ഗാസയില്‍ ആംഗ്ലിക്കന്‍ സഭാസഖ്യത്തിന്റെ കീഴിലുള്ള അല്‍ അഹ് ലി അറബി ബാപ്റ്റിസ്റ്റ് ആശുപത്രി യില്‍ നൂറുകണക്കിന് പലസ്തീന്‍കാരുടെ കൂട്ടമരണത്തിന് ഇടയാക്കിയ ഉഗ്രസ്ഫോടനത്തിനു കാരണം പലസ്തീനിലെ ഇസ് ലാമിക ജിഹാദിന്റെ ലക്ഷ്യംതെറ്റിയ റോക്കറ്റാണെന്ന് സ്ഥാപിക്കാന്‍ ഇസ്രയേല്‍ തെളിവുകള്‍ നിരത്തുമ്പോഴും, അറബ് രാജ്യങ്ങളിലെങ്ങും ഇസ്രയേലിനെതിരെ പ്രതിഷേധാഗ്നി ആളിപ്പടരുകയാണ്. ഹമാസ് തീവ്ര വാദികള്‍ ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണത്തിലെ കൂട്ടക്കുരുതികള്‍ക്കു തിരിച്ചടിയായി ഗാസ മുനമ്പില്‍ കരയുദ്ധത്തിനൊരുങ്ങി ഇസ്രയേല്‍ സൈന്യം തുടര്‍ന്നുവരുന്ന അതിശക്തമായ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രി ആക്രമണത്തിന്റെ പേരില്‍ ഇസ്രയേലിനെ പ്രതിക്കൂട്ടിലാക്കുക എളുപ്പമാണ്. എന്തായാലും, അതിക്രൂരമായ ഉപരോധത്തിന് ഇരകളായി കൊടുംയാതനകള്‍ അനുഭവിക്കുന്ന ഗാസയിലെ നിരപരാധരായ പലസ്തീന് ജനതയെ വന്‍ദുരന്തത്തില്‍ നിന്നു രക്ഷിക്കാനും പശ്ചിമേഷ്യയില്‍ ഇനിയും കൂടുതല്‍ വിനാശകരമായ യുദ്ധം വ്യാപിക്കാതി രിക്കാനുമായി സമാധാനദൂതന്മാരുടെ അടിയന്തര ഇടപെടലിനും അനുരഞ്ജനത്തിന്റെ അട യാളങ്ങള്ക്കുമായി പ്രാര്‍ഥിക്കുകയാണ് ലോകം.
ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രത്തിന്റെ നിലനില്‍ക്കാനുള്ള അവകാശം അംഗീകരിക്കാത്ത പല സ്തീന്‍ ഭീകരസംഘടനയാണ് ഹമാസ് എന്ന ഹറാകത്ത് അല്‍ മുഖ വാമ അല്‍ ഇസ് ലാമിയ. 1967-ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത മെഡിറ്ററേനിയന്‍ തീരത്തെ ഗാസ മുനമ്പി ല്‍ നിന്ന് 2005-ല്‍ ഇസ്രയേലി അധിനിവേശ സൈന്യവും കുടിയേറ്റക്കാരും പിന്മാറുന്നത് പലസ്തീന് ലിബറേഷന്‍ ഓര്‍ഗനൈസേഷനും പലസ്തീന് അതോറിറ്റിയുമായി ഇസ്രയേലിന്റെ സുരക്ഷ ഉറപ്പുവരുത്താനുള്ള സമാധാന ഉടമ്പടിയുടെ ഭാഗമായിട്ടാണ്.
പലസ്തീന് അതോറിറ്റിയെ അടിച്ചൊതുക്കി 2007- ല്‍ ഗാസയുടെ നിയന്ത്രണം ഏറ്റെടുത്ത ഹമാസ് കഴിഞ്ഞ 16 വര്‍ഷ മായി ഖത്തര്‍ അടക്കമുള്ള വിദേശ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നു കിട്ടിയ സാമ്പത്തിക സഹായം കൂടുതലായും ഇസ്രയേലിനെ ആക്രമിക്കാനുള്ള തുരങ്കങ്ങളും റോക്കറ്റുകളും പടക്കോപ്പുകളും നിര്‍മിക്കാനും സൈനിക പരിശീലനത്തിനുമായാണ് ചെലവഴിച്ചത്. ഇസ്രയേലിനെതിരെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിവന്ന ഹമാസ് ഇതിനിടെ അഞ്ചുവട്ടം യുദ്ധത്തിനും കോപ്പുകൂട്ടി.
ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് പുലര്‍ച്ചെ, യഹൂദരുടെ സിംഹട്ട് തോറാ ആഘോഷത്തിന്റെ സാബത്ത് ദിനത്തില്‍, ബോംബിടാനുള്ള ഡ്രോണുകളും റോക്കറ്റുളില് ഘടിപ്പിച്ച ഗ്രെനേഡു കളും ടാങ്ക്വേധ മിസൈലുകളും പാരഗ്ലൈഡറുകളും ഓട്ടോമാറ്റിക് തോക്കുകളുമൊക്കെയായി 1,500 ഹമാസ് തീവ്രവാദികള്‍ 37 മൈല്‍ ദൈര്‍ഘ്യമുള്ള ഗാസ-ഇസ്രയേല്‍ അതിര്‍ത്തിയിലെ സുശക്തമായ സുരക്ഷാവേലി 22 ഇടങ്ങളില്‍ തകര്‍ത്ത് തെക്കന്‍ ഇസ്രയേലിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും കിബുത് സുകളിലും ഇരച്ചുകയറി 1,300 ഇസ്രയേലികളെ കൂട്ടക്കൊല ചെയ്തു. ആയിരകണക്കിന് റോക്കറ്റുകള്‍ വിക്ഷേപിച്ചുകൊണ്ടായിരുന്നു ‘അല്‍ അഖ്സാ പ്രളയം’ എന്ന ഭീകരാക്രമണം. ഗാസാ അതിര്‍ത്തിയോടു ചേര്‍ന്ന മരുഭൂമിയില്‍ സൂപ്പര്‍നോവ സംഗീതനി ശയില് പങ്കെടുത്തവരില്‍ 260 പേരെ ആദ്യം വളഞ്ഞിട്ട് വകവരുത്തി. 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആക്രമണങ്ങള്‍ക്ക് ഇരകളായി. സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്തു കൊന്നു, കുഞ്ഞുങ്ങളെ ചുട്ടെരിച്ചു, ചിലരുടെ തലയറുത്തു. കുട്ടികളും വയോധികരും സ്ത്രീകളും അടക്കം ഇരുന്നൂറോളം പേരെ ബന്ദികളാക്കി.
ഗാസ അതിര്‍ത്തിയില്‍ നിന്ന് മൂന്നു മൈല്‍ അകലെ ബേയ്റി കിബുത് സിലെ പാര്‍പ്പിടങ്ങളില്‍ നിന്ന് പലരെയും ബന്ദികളാക്കി; എറിസ് ക്രോസിങ്, നഹല് ഓസ്, ഈജിപ്ത് അതിര്‍ത്തിക്കടുത്തുള്ള സുഫ കിബുത് സ് സൈനിക താവളങ്ങളില്‍ കടന്ന് വാഹനങ്ങളും ആയുധങ്ങളും കൊള്ളയടിക്കു കയും വനിതകള്‍ അടക്കമുള്ള കുറെ സൈനികരെ ബന്ദികളാക്കുകയും നിരവധി സൈനികരെ വധിക്കുകയും ചെയ്തു. സീക്കിം കി ബുത് സിലേക്ക് പാരഗ്ലൈഡ് ചെയ്ത് സായുധസംഘങ്ങളെത്തി. ബെയ്ത് ലാഹിയയ്ക്കു വടക്കു ഭാഗത്തു നിന്ന് റോക്കറ്റുകള്‍ പറന്നു. സീക്കിം ബീച്ചില്‍ റബര്‍ ബോട്ടുകളിലും ഭീകരസംഘം എത്തി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 304 സൈനികരുടെയും 56 പൊലീസ് ഓഫിസര്‍മാരുടെയും പട്ടിക ഇസ്രയേല്‍ പിന്നീട് പുറത്തുവിട്ടു.
