നാലു വര്‍ഷം മുന്‍പ് പ്രവര്‍ത്തനം തുടങ്ങേണ്ടിയിരുന്ന വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ടിലെ ബെര്‍ത്തിലും യാര്‍ഡിലും ഉറപ്പിക്കേണ്ട 32 ക്രെയിനുകളില്‍ മൂന്നെണ്ണം ചൈനയിലെ ഷാങ്ഹായില്‍ നിന്ന് കൊണ്ടുവരുന്ന ആദ്യ യാനപാത്രം വന്നടുക്കുന്നത് ഇത്ര വലിയ ആഘോഷമാക്കുന്നത് ആരുടെ പൊള്ളപ്രതിച്ഛായ റീബ്രാന്‍ഡ് ചെയ്യാനാണ് – അദാനിയുടെയോ പി.വി എന്ന ചരുക്കപ്പേരില്‍ ഒതുങ്ങാന്‍ ആഗ്രഹിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെയോ അതോ മന്ത്രിസഭാ പുനഃസംഘടനയില്‍ പുറത്താക്കപ്പെടുമെന്ന് ആശങ്കയുള്ള ഇന്ത്യന്‍ നാഷണല്‍ ലീഗിലെ ഒരു വിഭാഗത്തിന്റെ പ്രതിനിധിയായ തുറമുഖമന്ത്രിയുടെയോ?
കമ്യൂണിസ്റ്റ് ചൈനയുമായി കേരളത്തിലെ വിപ്ലവപാര്ട്ടിക്കുള്ള പ്രത്യയശാസ്ത്രപരമായ ആത്മബന്ധത്തിന്റെ ചെങ്കൊടി പാറിച്ചെത്തുന്ന ഷെന്ഹുവാ-15 എന്ന സെമി സബ്മേര്‍സിബിള്‍ ഹെവിലിഫ്റ്റ് ചരക്കുവാഹിനി വിഴിഞ്ഞത്ത് പണിതീരാത്ത ബെര്ത്തിനരികെ നങ്കൂരമിടുന്നത് മഹാസംഭവമാക്കാനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ അമിതാവേശം, 2010 ജൂലൈയില്‍ ഇതുപോലെ ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ ഹബ് എന്നു വിശേഷിപ്പിക്കപ്പെട്ട വല്ലാര്‍പാടത്തെ ഡിപി വേള്‍ഡിന്റെ ബെര്‍ത്തിലേക്ക് ഇതേ ചൈനീസ് കമ്പനിയുടെ നാല് ഷിപ് ടു ഷോര്‍ ഗാന്‍ട്രി ക്രെയിനുകള്‍ ഇറക്കിയതിനു ശേഷം വികസനത്തിന്റെ മുടിയന്തര പുകിലെന്തായെന്ന് കണ്ടറിഞ്ഞിട്ടുള്ള കേരളജനതയ്ക്ക് ഒരു ഹര്ഷോന്മാദവും പകരുന്നില്ല എന്നത് പച്ച പരമാര്‍ഥമാണ്.
