കൊച്ചിയിലെ കുമ്പളങ്ങി ഗ്രാമത്തിലെ കടവിപറമ്പില്‍ പീറ്ററിനെ തേടി ഡല്‍ഹിയില്‍ നിന്ന് ആദരമെത്തിയത് അടുത്തിടെയാണ്. പരമ്പരാഗത കരകൗശല, നൈപുണ്യവികസന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് വിവിധ രംഗങ്ങളില്‍ വിദഗ്ദരായവരെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. വള്ളം പണിക്കാരനെന്ന നിലയിലാണ് പീറ്റര്‍ പുരസ്കാരത്തിന് അര്‍ഹനായത്. പീറ്ററിന്റെ അപ്പനപ്പൂപ്പന്മാരും സഹോദരന്മാരും അവരുടെ മക്കളുമെല്ലാം വള്ളം നിര്‍മാണ തൊഴിലാളികളാണ്. പഴയ തലമുറയിലെ വിദഗ്ദരായ പല പണിക്കാരും കാലയവനികക്കുള്ളില്‍ മറഞ്ഞു. പലരും ആരോഗ്യപ്രശ്നങ്ങളാല്‍ ജോലിയില്‍ നിന്നു പിന്മാറി. എന്നാല്‍ ആരോഗ്യമനുവദിക്കുന്നിടത്തോളം കാലം വള്ളം പണി തുടരാന്‍ തന്നെയാണ് പീറ്ററിന്റെ തീരുമാനം.
ഗുരുകാരണവന്മാര്
വഞ്ചിപ്പണിയില് ഗുരു എന്റെ അപ്പന്‍തന്നെയാണ്. എന്റെ അപ്പനും, അപ്പന്റെ അപ്പനും, അപ്പൂപ്പന്റെ അപ്പനും വള്ളം പണിക്കാരായിരുന്നു. ഞങ്ങള്‍ മൂന്നു തലമുറകളായി വള്ളപ്പണിക്കാരാണ്.
വഞ്ചികള്‍ പലതരം
കടലില്‍ പോകുന്ന വള്ളങ്ങള്‍, കായല്‍ വള്ളങ്ങള്‍, ആറ്റുവള്ളങ്ങള്, ഒറ്റത്തടി വള്ളങ്ങള്‍, തറ വള്ളങ്ങള്‍ എന്നിങ്ങനെ വിവിധതരം വള്ളങ്ങളുണ്ട്. ഓരോന്നും വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ്.
പ്രതാപകാലത്തിന്റെ അടയാളം
ഇപ്പോള്‍ പഴയതുപോലെ വലിയ വള്ളങ്ങളുടെ പണിയൊന്നുമില്ല, ചെറുവള്ളങ്ങളുടെ പണിയേ ഉള്ളു. അതും തീരെ കുറവാണ്. വള്ളത്തിന്റെ ആവശ്യകത കുറഞ്ഞുവരുന്നു. തോടുകളെല്ലാം റോഡുകളായി. അതിനാല്‍ വഞ്ചികളൊന്നും ഉപയോഗമില്ലാതായി. പണ്ട് ഉപയോഗിച്ചിരുന്ന മുതലാളിമാരുടെ വള്ളമെന്നു പറയുന്നത് ഇന്നത്തെ ഏതെങ്കിലും ലക്ഷ്വറി കാറുപോലെയാണ്. വള്ളത്തില്‍ ഇരുന്നും കിടന്നുമൊക്കെ യാത്രചെയ്യുക എന്നു പറഞ്ഞാല്‍് അന്നത്തെ പ്രതാപത്തിന്റെ ലക്ഷണമായിരുന്നു. അന്നൊക്കെ ജലഗതാഗതത്തിന്റെ കാലമാണല്ലോ. വള്ളം മാത്രമേ ഉള്ളു ഗതാഗതത്തിന്. വള്ളം ഒരു അവശ്യവസ്തുവായിരുന്നു. വള്ളമുള്ളയാളെന്നു പറയുന്നതു തന്നെ അന്തസിന്റെ ലക്ഷണമാണ്. പല രീതിയിലുള്ള വള്ളങ്ങളുണ്ട്. വലിയ മുതലാളിമാര്‍ ഉപയോഗിക്കുന്ന വള്ളമാണ് നടപ്പുവള്ളം. അതിന്റെ പണിയൊക്കെ പ്രത്യേകപണിയായിരുന്നു.
