തെരുവില്‍ നിന്ന് രക്ഷപ്പെടുത്തിയ മൃഗങ്ങളുടെ ഹൃദയത്തിന് സൗഖ്യം പകരുന്നതിനെക്കുറിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലും അതിമനോഹരമായി ടിവി ചാനലിന് അഭിമുഖം നല്കുന്ന പുനലൂര്‍ സ്വദേശിനി ജെനി ലോപ്പസ്, ലോകത്തിലെ മുന്തിയ നിക്ഷേപ ബാങ്കുകളിലൊന്നിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് പദവി വഹിക്കുന്നു. തിരക്കുപിടിച്ച ജീവിതത്തില്‍ നഗരത്തിലൂടെ ചീറിപ്പാഞ്ഞുപോകുന്നവരാരും ശ്രദ്ധിക്കാതെ, മുറിവേറ്റും വിശന്നുവലഞ്ഞും അപകടത്തില്‍ പെട്ട് പാതിപ്രാണനായും കിടക്കുന്ന നായ്ക്കളെയും പശുക്കളെയും കഴുതകളെയും പന്നികളെയും കണ്ടാല്‍ മറ്റെല്ലാം മറന്ന് ജെനി അവയുടെ രക്ഷയ്ക്കെത്തും.
സൗത്ത് ബെംഗളൂരുവിലെ തന്റെ രണ്ടു വാടകവീടുകളിലായി അത്തരം മൃഗങ്ങളെ കാരുണ്യപൂര്‍വം പരിപാലിക്കുന്ന ജെനി രാജ്യത്തെ അറിയപ്പെടുന്ന മൃഗക്ഷേമപ്രവര്ത്തകയാണ്. മൃഗങ്ങളുമായി സംവദിക്കാനുള്ള കഴിവ് ദൈവികദാനമായി തനിക്കു ലഭിച്ചതാണെന്ന് ഈ അനിമല്‍ വിസ്പറര്‍ പറയുന്നു.
മൃഗങ്ങള്‍ക്കായി ബാംഗളൂര്‍ നഗരസഭ വലിയൊരു ക്രിമറ്റോറിയം നിര്‍മിച്ചതിനു പിന്നില്‍ ജെനിയുടെ ശക്തമായ പ്രേരണയുണ്ടായിരുന്നു. ആലംബമില്ലാത്ത മൃഗങ്ങള്‍ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയസങ്കേതങ്ങള് തുറക്കാന്‍ കോര്‍പറേറ്റുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സഹകരണം തേടുന്ന ജെനി ‘എര്ത്ത്സോള്സ്’ എന്ന പ്രസ്ഥാനത്തിലൂടെ മൃഗങ്ങളോടും പ്രകൃതിയോടുമുള്ള അനുകമ്പയും കരുതലും വ്യാപകമായി പ്രചരിപ്പിക്കാനുള്ള ദൗത്യത്തിലാണിപ്പോള്‍.
പുനലൂര്‍ ജെനിവിലാസം
പുനലൂര്‍ സ്വദേശി ലിയോണ്‍ ജോസഫ് ലോപ്പസിന്റെയും രാജമ്മ ലിയോണിന്റെയും മകളായ ജെനി മൃഗസംരക്ഷണത്തിനായി ജെനി ലിയോണ്‍ ലോപ്പസ് ഫൗണ്ടേഷന് എന്ന ട്രസ്റ്റ് രൂപീകരിച്ചത് ”നാലു തലമുറകളെങ്കിലുമായി” മൃഗസ്നേഹികളായ കുടുംബത്തിന്റെ പാരമ്പര്യം നിലനിര്‍ത്താനായാണ്. ‘ലയണ്‍’ ലോപ്പസ് എന്നറിയപ്പെട്ടിരുന്ന അപ്പൂപ്പന്റെയും അപ്പന്റെയും പേര് ആ ഫൗണ്ടേഷനിലുണ്ട്. വന്യമൃഗങ്ങളെപോലും ഇണക്കുന്ന പ്രകൃതമായിരുന്നു അപ്പൂപ്പന്റേത്. ഒഡീഷയില്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച് പുനലൂരിലെ ‘ജെനിവിലാസം’ വീട്ടില്‍ കഴിയുന്ന തൊണ്ണൂറ്റിരണ്ടുകാരനായ പിതാവ് ലിയോണ്‍, ദിവസവും കാക്കളെയും തെരുവുനായ്ക്കളെയും പൂച്ചകളെയും തീറ്റുന്നതിന് ഒരു കലം ഭക്ഷണം പാകം ചെയ്യും; തൊടിയിലെത്തുന്ന പശുക്കള്‍ക്കായി കാടിയും പച്ചക്കറിചീവിയിട്ട കഞ്ഞിയും കൊടുക്കും. അവയെ തീറ്റാതെ അപ്പന് പ്രാതല്‍ കഴിക്കാറില്ല.
