പാലക്കാട്: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രിം കോടതി വിധി സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പുനര്‍ നിയമനത്തില്‍ യുജിസിയുടെ ഒരു ചട്ടവും ലംഘിച്ചിട്ടില്ലെന്നാണ് വിധിന്യായത്തില്‍ സുപ്രിം കോടതി പറഞ്ഞത്. ഗവര്‍ണറുടെ ഈ വാദം സുപ്രിം കോടതി തിരുത്തിയിട്ടും അദ്ദേഹം അത് ആവര്‍ത്തിക്കുന്നത് വിചിത്രനിലപാടാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം നിയമപ്രകാരവും ചട്ടപ്രകാരവുമാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും വിധിച്ചതാണ്. ആ വിധിന്യായങ്ങളെ സുപ്രിം കോടതി പൂര്‍ണമായും ശരിവെച്ചിരിക്കുന്നുവെന്നാണ് മനസിലാക്കുന്നത് മുഖ്യമന്ത്രി പറഞ്ഞു.
സുപ്രിം കോടതിയിലെ ഹരജിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒന്നാം എതിര്‍കക്ഷിയായിരുന്നു. ഗവര്‍ണര്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് എന്നാണ്. നിയമിച്ച ചാന്‍സലറാണ് ഇത് പറഞ്ഞത്. ഇക്കാര്യം സുപ്രിംകോടതി അംഗീകരിച്ചില്ല. പുനര്‍നിയമനത്തെ സംബന്ധിച്ച് നിലവിലുള്ള യുജിസി ചട്ടങ്ങള്‍ ഒന്നും ലംഘിച്ചിട്ടില്ലെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്. ചാന്‍സലറുടെ നിലപാട് തങ്ങളെ അമ്പരപ്പിക്കുന്നു എന്നാണ് ജഡ്ജി മാര്‍ വിധിന്യായത്തില്‍ പറയുന്നത്. ഗോപിനാഥ് രവീന്ദ്രനെ വിസിയായി പുനര്‍നിയമിച്ച നിയമനാധികാരാണ് ചാന്‍സലര്‍. താന്‍ നടത്തിയത് ചട്ടങ്ങള്‍ വിരുദ്ധമായാണെന്ന് സുപ്രീം കോടതിയെ അദ്ദേഹം അറിയിക്കുന്നു. അത് സുപ്രിം കോടതി തിരുത്തുന്നു. വിധി വന്നശേഷവും ഗവര്‍ണര്‍ ആത് ആവര്‍ത്തിക്കുന്നത് വിചിത്രമായ നിലപാടാണെന്നും പിണറായി പറഞ്ഞു.