ചെന്നൈ: തുറമുഖ വികസനത്തിന്റെ പേരില്‍ ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതം വഴിമുട്ടിച്ചെന്ന് ആരോപിച്ച് അദാനിക്കെതിരെ തമിഴ്നാട്ടില്‍ ജനകീയരോഷം ശക്തമാകുന്നു. ചെന്നൈ കാട്ടുപ്പള്ളി തുറമുഖം വികസിപ്പിക്കാനെന്ന പേരില്‍ 5800 ഏക്കര്‍ ഭൂമിയാണ് കഴിഞ്ഞ എടപ്പാടി സര്‍ക്കാര്‍ അദാനിക്ക് വിട്ടുനല്‍കിയത്. പുതുക്കിയ പദ്ധതി പ്രകാരം കടലില്‍ നിന്ന് വീണ്ടെടുക്കേണ്ട 1,967 ഏക്കര്‍ ഉള്‍പ്പെടെ ആകെ 6,110 ഏക്കറിലാണ് തുറമുഖം വികസിപ്പിക്കുക. കടല്‍ നികത്തല്‍ തങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പുലിക്കാട്ട് തടാകത്തിനും ചെന്നൈയ്ക്കും ഇടയിലുള്ള പാരിസ്ഥിതിക ലോല തീരപ്രദേശത്ത് കാട്ടുപള്ളി തുറമുഖം വികസിപ്പിക്കാനാണ് നീക്കം.
നിലവില്‍ വിഴിഞ്ഞം അടക്കം ഇന്ത്യയില്‍ 12 തുറമുഖങ്ങള്‍ ഇതിനകം അദാനി സ്വന്തമാക്കിക്കഴിഞ്ഞു. രാജ്യത്തിന്റെ തീരദേശത്ത് കോര്‍പറേറ്റുകളെ വാഴിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരില്‍ വലിയ സ്വാധീനമുള്ള അദാനി കമ്പനി തുറമുഖങ്ങള്‍ ആരംഭിക്കുന്നതെന്നാണ് ആരോപണം. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളടക്കമുള്ള തീരദേശവാസികള്‍ അനുഭവിക്കുന്ന ദുരിതം കാട്ടുപ്പള്ളി അടക്കമുള്ള മേഖലകളിലേക്ക് വ്യാപിക്കുകയാണ്. വിഴിഞ്ഞം തുറമുഖം കമ്മീഷന് ചെയ്യുമെന്നു പറഞ്ഞ തീയതികള്‍ ഇതിനകം പലവട്ടം മാറ്റിക്കഴിഞ്ഞു. തുറമുഖങ്ങളുടെ ചുറ്റുപാടുമുള്ള സ്ഥലങ്ങള്‍ കൂടി സ്വന്തമാക്കുകയാണ് അദാനിയുടെ ലക്ഷ്യമെന്നും ആരോപിക്കപ്പെടുന്നുണ്ട്.
അതിനിടെ അദാനിയുടെ ഉടമസ്ഥതയിലുള്ള മറൈന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പര്‍ പ്രൈവറ്റ് ലിമിറ്റഡ് (എംഐഡിപിഎല്) നിര്‍ദ്ദേശിക്കുന്ന കാട്ടുപള്ളി തുറമുഖത്തിന്റെ പുതുക്കിയ മാസ്റ്റര്‍ പ്ലാന്‍ വികസനത്തിനായുള്ള പബ്ലിക് ഹിയറിംഗ് മാറ്റിവച്ചു. സെപ്തംബര്‍ അഞ്ചിന് കലഞ്ചി ഗ്രാമത്തിലാണ് ഹിയറിങ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.
ഇരുപതിലധികം കടലോര ഗ്രാമങ്ങള്‍ അദാനിക്കെതിരെ ജീവന്മരണ പോരാട്ടത്തിലാണ്. വലിയൊരു സമരമുഖം തുറക്കുകയാണ് ചെന്നൈയിലെ പതിനെട്ടോളം കടലോര ഗ്രാമങ്ങള്‍. 53000 കോടി മുതല്‍ മുടക്കില്‍ കാട്ടുപ്പള്ളി തുറമുഖം വികസിപ്പിക്കാനാണ് പദ്ധതി. അദാനി വികസിക്കുമ്പോള്‍ ഇവിടെനിന്നു പുറന്തള്ളപ്പെടുക ആയിരക്കണക്കിനു ജീവിതങ്ങളാണ്. വീടും തൊഴിലും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍. പ്രദേശത്തെ പ്രത്യേക വ്യവസായ മേഖലയാക്കി മറ്റ് വ്യവസായശാലകള്‍ കൂടി സ്ഥാപിക്കാനാണ് അദാനിയുടെ നീക്കം. അദാനിയുടെ വമ്പന്‍ പദ്ധതി ഗ്രാമത്തിന്റെ ജീവിതതാളവും പരിസ്ഥിതിയുടെ താളവും തെറ്റിക്കുമെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. പദ്ധതി പ്രദേശത്തോട് ചേര്‍ന്നാണ് നെല്ലൂരിലെ പുലിക്കാട്ട് വന്യജീവി സങ്കേതം.
