ന്യൂഡൽഹി: സംസ്ഥാന നിയമസഭ പാസാക്കിയ ഒരു ബിൽ തീരുമാനമെടുക്കാതെ ഗവർണർ തടഞ്ഞുവെക്കുകയാണെങ്കിൽ പുനഃപരിശോധനക്കായി തിരിച്ചയക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന പ്രതിനിധി മാത്രമാണ് ഗവർണറെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു.
പഞ്ചാബ് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
സംസ്ഥാനത്തിന്റെ ഗവർണർ തെരഞ്ഞെടുക്കപ്പെടാത്ത തലവനാണ്. നിയമസഭയുടെ നിയമനിർമാണ അധികാരങ്ങളെ അട്ടിമറിക്കാൻ ഗവർണർക്ക് സാധിക്കില്ല-കോടതി വ്യക്തമാക്കി .
ബില്ലുകൾ മുന്നിലെത്തുമ്പോൾ അതിന് അനുമതി നൽകുകയോ തടഞ്ഞുവെക്കുകയോ പ്രസിഡന്റിന്റെ അഭിപ്രായം തേടുകയോ ചെയ്യാം. ഭരണഘടന അനുച്ഛേദം 200 പ്രകാരം തടഞ്ഞുവെക്കുന്ന ബില്ലുകൾ ഉടൻ നിയമസഭക്ക് തിരിച്ചയച്ച് മാറ്റങ്ങൾ നിർദേശിക്കാം.
ഈ മാറ്റങ്ങൾ വരുത്തിയോ വരുത്താതെയോ നിയമസഭ ബിൽ പാസാക്കി വീണ്ടും ഗവർണർക്ക് സമർപ്പിച്ചാൽ നിർബന്ധമായും ബില്ലിന് അനുമതി നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.