ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമാണ് തിരുവനന്തപുരം ജില്ലയിലെ അതിരൂക്ഷമായ തീരശോഷണത്തിന് കാരണമെന്നും വിഴിഞ്ഞത്തെ തുറമുഖനിര്‍മാണവുമായി അതിന് ഒരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും, ഇതു സ്ഥിരീകരിക്കാനെന്നോണം തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രം, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷന്‍ ടെക്നോളജി എന്നിവയുടെ പേരില്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് കമ്പനി (വിസില്‍) അദാനി പോര്‍ട്സ് ഗ്രൂപ്പിനുവേണ്ടി കരടു ധവളപത്രം ഇറക്കുകയും ചെയ്തപ്പോഴും, 2022 ഒക്ടോബറില്‍ ഗവണ്മെന്റ് വാഗ്ദാനം ചെയ്ത വിദഗ്ധ സമിതി റിപ്പോര്‍ട്ടിനായി കാത്തിരിക്കയായിരുന്നു നാട്ടുകാര്‍.
വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കാന്‍ തീരദേശവാസികളുടെ ഒരു പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തി വിദഗ്ധ പാനല്‍ രൂപീകരിക്കണമെന്നത് 2022 ജൂലൈയില്‍ ആരംഭിച്ച് 140 ദിവസം നീണ്ട വിഴിഞ്ഞം ജനകീയ സമര സമിതി പ്രക്ഷോഭത്തിന്റെ പ്രഥമ ആവശ്യമായിരുന്നു. പുനെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന് മുന്‍ അഡീഷണല്‍ ഡയറക്ടറും കോസ്റ്റല്‍ എന്‍ജിനിയറിങ് വിദഗ്ധനുമായ എം.ഡി കുദലേ അധ്യക്ഷനായി വിദഗ്ധ സമിതിയെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തീരദേശ പ്രതിനിധിയെ അതില്‍ ഉള്‍പ്പെടുത്തിയില്ല എന്നതിനാല്‍ സമര സമിതി കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല മുന്‍ ഡീനും ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുന്‍ ശാസ്ത്രജ്ഞനും ഗ്രൂപ്പ് മേധാവിയുമായ കെ.വി. തോമസ് ചെയര്‍മാനായി ഏഴംഗ പഠന സമിതിയെ നിയോഗിക്കുകയായിരുന്നു.
തീരത്ത് വിപുലമായ വസ്തുതാപഠനവും തെളിവെടുപ്പും സമഗ്രവും ഗഹനവുമായ ശാസ്ത്രവിശകലനവും നടത്തി പഠന സമിതി ലോകമത്സ്യത്തൊഴിലാളി ദിനത്തില്‍ പ്രകാശനം ചെയ്ത റിപ്പോര്‍ട്ട് നമ്മുടെ രാഷ്ട്രീയ നേതൃത്വവും കോര്‍പറേറ്റ് ജിഹ്വകളും വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ ഇത്രയും കാലം പറഞ്ഞുപരത്തിയ കള്ളങ്ങളോരോന്നും തുറന്നുകാട്ടുന്നുണ്ട്.
കുദലേയുടെ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കണ്ടിട്ടില്ല.
വിഴിഞ്ഞം തുറമുഖനിര്‍മാണം മൂലം തിരുവനന്തപുരം ജില്ലയിലെ കടല്‍തീരത്തും തീരക്കടലിലും ജൈവവൈവിധ്യത്തിലും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവനത്തിലുമുണ്ടായിട്ടുള്ള ആഘാതമാണ് ജനകീയ പഠന സമിതി റിപ്പോര്‍ട്ടിന്റെ കാതല്‍. തീര സുസ്ഥിരത, ജൈവവൈവിധ്യം, അതിവിശിഷ്ട പ്രകൃതിസൗന്ദര്യ മേഖല, മത്സ്യബന്ധനതുറമുഖത്തിനുണ്ടാകുന്ന ആഘാതം, ഡ്രെജിങ്ങിന്റെ ആവശ്യകത, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം എന്നിവയെ സംബന്ധിച്ച ഡേറ്റയില്‍ കൃത്രിമം കാണിച്ചും പലതും മറച്ചുവച്ചും വളച്ചൊടിച്ചുമാണ് വിസില്‍ വിശദ പദ്ധതി രേഖയും പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ടും തയാറാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തീരത്തിനും കടലിന്റെ ആവാസവ്യവസ്ഥയ്ക്കും സമുദ്ര ജൈവവൈവിധ്യത്തിനും വന്‍തോതില്‍ നാശം വരുത്തുന്നതും, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവനോപാധിയെയും തൊഴിലിടത്തെയും സാംസ്കാരിക ഭൂമികയെയും ബാധിക്കുന്നതുമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി.