പറമ്പില്‍ മരച്ചുവട്ടില്‍ നിന്നു കുളിക്കുന്ന ശീലവും അദ്ദേഹത്തിനുണ്ട് – അത്രയും വെള്ളം കുളിമുറിയില്‍ നിന്ന് പാഴായിപ്പോകാതെ മരങ്ങള്‍ക്കു കിട്ടുമല്ലോ!
അമ്മയുടെ അമ്മ മറിയാമ്മ വര്‍ഗീസും അമ്മയുടെ സഹോദരി അന്നമ്മ ജോര്‍ജും കുട്ടിക്കാലം തൊട്ടേ ശീലിപ്പിച്ചതാണ് മിണ്ടാപ്രാണികളോടും സഹജീവികളോടുമുള്ള കരുണയുടെയും കരുതലിന്റെയും ആര്‍ദ്ര മനോഭാവം. ആഴത്തിലുള്ള ആധ്യാത്മികതയുടെ ആ അന്തരീക്ഷത്തില്‍ വളര്‍ന്നതിനാലാകാം, ഭൂമിയില്‍ ദൈവം എല്ലാവര്ക്കും ഒരുപോലെ അവകാശം നല്കിയിരിക്കുന്നു എന്ന ബോധം ദൃഢമായത്.
റൂര്‍ക്കേലയിലെ നൊമ്പരക്കാഴ്ച
ഒഡീഷയിലെ റൂര്‍ക്കേലയില്‍ മൗണ്ട് കാര്‍മല്‍ സ്കൂളില്‍ പ്രാഥമിക ക്ലാസില്‍ പഠിക്കുന്ന കാലത്ത് സൈക്കിള്‍റിക്ഷയില്‍ ഒരു ദിവസം രാവിലെ സ്കൂളിലേക്കു പോകുമ്പോള്‍ വഴിയോരത്തെ മൈതാനത്ത് ചോരവാര്‍ന്നു നില്ക്കുന്ന പശുവിനെ കണ്ടത് ജെനി ടിവി ഇന്റര്‍വ്യൂവില്‍ അനുസ്മരിക്കുന്നുണ്ട്. റിക്ഷക്കാരനും തന്റെ സഹപാഠികളും പശുവിനെ ശ്രദ്ധിച്ചതേയില്ല. വൈകുന്നേരം വീട്ടിലേക്കു മടങ്ങുമ്പോള്‍, തളംകെട്ടിയ ചോരയില്‍ അതേപടി നിന്ന് നിലവിളിക്കുന്ന പശുവിനെ കണ്ട് ജെനി ബഹളം വച്ചു. റിക്ഷക്കാരന് പറഞ്ഞു: മോളേ അത് വിഷമം പിടിച്ച പ്രസവമാണ്. തലതിരിഞ്ഞാണ് കിടാവ് കിടക്കുന്നത്. നമുക്കൊന്നും ചെയ്യാനാവില്ല.
ജെനി ചാടിയിറങ്ങി പശുവിന്റെയടുക്കലെത്തി ബഹളം കൂട്ടി. ആളുകള്‍ ചുറ്റും കൂടി. പ്രസവമെടുക്കാന്‍ വൈദഗ്ധ്യമുള്ളയാളെ വിളിക്കാന്‍ ആരോ പോയി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ജെനിയുടെ മാതാപിതാക്കന്മാരെ പരിചയമുള്ളവര്‍ അവളെ ആശ്വസിപ്പിച്ചു വീട്ടിലേക്കു വിട്ടു. പിറ്റേന്ന് റിക്ഷക്കാരന് അവളോടു പറഞ്ഞു, പശുവും കിടാവും സുഖമായിരിക്കുന്നുവെന്ന്.
