ന്യൂഡല്‍ഹി: നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ലോഗോയില്‍ നിന്ന് അശോകസ്തംഭം ഒഴിവാക്കി. ഹിന്ദുദൈവമായ ധന്വന്തരിയുടെ ചിത്രമാണ് പുതിയ ലോഗോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘ഇന്ത്യ’ എന്നതിനു പകരം ‘ഭാരത്’ എന്നും ചേര്‍ത്തു. മെഡിക്കല്‍ കമ്മീഷന്റെ വെബ്സൈറ്റിലാണ് പുതിയ മാറ്റം പ്രത്യക്ഷപ്പെട്ടത്. ലോഗോയിലുണ്ടായ മാറ്റം സംബന്ധിച്ച് മെഡിക്കല്‍ കമ്മീഷന് ഇതുവരെ വിശദീകരണം പുറത്തുവിട്ടിട്ടില്ല. ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കണമെന്ന ചര്‍ച്ചകള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് മെഡിക്കല്‍ കമ്മീഷന്റെ പുതിയ നടപടി.
കേന്ദ്ര മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുന്നതിനായി റെയില്‍വേ മന്ത്രാലയം തയ്യാറാക്കിയ ശുപാര്‍ശ ഫയലുകളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരതം എന്നാക്കി മാറ്റിയിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്ന് ഉള്‍പ്പെടുത്തിയതോടെ വിമര്‍ശനം രൂക്ഷമാക്കി. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ തങ്ങളുടെ എക്സ് അക്കൗണ്ടിലെ ബയോയില്‍ ഭാരത് എന്ന് ചേര്‍ത്തതും വിവാദത്തിനിടയാക്കി.
ഭരണഘടനയില്‍ ഇന്ത്യ, ഭാരതം എന്നിവ ഉപയോഗിച്ചിട്ടുണ്ട് എന്നും മന്ത്രിസഭാ നിര്‍ദേശങ്ങളില്‍ ഭാരതം എന്ന് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും ആണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.