സിഎംഎഫ്ആര്‍ഐയുടെ 2016-ലെ കണക്കുകള്‍ പ്രകാരം, കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളുള്ള (4,483), ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള (17,858), ഏറ്റവും കൂടുതല്‍ പൂര്‍ണസമയ മത്സ്യത്തൊഴിലാളികളുള്ള (4,950), ഏറ്റവും കൂടുതല്‍ പരമ്പരാഗത മീന്‍പിടുത്ത ഉരുക്കളുള്ള (1,622), ഏറ്റവും കൂടുതല്‍ ഔട്ട്ബോര്‍ഡ് മോട്ടോറുകളുള്ള (1,492) ഗ്രാമമാണ് വിഴിഞ്ഞം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ പോലും 30,000 മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് ജോലിക്കെത്തുന്നു.
വിഴിഞ്ഞം തുറമുഖത്തിനായി 3.18 കിലോമീറ്റര്‍ നീളത്തിലാണ് പുലിമുട്ട് നിര്‍മിക്കുന്നത്. ഒരു കിലോമീറ്റര്‍ കടലിലേക്ക് നേരെ നീട്ടിയും, 2.2 കിലോമീറ്റര്‍ തീരത്തിനു സമാന്തരമായുമാണ് ബ്രേക് വാട്ടര്‍. ഉള്ചാനലിന് 20.4 മീറ്റര്‍ ആഴവും ബെര്‍ത്തിനും പുറംചാനലിനും 18.5 മീറ്റര്‍ ആഴവും ഉറപ്പാക്കുന്നതിന് 15 മുതല്‍ 20 മീറ്റര്‍ വരെ പലയിടത്തും ഡ്രെജ് ചെയ്യേണ്ടതുണ്ട്.
തീരക്കടലില്‍ 66 ഹെക്ടര്‍ സ്ഥലം നികത്തിയെടുക്കുന്നു, ഇതിന് ഡ്രെജ് ചെയ്തെടുത്ത 76 ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് ഉപയോഗിക്കുന്നു. ഇത്രയും വലിയ തോതിലുള്ള നിര്‍മിതി ഈ തീരത്ത് ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല.
വര്‍ഷംതോറും 30,000 ക്യുബിക് മീറ്റര്‍ മെയ്ന്റനന്‍സ് ഡ്രെജിങ് ആവശ്യമാണ്. കോവളം മുനമ്പ് കടലിലേക്കു തള്ളി നില്‍ക്കുന്നത് 300 മീറ്ററാണ്. ഇതിനെക്കാള്‍ നീളമുണ്ട് വിഴിഞ്ഞത്തെ ഒരു കിലോമീറ്റര്‍ വരുന്ന ഓഫ്ഷോര്‍ ബ്രേക് വാട്ടറിന്. വിഴിഞ്ഞം-കോവളം മുനമ്പിനെക്കാള് വിസ്തൃതമാണ് 3.18 കിലോമീറ്റര്‍ വരുന്ന വിഴിഞ്ഞത്തെ പുലിമുട്ട് മേഖല. ഇതുമൂലം തീരക്കടലിലെ സ്വാഭാവിക മണ്ണൊഴുക്കും തിരകളുടെ ചലനശക്തിയും മണ്ണടിയല്‍ പ്രക്രിയയും മറ്റും അവതാളത്തിലായിട്ടുണ്ട്. വിഴിഞ്ഞത്തിനു വടക്കുഭാഗത്തായി പനത്തുറ, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുമുഖം എന്നിവിടങ്ങളിലും, തെക്കുഭാഗത്തായി കൊല്ലങ്കോട്, പരുത്തിയൂര്‍ എന്നിവിടങ്ങളിലും അനുഭവപ്പെട്ടിരുന്ന തീരശോഷണം തുറമുഖനിര്‍മാണം ആരംഭിച്ചതിനുശേഷം കൂടുതല്‍ രൂക്ഷമായി. പുലിമുട്ടിന്റെ തെക്കുഭാഗത്ത് മണല്‍ അടിഞ്ഞുകൂടുന്നതുമൂലം ആ പ്രദേശത്തെ പുഴകളിലും തോടുകളിലും നിന്നുള്ള നീരൊഴുക്ക് തടസപ്പെടുന്നത് വെള്ളപ്പൊക്കത്തിന് ഇടയാക്കുന്നു.
