വത്തിക്കാനില്‍ ഇക്കഴിഞ്ഞ 29ന് സമാപിച്ച സിനഡാത്മക സിനഡില്‍ 24 ദിവസങ്ങള്‍ നീണ്ട ദൈവകൃപയുടെ അഭിഷേകത്തിന്റെ നാല് സവിശേഷ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു, പതിനാറാമത് ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത 266 മെത്രാന്മാരില് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ പ്രതിനിധിയായ ബിഷപ് ഡോ. അലക്സ് വടക്കുംതല.
ഒന്നാം ഭാഗം
ആഗോള കത്തോലിക്ക സഭയുടെ 16-ാമത് സിനഡിന്റെ പ്രഥമ സെഷന് 2023 ഒക്ടോബര്‍ 29ന് പൂര്‍ണമായി. വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ സിനഡ് പ്രതിനിധികളേയും നിറഞ്ഞുനിന്ന തീര്‍ഥാടകരേയും സാക്ഷി നിര്‍ത്തി ഫ്രാന്‍സിസ് പാപ്പ സിനഡ് സമാപന സമൂഹബലി അര്‍പ്പിച്ച് പ്രത്യാശയോടെ, ഒരുമയില്‍ നീങ്ങാന്‍ സഭാതനയരെ ഓര്‍മിപ്പിച്ചു. പരസ്പരം ശ്രവിച്ച് കൂട്ടായ്മയില്‍ നീങ്ങുന്ന സിനഡാത്മകസഭയാണ് മൂന്നാം സഹസ്രാബ്ദത്തില്‍ കര്‍ത്താവ് കാത്തിരിക്കുന്നത്. നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുന്നതും സഹോദരരെ ശുശ്രൂഷിക്കുന്നതുമാണ് വിശ്വാസജീവിതത്തിന് അര്‍ത്ഥം നല്‍കുന്നത്, പാപ്പ ഓര്‍മിപ്പിച്ചു.
ജ്ഞാനസ്നാനം, അടിസ്ഥാനം, ദൗത്യം
സിനഡ് സമ്മേളനം 2023 സെപ്റ്റംബര്‍ 30ന് തുടക്കം കുറിച്ചത് തെയ്സേ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഒത്തൊരുമിച്ച് (ടുഗെതര്‍) എന്ന പേരില്‍ നടന്ന സായാഹ്നപ്രാര്ഥനാ സമ്മേളനത്തോടു കൂടെയായിരുന്നു. വിഭാഗീയതകള്‍ക്ക് വിട ചൊല്ലി ആധുനിക കാലത്തെ വെല്ലുവിളികള്‍ ഒത്തൊരുമിച്ച് നേരിടാനും അതിജീവിക്കാനും സാധിക്കണമെന്ന ആശയം ഉള്‍ക്കൊള്ളുന്ന ആ കൂടിവരവ് ഒത്തൊരുമിച്ചുള്ള സിനഡ് യാത്രക്ക് അര്ത്ഥപൂര്വകമായ തുടക്കമായിരുന്നു. ആഗോള കത്തോലിക്ക സഭയുടെ സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായിരുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഗീവര്‍ഗീസ് മാര്‍ ബര്‍ണബസ് പറഞ്ഞു,
”ഐക്യത്തിന്റെ ഈ ആഹ്വാനം ഉള്‍ക്കൊണ്ട് തിരികെ നാട്ടിലെത്തുമ്പോഴും നാം കൈകോര്‍ത്ത് കൂട്ടായ്മയില്‍ സാക്ഷ്യജീവിതം നയിക്കേണ്ടിയിരിക്കുന്നു. വ്യത്യസ്ത ചേരികളില്‍ അപരിചിതരായി എത്രനാള്‍ നമുക്കിങ്ങനെ തുടരാനാകും?”