ലഡാക്കിലും അരുണാചല്‍ പ്രദേശിലും ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനങ്ങള്‍ക്കു തിരിച്ചടിയായി കേന്ദ്രം 2020 ജൂലൈയില്‍ സര്‍ക്കാര്‍ മുതല്‍മുടക്കുള്ള പദ്ധതികള്‍ക്കായി ചൈനയില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങുന്നത് വിലക്കുകയുണ്ടായി. ഡിസൈന്‍, നിര്‍മാണം, സാമ്പത്തിക നിക്ഷേപം, നടത്തിപ്പ്, തിരിച്ചേല്‍പ്പിക്കല്‍ (ഡിബിഎഫ്ഒടി) വ്യവസ്ഥയില്‍ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ കമ്പനി 2,279 കോടി രൂപ മുടക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ കേരള ഗവണ്മെന്റിന്റെ വിഹിതം 5,246 കോടി രൂപയാണ്. വയബിലിറ്റി ഗ്യാപ് ഫണ്ട് എന്ന പേരില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് 1,635 കോടി രൂപയുടെ ഗ്രാന്റും അദാനിക്കു നല്‍കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ചൈനയില്‍ നിന്ന് ക്രെയിനുകള്‍ വാങ്ങുന്നതിന് വിഴിഞ്ഞം തുറമുഖത്തിന് തടസമൊന്നുമില്ല. കാരണം, നിയന്ത്രണങ്ങള്‍ വരുന്നതിന് രണ്ടു വര്‍ഷം മുന്‍പ്, 2018 ജൂണില്‍ വിഴിഞ്ഞത്തിനായി അദാനി പോര്‍ട്സ് ഷാങ്ഹായ് ഷെന്ഹുവാ പോര്‍ട്ട് മെഷീനറി (സെഡ്പിഎംസി) കമ്പനിയുടെ എട്ട് റെയില്‍ മൗണ്ടഡ് കീ ക്രെയ്നുകള്ക്കും 24 കാന്റിലിവര്‍ റെയില്‍ മൗണ്ടഡ് ഗാന്‍ട്രി യാര്‍ഡ് ക്രെയിനുകള്‍ക്കും ഓര്‍ഡര്‍ നല്‍കിയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ക്രെയിന്‍ നിര്‍മാതാക്കളാണ് ഷാങ്ഹായിലെ ഷെന്ഹുവാ ഹെവി ഇന്‍ഡസ്ട്രീസ് കമ്പനി. ആഗോളതലത്തില്‍ തുറമുഖങ്ങളിലെ ഓട്ടോമേറ്റഡ് ഉപകരണ വിപണിയുടെ 70 ശതമാനവും കൈയടക്കിയിട്ടുള്ള സെഡ്പിഎംസിയുടെ ക്രെയിനുകള്‍ക്ക് താരതമ്യേന വിലക്കുറവുണ്ട്. പുതുതായി ചൈനീസ് ക്രെയിനുകള്‍ വാങ്ങുന്നതിന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കില്ലെന്ന് പറയുന്നു.
സെഡ്പിഎംസിയുടെ ഷിപ് ടു ഷോര്‍ ക്രെയിനുകള്‍ ചൈനയുടെ ചാരപ്രവര്‍ത്തനത്തിനുള്ള ട്രോജന്‍ കുതിരകളാണെന്നാണ് യുഎസ് പെന്റഗണ്‍ പ്രതിരോധ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്.
സൈനിക സാമഗ്രികളടക്കം തുറമുഖത്ത് എത്തുന്ന ഓരോ കണ്ടെയ്നറിലെയും ചരക്കിന്റെ സ്വഭാവവും അത് എവിടേക്കാണ് പോകുന്നതെന്ന വിവരവും രേഖപ്പെടുത്താനും ട്രാക്കു ചെയ്യാനും ശേഷിയുള്ള അതിനൂതന സെന്‍സറുകള്‍ ഈ ക്രെയിനുകളില്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടാകാമെന്നാണ് പാശ്ചാത്യ കൗണ്ടര്ഇന്റലിജന്സ് വൃത്തങ്ങള്‍ പറയുന്നത്. ഒരു രാജ്യത്തെ ചരക്കുനീക്കത്തെയും സപ്ലൈചെയിനെയും തന്ത്രപരമായി നിയന്ത്രിക്കാന്‍ ഈ ക്രെയിനുകള്‍ ഉപയോഗിക്കപ്പെട്ടേക്കാം എന്നാണ് ആശങ്ക.
ഇന്ത്യന്‍ നേവിയുടെ ദക്ഷിണമേഖലാ കമാന്‍ഡ് കേന്ദ്രത്തിനടുത്തുള്ള വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ സ്ഥാപിക്കാനായി ബൂം ഉയര്‍ത്തുമ്പോള്‍ 125 മീറ്റര്‍ ഉയരം വരുന്ന കീ ഗാന്‍ട്രി ക്രെയിനുകളുമായി ഷെന്ഹുവാ-10 കപ്പല്‍ ആദ്യമെത്തിയപ്പോള്‍ ബേസിനില്‍ 12.5 മീറ്റര്‍ ആഴമില്ലാത്തതിനാല്‍ മൂന്നാഴ്ച അതിന് പുറത്ത് കാത്തുകിടക്കേണ്ടിവന്നു. ഗുജറാത്തില്‍ അദാനിയുടെ മുന്ദ്ര പോര്‍ട്ടില്‍ രണ്ട് സൂപ്പര്‍ പോസ്റ്റ്പനാമാക്സ് ക്രെയിനുകള്‍ ഇറക്കിയതിനുശേഷം വിഴിഞ്ഞത്ത് എത്തുന്ന ഷെന്ഹുവാ-15ന് അവിടെ 275 മീറ്റര്‍ നീളമുള്ള ബെര്‍ത്തില്‍ നങ്കൂരമിടാന്‍ വേണ്ടതിലധികം ആഴമുണ്ട്.