നിരന്തരം ഡ്രെജിങ് നടത്തുന്നത് സമുദ്രജൈവവൈവിധ്യത്തിന് വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുന്നു. തീരക്കടലിലെ പാരുകളിലെ സങ്കീര്‍ണമായ ആവാസവ്യവസ്ഥയിലെ ജീവജാലങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുന്നു. തലമുറകളായി കടലിനെ ആശ്രയിച്ചുകഴിയുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവനമാര്‍ഗം ഇല്ലാതായി. അവരുടെ സാംസ്കാരിക പൈതൃകവും നിലനില്പും കടലുമായുള്ള ബന്ധവും നശിപ്പിക്കപ്പെട്ടു. ഈ മേഖലയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായ കോവളം ബീച്ചിന്റെ മനോഹാരിത അപ്പാടെ തകര്‍ക്കുന്നതാണ് വിഴിഞ്ഞത്തെ നിര്‍മിതികള്‍. തീരപ്രദേശത്തെ ജനങ്ങളുടെ മറ്റൊരു പ്രധാന വരുമാനസ്രോതസാണ് ഇങ്ങനെ ഇല്ലാതായത്.
കേരളതീരത്തെ ജൈവവൈവിധ്യത്തിന്റെ 20 ശതമാനത്തിലേറെ നിലനില്‍ക്കുന്നത് വിഴിഞ്ഞം ഉള്‍ക്കടലിലെ ആവാസവ്യവസ്ഥയിലാണ്. 1,200 ഇനം സ്പീഷിസുകളുടെ സവിശേഷ സങ്കേതമായ വിഴിഞ്ഞത്തെ 15 പാരുകളിലെ (പാറക്കെട്ടുകളിലെ പവിഴപ്പുറ്റ്) ആവാസവ്യവസ്ഥ പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവനത്തിനും ആധാരമാണ്. പുലിമുട്ടുനിര്മാണവും ഡ്രെജിങ്ങും നികത്തലും ഈ സമുദ്രജീവനുകളില് പകുതിയും ഇല്ലാതാക്കും.
വിഴിഞ്ഞത്തെ പരമ്പരാഗത മീന്‍പിടുത്തക്കാരുടെ സമൂഹത്തിന്റെ ഉപജീവനം കടലുമായി ബന്ധപ്പെട്ടതാണ്. കടലിലെ ജൈവവൈവിധ്യത്തിലും തീരത്തെ ആവാസവ്യവസ്ഥയിലും സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വ്യവഹാരത്തിലുമുണ്ടാകുന്ന ആഘാതങ്ങള്‍ അവരുടെ നിലനില്പിനെ ബാധിക്കുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഡിപിആറിലും പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ടിലും ജൈവവൈവിധ്യത്തിന്റെ കാര്യം നിസാരവത്കരിച്ചിരിക്കയാണ്. സമുദ്രജീവനും തീരദേശസമൂഹങ്ങള്ക്കും ഉണ്ടാകുന്ന ദോഷഫലങ്ങളെ തമസ്കരിക്കാനായിരുന്നു ശ്രമം.
മത്സ്യത്തൊഴിലാളി സമൂഹത്തിന് വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലം ഭീമമായ വരുമാനനഷ്ടം ഉണ്ടായിട്ടുണ്ട്. പരമ്പരാഗത മീന്‍പിടുത്ത മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള എട്ടു ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശം നഷ്ടപ്പെട്ടു. ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്കു നല്കിയ നഷ്ടപരിഹാരം അപര്യാപ്തമാണ്. മത്സ്യമേഖലയിലെ തൊഴില്‍ നഷ്ടം തീരദേശത്തെ സ്ത്രീകളെയും സാരമായി ബാധിച്ചു. പുറത്ത് വീട്ടുജോലിക്കും മറ്റും പോകേണ്ട അവസ്ഥയാണവര്‍ക്ക്.
സമുദ്രവിഭവങ്ങള്‍, തീരസംരക്ഷണം, ജൈവവൈവിധ്യം, ടൂറിസം, ജലത്തിന്റെ ഗുണനിലവാരം, ശാസ്ത്രപഠനം, സാംസ്കാരിക മൂല്യം തുടങ്ങിയ മാദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തീരത്തെ പാരുകളുടെ (റോക്ക് റീഫ്) സേവനമൂല്യം 222 കോടി രൂപ കണക്കാക്കാം. വിഴിഞ്ഞം ലൈറ്റ്ഹൗസ് മുതല്‍ ഏഴിമല ക്ഷേത്രം വരെ അഞ്ചുകിലോമീറ്റര്‍ നീളം വരുന്ന തീരം തൊട്ട് തീരക്കടലിലെ മൂന്നു കിലോമീറ്റര്‍ വരെയുള്ള പരിസ്ഥിതിലോല മേഖല 1,500 ഹെക്ടര്‍ വരും. വിഴിഞ്ഞം പദ്ധതി മേഖലയില്‍ ചിപ്പിവാരല്‍, കമ്പവല, കട്ടമരം എന്നിവയുമായി ബന്ധപ്പെട്ട 670 തൊഴിലാളികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പ്രതിദിനം 300 രൂപ വച്ച് അഞ്ചുവര്‍ഷത്തേക്കുള്ള നഷ്ടപരിഹാരമായി 5.6 ലക്ഷം രൂപയാണ് റീഫ് ഫിഷിങ് മേഖലയിലെ തൊഴിലാളികള്‍ക്ക് അനുവദിച്ചത്. ഇത് തികച്ചും അപര്യാപ്തമാണ്. സംസ്ഥാനത്തെ മിനിമം കൂലി 600 രൂപ വച്ചു കണക്കാക്കിയാല്‍ 18 ലക്ഷം രൂപയെങ്കിലും ലഭിക്കേണ്ടതാണ്. മുപ്പതുപേര്‍ വലിക്കുന്ന കമ്പവല (കരമടി) വിഴിഞ്ഞത്തിന് വടക്കായി എട്ടു ഗ്രാമങ്ങളില്‍ നൂറിലേറെയുണ്ടായിരുന്നു. തീരശോഷണം മൂലം ഇനി വല വലിക്കാനാകില്ല. 3,000 മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയാണിത്.
സന്തോഷ് ട്രോഫി ഗ്രാമങ്ങള്‍ എന്നറിയപ്പെടുന്ന പൊഴിയൂര്‍, പൂവാര്‍, പുല്ലുവിള എന്നിവ ഉള്‍പ്പെടെ 15 കിലോമീറ്റര്‍ വരുന്ന മേഖലയില്‍ ബീച്ചിലെ സ്പോര്‍ട്സ് വിനോദ വാര്‍ഷിക മൂല്യം 23 കോടി കണക്കാക്കാം.