ഇസ്രയേലിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും ദാരുണമായ കൂട്ടക്കുരുതി, ഇസ്രയേലി ഇന്റലിജന്‍സ്, സര്‍വെയ്ലന്‍സ് സംവിധാനത്തിന്റെയും ഇസ്രയേലി സൈന്യത്തിന്റെയും (ഐഡിഎഫ്) അവിശ്വസനീയവും അപമാനകരവുമായ വീഴ്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും ഇസ്രയേലിന്റെയും പ്രതിച്ഛായ പാടേ തകര്‍ക്കുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയാത്തതിന്റെ കുറ്റബോധം നെതന്യാഹുവിന്റെയും സൈന്യത്തിന്റെയും പ്രതികാരവാഞ്ഛയ്ക്ക് മൂര്‍ച്ച കൂട്ടും. ഇരകളെ പ്രത്യാക്രമണത്തിനു പ്രേ രിപ്പിക്കുന്ന വൈകാരിക സമ്മര്‍ദം സൃഷ്ടിക്കുക എന്നത് ഭീകരവാദ തത്ത്വശാസ്ത്രത്തിന്റെ ഭാഗമാണ്. ഇസ്രയേലിന്റെ പ്രതികരണം എത്രത്തോളം രൂക്ഷമാകുന്നുവോ അറബ് തെരുവുകളില്‍ അത്രത്തോളം സഹതാപം ഹമാസിനു നേടാനാകും. ഇസ്രയേലിനെ പ്രകോപിപ്പിച്ച് പലസ്തീനെ വീണ്ടും ഇസ്രയേലി “യുദ്ധക്കുറ്റങ്ങളുടെ” ഇരയായി ലോകത്തിനു മുമ്പാകെ അവതരിപ്പിക്കാനുമാകും.
പലസ്തീന് ദേശീയതയും സ്വതന്ത്രരാഷ്ട്രവും അറബ് ലീഗിന്റെയും ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെയും സ്ഥിരം പ്രമേയമല്ലാതായിട്ട് വര്‍ഷങ്ങള്‍ കുറെയായി. ഗാസയിലും വെസ്റ്റ് ബാങ്കിലും ഹമാസ്, പലസ്തീന് അതോറിറ്റിയുടെ ഫതാഹ് എന്നിവ തമ്മിലുള്ള ഭിന്നതകളും, പലസ്തീന് പ്രസ്ഥാനത്തിനുവേണ്ടി നിലകൊണ്ടിരുന്ന സൗദി അറേബ്യയിലെയും യുഎഇയിലെയും മറ്റും പഴയ തലമുറക്കാരായ ഭരണകര്‍ത്താക്കളുടെ കടന്നു പോക്കും, ഇറാഖ്, അഫ്ഗാനിസ്ഥാ ന്, ലിബിയ, സിറിയ എന്നിവിടങ്ങളിലെ യുദ്ധങ്ങളും അല്‍ഖ്വയ്ദ, ഇസ് ലാമിക സ്റ്റേറ്റ്, ഇസ് ലാമിക ബ്രദര്‍ഹുഡ് എന്നിവയുടെ വളര്‍ച്ച യും വ്യാപനവും, ഈജിപ്തിലെ യും മറ്റും ‘മുല്ലപ്പൂ’ വിപ്ലവവും, ഇറാ നും ലെബനോനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമെല്ലാം അറബ് രാഷ്ട്രീ യത്തിന്റെ മുന്‍ഗണനാക്രമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ പലസ്തീന് മുന്നേറ്റത്തെ സാരമായി ബാധിച്ചു.
ഇതിനിടെ, ഇസ്രയേലും ഗള്‍ഫിലെ സുന്നി മുസ് ലിം രാജ്യ ങ്ങളും തമ്മിലുള്ള ബന്ധം “സാ ധാരണനിലയില്” ആക്കുന്നതിന് യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ അവതരിപ്പിച്ച ‘അബ്രഹാം ഉടമ്പടി’ നയതന്ത്ര മേഖലയിലും സൈനിക, സാമ്പത്തിക നിക്ഷേപ, ടെക്നോളജി, വാണിജ്യ പങ്കാളിത്ത ത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ ക്കാണ് വഴിതെളിച്ചത്. ഗാസയും വെസ്റ്റ് ബാങ്കും അടങ്ങുന്ന 1967- ലെ അതിര്‍ത്തികള്‍ നിലനിര്‍ത്തി പലസ്തീന് രാഷ്ട്രം രൂപീകരിക്കും വരെ ഇസ്രയേലിനെ അറബ് രാജ്യങ്ങള്‍ അംഗീകരിക്കുകയില്ല എന്നായിരുന്നു 2002-ല്‍ സൗദി അറേബ്യയിലെ അബ്ദുല്ല രാജാവ് പ്ര ഖ്യാപിച്ച നിലപാട്. ഇസ്രയേലിന് കല്പിച്ചിരുന്ന ഭ്രഷ്ടും നിരോ ധനവും 2020-ലെ അബ്രഹാം ഉട മ്പടി പ്രകാരം യുഎഇ പിന്‍വലി ക്കുകയും അബുദാബിയില്‍ ഇസ്രയേലി എംബസിയും സിന ഗോഗും തുറക്കുകയും ചെയ്തു. പ്രസിഡന്റ് ജോ ബൈഡന്റെ മധ്യസ്ഥതയില്‍ സൗദി അറേബ്യയിലെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് അല്‍ സൗദ് ഇസ്രയേലുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ധാരണയിലേക്കു നീങ്ങുമ്പോഴാണ് ഇസ്രയേലില്‍ ഹമാസ് ഭീകരാക്രമണം അഴിച്ചുവിടുന്നത്.