കപ്പലുകള്‍ക്ക് ഏതു കാലാവസ്ഥയിലും സുരക്ഷിതമായി വന്നടുക്കുന്നതിന് ആവശ്യമായ 2,960 മീറ്റര്‍ നീളമുള്ള പുലിമുട്ടില്‍ (ബ്രെക്ക് വാട്ടര്‍) 2,400 മീറ്റര്‍ ഭാഗത്തെ പണി തീര്‍ന്നിട്ടുണ്ടെന്നാണ് അദാനി കമ്പനി അവകാശപ്പെടുന്നത്. 2019 ഡിസംബര്‍ മൂന്നിന് കരാര്‍ പ്രകാരം ആദ്യഘട്ടം പൂര്‍ത്തിയാകേണ്ടിയിരുന്ന തുറമുഖ പദ്ധതി വൈകിയതിന് ഓഖി, ടൗട്ടെ ചുഴലിക്കാറ്റുകളും രണ്ടു വലിയ പ്രളയങ്ങളും കൊവിഡ് മഹാമാരിയും ഉള്‍പ്പെടെയുള്ള ‘നിയന്ത്രണാതീതമായ സാഹചര്യങ്ങള്‍’ ആര്ബിട്രേഷന് ട്രൈബ്യൂണലില്‍ അവതരിപ്പിക്കുമ്പോള്‍തന്നെ, ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിന് വേണ്ട 68.7 ലക്ഷം ടണ്‍ പാറക്കല്ല് സംഭരിക്കുന്നതിലെ തടസങ്ങളാണ് അദാനി മുഖ്യപ്രശ്നമായി എന്നും ഉയര്‍ത്തിയിരുന്നത്. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്ത് തൂത്തുക്കുടി, കന്യാകുമാരി ഭാഗത്തു നിന്നുള്ള കരിങ്കല്ല് കടത്തുന്നതിന് പത്തു ചക്രത്തിനു മേലുള്ള ലോറികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കാനുള്ള ഹര്‍ജിയില്‍, വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ കല്ലിന്റെ 20% തമിഴ്നാട്ടില്‍ നിന്നാണെന്നു സൂചിപ്പിച്ചിരുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 19 കരിങ്കല്‍ ക്വാറികളാണ് സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനു വിട്ടുനല്‍കിയത്. ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും ആശങ്കകള്‍ രൂക്ഷമായ 2019-ല്‍ എന്‍ഒസി നല്കിയ ക്വാറികളില്‍ 12 എണ്ണം അദാനി ഗ്രൂപ്പ് നേരിട്ട് നടത്തുന്നതും മറ്റുള്ളവ 50% പങ്കാളിത്തത്തോടെ മറ്റു പാറമട ഉടമകളുമായി ചേര്‍ന്ന് നടത്തുന്നതുമായിരുന്നു.
ബോര് മെഷീന് കൊണ്ട് പാറ തുരന്ന് ഡൈനാമൈറ്റ് നിറച്ച് പൊട്ടിച്ച് പ്രതിദിനം ടണ്കണത്തിനു പാറക്കെട്ടുകളാണ് ട്രക്കുകളില്‍ അടര്ത്തിക്കൊണ്ടുപോകുന്നത്.
വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം തീരമേഖലയില്‍ ഉണ്ടായിട്ടുള്ള തീരശോഷണത്തിന്റെ വന്‍ കെടുതികളില്‍ തീരദേശവാസികളുടെ അതിജീവനപ്രശ്നങ്ങള്‍ ഭരണാധികാരികള്‍ക്കു മുന്‍പാകെ അവതരിപ്പിക്കാന്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ സത്യഗ്രഹസമരവും തുറകളടച്ച് മത്സ്യബന്ധനവള്ളങ്ങളുമായി നഗരവീഥികളില്‍ നടത്തിയ റാലിയും സര്‍ക്കാര്‍ പാടേ അവഗണിച്ചു. വിഴിഞ്ഞത്ത് തുറമുഖ കവാടത്തിനടുത്ത് സമാധാനപൂര്‍വം നടത്തിവന്ന ജനകീയ സമരം അടിച്ചമര്‍ത്താന്‍ ഇടതുപക്ഷ ഗവണ്മെന്റ് സര്‍വസന്നാഹങ്ങളും ഉപയോഗിച്ച് നേതാക്കളെ വേട്ടയാടി. ജുഡീഷ്യറിയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന വ്യാജനിര്‍മിതികളും ദുഷ്പ്രചാരണവും പോരാഞ്ഞ് വര്‍ഗീയ സംഘടനകളെത്തന്നെ രംഗത്തിറക്കി സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ച് ഒരു ജനവിഭാഗത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന സാഹചര്യമുണ്ടാക്കിയത് കേരളരാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത ഭരണകൂടഭീകരതയുടെ ഇരുണ്ട അധ്യായമാണ്.
അധികാരമുഷ്ക്കിന്റെ ആള്‍രൂപമായ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കുള്ള സാധ്യതകളെല്ലാം തള്ളി ലത്തീന്‍ കത്തോലിക്കാ സഭാനേതൃത്വത്തെ നിയമസഭയിലും പൊതുവേദികളിലും അധിക്ഷേപിച്ചപ്പോള്‍ ചില മന്ത്രിമാര്‍ രാജ്യാന്തര ഗൂഢാലോചനയും രാജ്യദ്രോഹവും ഭീകരവാദവും ആരോപിച്ചും വംശീയവിദ്വേഷത്തിന് കോപ്പുകൂട്ടിയുമാണ് ക്രിമിനല്‍ ആഭാസത്തം തെളിയിച്ചത്. സമൂഹത്തിലെ നിരപരാധരായ ചെറുപ്പക്കാരെ നിഷ്ഠുരമായി വേട്ടയാടുകയും സംഘര്‍ഷസാധ്യതകള്‍ വളര്‍ത്തുകയും ചെയ്തിട്ടാണ് 150 ദിവസം നീണ്ട സമരത്തിന് അറുതിവരുത്താന്‍ ചില വാഗ്ദാനങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
വിഴിഞ്ഞം തുറമുഖ നിര്‍മാണം തീരമേഖലയിലുണ്ടാക്കിയിട്ടുള്ള ആഘാതങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് 2022 ഒക്ടോബറില്‍ മുഖ്യമന്ത്രി പറഞ്ഞതാണ്. പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന് (സിഡബ്ല്യുപിആര്‍എസ്) മുന്‍ അഡീഷണല്‍ ഡയറക്ടര്‍ മാരുതി ദത്താത്രേയ് കുഡാലെ ചെയര്‍മാനായ വിദഗ്ധ സമിതിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. സമിതിയുടെ പരിഗണനാവിഷയങ്ങള്‍ നിശ്ചയിച്ച് ഉത്തരവിറക്കിയത് കഴിഞ്ഞ ജനുവരിയിലാണ്.
നാലു മാസത്തിനകം പ്രാഥമിക റിപ്പോര്ട്ടുണ്ടാകുമെന്ന ഉറപ്പ് ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഒരു വാക്കും ഇതുവരെ നടപ്പായിട്ടില്ല.