വിഴിഞ്ഞം തുറമുഖ നിര്‍മാണം തുടങ്ങിയതിനുശേഷം വടക്കുഭാഗത്ത് തീരശോഷണം രൂക്ഷമായതോടെ 289 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റിലും മറ്റു പ്രകൃതിക്ഷോഭങ്ങളിലും ഉണ്ടായതിനെക്കാള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഉണ്ടാകുന്നതായി കാണാം. തീരശോഷണത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് 92 കോടി രൂപയും തുറമുഖത്തിനായുള്ള പൈലിങ് പണികള്‍ മൂലം തകര്‍ന്ന വീടുകള്‍ക്കായി 25 കോടി രൂപയും പുനരധിവാസത്തിന് വേണം. വേലിയേറ്റരേഖയില്‍ നിന്ന് 50 മീറ്റര്‍ പരിധിയില്‍ 3,339 വീടുകള്‍ ജില്ലയിലുണ്ട്. വിഴിഞ്ഞത്തിനു വടക്കായി ഒന്‍പതു ഗ്രാമങ്ങളിലാണ് ഇവയില്‍ 1,615 വീടുകള്‍. 415 വീടുകള്‍ വേലിയേറ്റരേഖയില്‍ നിന്ന് 10 മീറ്റര്‍ മാത്രം ദൂരത്താണ്. ഏഴു വില്ലേജുകളിലായി 289 വീടുകള്‍ 2015നുശേഷം കടലെടുത്തുപോയി.
തീരസംരക്ഷണത്തിന് കരിങ്കല്ലുകൊണ്ട് ഭിത്തി കെട്ടുന്നതിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. തീരശോഷണത്തിന്റെയും കടലേറ്റത്തിന്റെയും അവസ്ഥയ്ക്കു പാകത്തില്‍ പ്രദേശത്തിന് ഇണങ്ങിയ ‘കോസ്റ്റല്‍ റിട്രീറ്റ്’ സ്വാഭാവിക സംരക്ഷണ ഉപാധികള്‍ സ്വീകരിക്കണം. തീരസംരക്ഷണത്തിന് പോണ്ടിച്ചേരിയില്‍ എന്‍ഐഒടി നടപ്പാക്കിയതുപോലുള്ള തീരപരിപോഷണ പദ്ധതികള്‍ പരിഗണിക്കാവുന്നതാണ്. ചെലവുകുറഞ്ഞ സുസ്ഥിരമായ ബദല്‍മാര്‍ഗം ഒരുക്കുന്നതിന് വേലിയേറ്റരേഖയില്‍ നിന്ന് 200 മീറ്റര്‍ തീരം ഒരു നിര്‍മിതിയും പാടില്ലാത്ത മേഖലയായി തിരിച്ച് അത് മത്സ്യത്തൊഴിലാളികള്‍ക്കും പൊതുജനത്തിനും പ്രയോജനപ്പെടുന്ന പൊതുഇടമായി സംരക്ഷിക്കണം.
തീരസംരക്ഷണത്തിനുള്ള കടല്‍ഭിത്തിയെക്കാള്‍ ഭവനനിര്‍മാണം പോലുള്ള സാമൂഹിക അടിസ്ഥാനസൗകര്യത്തിന് പ്രാധാന്യം നല്‍കണം. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഭവനനിര്‍മാണത്തിനും അടിസ്ഥാനസൗകര്യങ്ങള്‍ക്കുമായി ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ തീരപരിപാലന മാര്‍ഗരേഖയില്‍ (സിസെഡ്എംപി) നിര്‍ദേശിക്കുന്നുണ്ട്. നൂറു കുടുംബങ്ങള്‍ക്ക് 30 കോടി രൂപ ചെലവില്‍ പ്രത്യേകം രൂപകല്പന ചെയ്ത ഗ്രാമം (ഡിസൈന്‍ഡ് വില്ലേജ്) ഒരുക്കണം. ഒരു കിലോമീറ്റര്‍ കടല്‍ഭിത്തി നിര്‍മിക്കാന്‍തന്നെ 50 കോടി രൂപ ചെലവു വരും എന്നിരിക്കെ ഈ ഡിസൈന്‍ഡ് ഗ്രാമനിര്മിതി ലാഭകരമാണ്. വേലിയേറ്റരേഖയ്ക്കു തൊട്ടടുത്തുള്ള 3,340 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ 835 കോടി രൂപ ചെലവു വരും. തീരത്തെ 200 മീറ്റര്‍ വികസന നിരോധന മേഖലയില്‍ നിന്ന് മാറ്റുന്ന പതിനായിരം കുടുംബങ്ങള്‍ക്ക് പുനരധിവാസച്ചെലവ് 1,300 കോടി രൂപയും. നിലവിലുള്ള കടല്‍ഭിത്തിയിലെ കരിങ്കല്ല് സമൂഹഭവനനിര്മിതിക്കായി ഉപയോഗപ്പെടുത്താവുന്നതാണ്. സര്‍ക്കാരിന്റെയും ഭവന സ്വകാര്യ ഏജന്‍സികളുടെയും പങ്കാളിത്തത്തോടെ 2,000 കോടി രൂപയുടെ കോസ്റ്റല്‍ കമ്യൂണിറ്റി ഹൗസിങ് ഫണ്ട് രൂപവത്കരിക്കാനാണ് നിര്‍ദേശം.
