹൈക്കോടതി തടഞ്ഞു . മലപ്പുറം പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ഇസ്മായിൽ, കോഴിക്കോട് പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഷറഫുദ്ദീൻ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കാരാട്ട് എന്നിവർ നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ഇടക്കാല ഉത്തരവ്.
ഈ പഞ്ചായത്തുകളിലെ സെക്രട്ടറിമാർക്ക് പ്രത്യേക ദൂതൻ മുഖാന്തരം നോട്ടീസ് നൽകാനും കോടതി ഉത്തരവായി . തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിലേക്ക് സർക്കാർ കടന്നുകയറരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു.
സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന ഔദ്യോഗിക പരിപാടിയായ നവകേരള സദസിന്റെ നടത്തിപ്പിന് പണം നൽകുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ കടമയാണെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.