മുതലപ്പൊഴിയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ക്ക് പരിഹാരം കാണാനായി സിഡബ്ല്യുപിആര്‍എസ് വിദഗ്ധസംഘത്തെ ഉടന്‍ വരുത്തുമെന്നും ഒത്തുതീര്‍പ്പ് വ്യവസ്ഥയിലുണ്ടായിരുന്നു. കഴിഞ്ഞ ജൂലൈ 10ന് പുലര്‍ച്ചെ നാല് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചപ്പോള്‍, രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതില്‍ ക്ഷുഭിതരായ നാട്ടുകാരോട് ”നിങ്ങള്‍ ഷോ കാണിക്കണ്ട” എന്നാണ് ഉച്ചയോടെ സ്ഥലത്തെത്തിയ മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ആന്റണി രാജുവും ടിവി ക്യാമറകള്‍ക്കു മുമ്പില്‍ പറഞ്ഞത്. തിരുവനന്തപുരം അതിരൂപതാ വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേരയെ കണ്ടതോടെ മന്ത്രി ശിവന്‍കുട്ടി അദ്ദേഹത്തിനു നേരെ തിരിഞ്ഞു. മന്ത്രിമാരെ തടയാന്‍ മോണ്‍. യൂജിന്‍ ആഹ്വാനം നല്‍കിയെന്നും വര്‍ഗീയ സംഘര്‍ഷത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നും മന്ത്രിമാര്‍ സംയുക്ത പ്രസ്താവന ഇറക്കി. അഞ്ചുതെങ്ങ് പൊലീസ് അതേപടി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനായി ജൂലൈ 31ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ മന്ത്രിതല ഉപസമിതി ലത്തീന്‍ അതിരൂപതാ പ്രതിനിധികളെ ഒഴിവാക്കി നടത്തിയ ചര്‍ച്ചയില്‍, ലോങ്ബൂം ക്രെയിനും എക്സ്കവേറ്ററുകളും ഉപയോഗിച്ച് പിറ്റേന്നുതന്നെ അദാനി കമ്പനി പൊഴിമുഖത്തെ മണലും കല്ലുകളും നീക്കും, പൊഴിയുടെ തെക്കുഭാഗത്ത് അടിഞ്ഞുകൂടിയിട്ടുള്ള മണല്‍ വടക്കുഭാഗത്ത് തീരശോഷണമുള്ളിടത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ ലോറിയില്‍ കൊണ്ടുപോയി നിക്ഷേപിക്കുന്നതിന് ഒരു കോടിയും സുസ്ഥിര സാന്‍ഡ് ബൈപാസിങ് നടത്തുന്നതിന് 11 കോടിയും അനുവദിക്കുന്നു എന്നിങ്ങനെ 10 അടിയന്തര നടപടികള്‍ പ്രഖ്യാപിച്ചു. കരിങ്കല്പാളികള് നീക്കാന്‍ കൊണ്ടുവന്ന ക്രെയിനിന്റെ വടം പൊട്ടിയതോടെ പണി തുടങ്ങാന്‍ കഴിയാതെ അദാനി ഗ്രൂപ്പ് പിന്മാറി. പിന്നീട് ഒന്നും സംഭവിച്ചില്ല.
മുതലപ്പൊഴിയില്‍ പുലിമുട്ട് നിര്‍മിച്ചതിനുശേഷം കഴിഞ്ഞ എട്ടുകൊല്ലത്തിനിടെ 69 മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മുന്നൂറോളം അപകടങ്ങളിലായി 700 പേര്‍ക്ക് പരിക്കേറ്റു. വള്ളങ്ങളും ഉപകരണങ്ങളും നശിച്ച് കോടികണക്കിനു രൂപയുടെ നഷ്ടമുണ്ടായി. പൊഴിമുഖത്തും ചാലിലും അടിഞ്ഞുകൂടിയിട്ടുള്ള മണല്‍ത്തിട്ടകളും പുലിമുട്ടുകളില്‍ നിന്ന് പൊഴിയില്‍ ചിതറിവീണ കരിങ്കല്ലും അതിശക്തമായ തിരയടിയും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. പുലിമുട്ടു മൂലം കടലോരത്തെ സ്വാഭാവിക മണലൊഴുക്ക് തടസപ്പെടുകയും പൊഴിയുടെ വടക്കായി താഴമ്പിള്ളി, മാമ്പിള്ളി, പൂത്തുറ, അഞ്ചുതെങ്ങു ഭാഗത്ത് തീരശോഷണം അതിരൂക്ഷമാണ്. പൊഴിയുടെ തെക്കുഭാഗത്തായി പെരുമാതുറയില്‍ മണല്‍ അടിഞ്ഞുകൂടി ഗോള്‍ഡന്‍ ബീച്ച് വികസിച്ചു.