ഇതിനു പിന്നില്‍ ഇസ്രയേലിന്റെയും ഗള്‍ഫിലെ സുന്നി മുസ് ലിം സുല്ത്താന്മാരുടെയും മുഖ്യശത്രുവായ ഇറാനാണെന്ന് സാഹചര്യ തെളിവുകള്‍ സ്ഥിരീകരിക്കുന്നു. ഇസ്രയേലിന്റെ ഉപരോധങ്ങളെ മറികടന്ന് ഹമാസിന് വന്‍തോതില്‍ ആയുധങ്ങള്‍ എത്തിച്ചുകൊടുത്തതും സൈനിക പരിശീലനം നല്കിയതും ഇന്റലിജന്‍സ്, ലോജിസ്റ്റിക്സ് പിന്തുണ ഉറപ്പാക്കിയതും ഇറാനിലെ ഇസ് ലാമിക റവല്യൂഷണറി ഗാര്‍ഡാണ്. സയണിസ്റ്റ് ഭരണകൂടത്തിനെതിരായ ആക്രമണം ആസൂത്രണം ചെയ്തവരുടെ കൈകള്‍ ചുംബിക്കുന്നുവെന്നാണ് ഇറാനിലെ പര മോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ആദ്യം പ്രതികരിച്ചത്. ഹമാസിന്റെ റോക്കറ്റ് ആ ക്രമണങ്ങള്ക്കിടയില് ഇസ്രയേലിന്റെ വടക്കേ അതിര്‍ത്തിയിലേക്ക് ലെബനോനില്‍ നിന്ന് ഇറാന് പക്ഷ ക്കാരായ ഹിസ്ബുല്ല സായുധസംഘം മിസൈല്‍ ആക്രമണം തുടങ്ങിയിരുന്നു. ഇറാനില്‍ തടങ്കലിലായിരുന്ന അഞ്ച് അമേരിക്കക്കാരുടെ മോചനത്തിനായി പ്രസിഡന്റ് ജോ ബൈഡന് 600 കോടി ഡോളര്‍ ഇറാനു വിട്ടുകൊടുത്തതിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിമര് ശിക്കുന്നുണ്ട്. ഇസ്രയേലിനെതിരെ ഭീകരാക്രമണത്തിന് ഇറാന് ഈ യുഎസ് ഫണ്ട് ഉപയോഗിച്ചുവെന്നാണ് ചിലര്‍ കുറ്റപ്പെടുത്തിയത്.
യുക്രെയ്നില്‍ നിന്ന് അമേരിക്കയുടെ ശ്രദ്ധതിരിക്കാനുള്ള റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പു ടിന്റെ തന്ത്രവും ഹമാസിന്റെ ഭീകരാക്രമണത്തിനു പിന്നില്‍ കാണാനാകും. യുക്രെയ്ന് യുഎസ് സൈനിക സഹായം തടയാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില കടുത്ത യാഥാസ്ഥിതികരെ സ്വാധീനിക്കാന്‍ പുടിനു കഴിഞ്ഞു. ഇസ്രയേല്‍ നീണ്ട യുദ്ധത്തിന് ഇറങ്ങുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ മുന്‍ഗണന ഇസ്രയേല്‍ തന്നെയാകും എന്ന് പുടിന് ബോധ്യമുണ്ട്. അപ്പോള്‍ യുക്രെയ്നു കിട്ടേണ്ടിയിരുന്ന യുഎസ് പേട്രിയോട്ട് മിസൈലുകളും 155 എംഎം ആര്‍ട്ടിലറി ഷെല്ലുകളും ഇസ്രയേലിലേക്കു വഴിതിരിച്ചു വിടേണ്ടിവരും. പുടിനും റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ്റോവും ഏതാനും ആഴ്ചകളായി ഇസ് ലാമിക റവല്യൂഷണറി ഗാര്‍ഡിന്റെ മേധാവിയും ഇറാനിലെ രാഷ്ട്രീയ നേതൃത്വവും ലെബനോനിലെ ഹിസ്ബുല്ലയും വടക്കന്‍ കൊറിയ യിലെ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിവരികയായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും ഈ സംഘാത നീക്കത്തിനു പിന്നിലുണ്ടാകാം.