പുതിയ തലമുറ പലവള്ളപ്പാടകലെ
വഞ്ചിപ്പണിക്കാരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പണിയില്ലാത്തതാണ് ഒരുകാരണം. പുതിയ തലമുറയൊന്നും ഇതിലേക്ക് വരുന്നില്ല. വന്നിട്ട് കാര്യവും ഇല്ല. അവര്‍ക്ക് കൊടുക്കാന്‍ പണിയുമില്ല. പ്രായമായവരാണ് ഇപ്പോള്‍ കൂടുതലും. അസുഖംമൂലം പണിക്കൊന്നും പോകാതെ ക്ലേശിക്കുന്ന ആളുകളുണ്ട്. കുറച്ചുപേരെ ഉള്ളു വള്ളംപണിയുമായി ബന്ധപ്പെട്ട്.
വള്ളം പണിക്കറിയണം കണിശമായ കണക്ക്
ആദ്യം ഏരാവ് എന്ന പലകയാണ് വയ്ക്കുന്നത്. വള്ളത്തിന്റെ നടുക്ക് വരുന്ന പലകയാണിത്. അതുകഴിഞ്ഞ് രണ്ട് തലമരം കൊള്ളിക്കും. അത് ഫിറ്റ് ചെയ്ത് കഴിഞ്ഞ് ഏരാവിന്റെ വശത്ത് ഇടുന്ന പലക വെക്കും. അതിന് ഞങ്ങള്‍ പറയുന്നത് ഏരാവും ഓടും എന്നാണ്. ഓടുപലക എന്നാണ് പറയുന്നത്. ഇതെല്ലാം ഞങ്ങളുടെ മനസ്സില്‍ ഉള്ള മോഡലാണ് അല്ലാതെ ഇതിന് പ്രത്യേകിച്ച് നിയമങ്ങളൊന്നുമില്ല. അവസാനം ഇതിന്റെ വണ്ണം എത്ര വരും എന്നതുവരെ നമ്മുടെ മനസ്സിലുണ്ടാകും. വണ്ണമനുസരിച്ച്് പലക ഓരോന്ന് പണിത് കൊണ്ടുവരും. എല്ലാ പണിയും കഴിഞ്ഞ് ചാളനെയ്യ് കൊടുത്ത് കഴിഞ്ഞ് ഇറക്കാനാകും. ഇറക്കുന്നതിന് പണ്ടൊക്കെ പൂമച്ചം നടക്കല്‍ എന്ന് പറയും. അണിയത്ത് മണിക്കാലില് മേലാണ് പൂമച്ചം ഒക്കെ വയ്ക്കുന്നത്. പൂമച്ചം എന്ന് പറയുന്നത്, പണ്ട് പാമരം വയ്ക്കാനുള്ള ഒരു തുള ഉണ്ടാകുമായിരുന്നു. അവിടെ ആണി വച്ച് ഉറപ്പിക്കുക എന്നതാണ് അവസാനത്തെ പണി. അത് കഴിയുമ്പോഴാണ് വള്ളം നീറ്റിലിറക്കുന്നത്. ചെറുവള്ളങ്ങള്ക്കൊക്കെ കൂടുതല്‍ ഉപയോഗിക്കുന്നത് ആഞ്ഞിലിമരമാണ്. പുന്നയും ഉപയോഗിക്കും. ഇതു രണ്ടും ആണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. വലിയ വള്ളങ്ങള്ക്കൊക്കെയാണ് മരുത് പോലുള്ള മരങ്ങളൊക്കെ ഉപയോഗിക്കുന്നത്.
