സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് ജാതിയും മതവും തിരിച്ച് ജനങ്ങളുടെ കണക്കെടുത്ത് സാമൂഹിക സാമ്പത്തിക സ്ഥിതിവിവരങ്ങള്‍ ശേഖരിച്ച് സര്‍വേ ഡേറ്റ പുറത്തുവിടുന്ന ആദ്യ സംസ്ഥാനമാണ് ബിഹാര്‍. സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാല്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട പിന്നാക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കും ജനസംഖ്യാനുപാതികമായി അവകാശപ്പെട്ട അധികാര പങ്കാളിത്തം, ജനായത്ത പ്രാതിനിധ്യം, വികസന വിഹിതം, സാമൂഹിക നീതി എന്നിവയുടെ നിജസ്ഥിതി വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനുള്ള അടിസ്ഥാന രേഖയാണ് ജാതി സര്‍വേ ഡേറ്റ. ജാതി ജനസംഖ്യാശാസ്ത്രത്തിന്റെ വിശദചിത്രം വെളിപ്പെടുമ്പോള്‍ ഹിന്ദുത്വ ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ സോഷ്യല്‍ എന്‍ജിനിയറിങ് തന്ത്രങ്ങള്‍ പൊളിയുമെന്നതിനാലാണ് രാജ്യത്തെ ഹിന്ദുക്കളെ ഭിന്നിപ്പിച്ച് ഇന്ത്യയെ തകര്‍ക്കാനുള്ള ശ്രമമായി ബിജെപിയും ആര്‍എസ്എസും ഇതിനെ ശപിച്ചുതള്ളുന്നത്.
മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന, ഛത്തീസ്ഗഢ്, മിസോറം എന്നിവിടങ്ങളില്‍ അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കെ, ദേശീയതലത്തില്‍ ജാതിരാഷ്ട്രീയം ഏറ്റെടുത്ത് ബിജെപിയുടെ ഹിന്ദുത്വ വോട്ടുബാങ്ക് തകര്‍ക്കാന്‍ കോണ്‍ഗ്രസും ‘ഇന്ത്യ’ പ്രതിപക്ഷ സഖ്യവും സര്വസന്നാഹവുമൊരുക്കുകയാണ്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി, പിന്നാക്ക ജനത അധികാരത്തില്‍ നിന്ന് ബഹിഷ്കൃതരാകുന്നതിന്റെ കാരണങ്ങള്‍ വിശദമാക്കി സംവരണ അനുപാതത്തിലെ അനീതിക്കെതിരെ ‘രണ്ടാം മണ്ഡല്’ പ്രക്ഷോഭത്തിന് അലയൊലി ഉയര്‍ത്താനാണ് ശ്രമം.
ബിഹാര്‍ ജാതി സര്‍വേയില്‍, സംസ്ഥാന ജനസംഖ്യയില്‍ 63.13% പേര് ഇതര പിന്നാക്ക ജാതികളാണെന്നും (ഒബിസി), അതില്‍ത്തന്നെ 36.01% പേര് അതിപിന്നാക്കം (ഇബിസി) ആണെന്നും കണ്ടെത്തി. ട്രാന്‍സ്ജെന്‍ഡര്‍ അടക്കം 209 നോട്ടിഫൈഡ് ജാതികളില്‍ 112 എണ്ണം അതിപിന്നാക്ക വിഭാഗങ്ങളും 34 എണ്ണം ഇതര പിന്നാക്ക വിഭാഗങ്ങളും 23 എണ്ണം പട്ടികജാതിയും 32 എണ്ണം പട്ടികവര്ഗവുമാണ്. പ്രമുഖ ഒബിസി വിഭാഗമായ യാദവര്‍ 14.26% വരും. മുസ്ലിംകള് 17.70 ശതമാനവും (മുസ്ലിംകളില് ഷെയ്ഖ്, പഥാന്‍, സയ്യിദ് എന്നീ വിഭാഗങ്ങള്‍ സംവരണമില്ലാത്ത ജനറല്‍ വിഭാഗത്തില്‍ പെടുന്നു). പട്ടികജാതി 19.65%, പട്ടികവര്‍ഗം 1.68%. ബ്രാഹ്മണ, രജ്പുത്ത്, ഭൂമിഹാര്‍, കായസ്ത എന്നീ മുന്നാക്കവിഭാഗക്കാര്‍ 15.52% മാത്രമാണ്. ബിഹാറില്‍ ജനസംഖ്യയുടെ 3.4% മാത്രമുള്ള രജപുത്ത് വിഭാഗത്തിന് സംസ്ഥാനത്തെ 40 എംപിമാരില്‍ ഏഴുപേര്‍ – ഏറ്റവും വലിയ വിഹിതം – ഉള്ളപ്പോള്‍ അവരെക്കാള്‍ നാലിരട്ടി വരുന്ന യാദവര്‍ക്ക് അഞ്ച് എംപിമാരേയുള്ളൂ. ജനസംഖ്യയില്‍ 63.13% വരുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് മണ്ഡല് കമ്മിഷന് തീര്‍പ്പുപ്രകാരമുള്ള 27% സംവരണം അപര്യാപ്തമാണെന്നും, സംസ്ഥാനത്തെ ജനങ്ങളില്‍ 85 ശതമാനത്തിന് സംവരണത്തിന് അര്ഹതയുള്ളപ്പോള് 50% സംവരണ പരിധി നീതിയുക്തമല്ലെന്നും വ്യക്തമാകുന്നു. വിശദമായ സാമൂഹിക, സാമ്പത്തിക പ്രൊഫൈല്‍ കൂടി പുറത്തുവരുമ്പോള്‍ ചിത്രം കൂടുതല്‍ തെളിമയുള്ളതാകും.
ബിഹാറില്‍ ബിജെപിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാ ദള്‍ യുണൈറ്റഡും സഖ്യത്തിലായിരുന്നപ്പോഴാണ് ജാതി സര്‍വേയ്ക്കായി 2020 ഫെബ്രുവരിയില്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയത്. 2022 ജൂണില്‍ സര്‍വേയ്ക്ക് ഉത്തരവിട്ടു. നിതീഷ് കുമാര്‍ 2022 ഓഗസ്റ്റില്‍ എന്‍ഡിഎ സഖ്യം വിട്ട് ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കി; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായി. കഴിഞ്ഞ ജനുവരിയില്‍ ജാതി സര്‍വേ തുടങ്ങിയപ്പോള്‍ സംഘപരിവാര്‍ തടസവാദങ്ങളുമായി പട്ന ഹൈക്കോടതിയിലും തുടര്‍ന്ന് സുപ്രീം കോടതിയിലുമെത്തി. ജാതി സെന്‍സസിന് കേന്ദ്ര സര്‍ക്കാരിനു മാത്രമേ അധികാരമുള്ളൂ എന്നാണ് ബിജെപി ഭരണകൂടത്തിനുവേണ്ടി സൊളിസിറ്റര്‍ ജനറല്‍ വാദിച്ചത്. ഓരോ ജനവിഭാഗത്തിന്റെയും ക്ഷേമപദ്ധതികള്‍ക്കും വികസനത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാനവിവരശേഖരണം നടത്തുന്നത് തടയുന്നതെന്തിനെന്ന് കോടതി ചോദിച്ചു.
സുപ്രീം കോടതിയില്‍ കേസിന് അന്തിമ തീര്‍പ്പായിട്ടില്ലെങ്കിലും സര്‍വേ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി അനുമതി നല്കിയ സാഹചര്യത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ സര്‍വേ ഫലം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍ ചരിത്രം സൃഷ്ടിച്ചു.
ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിക്കാന്‍ പോന്ന മുഖ്യ വിഷയമായി ജാതി സെന്‍സസ് പ്രശ്നം രാജസ്ഥാനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിച്ചിരുന്നു. ജനസംഖ്യാനുപാതിക അധികാരപങ്കാളിത്തം സംബന്ധിച്ച് ബിഎസ്പി നേതാവായിരുന്ന കന്‍ഷി റാമിന്റെ പഴയ മുദ്രാവാക്യം രാഹുല്‍ ഗാന്ധി ഏറ്റെടുത്തു: ”ജിസ്കി ജിത്തനി സംഖ്യാ ഭാരി, ഉത്നി ഉസ്കി ഭാഗീധാരി; ജിത്നി ആബാദി, ഉത്നാ ഹഖ്.” കേന്ദ്ര ഗവണ്മെന്റിന്റെ 90 സെക്രട്ടറിമാരില്‍ ഒബിസി വിഭാഗത്തില്‍ നിന്ന് മൂന്നുപേര്‍ മാത്രമാണുള്ളതെന്ന് ലോക്സഭയില്‍ രാഹുല്‍ പറഞ്ഞത് ദേശീയതലത്തില്‍ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗക്കാര്‍ നേരിടുന്ന കൊടിയ അനീതിയുടെ നേര്‍ചിത്രം വരച്ചുകാട്ടി. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമായി 90 ലക്ഷം സര്‍ക്കാര്‍ ജോലിയെയും, 23 ലക്ഷം എന്‍ജിനിയറിങ് കോളജ് സീറ്റുകളെയും ഒരു ലക്ഷം മെഡിക്കല്‍ കോളജ് സീറ്റുകളെയും ബാധിക്കുന്ന പ്രശ്നമാണിത്. ഒബിസി വിഭാഗങ്ങള്‍ക്ക് വലിയ ഭൂരിപക്ഷമുള്ള ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, രാജസ്ഥാന്, ഹരിയാന, ഒഡിഷ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് വിഷയം ബിജെപിക്ക് വലിയ വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പിനു മുന്‍പ് അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന മഹാമഹത്തിലെ ‘ഹിന്ദുത്വ’ ഘോഷങ്ങള്‍ക്ക് ‘മണ്ഡല്’ ജാതിരാഷ്ട്രീയ പടഹദ്ധ്വനി
എസ്പി, ബിഎസ്പി, ആര്‍ജെഡി, ജെഡി (യു), ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ഡിഎംകെ, ഭാരത് രാഷ്ട്ര സമിതി, തെലുഗു ദേശം പാര്‍ട്ടി, ശിവസേന (ഉദ്ധവ് താക്കറെ), നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (ശരദ് പവാര്‍) എന്നിവ ജാതി സെന്‍സസ് ആവശ്യപ്പെടുന്നു. ‘ഇന്ത്യ’ സഖ്യത്തില്‍ ചേരാത്ത ആന്ധ്രപ്രദേശിലെ യുവജന ശ്രമിക് റയ്തു കോണ്‍ഗ്രസ് പാര്‍ട്ടി, ഒഡീഷയിലെ ബിജു ജനതാ ദള്‍, ബിജെപി സഖ്യകക്ഷികളായ എന്‍സിപി (അജിത് പവാര്‍), നിഷദ് പാര്‍ട്ടി, സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി എന്നിവയും ഇതില്‍ പങ്കുചേരുന്നു എന്നതാണ് ശ്രദ്ധേയം. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത്, അവിടെ ഒബിസി സംവരണത്തിന്റെ 91.5% ആനുകൂല്യവും നേടുന്നത് മുസ്ലിംകളാണെന്ന ബിജെപിയുടെയും സവര്ണഹിന്ദുക്കളുടെയും ആരോപണത്തെ പ്രതിരോധിക്കാന്‍ കഴിയാത്തതിനാലാണത്രെ.