ചെലവേറിയ രക്ഷാദൗത്യം
അപകടത്തില്‍ പെട്ട, പരിക്കേറ്റ ഏതെങ്കിലും മൃഗത്തെ കണ്ടാല്‍ ജെനി ആരുടെയും സഹായം തേടാറില്ല. സ്വയം അതിനെ രക്ഷിക്കാനിറങ്ങും. അതിനെ വെറ്ററിനേറിയന്റെ അടുക്കലേക്കു കൊണ്ടുപോകും, വേണ്ടതെല്ലാം ചെയ്യും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ, മൂന്നു വര്‍ഷം മുന്‍പ് കൊവിഡ് ലോക്ഡൗണ്‍ കാലത്ത് കുറച്ചുകാലം ജോലി നഷ്ടപ്പെട്ട സമയത്തു മാത്രമാണ് ഫണ്ട് രൂപീകരണത്തിന് ശ്രമിച്ചത്. എന്നാല്‍ കാര്യമായി ഒന്നും കിട്ടിയില്ല എന്നതാണ് സത്യം. ജെനിയുടെ മാതാപിതാക്കള്‍തന്നെയാണ് അപ്പോഴും സഹായത്തിന് എത്തിയത്. താമസിയാതെ ജോലി കിട്ടി വീണ്ടും തന്റെ ശമ്പളം കൊണ്ടുതന്നെ പതിവുള്ള മൃഗസംരക്ഷണ ദൗത്യം തുടരാന്‍ കഴിഞ്ഞു.
മുറിവേറ്റ മൃഗം വല്ലാത്ത ദൈന്യാവസ്ഥയിലാണ്. ഭയം കൊണ്ട് മൃഗം നമ്മെ കടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാതെ നോക്കണം. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഒന്നോ രണ്ടോ തവണ മാത്രമാണ് ജെനിക്ക് കടിയേറ്റിട്ടുള്ളത്. തക്കസമയത്ത് മൃഗഡോക്ടറുടെ സഹായം കിട്ടുക എന്നത് വിഷമകരമാണ്. മൃഗം കിടക്കുന്നയിടത്തേക്ക് വരാന്‍ അവര്‍ മടിക്കും. മിക്ക മൃഗഡോക്ടര്‍മാര്‍ക്കും താല്പര്യം പണസമ്പാദനമാണ്. തെരുവുമൃഗങ്ങള്‍ക്കായി ആരും പണം തരില്ല. ഓരോ മൃഗത്തിനും മരുന്നിനും സര്‍ജറിക്കും മൃഗാശുപത്രിയില്‍ കിടത്താനും ചെലവേറെയാണ്. ജെനിക്ക് ഇതിനൊക്കെ സ്വന്തം വരുമാനത്തെതന്നെ ആശ്രയിക്കേണ്ടിവരുന്നു.
ലോക്ഡൗണ്‍ കാലത്തെ ജീവരക്ഷ
കൊവിഡ് മഹാമാരിക്കാലം മൃഗങ്ങള്‍ക്കും ഏറെ ദുരിതപൂര്‍ണമായിരുന്നു. ഒട്ടേറെ വളര്‍ത്തുമൃഗങ്ങള്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടു. ആളുകള്‍ നഗരം വിട്ടുപോകാന്‍ നിര്ബന്ധിതരായപ്പോള് പലര്‍ക്കും വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കേണ്ടിവന്നു. പലരും പശുക്കളെയും എരുമകളെയും വരെ ഉപേക്ഷിച്ചാണ് പോയത്. ലോക്ഡൗണില്‍ റസ്റ്ററന്റുകളും കശാപ്പുശാലകളും അടഞ്ഞുകിടന്നു. തെരുവുനായകള്‍ക്കും പൂച്ചകള്‍ക്കും അവിടെ നിന്നു കിട്ടിയിരുന്ന അവശിഷ്ടങ്ങള്‍ പോലും ഇല്ലാതായി. പലരും ഈ അവസ്ഥയില്‍ സഹായത്തിനെത്തി എന്നത് വിസ്മരിക്കുന്നില്ല.