പരിസ്ഥിതി സൗഹൃദ വള്ളങ്ങള്‍
ഞങ്ങള്‍ പൊതുവെ പണിയുന്നത് കെട്ടുവള്ളങ്ങളാണ്. രണ്ടുതരത്തിലുള്ള പണിക്കാരുണ്ട്. ഒറ്റത്തടികൊണ്ട് പണിയുന്നവരും തറ മരം മാത്രം ഉപയോഗിച്ച് പണിയുന്നവരും. പൊതുവെ ഞങ്ങള്‍ എല്ലാവരും കയര്‍ ഉപയോഗിച്ചൊക്കെയാണ് ഇതിന്റെ പണിയൊക്കെ ചെയ്യുന്നത്. ഫൈബര്‍ വള്ളങ്ങള്‍ ഞങ്ങള്‍ പണിയാറില്ല. ഫൈബറിനോട് എതിരൊന്നും പറയാനില്ല. എനിക്ക് താല്പര്യം ഇല്ല. ഞാന്‍ മരംകൊണ്ട് മാത്രം പണിയുന്ന ഒരാളാണ്. എനിക്ക് മരംകൊണ്ട് പണിയുന്നതാണ് ഇഷ്ടവും. കാരണം പരിസ്ഥിതിക്ക് ഒരു ദോഷവും വരാത്ത ഒരു വാഹനമാണ് ഈ വള്ളങ്ങള്‍. ഒരു ദോഷവും വന്നിട്ടില്ല ഇന്നുവരെ പരിസ്ഥിതിക്ക്. കാരണം സാധാരണ നമുക്ക് നാട്ടിന്പുറത്തു കിട്ടുന്ന സാധനങ്ങള്‍ മാത്രമേ ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുകയുള്ളു. കയര്‍, മടല്, പൊതിമടല്‍ അങ്ങനെയുള്ള സാധനങ്ങള്‍ മാത്രമേ ഇതിന് ഉപയോഗിക്കുകയുള്ളു. അതിനാല്‍ പരിസ്ഥിതിക്ക് ഒരു ആഘാതവും വരുത്തുന്നില്ല.
മത്സ്യത്തിന്റെ കണക്കും ചേലും
വള്ളം പണിയെകുറിച്ച് എല്ലാം അറിഞ്ഞിരിക്കുന്നവരായിരിക്കണം നല്ല പണിക്കാര്. ഇതിന്റെ അളവുകള്‍, വള്ളത്തിന്റെ നീളത്തിനനുസരിച്ചുള്ള വണ്ണം, അതിന്റെ പൊക്കം, അതിന്റെ കണക്കൊക്കെ മുഴുവനും അറിഞ്ഞിരിക്കണം. വള്ളത്തിന്റെ ആകാരഭംഗി എന്നു പറഞ്ഞാല്‍ അതിന്റെ അണിയും അമരവുമാണ്. അതിന്റെയകത്തുള്ള വ്യത്യാസങ്ങളൊക്കെയുണ്ട്. അതൊക്കെ ഒരു പണിക്കാരന് അറിഞ്ഞിരിക്കണം. എന്നാലെ വള്ളത്തിന് നീന്തല്‍ കിട്ടുകയുള്ളു. വെള്ളത്തിലെ വാഹനമാണല്ലോ വള്ളം. വെള്ളത്തിലെ ജീവിയാണല്ലോ മത്സ്യം.
മത്സ്യത്തിന്റെ ആകൃതിയനുസരിച്ചാണ് എല്ലാ വള്ളങ്ങളും ഞങ്ങള്‍ പണിയുന്നത്.
മുന്‍ഭാഗം തലയുടെ ഭാഗമാണല്ലോ. അതിനു വലിപ്പംകൂടുതല്‍. അതുപോലെയായിരിക്കണം വള്ളങ്ങളും. എന്നാലേ നീന്ത് കിട്ടുകയുള്ളു. ദൈവം സൃഷ്ടിച്ച ഒരു ജീവിയാണല്ലോ മത്സ്യവും. മത്സ്യത്തിന്റെ ആകൃതി എന്നുപറഞ്ഞാല്‍ നോക്കിയാലൊന്നും കാണില്ല, അളവില്‍ എല്ലാം മനസ്സിലാകും. അളന്നാലെ അത് മനസ്സിലാകൂ. പണിക്കാരന് മാത്രമേ അതുപറ്റുകയുള്ളു. രണ്ട് തലയും കാണുമ്പോള്‍ ഒരുപോലെ തോന്നും. പക്ഷെ അതിന് വ്യത്യാസങ്ങളുണ്ട്. അണിയും അമരവും ആയിട്ട് വ്യത്യാസങ്ങളുണ്ട്. വണ്ണത്തില്‍. നീന്തല്‍ കിട്ടാന്‍ വേണ്ടിയിട്ടാണ് ഞങ്ങള്‍ അങ്ങിനെ ഡിസൈന്‍ ചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ അംഗീകാരം വന്ന വഴി