ഒബിസി സംവരണ വിഹിതം പ്രബല പിന്നാക്ക വിഭാഗങ്ങള്‍ കൈയടക്കുന്നു എന്ന പരാതിക്കു പരിഹാരമായി ഓരോ സമുദായത്തിനും സബ് ക്വാട്ട നിശ്ചയിക്കുന്നതിന് ബിജെപി സര്‍ക്കാര്‍ 2017 ഒക്ടോബറില്‍ നിയമിച്ച ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജി. രോഹിണി കമ്മിഷന്, ആറു വര്‍ഷത്തിനിടെ 14 തവണ കാലാവധി നീട്ടി കഴിഞ്ഞ ജൂലൈ 31ന് ഗവണ്മെന്റിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, 97% സര്‍ക്കാര്‍ ജോലിയും വിദ്യാഭ്യാസ സീറ്റുകളും ഒബിസി ഉപവിഭാഗങ്ങളില്‍ 25 ശതമാനത്തിനാണ് ലഭിച്ചിട്ടുള്ളതെന്നും 983 ഒബിസി വിഭാഗങ്ങള്‍ക്ക് ഒരു പ്രാതിനിധ്യവും ലഭിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. 2,633 ഒബിസി വിഭാഗങ്ങളുടെ പുതുക്കിയ പട്ടികയും അതിലുണ്ട്. ഒബിസി സംവരണം പുനഃക്രമീകരിക്കാനാണ് നിര്‍ദേശം.
ബ്രിട്ടീഷ് ഇന്ത്യയില്‍ 1891 മുതല്‍ 1931 വരെ ദശവത്സര സെന്‍സസില്‍ ജാതി കോളമുണ്ടായിരുന്നു. ഇന്നത്തെ പാക്കിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയുടെ ഭാഗമായിരുന്ന കാലത്ത്, 1931-ല്‍ നടത്തിയ അവസാനത്തെ ജാതി സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ഒബിസി ജനസംഖ്യ 52% വരുമെന്ന് മണ്ഡല് കമ്മിഷന് 1980-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കണക്കാക്കിയത്. 2011-ല്‍ മന്മോഹന് സിങ് പ്രധാനമന്തിയായിരിക്കെ രാജ്യത്ത് സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് പൂര്‍ത്തിയാക്കിയെങ്കിലും ”ജാതിസംഘര്‍ഷങ്ങള്‍ ഭയന്ന്” ആ കണക്കുകള്‍ പുറത്തുവിടേണ്ടതില്ല എന്നു തീരുമാനിക്കുകയായിരുന്നു. ആ ജാതികണക്കുകള്‍ സമഗ്രവും ആധികാരവുമല്ല എന്നാണ് മോദി സര്‍ക്കാര്‍ പിന്നീട് കോടതിയില്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ആ ഡേറ്റയെ ആധാരമാക്കി ഒബിസി വിഭാഗങ്ങളുടെ രക്ഷകവേഷമണിയാന്‍ വേണ്ട രാഷ്ട്രീയ തന്ത്രങ്ങള്‍ ബിജെപി ആവിഷ്കരിച്ചുവത്രെ. ബിഹാറില്‍ കണ്ടതുപോലെ, ഒബിസിയുടെ യഥാര്‍ഥ കണക്ക് ഓരോ സംസ്ഥാനത്തും പുറത്തുവന്നാല്‍, ജനസംഖ്യാനുപാതികമായി തങ്ങള്‍ക്ക് അവകാശപ്പെട്ടതിനെക്കാള്‍ പതിന്മടങ്ങ് തോതില്‍ അധികാരവും ഉദ്യോഗങ്ങളും പദവികളും സമ്പത്തും കൈവശപ്പെടുത്തിയിട്ടുള്ള മുന്നാക്കക്കാരുടെ കൊള്ള വെളിച്ചത്താകില്ലേ? രാജ്യത്തെ സാമൂഹികചരിത്ര യാഥാര്‍ഥ്യങ്ങളെയും ഭരണഘടനാനുസൃതമായ സംവരണ ചട്ടക്കൂടുകളെയും തകിടം മറിച്ചുകൊണ്ടാണ് മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി (ഇഡബ്ല്യുഎസ്) പത്തു ശതമാനം സാമ്പത്തിക സംവരണം മോദി ഗവണ്മെന്റ് 2019 ജനുവരിയില്‍ 103-ാം ഭരണഘടനാഭേദഗതിയിലൂടെ അവതരിപ്പിച്ചത്.