ആ സമയത്ത് ജെനി ഏതാണ്ട് അഞ്ഞൂറിലേറെ തെരുവുനായ്ക്കള്‍ക്കായി ദിവസവും ഭക്ഷണം നല്കിവന്നു.
തെരുവുവിളക്കുകളെല്ലാം അണഞ്ഞുകിടക്കുന്ന കാലം. ആരും പുറത്തിറങ്ങുമായിരുന്നില്ല. കോഴിയിറച്ചി കൂട്ടിയ ചോറു വേവിച്ച് മൂന്നുനാലു മണിക്കൂര്‍ ജെനി തെരുവുനായ്ക്കളെ തീറ്റിപ്പോന്നു. തെരുവില്‍ നിന്ന് കണ്ടെത്തുന്ന നായ്ക്കള്‍ക്കും ഫ്രഷ് ചിക്കനും ഡ്രൈ ആന്‍ഡ് വെറ്റ് ഡോഗ്ഫുഡുമൊക്കയാണ് വിളമ്പുന്നത്. അമ്മയെ നഷ്ടപ്പെട്ട പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് പശുവിന്പാല് ദഹിക്കാത്തതിനാല് പ്രത്യേക ഭക്ഷണം ഒരുക്കണം. വൃക്കസംബന്ധമായോ നാഡീസംബന്ധമായോ അസുഖമുള്ള നായ്ക്കള്‍ക്കും പ്രത്യേക ഡയറ്റ് തയാറാക്കേണ്ടിവരും.
സ്റ്റിങ് ഓപ്പറേഷന്
മൃഗങ്ങളെ രക്ഷിക്കുന്നത് ചിലപ്പോള്‍ അതിസാഹസികമായാണ്. ചില സ്റ്റിങ് ഓപ്പറേഷന് വേണ്ടിവരും. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് നിയമവിരുദ്ധമായി കശാപ്പിനു കൊണ്ടുപോകുന്ന പശുക്കളെ കുത്തിനിറച്ച ട്രക്കുകള്‍ വിശ്വസനീയമായ സൂചനകളെ തുടര്‍ന്ന് ഹൈവേയില്‍ വച്ച് ജെനി തടഞ്ഞിട്ടുണ്ട്. മൃഗബലി തടയാനുള്ള ശ്രമങ്ങള്‍ ഇതിനെക്കാള്‍ സാഹസികമാണ്. ”ഇന്ത്യയെപോലെ വിശാലമായ ഒരു രാജ്യത്ത് ഏതാണ്ട് 59 കിലോമീറ്റര്‍ മാറിയാല്‍ തികച്ചും വ്യത്യസ്തരായ ഒരുകൂട്ടം ആളുകളെയാവും നാം കാണുക. ഇങ്ങനെ നോക്കിയാല്‍ ഭിന്നതകളുടെ സംഘാത സമുച്ചയമാണ് ഇന്ത്യയെന്ന മഹാരാജ്യം. പലയിടത്തും മാനവക്ഷേമം എന്നത് 250 വര്‍ഷം പിന്നിലാണെങ്കില്‍ പിന്നെ മൃഗക്ഷേമത്തെക്കുറിച്ച് എന്തു പറയാനാണ്!” മൃഗസ്നേഹികള്‍ എവിടെയും ആക്ഷേപവും പരിഹാസവും നേരിടേണ്ടിവരുന്നു. സുപ്രീം കോടതിയാണ് ചില ആശ്വാസവാക്കുകള്‍ പറയുന്നത്. ലബോറട്ടറികളില്‍ മൃഗങ്ങളില്‍ പലതരം പരീക്ഷണങ്ങള്‍ നടത്തുന്നത് (അനിമല്‍ ടെസ്റ്റിങ്) രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.