ചൊരിമണല്‍ ബീച്ചുകള്‍ ടൂറിസത്തിന് വലിയ മുതല്‍ക്കൂട്ടാണ്. ബീച്ച് ടൂറിസത്തിലൂടെ പ്രതിവര്‍ഷം 300 കോടി രൂപയാണ് കേരളം നേടുന്നത്. ടൂറിസ്റ്റുകള്‍ പ്രാദേശിക മത്സ്യബന്ധന രീതികളുമായി പരിചയപ്പെടുന്ന ‘പെസ്കടൂറിസം’ വികസിപ്പിച്ച് തീരദേശ സമൂഹത്തിനുകൂടി ലാഭവിഹിതം പങ്കുവയ്ക്കാനാകും വിധം പദ്ധതി നടപ്പാക്കണം. വിഴിഞ്ഞത്തിനു വടക്കുഭാഗത്തായി നഷ്ടപ്പെട്ട ബീച്ചുകളുടെ പുനരുദ്ധാരണത്തിന് അടിയന്തര പ്രാധാന്യം നല്‍കണം. പനത്തുറ, പൂന്തുറ, ബീമാപള്ളി, ചെറിയതുറ, വലിയതുറ, കൊച്ചുതോപ്പ്, ശംഖുമുഖം എന്നീ ബീച്ചുകള്‍ വീണ്ടെടുക്കേണ്ടതുണ്ട്. വിസിലും അദാനി പോര്‍ട് കമ്പനിയും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം.
ആവാസവ്യവസ്ഥയുടെ സംരക്ഷണവും തീരദേശവാസികളുടെ മൗലിക മനുഷ്യാവകാശങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് വിസിലും അദാനി പോര്‍ട്സ് കമ്പനിയും മനുഷ്യാവകാശങ്ങളും ബിസിനസ് വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട യുഎന്‍ മാര്‍ഗരേഖകളും ലംഘിച്ചിട്ടുള്ളത് പരിശോധിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്ത് അന്വേഷിക്കണം. മത്സ്യത്തൊഴിലാളി സമൂഹവും അദാനി പോര്‍ട്സും തമ്മിലുള്ള സംഘര്‍ഷത്തിന് പരിഹാരം ‘സോഷ്യല്‍ ലൈസന്‍സ് ടു ഓപ്പറേറ്റ്’ എന്ന പരസ്പര ധാരണയുടെ സാമൂഹിക ഉടമ്പടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതികള്‍ പരിശോധിക്കാന്‍ ജനകീയ ഓംബുഡ്സ്മാനെ നിയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.
തീരദേശവാസികളുമായി അനുരഞ്ജനത്തിന് അദാനി വഴങ്ങിയാലും പകയും ക്രൗര്യവും മുഖമുദ്രയാക്കിയ രാഷ്ട്രീയ യജമാനനര് കനിയുമോ?