ന്യൂഡൽഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാനായി കുടുംബം യെമനിലേക്ക് പോകുന്നത് പുനഃപരിശോധിക്കണമെന്ന് കേന്ദ്രം. ഇപ്പോൾ യെമെൻ സന്ദർശിക്കുന്നത് യുക്തിപരമല്ലെന്ന് കേന്ദ്രം. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്ത് നൽകി.
‘ബ്ലഡ്മണി’ കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത ഉണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം. തലാലിന്റെ കുടുംബവുമായി സംസാരിക്കുന്നതിനായി നിമിഷപ്രിയയുടെ അമ്മയും മകളും യെമെൻ സന്ദർശിക്കാനുള്ള അനുമതി തേടി കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു.
എന്നാൽ നിമിഷപ്രിയയുടെ കുടുംബം യെമെൻ സന്ദർശിച്ചാൽ അവിടുത്തെ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് സാധിക്കില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
2017 ജൂലൈ 25നാണ് യമൻ പൗരനായ തലാൽ കൊല്ലപ്പെട്ടത്. തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തുകയും മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നുമാണ് കേസ്.