മുതലപ്പൊഴിയില്‍ 2018-ല്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് കമ്പനി രക്ഷകവേഷമണിഞ്ഞെത്തി. പൊഴിമുഖത്തെ മണലും കല്ലുകളും നീക്കം ചെയ്ത് ഏഴു മീറ്റര്‍ ആഴം നിലനിര്‍ത്തുമെന്നായിരുന്നു വാഗ്ദാനം. ഡ്രെജിങ് സേവനത്തിന് ഒരു ഉപാധിയേ അവര്‍ വച്ചുള്ളൂ: വിഴിഞ്ഞം തുറമുഖത്തേക്ക് പാറക്കല്ല് ബാര്‍ജില്‍ കൊണ്ടുപോകാനുള്ള ‘ലോഡ് ഔട്ട്’ പദ്ധതിക്ക് സ്റ്റോക്ക് യാര്‍ഡിനും വാര്‍ഫിനും സ്ഥലം മുതലപ്പൊഴിയില്‍ അനുവദിക്കണം. പെരുമാതുറ ഭാഗത്ത് ബീച്ചില്‍ 22.9898 ഏക്കര്‍ ഭൂമിയില്‍ സ്റ്റോറേജ് യാര്‍ഡും പൊഴിമുഖത്ത് തെക്കുവശത്തുള്ള പുലിമുട്ട് കുറെഭാഗം പൊളിച്ച് 65 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള വാര്‍ഫും അവര്‍ സ്വന്തമാക്കി.
മൂന്നു വര്‍ഷം ഗ്രാബ് ഡ്രെജറും കട്ടര്‍ സക് ഷന് ഡ്രെജറും കൊണ്ടുവന്ന് അദാനി കമ്പനി പൊഴിമുഖത്ത് മണ്ണുമാന്തി നീക്കി, അവരുടെ ബാര്‍ജുകള്‍ സുഗമമായി രണ്ടുനേരം വാര്‍ഫില്‍ നിന്ന് കരിങ്കല്ലു കയറ്റി വിഴിഞ്ഞത്തെക്കു പോയി. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പുമായി ഒപ്പുവച്ച കരാര്‍ പ്രകാരം 2024 മേയ് വരെ അദാനി കമ്പനി ഡ്രെജിങ് തുടരണമായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷമായി ഡ്രെജിങ് നിലച്ചിരിക്കയാണ്. ടൗട്ടെ ചുഴലിക്കാറ്റില്‍ പൊളിഞ്ഞുവീണ പുലിമുട്ടിലെ കല്ലുകള്‍ പൊഴുമുഖത്തും ചാനലിലും ചിതറികിടക്കുകയാണ്.
കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സംസ്ഥാനത്തെ 12 ലത്തീന്‍ രൂപതകളിലും നിന്നുള്ള സമരസാരഥികളെയും തീരദേശ മേഖലയിലെ വിവിധ സംഘടനാപ്രതിനിധികളെയും അണിനിരത്തി അഞ്ചുതെങ്ങ്, പുതുക്കുറിച്ചി ഫൊറോനകളുടെ നേതൃത്വത്തില്‍ നടത്തിയ മുതലപ്പൊഴി മാര്‍ച്ചിനോടനുബന്ധിച്ച് ഉയര്‍ന്ന രാഷ്ട്രീയ വിമര്‍ശനങ്ങളോട് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവായ മന്ത്രി ആന്റണി രാജു പ്രതികരിച്ചത് തന്റെ സമുദായത്തെയും സമുദായ നേതൃത്വത്തെയും വീണ്ടും അവഹേളിച്ചുകൊണ്ടാണ്. ഏതോ ഉഗ്രമൂര്‍ത്തിയുടെ കോമരക്കാരനായി തുള്ളുന്നവന്റെ അഭിശപ്തമായ അരുളപ്പാടുകള്‍ ഉറ്റവരുടെ ഹൃദയം പിളര്ക്കുന്നുവെങ്കില്, അവന് ആ കടപ്പുറത്ത് ഉപ്പുതൂണായി മാറുന്നത് തടയാന്‍ ഉടയോരുടെ ഏതെങ്കിലും ബ്രാന്‍ഡ് ലോഗോയ്ക്കാകുമോ?