മുന്‍കാല സിനഡ് സമ്മേളനങ്ങളില്‍ നിന്നു വ്യത്യസ്തമായി ഈ 16-ാം സമ്മേളനത്തില്‍ ആദ്യാവസാനം പങ്കെടുത്ത 446 അംഗങ്ങളില്‍ 266 മെത്രാന്മാരും ബാക്കി 70 പേരില്‍ സഹോദര പ്രതിനിധികളെന്ന നിലയില്‍ പ്രോട്ടസ്റ്റന്റ്, ഓര്‍ത്തഡോക്സ് സഭകളില്‍ നിന്നുള്ള അംഗങ്ങളും ഉണ്ടായിരുന്നു. ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ബിഷപ് മാര്ട്ടിന് വാറന്റര് 12 പേരടങ്ങുന്ന മൈനര്‍ സെര്‍ക്കിളില്‍ ആഹ്ളാദത്തോടെ അഭിപ്രായപ്പെട്ടത് ഇതാണ്: ”കര്‍ദിനാള്‍ ന്യൂമാന്റെ ക്രാന്ത്രദര്ശിത്വത്തോടെ മുന്നോട്ടുവച്ച എക്യുമെനിക്കല്‍ ഐക്യം പ്രായോഗികതയില്‍ വരുന്നത് എത്രയോ ആഹ്ളാദകരമാണ്. ഇത് കാലഘട്ടത്തിനാവശ്യമായ കൂടിവരവുതന്നെ. ചുറ്റും വെല്ലുവിളികള്‍ നിറയുമ്പോള്‍ ദൗത്യനിര്‍വഹണത്തിന് സഭകള്‍ തമ്മിലുള്ള അടുപ്പവും സഹകരണവും അനിവാര്യവും പരസ്പരം സഹായകരവുമാണ് (മ്യൂച്വലി ബെനഫിഷ്യല്‍). ക്രിസ്തുവിലുള്ള സ്നാനം അടിസ്ഥാനപരമായി ഈ ദൗത്യത്തിലേക്ക് നമ്മെ ഒരുക്കുന്നു.”
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ബസിലിക്കയുടെ പ്രധാന കവാടത്തിനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പം വിവിധ സഭാ നേതാക്കള്‍ ഒത്തൊരുമിച്ച് അസ്സീസിയിലെ സാന്‍ ഡാമിയാനോ കുരിശിന്റെ മുമ്പില്‍ തെളിച്ച വലിയ മെഴുകുതിരിനാളം സായന്തന കാറ്റില്‍ മെല്ലെ ആടിയുലയുമ്പോഴും സ്വര്‍ഗീയ സാന്ത്വനത്തിന്റെ അനുഗൃഹീതമായ കുളിര്‍മ പ്രാര്‍ഥനാ വേളയിലും തുടര്‍ന്നും എല്ലാവരുടേയും ഹൃദയങ്ങളെ തഴുകിയിരുന്നു. ബസിലിക്ക ഗായകസംഘം സ്കോളാ കാന്തോരും അതിമനോഹരമായി ആലപിച്ച സങ്കീര്‍ത്തന ഗാനങ്ങള്‍ക്കിടയിലെ നീണ്ട നിശബ്ദത ദൈവികമായ ശാന്തതയിലേക്ക് മനസുണര്ത്തുന്നതായി ഏവര്‍ക്കും അനുഭവവേദ്യമായി.
