മണിപ്പുര്‍ തന്റെ ഹൃദയത്തിന്റെ നുറുങ്ങാണ് (‘ജിഗര്‍ കാ ടുകഡാ’) എന്ന പ്രധാനമന്ത്രി മോദിയുടെ ഉദീരണത്തില്‍, ഇന്ത്യയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും ഭയാനകമായ വംശഹത്യയും മാനവികതയ്ക്കെതിരായ കൊടുംക്രൂരതയും വിദ്വേഷ കുറ്റകൃത്യങ്ങളും ആഭ്യന്തര യുദ്ധവും നാലു മാസമായി ആ കൊച്ചു സംസ്ഥാനത്തെ ജനതയെ രണ്ടായി വെട്ടിപ്പിളര്‍ക്കുന്നത് കണ്ടിട്ടും ഇത്രമേല്‍ നിര്‍മ്മമനും നിസ്സംഗനുമായി മാറിനില്ക്കാന് കഴിയുന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയുടെ ഹൃദയകാഠിന്യമാണ് നമ്മെ കിടിലംകൊള്ളിക്കുന്നത്. മണിപ്പുര്‍ കലാപത്തെ സംബന്ധിച്ച മൗനം വെടിഞ്ഞ് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രധാനമന്ത്രി സംസാരിക്കണം എന്ന ഒരൊറ്റ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ കക്ഷികള്‍ ലോക്സഭയിലും രാജ്യസഭയിലും നടത്തിയ ശക്തമായ പാര്‍ലമെന്ററി പോരാട്ടത്തെ അടിച്ചമര്‍ത്താനാണ് മോദി ഭരണകൂടം ശ്രമിച്ചത്. അപ്രതിരോധ്യമായ അംഗബലത്തിന്റെ ഉദ്ദണ്ഡതയില് മോദി പാര്‍ലമെന്റിലേക്കു തിരിഞ്ഞുനോക്കുകയില്ലെന്ന് ഉറപ്പായപ്പോഴാണ് ‘ഇന്ത്യ’ എന്ന പ്രതിപക്ഷ രാഷ്ട്രീയ കൂട്ടായ്മ പ്രധാനമന്ത്രിയെ ലോക്സഭയില്‍ വരുത്തുക എന്ന അന്തിമ ലക്ഷ്യത്തോടെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
മണിപ്പുര്‍ വിഷയം മാത്രം ഉയര്‍ത്തിപ്പിടിച്ച് മൂന്നുനാള്‍ ലോക്സഭയില്‍ പ്രതിപക്ഷം അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ ഒരുങ്ങുമ്പോഴാണ്, കള്ളന്മാരായ മോദിമാരെക്കുറിച്ച് കര്‍ണാടകയിലെ ഒരു തിരഞ്ഞെടുപ്പുറാലിയില്‍ പരാമര്‍ശിച്ചു എന്ന അപകീര്‍ത്തികേസില്‍ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി രണ്ടുകൊല്ലം തടവുശിക്ഷ വിധിച്ചതിന്റെ പേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ലോക്സഭയില്‍ നിന്ന് അയോഗ്യത കല്പിച്ച് പുറത്താക്കിയിരുന്ന രാഹുല്‍ ഗാന്ധി സുപ്രീം കോടതി ശിക്ഷാവിധി സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് സഭയില്‍ തിരിച്ചെത്തുന്നത്. 21 ദിവസത്തിനിടെ 17 സിറ്റിങ് നടത്തിയ സഭയിലേക്ക് മോദി കടന്നുവന്നത് അവിശ്വാസപ്രമേയത്തിന് മറുപടി പറയാന്‍ മാത്രമാണ്. മണിപ്പുരിനെ സംബന്ധിച്ച ഒരു പാര്‍ലമെന്ററി ചര്‍ച്ചയിലും പ്രധാനമന്ത്രി സന്നിഹിതനായില്ല. ഒടുവില്‍, രാജ്യം മുഴുവന്‍ കാത്തിരുന്ന ആ മറുപടിപ്രസംഗത്തില്‍, ഒന്നര മണിക്കൂര്‍ പിന്നിടുമ്പോഴും മോദി മണിപ്പുരിനെക്കുറിച്ച് ഒന്നും ഉരിയാടുന്നില്ല എന്നു കണ്ട് പ്രതിപക്ഷം വോക്കൗട്ട് നടത്തി. 133 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ മണിപ്പുരിനായി പ്രധാനമന്ത്രി നീക്കിവച്ചത് അഞ്ചര മിനിറ്റാണ്!
രാജ്യം മണിപ്പുരിനൊപ്പമുണ്ട്, മണിപ്പുരിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്മക്കള്ക്കും ഒപ്പമുണ്ട്; നമ്മള് ഒരുമിച്ച് വരുംകാലത്ത് മണിപ്പുരില്‍ സമാധാനവും വികസനവും കൊണ്ടുവരും എന്നൊക്കെ പറയുമ്പോഴും, ഇന്ത്യയിലെ ജനങ്ങളും ലോകരാഷ്ട്രങ്ങളും മൂന്നു മാസത്തിലേറെയായി ഏറെ വ്യാകുലതയോടെ കാണുന്ന, ബിജെപി ഭരണകൂടത്തിന്റെ പ്രത്യക്ഷമായ ദുഷ്ക്രിയകളാലും ഉപേക്ഷയാലും ന്യൂനപക്ഷ ക്രൈസ്തവ ഗോത്രവര്‍ഗക്കാര്‍ അനുഭവിക്കുന്ന ആസൂത്രിതമായ വംശീയ അതിക്രമങ്ങള്‍ക്ക് അറുതി വരുത്തുന്നതിന് എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ഒരു സൂചനയും പ്രധാനമന്ത്രി നല്‍കുന്നില്ല.
മണിപ്പുരിലെ ഒടുങ്ങാത്ത ദുരന്തത്തിന് കേന്ദ്രം എന്തു മുന്‍ഗണനയും പ്രാധാന്യവുമാണ് കല്പിക്കുന്നതെന്ന്, ദൈര്‍ഘ്യത്തില്‍ ലാല്‍ ബഹാദുര്‍ ശാസ്ത്രിയുടെ റെക്കോര്‍ഡ് മറികടന്ന പ്രസംഗമെന്ന് മോദി സ്തുതിപാഠക ചാനലുകാരെല്ലാം പ്രകീര്‍ത്തിക്കുന്ന ആ പൊള്ള ചപ്പടാച്ചി ഭള്ള് മ്ലേച്ഛനത്തിനൊടുവില് മണിപ്പുരിനെ ചുമ്മാ പരാമര്‍ശിച്ചു പോകുന്ന രീതി കണ്ടാല്‍ വ്യക്തമാകും.
(കോല്‍ക്കത്തയിലെ ദ് ടെലിഗ്രാഫ് പത്രം, ഒരു മണിക്കൂറും 33 മിനിറ്റും പ്രധാനമന്ത്രി ആദ്യഘട്ടത്തില്‍ പറഞ്ഞുകൂട്ടിയ അസംബന്ധങ്ങള്‍ സൂചിപ്പിക്കാന്‍ കോളങ്ങളോളം ‘ബ്ലാ ബ്ലാ ബ്ലാ ബ്ലാ…’ എന്ന നിരര്‍ഥക പദസഞ്ചയം നിരത്തുന്നുണ്ട്). കോണ്‍ഗ്രസിനെയും രാഹുലിനെയും ഭര്‍ത്സിക്കുന്ന കