മനില: ഫിലിപ്പീന്‍സിന്റെ തെക്കന്‍ മേഖലയില്‍ മുസ് ലിം സ്വയംഭരണ മേഖലയായ ബാങ്സമോറയിലെ മരാവിയില് മിന്‍ഡനാവോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ജിംനേഷ്യയത്തില് ഞായറാഴ്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി അര്‍പ്പിച്ച ദിവ്യബലിക്കിടെ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്നു വനിതകള്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെടുകയും അന്‍പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
വിദേശീയരായ ഭീകരപ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനന്‍ഡ് മര്‍ക്കോസ് ജൂനിയര്‍ ആരോപിച്ചു.
നിരപരാധികളായവര്ക്കുനേരെ അക്രമം കാട്ടുന്ന തീവ്രവാദികള്‍ സമൂഹത്തിന്റെ ശത്രുക്കളാണെന്നും, തെക്കന്‍ ചൈനാ കടലില്‍ ഫിലിപ്പീന്‍സ് തീരത്തോടു ചേര്‍ന്ന ദ്വീപുകളില്‍ കമ്യൂണിസ്റ്റ് ചൈന അമിതമായ താല്പര്യം കാണിക്കുന്നുണ്ടെന്നും പ്രസിഡന്റ് മര്‍ക്കോസ് പ്രസ്താവനയില്‍ പറഞ്ഞു.
മഗ്വിന്താനോ പ്രവിശ്യയിലെ ദാത്തു ഹോഫര്‍ അമ്പുട്ടാന്‍ പട്ടണത്തില്‍ വെള്ളിയാഴ്ച 11 ഇസ് ലാമിക സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുള്ള ബാങ്സമോരോ ഇസ് ലാമിക തീവ്രവാദികള്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനുള്ള പ്രതികാരമാകാം രാജ്യത്തെ വലിയ ദ്വീപായ മിന്‍ഡനാവോയിലെ ഈ ബോംബാക്രമണമെന്ന് സൈനിക മേധാവി ജനറല്‍ റോമിയോ ബ്രൗണര്‍ ജൂനിയര്‍ സൂചിപ്പിച്ചു. മലേഷ്യ, ഇന്തൊനേഷ്യ അതിര്‍ത്തികളോടു ചേര്‍ന്നുള്ള മിന്‍ഡനാവോയിലെ ലനാവോ ദെല്‍ സുര്‍ പ്രവിശ്യയില്‍ ഇസ് ലാമിക സ്റ്റേറ്റ് ഗ്രൂപ്പില്‍പെട്ട ദൗലാ ഇസ്ലാമിയ സായുധകലാപകാരികളാണ് കൊല്ലപ്പെട്ടവരെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മിന്‍ഡനാവോ സമാധാന വാരത്തിലാണ് മരാവിയിലെ ബോംബാക്രമണം.
രാജ്യത്തെ ഏറ്റവും വലിയ ഇസ് ലാമിക നഗരമായ മരാവിയില് 2017 മേയ് മുതല്‍ അഞ്ചുമാസത്തോളം ഇസ് ലാമിക തീവ്രവാദികള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. തീവ്രവാദികള്‍ അടക്കം 1,100 പേര് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു. അമേരിക്കയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമുള്ള സര്‍വെയ്ലന്‍സ് വിമാനങ്ങളുടെ പിന്തുണയോടെ വ്യോമാക്രമണം നടത്തിയാണ് ഫിലിപ്പീന്‍സ് സൈന്യം മരാവി നഗരത്തില്‍ നിന്ന് അന്ന് ഇസ് ലാമിക സ്റ്റേറ്റ് തീവ്രവാദികളെ തുരത്തിയത്.
മോറോ ഇസ് ലാമിക വിമോചന മുന്നണി എന്ന മുഖ്യ വിഘടനവാദ പ്രസ്ഥാനവുമായി 2014-ല്‍ ഗവണ്മെന്റ് സമാധാന ഉടമ്പടി ഒപ്പുവച്ചുവെങ്കിലും മറ്റു ചില ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകള്‍ സമാധാന കരാര്‍ തള്ളിക്കളഞ്ഞ് കത്തോലിക്കാ ഭൂരിപക്ഷ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്തിവരികയാണ്.
മരാവി ജിംനേഷ്യയത്തിലെ ബോംബ് സ്ഫോടനത്തില്‍ 60 എംഎം മോര്‍ട്ടാര്‍ വെടിക്കോപ്പുകള്‍ ഉപയോഗിച്ചിരുന്നതായി അവശിഷ്ടങ്ങളില്‍ നിന്നു വ്യക്തമായി. ഇസ് ലാമിക സ്റ്റേറ്റ് ഭീകരവാദികളാണ് ഇത്തരം ചെറുപീരങ്കി ഉണ്ടകള്‍ നിറച്ച ബോംബുകള്‍ നിര്‍മിക്കാറുള്ളതെന്ന് പൊലീസ് ലഫ്. ജനറല്‍ ഇമ്മാനുവല്‍ പെറാള്ട്ട മാധ്യമങ്ങളോടു പറഞ്ഞു.
ഫിലിപ്പീന്‍സില്‍ ദിവ്യബലിമധ്യേ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തവര്‍ക്കായി പ്രാര്‍ഥിക്കുന്നതായും ആക്രമണത്തിന് ഇരകളായവരെയും അവരുടെ കുടുംബങ്ങളെയും തന്റെ സാമീപ്യം അറിയിക്കുന്നതായും ഫ്രാന്‍സിസ് പാപ്പാ ഞായറാഴ്ച വത്തിക്കാനില്‍ ആഞ്ജലുസ് പ്രാര്‍ഥനാവേളയില്‍ പറഞ്ഞു.
ദുരന്തത്തിനിരയായവരെയും അവരുടെ കുടുംബങ്ങളെയും സര്‍വശക്തനായ ദൈവത്തിന്റെ സ്നേഹനിര്‍ഭരമായ കാരുണ്യത്തിന് ഭരമേല്‍പ്പിച്ച് പരിക്കേറ്റവര്‍ക്കും ദുഃഖിതര്‍ക്കും വേണ്ടി സൗഖ്യപ്രാപ്തിയുടെയും സാന്ത്വനത്തിന്റെയും ദൈവിക ദാനങ്ങള്‍ ദൈവത്തോടു യാചിക്കുന്നുവെന്ന് മരാവിയിലെ ബിഷപ് എഡ്വിന് ഡെ ലാ പേഞ്ഞ്യ അംഗോട്ടിന് ഫ്രാന്‍സിസ് പാപ്പാ അയച്ച സന്ദേശത്തില്‍ പറയുന്നു. മിന്‍ഡനാവോയിലെ ജനങ്ങള്‍ ഏറെ ദുരിതങ്ങളിലൂടെ കടന്നുവന്നവരാണ്. അവര്‍ക്ക് സമാധാനത്തിന്റെ രാജാവായ ക്രിസ്തു സാന്ത്വനവും പ്രത്യാശയുമാകട്ടെയെന്ന് പരിശുദ്ധ പിതാവ് പ്രാര്‍ഥിച്ചു.