എക്യുമെനിക്കല്‍ പ്രാര്‍ഥനാവേളയില്‍ ഫ്രാന്‍സിസ് പാപ്പ നടത്തിയ സുവിശേഷ വിചിന്തനത്തില്‍ ബഹളത്തിന്റേയും ഒച്ചപ്പാടിന്റേയും നവസംസ്കാരത്തില്‍ നിശബ്ദതയുടേയും മൗനത്തിലുളള സുവിശേഷ ധ്യാനത്തിന്റേയും പ്രാധാന്യമാണ് അടിവരയിട്ട് ആഹ്വാനം ചെയ്തത്. ”വെളിപാടിന്റെ പുസ്തകം 8-7ല്‍ വലിയ നിശബ്ദതയെപറ്റി നിത്യപിതാവിന്റെ വചനം വിവരിക്കുന്നു. നിത്യപിതാവിന്റെ വചനം പാതിരാവില്‍ കാലിത്തൊഴുത്തില്‍ മാംസമായി പിറവിയെടുത്തപ്പോഴും കാല്‍വരിയിലെ കുരിശില്‍ ബലിയായി സമര്‍പ്പിക്കപ്പെട്ടപ്പോഴും ഈ നിശബ്ദത നിറഞ്ഞുനിന്നിരുന്നു. ഈ നിശബ്ദതയുടെ ധ്യാനം ഓരോ വിശ്വാസിക്കും ആവശ്യമാണ്. അതാണ് ക്രിസ്തുവിലേക്കും കൂട്ടായ്മയിലേക്കും നമ്മെ നടത്തുന്നത്,” പാപ്പ പങ്കുവച്ചു.
സിനഡിനായുള്ള ധ്യാനം, ഒരുക്കം
സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ സായാഹ്ന പ്രാര്‍ഥനാ സമ്മേളനത്തിനു ശേഷം ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് ഒരുക്കിയ അത്താഴമുണ്ടായിരുന്നു. അതിനുശേഷം റോമിനു വെളിയിലുള്ള സാക്രോ ഫാനോയിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തിലേക്ക് സിനഡ് പ്രതിനിധികളെല്ലാവരും ബസുകളില്‍ യാത്രയായി. ബെന്ഡിക്റ്റൈന് സന്ന്യാസ സമൂഹത്തിന്റെ മുന്‍ സുപ്പീരിയര്‍ ജനറലും പ്രശസ്ത ധ്യാനഗുരുവുമായ ഫാ. തിമത്തി റാഡ്ക്ലിഫിന്റെ ധ്യാനചിന്തകള്‍, സിനഡ് ജീവിതത്തിന്റെ നവമേഖലകളിലേക്കും ആന്തരിക മേഖലകളിലേക്കുമുള്ള ക്ഷണമായിരുന്നു. ലിസണ്‍ ടു ഹിം: എ സ്പിരിച്വാലിറ്റി ഓഫ് സിനഡാലിറ്റി എന്ന പേരില്‍ ഈ പ്രഭാഷണങ്ങള്‍ പുസ്തകരൂപത്തില്‍ സിനഡിന്റെ സമാപനത്തിനു മുമ്പുതന്നെ – പ്രചോദനാത്മകമായ ആ പ്രഭാഷണങ്ങള്‍ – വത്തിക്കാന്‍ പ്രസാധന വിഭാഗം പ്രസിദ്ധീകരിച്ചിരുന്നു.
സിനഡ് ജീവിതത്തിന് അടിസ്ഥാനമായി ആത്മബന്ധങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് ഫാ. തിമത്തി, അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഗുപിയോയിലെ കാട്ടുകരടിയോടുപോലും സൗഹൃദം സൂക്ഷിച്ചത് ഓര്‍മിപ്പിച്ചുകൊണ്ട് ചോദിച്ചു,
”കടിച്ചുകീറുന്ന കരടി സ്വഭാവമുള്ള ആരും സിനഡില്‍ ഉണ്ടാകില്ലല്ലോ!”