ഹമാസിനെ ഗാസയില്‍ നിന്ന് നിര്‍മ്മൂലനം ചെയ്യുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. ഗാസാ അതിര്‍ത്തിയില്‍ കരയുദ്ധത്തിന് ഇസ്രയേലിന്റെ 360,000 റിസര്‍വ് സൈനികര്‍ ഒരുങ്ങിനില്‍ക്കുമ്പോള്‍, 24 മണിക്കൂറിനകം വടക്കന്‍ ഗാസയിലെ 10 ലക്ഷം ജനങ്ങള്‍ പുറത്തുകടക്കണം എന്ന ഇസ്രയേലിന്റെ ഉത്തരവിനെ യുഎന്‍ വിമര്‍ശിച്ചു. സുരക്ഷിതമായ ഇടനാഴിയും വേണ്ടത്ര സമയവും അഭയം തേടാന്‍ പറ്റിയ ഇടങ്ങളും ഇതിന് ഉണ്ടാകണം. ഗാ സയിലെ ജനങ്ങള്‍ക്ക് വെള്ളവും വൈദ്യുതിയും ഭക്ഷ്യവസ്തുക്കളും തടയുന്നത് രാജ്യാന്തര നിയമങ്ങള്‍ക്ക് എതിരാണെന്ന് യൂറോപ്യന്‍ യൂണിയനും ഇസ്രയേലിനെ ഓര്‍മിപ്പിക്കുന്നുണ്ട്. ഗാസയിലെ ജനസംഖ്യയുടെ പകുതിയോളം – പത്തു ലക്ഷത്തിലേറെ പേര് – കുടിയൊഴിപ്പിക്കപ്പെട്ടതായി പലസ്തീന് അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ദുരിതാശ്വാസ ഏജന്‍സി പറയുന്നു. ഗാസയില്‍ നിന്നുള്ള റഫ അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് വിസമ്മതിച്ചതിനാല്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഈജിപ്ത് അതിര്‍ത്തിയില്‍ കെട്ടിക്കിടക്കു കയാണ്. ഈജിപ്തില്‍ സൈനിക അട്ടിമറിയിലൂടെ അധികാരത്തി ലെത്തിയ ഭരണകൂടം പൊളിറ്റി ക്കല്‍ ഇസ്ലാമിനും ഹമാസിനും എതിരാണ്.
ഹമാസ് യുദ്ധത്തടവുകാരായി ഗാസയിലേക്കു കൊണ്ടു പോയ ഇസ്രയേലി ബന്ദികളുടെ മോചനത്തിന് മധ്യസ്ഥത വഹിക്കാന്‍ വത്തിക്കാന്‍ സന്നദ്ധത അറിയിച്ചു. ജറൂസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് ഇറ്റലിക്കാരനായ ഫ്രാന്‍സിസ്കന്‍ കര്‍ദിനാള്‍ പിയെര്‍ ബത്തിസ്ത പിത് സബല്ല, ബന്ദികളായ കുട്ടികള്‍ക്കു പകരം നില്ക്കാന് താന്‍ തയാറാണെന്ന് പറഞ്ഞു.
ഇരുന്നൂറോളം ബന്ദികളുടെ മോചനം ഇസ്രയേലിന് വലിയ വൈകാരിക പ്രശ്നമാണ്. ഇസ്രയേല്‍ നടത്തുന്ന ഓരോ വ്യോമാക്രമണത്തിനും മറുപടിയായി ബന്ദികളെ വധിക്കുമെ ന്നാണ് ഹമാസ് ഭീഷണി മുഴക്കിയത്. 2011-ല്‍ ഗിലാഡ് ഷാലിറ്റ് എന്ന ഒരു ഇസ്രയേലി സൈനി കനെ ഗാസയില്‍ നിന്നു വിട്ടുകിട്ടാനായി 280 ജീവപര്യന്ത തടവുകാര്‍ അടക്കം 1,027 പലസ്തീന് തടവുകാരെ ഇസ്രയേലി ജയിലില്‍ നിന്ന് നെതന്യാഹുവിന് മോചിപ്പിക്കേണ്ടിവന്നു.