പ്രധാനമന്ത്രിയുടെ അംഗീകാരത്തിനായിട്ട് ഞാന്‍ ഒന്നും ചെയ്തിട്ടില്ല എന്നുതന്നെ പറയാം. കാരണം, ഞാന്‍ നിനച്ചിരിക്കാത്ത ഒരു സമയത്ത് എനിക്ക് ഒരു ഫോണ്‍കാള്‍ വരുകയായിരുന്നു. അത് എം.എസ്.എം.ഇ. യിലെ ഉദ്യോഗസ്ഥനായിരുന്നു. എം.എസ്.എം.ഇ. യിലെ തൃശൂരിലുള്ള വിശേഷ് അഗര്‍വാള്‍ എന്നുപറയുന്ന ഉദ്യോഗസ്ഥനാണ് എന്നെ വിളിച്ചത്. ആ പുള്ളി എന്നോടു ചോദിച്ചു, വള്ളംപണിയുന്ന ആളാണോ എന്നൊക്കെ. അതുകഴിഞ്ഞ് എന്റെ ഡീറ്റെയില്‍സ് എല്ലാം ചോദിച്ചു. പറഞ്ഞുകൊടുത്തുകഴിഞ്ഞപ്പോള് ഒരു ഗൂഗിള്‍ മീറ്റ് ഉണ്ടെന്നു പറഞ്ഞു 3 മണിക്ക്. അതില്‍ പങ്കെടുക്കണം എന്നുപറഞ്ഞു. അതിന്റെ ലിങ്ക് അയച്ചുതന്നു. ഞാന്‍ അതില്‍ കയറി. ഡല്‍ഹിയില്‍നിന്ന് കുറെ ചോദ്യങ്ങള്‍ ചോദിച്ചു. അതിന് മറുപടിയൊക്കെ പറഞ്ഞു. എന്റെ വള്ളമൊക്കെ അവരു കണ്ടു. വീഡിയോയില്‍കൂടി തന്നെ, ഞാന്‍ വള്ളത്തിന്റെ അവിടെയിരുന്നാണ് ഗൂഗിള്‍മീറ്റ് ചെയ്തത്. അങ്ങനെ അവര്‍ എന്റെ വള്ളങ്ങളും എല്ലാം കണ്ടു. അതവര്‍ക്കിഷ്ടപ്പെട്ടു. അങ്ങനെയാണ് എന്നെ തിരഞ്ഞെടുത്തതും പ്രധാനമന്ത്രിയുടെ അംഗീകാരത്തിനായി ഞാന്‍ ഡല്‍ഹിക്കു പോയതും.
ഡല്‍ഹിയില്‍ ആദരവ്; കുമ്പളങ്ങിയില്‍ ആഘോഷം
ഡല്‍ഹിയില്‍ ഞങ്ങള്‍ക്ക് വളരെ സുഖമായിട്ടുള്ള താമസമൊക്കെയായിരുന്നു അവര്‍ അറേഞ്ച് ചെയ്തിരുന്നത്. നമുക്ക് ചെലവൊന്നും ഇല്ലായിരുന്നു. അവരുതന്നെയാണ് ചെലവൊക്കെ എടുത്തത്. നെടുമ്പാശേരിയില്‍നിന്ന് ഫ്ളൈറ്റില്‍ കയറി ഡല്‍ഹിയില്‍ ചെന്ന് ഇറങ്ങി. വലിയ ഹോട്ടലിലായിരുന്നു താമസിച്ചത്. അതിന്റെ പിറ്റേദിവസം പരിപാടി നടക്കുന്ന സ്റ്റേഡിയത്തിലേക്ക് പോയി. ആ സ്റ്റേഡിയം അന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് കഴിഞ്ഞിട്ടാണ് ഈ ചടങ്ങ് തുടങ്ങിയത്. അങ്ങനെ അവിടെ ചെന്ന് അത് ഏറ്റു വാങ്ങി. ഞായറാഴ്ചയായിരുന്നു അവാര്‍ഡ് ദാനം. പിറ്റേന്ന് തിങ്കളാഴ്ച ഞങ്ങള്‍ എല്ലാവരും കേരളത്തിലേക്ക് പോന്നു. ഇവിടന്ന് ഞങ്ങള്‍ മൂന്നുപേരുണ്ടായിരുന്നു. എന്നെ കൂടാതെ രണ്ടുപേരുണ്ടായിരുന്നു. ഒരാള്‍ കോഴിക്കോടുള്ള