1981ല്‍ അള്‍ജീരിയയിലെ ഒറാണിലെ രൂപതാധ്യക്ഷനായി അഭിഷേകം ചെയ്യപ്പെട്ട് പിന്നീട് രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട പിയര്‍ ക്ലവറെ (Pierre Claverie) അവിടെയുള്ള മുസ് ലിം സഹോദരങ്ങളോട് പങ്കുവച്ചത് അദ്ദേഹം ഓര്‍മിപ്പിച്ചു: ”നിങ്ങളോടൊപ്പം അറബി ഭാഷ പഠിക്കാനായപ്പോള് ഹൃദയത്തിന്റെ സ്നേഹഭാഷ കൂടി പഠിക്കാനായി.” ബിഷപ് പിയര്‍ ക്ലവറിനെ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തിയ അവസരത്തില്‍ മുഹമ്മദ് മുഖീചിയോടുള്ള സൗഹൃദം നാടകരൂപത്തില്‍ ‘പിയറും മുഹമ്മദും’ എന്ന പേരില്‍ അവതരിപ്പിച്ചപ്പോള്‍ മുഹമ്മദിന്റെ അമ്മ അവസാനരംഗം കണ്ട ശേഷം സ്റ്റേജില്‍ കയറിച്ചെന്ന് പിയറായി അഭിനയിച്ച നടനെ ആശ്ലേഷിച്ച് ചുംബിച്ച കാര്യം സൂചിപ്പിച്ചുകൊണ്ട്, തന്റെ ആ സഭാംഗത്തെ പോലെ സിനഡാത്മകസഭയില്‍ സ്നേഹത്തിന്റെ സൗഹൃദപൂക്കള്‍ വിരിയിക്കണമെന്ന് റാഡ്ക്ലിഫ് സിനഡ് പ്രതിനിധികളെ ഓര്‍മിപ്പിച്ചു.
രണ്ടാം ഭാഗം
പാര്‍ലമെന്റിലെ പ്രതിപക്ഷം
2023 ഒക്ടോബര്‍ നാലിനായിരുന്നു സിനഡിന്റെ ഔദ്യോഗിക ഉദ്ഘാടനം. അതോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പ ഓര്‍മിപ്പിച്ചത് ഇതാണ്: ”യുദ്ധത്തിന്റേയും അസ്വസ്ഥതകളുടേയും മധ്യേ ആധുനിക കാലഘട്ടത്തിന്റെ കൊടുങ്കാറ്റുകളുടേയും മധ്യേ ശാന്തതയിലും സ്വസ്ഥതയിലും സഭയ്ക്ക് എങ്ങനെ മുന്നേറാനാകും? ദൈവപിതാവിന്റെ കാരുണ്യക്കണ്ണുകളിലൂടെ ക്രിസ്തു എല്ലാവരേയും എല്ലാറ്റിനേയും നോക്കിക്കണ്ടതുപോലെ കാണാനാകണം. ആത്മാവിന്റെ വിവേചനത്തിലൂടെ (Dicernment of Holy Spirit) തുറവിയോടെ മുന്നേറണം.
സിനഡ് പരസ്പരം തര്‍ക്കിക്കുന്ന പാര്‍ലമെന്റല്ല. തുറന്ന ഹൃദയത്തോടെ പരസ്പരം ശ്രവിക്കുന്ന വേദിയാണ്,
പാപ്പ ആമുഖമായി ആഹ്വാനം ചെയ്തു. തുടര്‍ന്ന് 24 ദിവസങ്ങള്‍ നീണ്ട, എല്ലാ അര്‍ത്ഥത്തിലും ദൈവകൃപയുടെ അഭിഷേകത്തിന്റെ സിനഡ് ദിനങ്ങളായിരുന്നു. നിന് മുമ്പില്‍ നില്ക്കുന്നു പാവനാരൂപിയെ (ആദ്സൂമുസ് സാങ്തേ സ്പിരിത്തൂസ്) എന്നാരംഭിക്കുന്ന പ്രാര്‍ഥനാ ഗാനം അനുദിന സങ്കീര്‍ത്തന ഗാനങ്ങളോടൊപ്പം ചൊല്ലിപ്പോന്നു. നയിക്കാന്‍ നീ മാത്രം പാവനാരൂപിയെ എന്ന് ആലപിച്ചുള്ള സമര്‍പ്പണം എല്ലാ അര്‍ത്ഥത്തിലും അനുഗ്രഹമായി. സിനഡ് സമ്മേളനങ്ങളുടെ പ്രത്യേകമായ നാല് അനുഭവങ്ങള്‍ ഹ്വസ്വമായി വിവരിക്കാം.