ഇസ്രയേലിലെയും ഗാസയിലെയും ജനങ്ങളുടെ ദുഃഖത്തിലും വേദനകളിലും അഗാധമായ ഉത്കണ്ഠയും ആകുലതയും പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ സമാധാനത്തിനും അനുരഞ്ജന ത്തിനും ആഹ്വാനം നല്കി. യുദ്ധം തോല്‍വി മാത്രമാണെന്നും അത് ഒന്നിനും പരിഹാരമല്ലെന്നും പരിശുദ്ധ പിതാവ് ഓര്‍മിപ്പിച്ചു. ഇസ്രയേലിലെയും പലസ്തീനിലെയും മാനുഷിക പ്രതിസന്ധിയില്‍, വിശുദ്ധനാട്ടിലെ ക്രൈസ്തവരുടെ കാര്യത്തിലും വത്തിക്കാന്‍ ഉഃ് കണ്ഠയുണ്ട്. കനത്ത വ്യോമാക്രമണം നടക്കുന്ന ഗാസയില്‍ 1,100 പലസ്തീനിയന്‍ ക്രൈസ്ത വരുണ്ട്. 2017-ലെ കണക്കുകള്‍ പ്രകാരം വെസ്റ്റ് ബാങ്കില്‍ 47,000 ക്രൈസ്തവരും, ഇസ്രയേലില്‍ ഒരു ലക്ഷത്തിലേറെ പേരും. അബ്ര ഹാമിന്റെ പാരമ്പര്യത്തില്‍ യഹൂദര്‍ ക്കും ക്രൈസ്തവര്‍ക്കും മുസ് ലിം കള്‍ക്കും പൈതൃകമായി അവകാശപ്പെട്ട വിശുദ്ധനഗരമായ ജറൂസലേമിന്റെ സവിശേഷ രാജ്യാന്തര പദവി സംരക്ഷിച്ചുകൊണ്ട് ഇസ്രയേലും പലസ്തീനും രണ്ടു രാഷ്ട്രങ്ങളായി സമാധാനത്തില്‍ നിലനില്‍ക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നത്.
ഷൊവ എന്ന നാത് സി ഹോളോകോസ്റ്റ് ദുരന്തം യഹൂദ ബോധത്തില്‍ നിന്ന് മായ്ച്ചു കളയാനാവാത്തതാണ്. യഹൂദവിദ്വേഷത്തിന്റെ ഉണങ്ങാത്ത മുറിവുകള്‍ ഭൂതകാലത്തില്‍ നിന്നുള്ള പാഠമാണ്, ഭാവിയിലേക്കുള്ള മുന്നറിയിപ്പും. 75 വര്‍ഷം മുന്‍പ് ഇസ്രയേല്‍ എന്ന സ്വതന്ത്ര രാഷ്ട്രം പിറക്കുമ്പോള്‍തന്നെ ഈജിപ്ത്, ട്രാന്സ്ജോര്ദാന്, ഇറാഖ്, സിറിയ, ലെബനോന്, സൗദി അറേബ്യ, യെമന്‍ എന്നിവ ജൂതരാഷ്ട്രത്തിനെതിരെ യുദ്ധത്തിനിറങ്ങിയി രുന്നു. അറബ് ലോകത്തെ കരുത്തരായ സേനകളെ യുദ്ധതന്ത്രങ്ങളുടെയും മിലിറ്ററി ടെക്നോള ജിയുടെയും മികവുകൊണ്ട് പല വട്ടം കീഴടക്കുകയും അധിനിവേശത്തിന്റെ പുതുചരിത്രം രചിക്കുകയും ചെയ്തിട്ടുള്ള ഇസ്രയേല്‍, പലസ്തീനിയന്‍ ഇന്‍തിഫാദയുടെയും ഇസ് ലാമിക തീവ്രവാദത്തിന്റെയും ബഹുതല പോര്‍മുഖങ്ങള്‍ക്കു മുമ്പിലും നിരന്തരം അജയ്യത തെളിയിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഹമാസിന്റെ ഭീകരാക്രമണം മറ്റൊരു ഷൊവ ദുരന്തമായി ഇസ്രയേലിന്റെ ഹൃദയം പിളര്ക്കുകയാണ്. ഗാസയിലെ എത്ര പ്രാണനെടുക്കണം ഇതിനു പ്രായശ്ചിത്തമായി.