അവബോധത്തിന്റെ അഭാവം
ഇന്ത്യയില്‍ മൃഗങ്ങളോടുള്ള ക്രൂരതയുടെ വ്യാപനം ഹൃദയഭേദകമാണ്. വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷത്തിനു കാരണക്കാര്‍ മനുഷ്യര്‍ തന്നെയാണ്. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയില്‍ കോണ്‍ക്രീറ്റ് നിര്‍മിതികള്‍ കൊണ്ടുനിറച്ചാല് അവ എവിടെ പോകും? വംശനാശഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളാണ് ഇല്ലാതാകുന്നത്. ആളുകള്‍ അത്യാഗ്രഹികളായി മാറുകയും സ്വാര്ത്ഥതാല്പര്യത്തിനായി അവയെ കൊല്ലുകയും ചെയ്യുന്നു. ദയ, അനുകമ്പ എന്നിവ മനുഷ്യര്‍ക്ക് സഹജമായുണ്ടാകേണ്ട നന്മകളാണ്. നിര്‍ഭാഗ്യവശാല്‍ ഈ നന്മകള് വളര്‍ത്തിക്കൊണ്ടുവരാന്‍ പാഠ്യക്രമത്തില്‍ ഈ വിഷയമൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന് ഇന്ത്യയില്‍ നിയമങ്ങളുണ്ട്. എന്നാല്‍ അവ എന്താണെന്ന് അറിയുന്നവര്‍ വളരെ കുറച്ചുപേര്‍ മാത്രം. നമ്മള് ഓമനകളെന്നു പറയുന്ന പൂച്ചകളും നായ്ക്കളും ഏറ്റവും കൂടുതല്‍ ഉപദ്രവിക്കപ്പെടുന്ന മൃഗങ്ങളാണെന്നു പറയാം. പുരാതന കാലം മുതലേ ഇന്ത്യയില്‍ മൃഗക്രൂരത ഉണ്ട്. ഉദാഹരണത്തിന്, കര്‍ണാടകയിലെ കമ്പള എരുമയോട്ടവും കോഴിപ്പോരും മൃഗബലിയും.
അമര്‍നാഥില്‍ മനുഷ്യന്റെ ഭാരം ചുമന്ന് മരിച്ചുവീഴുന്നത് നൂറുകണക്കിന് കഴുതകളാണ്.
മൃഗക്ഷേമ നിയമ പരിഷ്കാരം
രാജ്യത്തെ മൃഗക്ഷേമ നിയമം കാലഹരണപ്പെട്ടതാണ്. അനിമല്‍ വെല്‍ഫെയര്‍ ആക്ട് പരിഷ്കരിക്കുന്നതിനുള്ള കരടുബില്ല് രൂപപ്പെടുത്തുന്നതില്‍ ജെനിയും പങ്കുവഹിച്ചു. പാര്‍ലമെന്റില്‍ അത് അവതരിപ്പിക്കുന്നതിന് സമ്മര്‍ദം ചെലുത്തുകയാണ്. നിലവിലുള്ള നിയമത്തിലും സെക്ഷന്‍ 11 പ്രകാരം തെരുവുനായ്ക്കള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ ഉപദ്രവിക്കുന്നതും വിഷം കുത്തിവച്ചോ മറ്റേതെങ്കിലും ക്രൂരമായ രീതിയിലോ കൊല്ലുന്നതും തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വളര്‍ത്തുനായ്ക്കളെ റോഡില്‍ ഉപേക്ഷിക്കുന്നതും കുറ്റമാണ്. തെരുവുനായ്ക്കളില്‍നിന്ന് ബുദ്ധിമുട്ടുണ്ടായാല്‍ നിയമം കൈയിലെടുക്കുന്നതും അവയെ ഉപദ്രവിക്കുന്നതും അവയുടെ ജീവന് അപകടത്തിലാവുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും കുറ്റമാണ്. അധികൃതരെ വിവരമറിയിക്കുകയാണു വേണ്ടത്. തെരുവുനായ്ക്കളുടെ ജനനനിയന്ത്രണത്തിനുള്ള എബിസി പദ്ധതി, ‘പിടിക്കുക, വന്ധ്യംകരണം നടത്തുക, വിട്ടയക്കുക’ (കാച്ച്, ന്യൂട്ടര്‍, റിട്ടേണ്‍ – സിഎന്‍ആര്‍) പദ്ധതി എന്നിവ പ്രോത്സാഹിപ്പിക്കണം. വീടിനു വെളിയില്‍ അധികം നായ്ക്കള്‍ പെരുകാതിരിക്കുമ്പോള് ഒന്നോ രണ്ടോ എണ്ണത്തിന് തീറ്റകൊടുക്കാന്‍ പ്രയാസമുണ്ടാകില്ല.