1. കുഞ്ഞുസംഘങ്ങളിലെ കൂട്ടായ്മ
ഇഷ്ടവിഷയങ്ങളും ഭാഷയും അനുസരിച്ച് ഓരോ ആഴ്ചയും മാറിമാറി ഒരുമിച്ചു വന്നിരുന്ന പന്ത്രണ്ടോളം അംഗങ്ങളുള്ള ചെറുസംഘങ്ങളില്‍ ആഗോള ക്രൈസ്തവ സമൂഹത്തിന്റെ കൂട്ടായ്മയും അതോടൊപ്പം വ്യത്യസ്ത സാംസ്കാരിക, സഭാത്മക, പൈതൃക വ്യതിരിക്തതയും തെളിവാര്‍ന്ന വിധത്തില്‍ പ്രശോഭിച്ചിരുന്നു. അവിടെ ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കാനും നിശബ്ദതയില്‍ ആയിരിക്കാനും തുറവിയോടെ പരസ്പരം ശ്രവിക്കാനും അഭിപ്രായവ്യത്യാസങ്ങള്‍ മാനിച്ചുകൊണ്ടുതന്നെ സമന്വയത്തിലെത്താനും സാധിച്ചിരുന്നു. ഓരോ പങ്കുവയ്പും നാലു മിനിറ്റ് ക്ലിപ്തപ്പെടുത്തിയിരുന്നു. നാലുപേരുടെ ആശയവിനിമയം കഴിയുമ്പോള്‍ നാലു മിനിറ്റ് നിശബ്ദതയില്‍ കഴിഞ്ഞിരുന്നു. വട്ടമേശയ്ക്കു ചുറ്റും ഒപ്പമിരുന്നുള്ള ചര്‍ച്ചയുടെ റിപ്പോര്‍ട്ട് പൊതുസമ്മേളനങ്ങളില്‍ ഹ്വസ്വമായി അവതരിപ്പിച്ചതിനു ശേഷം തുടര്‍ന്നും ആവശ്യപ്പെടുന്നതനുസരിച്ച് ഓരോരുത്തരുടേയും ടാബിലൂടെ ഡിജിറ്റലായി മുന്‍ഗണനാക്രമത്തില്‍ സമയബന്ധിതമായി ആശയവിനിമയത്തിനുള്ള അവസരമുണ്ടായിരുന്നു. ആഗോളസഭയുടെ ഒരു ചെറുപതിപ്പ് സിനഡില്‍ അനുഭവിക്കാനായി.
2. തുറവിയോടുള്ള ശ്രവണം, ചര്‍ച്ച
പരമ്പരാഗതവും അതോടൊപ്പം പുതിയ കാലഘട്ടത്തിന്റേതുമായ ഏറെ സങ്കീര്‍ണങ്ങളായ പ്രശ്നങ്ങള്‍ ചര്‍ച്ചകള്‍ക്കായി ഉയര്‍ന്നപ്പോള്‍ തുറവിയോടും കരുതലോടും നീതിബോധത്തോടും കൂടെ പരസ്പരം ശ്രവിക്കാനായി. ബഹുഭാര്യത്വം (Polygamy) നിലകൊള്ളുന്ന ആഫ്രിക്കയിലെ ചില സ്ഥലങ്ങളിലെ കുടുംബസാഹചര്യം വ്യക്തിപരമായ അനുഭവത്തോടെ ഒരു വൈദികന് പങ്കുവച്ചപ്പോള്‍ ആ വാക്കുകളുടെ പിന്നിലെ വികാരങ്ങളും മാനുഷിക പരിഗണനയും സിനഡ് അംഗങ്ങളുടെ ഹൃദയങ്ങളില്‍ പെയ്തിറങ്ങി.