പരമാവധി 10% സാമ്പത്തിക സംവരണം എന്ന വ്യവസ്ഥ, കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അസാധാരണ വേഗത്തില്‍ നടപ്പാക്കിയത് കെ. ശശിധരന് നായര്‍ കമ്മിഷന് എന്ന പേരില്‍ ഒരു പഠന റിപ്പോര്‍ട്ട് സംഘടിപ്പിച്ചുകൊണ്ടാണ്. 2020 ഒക്ടോബറില്‍ ഇഡബ്ല്യുഎസ് സംവരണം നടപ്പാക്കി വിജ്ഞാപനം ഇറക്കി. നവംബര്‍ 20 മുതല്‍ പിഎസ് സി 50 ശതമാനം ജനറല്‍ കാറ്റഗറിയില്‍ നിന്ന് 10% ഇഡബ്ല്യുഎസ് വിഹിതം നീക്കിവച്ചു. ജനറല്‍ ക്വാട്ട 40 ശതമാനമായി കുറഞ്ഞത് ഒബിസിയിലെ ക്രീമിലെയര്‍ അടക്കം മെറിറ്റ് പട്ടികയില്‍ വരുന്ന എല്ലാവരെയും ബാധിക്കുന്നു. ഹയര്‍ സെക്കന്‍ഡറി തലംതൊട്ട് മെഡിക്കല്‍, എന്‍ജിനിയറിങ് പ്രഫഷണല്‍ കോഴ്സ് പ്രവേശനത്തിനും 10% ഇഡബ്ല്യുഎസ് അലോട്ട്മെന്റിന് സൗകര്യമൊരുക്കി. ഗ്രാമപഞ്ചായത്തില്‍ രണ്ടര ഏക്കര്‍ ഭൂമിയോ മുനിസിപ്പാലിറ്റിയില്‍ 75 സെന്റ്, കോര്‍പറേഷനില്‍ 50 സെന്റ് സ്ഥലമോ വരെയുള്ളവര്‍ക്കാണ് ഇഡബ്ല്യുഎസ് സംവരണത്തിന് അര്‍ഹത നിശ്ചയിച്ചത്. വാര്‍ഷിക വരുമാന പരിധി നാലു ലക്ഷം രൂപയും.
യുദ്ധകാലാടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കിയെങ്കിലും, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള കേരള സംസ്ഥാന കമ്മിഷന് (കെഎസ് സിഇബിസിഎഫ്സി) സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളുടെ ലിസ്റ്റ് 2021 ജൂണിലാണ് പുറത്തിറക്കിയത്. ആ പട്ടികയിലെ 164 സമുദായങ്ങളില്‍, സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക്), മലങ്കര കാത്തലിക്, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി, സിറിയന്‍ കാത്തലിക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍, ക്നാനായ കാത്തലിക്, ക്നാനായ യാക്കോബൈറ്റ്, മലങ്കര യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍, കല്‍ദായ സിറിയന്‍ ക്രിസ്ത്യന്‍, മാര്‍ത്തോമ്മ ക്രിസ്ത്യാനികള്‍, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ, ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, സ്വതന്ത്ര സിറിയന്‍ ക്രിസ്ത്യന്‍, പെന്തക്കോസ്ത്, ബ്രദറന്സഭ, യഹോവ സാക്ഷികള്‍, സെവന്ത്ഡേ ആഡ്വെന്റ്ിസ്റ്റ്, കമ്മാളര്‍ തുടങ്ങി 17 ക്രൈസ്തവ വിഭാഗങ്ങളും ഉള്‍പ്പെടുന്നു.