സ്വര്ണപണിക്കാരന്. പിന്നെ ചേര്‍ത്തലയിലുള്ള ഹൗസ് ബോട്ടൊക്കെ പണിയുന്ന ഒരാള്‍. അംഗീകാരം കിട്ടിയത് എനിക്കു മാത്രമാണ്. അവരെ പ്രത്യേകം ക്ഷണിച്ചിട്ടുവന്നതാണ്. അങ്ങനെ ഞങ്ങള്‍ മൂന്നുപേരും കൂടിയാണ് ഇവിടെനിന്നു പോയത്. പിന്നെ ഈ ഉദ്യോഗസ്ഥനും. വളരെ നല്ല ഉദ്യോഗസ്ഥനായിരുന്നു പുള്ളി. എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. നല്ല രീതിയില്ലാണ് ഞങ്ങളോട് പെരുമാറിയത്. ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് എന്ന നിലയിലല്ലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. പുള്ളി ഞങ്ങളെ എല്ലാവരെയും വിനയത്തോടുകൂടിയാണ് സംബോധന ചെയ്തിരുന്നത്. കാര്യങ്ങളൊക്കെ ചെയ്തുതരികയും പറഞ്ഞുതരികയും ഒക്കെ ചെയ്തു. മലയാളം നമ്മളെക്കാള്‍ നന്നായി പറയും. പുള്ളി ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലായിരുന്നു. പിന്നെ ഇവിടെ ജോലികിട്ടി. അങ്ങനെ മലയാളം പഠിച്ചു. വീട്ടില്‍ എത്തിയപ്പോള്‍ പെരുമ്പടപ്പില്‍നിന്ന് കുമ്പളങ്ങിയില്‍ ഇറങ്ങിയപ്പോള്‍ വലിയ ആഘോഷത്തോടെയുള്ള സ്വീകരണമായിരുന്നു. നാട്ടുകാര്‍ വലിയ വരവേല്പ്പൊക്കെയാണ് തന്നത്്. വലിയ സന്തോഷം തോന്നി.
അവസാനിക്കാറായ പണിരംഗം
ഈ രംഗത്തേക്ക് ഇനി ആരെങ്കിലും വരുമോ എന്ന് ചോദിച്ചാല്‍, എന്റെ മകന് ഉള്‍പ്പെടെയുള്ള ആരും ഈ രംഗത്തേക്ക് താല്പര്യം ഇല്ലാത്തവരാണ്. കാരണം ഇതുകൊണ്ട് വേറെ പ്രയോജനം ഒന്നുമില്ല. പണിരംഗത്താണെങ്കിലും. പണ്ടൊക്കെ പിള്ളേര് പഠിക്കാന്‍ പോകുമ്പോള്‍ വള്ളംപണി കാണുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. ഇപ്പോള്‍ വള്ളം പണി കാണാന്‍ കുട്ടികളാരും വരുന്നുപോലുമില്ല. ഇപ്പോഴത്തെ തലമുറയ്ക്ക് ഇതിന്റെ ആവശ്യമില്ല. കായലില്‍ പോലും വെള്ളം ഇല്ലാത്ത സ്ഥിതിയായി. വള്ളത്തിന്റെ ആവശ്യവും ഉപയോഗവും കുറഞ്ഞു. ഇതുപഠിച്ചിട്ട് ഒരു കാര്യവും ഇല്ല. ഒന്നും നേടാന്‍ പറ്റില്ല. ആരും വരുന്നുമില്ല, മിനക്കെടാറുമില്ല. പണി കാണാന്‍ പോലും വരാത്ത സ്ഥിതി എന്നുപറയുമ്പോള്‍ ഒന്നാലോചിച്ചുനോക്കിക്കോ. അവര്‍ക്കിനി വള്ളം കൊണ്ട് പ്രയോജനമൊന്നുമില്ലെന്നാണ് അവര്‍ കരുതുന്നത്. ആധുനികവത്കരണമൊക്കെ നടത്തി മാറ്റങ്ങള്‍ വരുത്തുമായിരിക്കും.