”എന്റെ അപ്പച്ചന്റെ നാല് ഭാര്യമാരില്‍ ഒരാളാണ് എന്റെ അമ്മ. ത്യാഗവും പ്രാര്‍ഥനയും മാത്രം കൈമുതലാക്കിയ എന്റെ നിഷ്കളങ്കയായ അമ്മയുടെ മുന്നില്‍ ഞങ്ങളുടെ കുഗ്രാമങ്ങളിലെ ഈ പരമ്പരാഗത ആചാരം സ്വീകരിച്ചുപോന്നു എന്നതിനപ്പുറം, എന്ന് സ്വീകാര്യതയുടെ കിളിവാതില്‍ സഭ അമ്മയ്ക്കു വേണ്ടി തുറക്കും?”
പോളണ്ടില്‍ നിന്നു പഠനത്തിനായി അമേരിക്കയില്‍ താമസിക്കുന്ന ഒരു യുവതി, തന്റെ സഹോദരിയുടെ കരളലിയിക്കുന്ന കദനകഥ പങ്കുവച്ചതും കണ്ണീരോടെയാണ് ശ്രവിച്ചത്: ”എന്റെ സഹോദരി ഏതാനും നാളുകളായി സ്വവര്ഗബന്ധമുള്ളവളായിരുന്നു. എന്റെ അമ്മൂമ്മയുടെ പരേതസ്മരണ ബലിയില്‍ കുടുംബാംഗങ്ങളെല്ലാവരും വന്നു പങ്കെടുക്കണമെന്ന് നിര്‍ബന്ധിച്ചപ്പോഴാണ് എന്റെ സഹോദരി കുമ്പസാരിച്ച് കുര്‍ബാന സ്വീകരിക്കാന്‍ പള്ളിയില്‍ വീണ്ടുമെത്തിയത്. പക്ഷേ കുമ്പസാരക്കൂട്ടിലെ വൈദികന് അവളെ മനസിലാക്കാനായില്ല. ആന്തരിക സംഘര്‍ഷങ്ങളോടെ മടങ്ങിയ അവള് ഏതാനും നാളുകള്‍ക്കുള്ളില്‍ ആത്മഹത്യ ചെയ്തു. അവളെപ്പോലെയുള്ളവരുടെ വിങ്ങലും തേങ്ങലും സഭ ഉള്‍ക്കൊണ്ട് സ്വീകരിക്കേണ്ടത് അല്ലേ?” ആ യുവതി ഗദ്ഗദകണ്ഠയായി ചോദിച്ചു.
വ്യത്യസ്തമായ ലൈംഗിക ചായ് വുകളുള്ളവരുടെ (lbgtqia2s+) പ്രതിസന്ധികളും പ്രയാസങ്ങളും ചര്‍ച്ചയ്ക്ക് വിധേയമായി. അതുപോലെ വനിതകളുടെ ഡീക്കന്‍ പട്ടം പോലുള്ള കാര്യങ്ങളും സിനഡ് ദിനങ്ങളില്‍ തുറവിയോടുള്ള ശ്രവണത്തിനൊടുവില് സഭയുടെ ധാര്‍മിക നിലപാടുകളിൽ വെള്ളം ചേര്‍ക്കാതെ, എന്നാല്‍ ക്രിസ്തുവിന്റെ കണ്ണുകളിലൂടെ സഭ ഏവരേയും നോക്കിക്കാണാന്‍ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങളുണ്ടാകാന് 39 പേജുള്ള സമാപന സിന്തസിസ് റിപ്പോര്‍ട്ടില്‍ തീരുമാനമുണ്ടായി.