കാട്ടുപള്ളി തുറമുഖം വിപുലീകരിക്കുന്നതിനോട് ഏറെക്കാലമായി എന്നൂര്-പുലിക്കറ്റ് മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ എതിര്‍പ്പിലാണ്. വികസനം പരിസ്ഥിതിക്കും തങ്ങളുടെ ഉപജീവനത്തിനും നാശമുണ്ടാക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. ചെന്നൈ ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പിന്റെ ടീേു അറമിശ ടമ്ലഇവലിിമശ കാമ്പെയ്ന് ട്വിറ്ററില്‍ വ്യാപകമായ പിന്തുണ നേടാനായി, തുറമുഖ വിപുലീകരണം നിര്‍ത്തിവയ്ക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് ഒരു ”ട്വീറ്റ് കൊടുങ്കാറ്റ്” സൃഷ്ടിക്കുകയായിരുന്നു. പതിനായിരത്തിലധികം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിറഞ്ഞു.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ 2018-ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍, തുറമുഖത്തിന്റെ വിപുലീകരണം തീരത്തിന്റെ വടക്കന്‍ ഭാഗത്തെ പ്രതിവര്‍ഷം 16 മീറ്റര്‍ ഭയാനകമായ നിരക്കില്‍ നശിപ്പിക്കുമെന്ന് സ്ഥിരീകരിക്കുന്നു. നിലവില്‍, മണ്ണൊലിപ്പ് നിരക്ക് പ്രതിവര്‍ഷം 8.6 മീറ്ററാണ്.പ്രതിവര്‍ഷം 1 മീറ്റര്‍ എന്ന തോതില്‍ കടലാക്രമണം നടക്കുന്ന ബീച്ചുകള്‍ കേന്ദ്ര സര്‍ക്കാര്‍ ‘ഉയര്‍ന്ന മണ്ണൊലിപ്പ്’ സ്ഥലങ്ങളായി കണക്കാക്കുന്നു.
പുലിക്കാട്ട് വന്യജീവി സങ്കേതത്തില്‍ നിന്ന് 2.1 കിലോമീറ്റര്‍ മാത്രം അകലെയാണ് നിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലം. നിയമപ്രകാരം ഒരു വന്യജീവി സങ്കേതത്തില്‍ നിന്ന് 10 കിലോമീറ്ററിനുള്ളില്‍ തുറമുഖം നിര്‍മ്മിക്കാന്‍ കഴിയില്ല. നിര്‍മ്മാണം ഏകദേശം 20 വര്‍ഷമെടുക്കും, ഇത് നിരവധി ജീവജാലങ്ങളെയും മത്സ്യസമ്പത്തിനെയും ബാധിക്കും. ഇത് ആത്യന്തികമായി പ്രദേശത്തെ സമുദ്രങ്ങളുടെയും ജൈവവൈവിധ്യം നശിപ്പിക്കും.
2018ല്‍ അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയില്‍ നിന്ന് കാട്ടുപള്ളി തുറമുഖത്തിന്റെ 330 ഏക്കര്‍ വാങ്ങി. കാട്ടുപള്ളി തുറമുഖ വിപുലീകരണ പദ്ധതിക്ക് അദാനി ഗ്രൂപ്പ് ഉടന്‍ തുടക്കമിടുകയായിരുന്നു. 53,031 കോടി രൂപ ചെലവില്‍, കോര്‍പ്പറേറ്റ് ഭീമന്മാര് തുറമുഖം 330 ഏക്കറില്‍ നിന്ന് 6,111 ഏക്കറായി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
എന്നൂരിന് സമീപമുള്ള ഉയര്‍ന്ന മണ്ണൊലിപ്പ് പ്രദേശത്ത് നിരവധി പാരിസ്ഥിതിക നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുള്ള ഈ പദ്ധതിക്കെതിരെ 2018 മുതല്‍ പ്രാദേശിക മത്സ്യത്തൊഴിലാളികളും അനുബന്ധ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജലക്ഷാമം നേരിടുന്ന പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സിനെയും ഇത് ബാധിക്കും. കാട്ടുപള്ളിയില്‍ സ്ഥിതി ചെയ്യുന്ന മിഞ്ചൂര്‍ ഡീസലിനേഷന്‍ പ്ലാന്റിന് പകരമായാണ് മെഗാപോര്ട്ട് വരുന്നത്. പ്ലാന്റില്‍ നിന്നും കൊസസ്തലൈയാര്-അരണിയാര്‍ തടത്തില്‍ നിന്നുമാണ് ചെന്നൈക്ക് പ്രതിദിനം ലഭിക്കുന്ന ജലത്തിന്റെ നാലിലൊന്ന് ലഭിക്കുന്നത്.
പ്ലാന്റ് മറ്റൊരിടത്തേക്ക് മാറ്റുമെങ്കിലും ജലവിതരണത്തിലെ ഈ തടസ്സം നഗരത്തില്‍ കൂടുതല്‍ ജലക്ഷാമത്തിന് കാരണമാകുമെന്ന് പ്രദേശവാസികള്‍ ഭയപ്പെടുന്നു. ഡിഎംകെ, വിടുതലൈ ചിരുതൈകള്‍ പാര്‍ട്ടി, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവരും ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതിക്കായി പിന്നീട് ഉപയോഗിക്കുന്നതിനായി വ്യക്തികളോട് തങ്ങളുടെ ഭൂമി വിട്ടുനല്‍കാനും അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ട്.