ദോഹ: ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ തുടരും. വെടി നിര്‍ത്തല്‍ ഒരു ദിവസത്തേക്ക് കൂടി നീട്ടിയതായി ഹമാസും ഇസ്റാഈഈലും അറിയിച്ചു. ഇതോടെ വെടിനിര്‍ത്തല്‍ ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു. നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ രാവിലെ ഏഴുമണിക്ക് (ഇന്ത്യന്‍ സമയം 10.30) അവസാനിക്കാന്‍ മിനിട്ടുകള്‍ ശേഷിക്കേയാണ് തീരുമാനം. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഏറെ നേരം നടന്ന ചര്‍ച്ചയില്‍ ഏഴാം ദിവസവും വെടിനിര്‍ത്താന്‍ ഹമാസും ഇസ്റാഈലും ധാരണവുകയായിരുന്നു.
വെടിനിര്‍ത്തല്‍ നീട്ടുന്നതിനായി ബന്ദികളെ കൈമാറാനുള്ള തങ്ങളുടെ നിര്‍ദേശം ഇസ്റാഈല്‍ നിരസിച്ചതായി ഫലസ്തീന് വിമോചന സംഘടനയായ ഹമാസ് അല്പസമയം മുമ്പ് അറിയിച്ചിരുന്നു. ബന്ദികളായ ഏഴ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറമേ ഗസ്സയില്‍ ഇസ്റാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് ബന്ദികളുടെ മൃതദേഹവും കൈമാറാമെന്നായിരുന്നു ഹമാസ് നിര്‍ദേശം. ഇതിനുപകരമായി വ്യാഴാഴ്ച വെടിനിര്‍ത്തല്‍ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഇസ്റാഈല്‍ ഇതിന് വിസമ്മതിക്കുകയായിരുന്നു.