3. ചര്‍ച്ച ചെയ്തുള്ള അഭിപ്രായ സമന്വയം
ആത്മാവിന്റെ നിറവില്‍ നന്മ മാത്രം കാംക്ഷിച്ചുകൊണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും തുറവിയോടെ പരസ്പരം ശ്രവിച്ചുകൊണ്ടുമുള്ള ജീവിതശൈലിയാണല്ലോ സിനഡാത്മകസഭ എന്നതുകൊണ്ട് ഫ്രാന്‍സിസ് പാപ്പ വിഭാവനം ചെയ്യുന്നത്. ഈ ശ്രവണം സഭയുടെ എല്ലാ തലങ്ങളിലും ഉണ്ടാകണം. മെത്രാന്മാരുടെ 16-ാമത് സിനഡ് നടന്ന വത്തിക്കാനിലെ പോള്‍ ആറാമന്‍ പാപ്പയുടെ പേരിലുള്ള ആ ഹാളില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല ഈ മനോഭാവം. അതിനാലാവണം 2021ല്‍ ആരംഭിച്ച സിനഡാത്മകസഭയ്ക്കു വേണ്ടിയുള്ള സിനഡിന്റെ നടപടിക്രമങ്ങള്‍ 2024 ഒക്ടോബര്‍ വരെ പാപ്പ നീട്ടിയിരിക്കുന്നത്. ഇത് സഭയുടെ എല്ലാ തലങ്ങളിലും – ഗാര്‍ഹികസഭയായ കുടുംബങ്ങളിലും, പ്രാഥമിക സഭാസിനഡായ ഇടവകകളിലും രൂപതകളിലുമൊക്കെ അവശ്യം തുടരേണ്ട സഭാത്മകശൈലിയാണ്. കര്‍ത്താവ് ഈ മൂന്നാം സഹസ്രാബ്ദത്തില്‍ സഭയില്‍ നിന്നു പ്രതീക്ഷിക്കുന്നത് ഈ ജീവിതശൈലിയാണെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. ഇത് സിനഡിന്റെ വിജയം ഇപ്രകാരമുള്ളതുകൊണ്ട് ആയിരിക്കുമെന്നുള്ളതുകൊണ്ടാണ്. കുടുംബങ്ങളില്‍ തലമുറകള്‍ തമ്മിലുള്ള സംസാരവും സംസര്‍ഗവും (Intergenerational Conversations) ഉണ്ടാവണം. സഭാസമൂഹങ്ങളില്‍ പരസ്പരമുള്ള പങ്കുവയ്ക്കലിന്റെ ഫലപ്രദമായ സഭാത്മക വിവേചനം (Ecclecial Discernment) ഉണ്ടാവണം. എല്ലാ തലങ്ങളിലും ഈ പങ്കുവയ്പിന്റെ പരസ്പരധാരണയും കൂട്ടായ്മയും പുലരണം. സിനഡിന്റെ ഫലപ്രാപ്തി അവിടെയാണ് ഉദിച്ചുയരുന്നത്.
4. കര്‍ത്താവ് കരുതിവച്ച കാലഘട്ടത്തിന്റെ പ്രവാചകന്
പ്രശ്നജഡിലമായ ഒരു കാലഘട്ടമാണ് നമ്മുടേത്. റഷ്യന്‍-യുക്രെയ്ന് യുദ്ധം കത്തിനില്‍ക്കുമ്പോഴാണ് വന്‍കെടുതികള്‍ വിതച്ച് ഇസ്രയേല്‍-പലസ്തീന് യുദ്ധം അരങ്ങുതകര്‍ക്കുന്നത്. അതോടൊപ്പം സിനഡുവേദിയില് ബര്‍മ, സുഡാന്, എത്യോപ്യ എന്നിങ്ങനെയുള്ള പ്രദേശങ്ങളിലെ അക്രമവാഴ്ചയും അരാജകത്വവും ചര്‍ച്ചയായി. ആകുലതയോടെ ലോകമനഃസാക്ഷിയോടും ലോകനേതാക്കളോടും നേരിട്ടും ഫ്രാന്‍സിസ് പാപ്പ സമാധാനത്തിനായി ആവര്‍ത്തിച്ച് സംവദിക്കുന്നുണ്ട്. പരിസ്ഥിതി പരിപാലനത്തിനായി നമ്മുടെ പൊതുഭവനം (Common Home) സംരക്ഷിക്കേണ്ട ധാര്‍മിക ഉത്തരവാദിത്വത്തെപറ്റി ലൗദാത്തോ സീയിലൂടെ ചര്‍ച്ചയായിട്ടും പൊട്ടിത്തെറിയുടെ വക്കിലെത്തിനില്ക്കുന്ന സാഹചര്യത്തിലും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കാത്തതിനാല്‍ പ്രവാചകശബ്ദമുയര്ത്തുകയാണ് ദൈവമേ സ്തുതി (ലൗദാത്തെ ദേവൂം) എന്ന പ്രബോധനത്തിലൂടെ. സിനഡ് ഉദ്ഘാടന ദിവസം ഒക്ടോബര്‍ നാലിന് പ്രസിദ്ധീകരിച്ച ഈ സാമൂഹ്യപ്രബോധനം വഴി ഫ്രാന്‍സിസ് പാപ്പ താന്‍ പറയുന്ന കാര്യങ്ങള്‍ പ്രബോധനം വഴി ലോകജനതയെ ക്ഷണിക്കുകയാണ്. താന്‍ പറയുന്ന കാര്യങ്ങള്‍ അര്‍പ്പണത്തോടെ തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ശൈലിയുടെ വ്യക്തിഗത അനുഭവം പങ്കുവച്ച് ഈ സിനഡ് ചിന്തകള്‍ ഉപസംഹരിക്കാം.
ഭാരതസഭയുടെ സമീപകാലത്തെ സുപ്രധാനമായ സംഭവമായിരുന്നു ജീസസ് യൂത്തിലെ 17,000 യുവജനങ്ങള്‍ ബാംഗളൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ 2023 ഒക്ടോബര്‍ 21 മുതല്‍ 24 വരെ ഒരുമിച്ചുകൂടിയ ജാഗോ നാഷണല്‍ കോണ്‍ഫറന്‍സ്. യുവജനങ്ങള്‍ക്കായി പ്രാന്‍സിസ് പാപ്പ ഒരു വീഡിയോ സന്ദേശത്തിനായി മൂന്നുനാലു മാസങ്ങള്‍ക്കു മുമ്പു തന്നെ ഭാരതത്തിലെ എല്ലാ കര്‍ദിനാള്‍മാരും ഒപ്പുവച്ച കത്തുകള്‍ ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതി വഴി റോമിലേക്ക് അയച്ചിരുന്നു. പാപ്പയുടെ ആശംസകളും പ്രാര്ഥനാവാഗ്ദാനവും അറിയിച്ച ഒരു കത്ത് യഥാസമയം കിട്ടിയിരുന്നു. എന്നാല്‍ സിനഡ് ദിനങ്ങളില്‍ പാപ്പയോട് നേരിട്ട് ഒരു വീഡിയോ സന്ദേശം ആവശ്യപ്പെട്ട അതേക്ഷണം യാതൊരു സന്ദേഹവുമില്ലാതെ, നീണ്ട സെഷനുകളുടെ ക്ഷീണമോ ആലസ്യമോ അറിയിക്കാതെ യുവജനങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു വീഡിയോ സന്ദേശവും ആശീര്‍വാദവും അന്ന് പാപ്പ നല്കി. പാപ്പ പറഞ്ഞത് ഇതാണ്:
”യേശുവിനോടൊപ്പം ചേര്‍ന്നു നടക്കുക. അവനാണ് നിങ്ങളുടെ കരുത്ത്. ആവനാണ് ആശയും ആശ്വാസവും.” സിനഡാത്മക സഭ – കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്ന പുതിയ ജീവിതശൈലി നമുക്കു സമ്മാനിച്ചുകൊണ്ട് പാപ്പ ഒരു പന്ത് നമ്മുടെ കളത്തിലേക്ക് അടിച്ചിട്ടിരിക്കുന്നു. ഇനി കളി നമ്മുടേത്. സിനഡിന്റെ വിജയവും നമ്മുടേത്.