വിശ്വാസം പഠിപ്പിക്കുന്നത്
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തില്‍ ലോകത്തിലെ എല്ലാ ജീവജാലങ്ങളോടും കരുണ കാണിക്കണമെന്ന് പഠിപ്പിക്കുന്നുണ്ട്. പോഷകാഹാരം എന്ന നിലയില്‍ മാംസം കഴിക്കാന്‍ ക്രിസ്തുമതം അനുവദിക്കുന്നുണ്ട്. അതേസമയം ലോകത്തില്‍ സസ്യാഹാരപ്രിയരില് ഏറ്റവും ഉയര്‍ന്ന അംഗസംഖ്യ ക്രൈസ്തവരുടേതാണ്. യേശുവിന്റെ പല ഉപമകളിലും ജീവജാലങ്ങളോടും പ്രകൃതിയോടുമുള്ള നമ്മുടെ സമീപനം എന്താകണം എന്നു സൂചിപ്പിക്കുന്നുണ്ട്. മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്ന ക്രൈസ്തവ ചിന്തകനായ ഡോ. ആന്‍ഡ്രു ലിന്‍സി പറയുന്നു: ദൈവത്തിന്റെ സൃഷ്ടി എന്ന നിലയില്‍ മൃഗങ്ങളെ പരിപാലിക്കാന്‍ മനുഷ്യര്‍ക്ക് ബാധ്യതയുണ്ട്. ബൈബിളില്‍ ഉത്പ. 1:21, 6:19, 7:1-24; സങ്കീ. 50:10-11; 147:9; മത്താ. 6:26, 10:29-31; ജോബ് 38:39-41 എന്നീ വചനങ്ങള്‍ മൃഗങ്ങളെ പരിപാലിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. മൃഗങ്ങളുടെ അധിപന്മാരല്ല, കാവല്‍ക്കാരാണ് മനുഷ്യര്‍ എന്ന് ഫ്രാന്‍സിസ് പാപ്പാ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്.
നായയില്ലാതെ ജീവിതം അപൂര്‍ണമാണ്
മനുഷ്യനായിരിക്കുക എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് അറിയാന്‍ നമ്മള് ഒരു നായയുടെയോ പൂച്ചയുടെയോ സ്നേഹം ശരിക്കും അനുഭവിക്കേണ്ടതുണ്ടെന്നാണ് ജെനിയുടെ അഭിപ്രായം. വളര്‍ത്തുനായ്ക്കളെയും മറ്റും വാങ്ങുകയല്ല വേണ്ടത്, അവയെ ദത്തെടുക്കണം. നമ്മള് നൂറുകോടിയാണെങ്കില് വളര്‍ത്തുമൃഗങ്ങള്‍ ഏതാനും ലക്ഷമേ വരൂ.
മൃഗങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ് ഒരു രാജ്യത്തിന്റെ കാരുണ്യത്തിന്റെ അളവ് കാണാനാവുകയെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. അല്പം ദയയും കാരുണ്യവുമുണ്ടെങ്കില്‍ എല്ലാത്തിനും പരിഹാരമുണ്ടാകും. സ്വാര്‍ഥതയാണ് സംഘര്‍ഷത്തിന് ഇടയാക്കുന്നത്.
മനുഷ്യത്വമുള്ളവരാകുന്നത് എങ്ങനെയെന്ന് കാണിച്ചുതരാന്‍ നമുക്കെല്ലാവര്‍ക്കും മൃഗങ്ങള്‍ ആവശ്യമാണ്.