കേരളത്തിലെ മുന്നാക്ക വിഭാഗത്തില്‍പെട്ടവര്‍ക്കായുള്ള സാമൂഹിക സാമ്പത്തിക സര്‍വേ നടത്താന്‍ തീരുമാനിച്ചത് പിന്നീടാണ്. മൊബൈല്‍/വെബ് ആപ്ലിക്കേഷന്‍ വഴി കുടുംബശ്രീ ഡയറക്ടറേറ്റ് 2021 ഡിസംബര്‍ 15ന് അകം അതു പൂര്‍ത്തിയാക്കേണ്ടിയിരുന്നു. ആ സര്‍വേ ഫലം പുറത്തുവന്നു കണ്ടില്ല. ലത്തീന്‍ കത്തോലിക്കരും ദലിത് ക്രൈസ്തവരും ഉള്‍പ്പെടെയുള്ള മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന നിര്‍ദേശിച്ച സംവരണാവകാശം ലഭിക്കാന്‍ നാലര പതിറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. ക്രീമിലെയര്‍ വിഭാഗത്തെ ഒഴിവാക്കിയാണ് ഉദ്യോഗസംവരണം ലഭിച്ചത്. വിദ്യാഭ്യാസ സംവരണം അനുവദിച്ചത് ആറു പതിറ്റാണ്ടിനുശേഷവും. കേരളത്തിലെ ജനസംഖ്യയില്‍ 21 ശതമാനം വരുന്ന മുന്നാക്ക വിഭാഗത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ 5.5% മാത്രമാണ്. ഇവര്‍ക്കായി ഒരു പഠനവും നടത്താതെ 10% സംവരണം നടപ്പാക്കിയതിന്റെ അനീതിയും യുക്തിരാഹിത്യവും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അപരിഹാര്യമായ നഷ്ടത്തിന് ഇടവരുത്തിയിട്ടുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള സ്കോളര്‍ഷിപ് 80:20 എന്ന അനുപാതത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ കൈയടക്കുന്നു എന്ന പരാതിക്കു പിന്നാലെയാണ് ക്രൈസ്തവ ന്യൂനപക്ഷ സമുദായങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ രണ്ടു വര്‍ഷം മുന്‍പ് ജസ്റ്റിസ് ജെ.ബി കോശി കമ്മിഷനെ പിണറായി സര്‍ക്കാര്‍ നിയമിച്ചത്. കഴിഞ്ഞ മേയ് 17ന് കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിപിന്നാക്ക വിഭാഗങ്ങളായ ദളിത് ക്രൈസ്തവരുടെയും തീരദേശത്തെ ലത്തീന്‍ സമൂഹത്തിന്റെയും ദുരവസ്ഥയ്ക്ക് ചില പരാഹാര നടപടികള്‍ അതില്‍ നിര്‍ദേശിച്ചിട്ടുള്ളതായി പറയുന്നു. ആ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണം.
ജാതിയുടെ പേരില്‍ രാജ്യത്ത് വര്‍ഗീയത വളര്‍ത്തുന്ന ജാതിസംവരണം അവസാനിപ്പിക്കണമെന്നാണ് എന്‍എസ്എസ് ഇപ്പോള്‍ നിര്‍ദേശിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ മുന്നാക്ക പ്രീണനത്തില്‍ ലഭിച്ച ഇഡബ്ല്യുഎസ് അമിത സംവരണ വിഹിതത്തിന്റെ അന്യായ കണക്കും സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടു പോരേ നമുക്ക് സാമൂഹിക ദാരിദ്ര്യത്തിന്റെ ജാതിരഹിത സമത്വസുന്ദര സ്വപ്നം പങ്കുവയ്ക്കാന്‍?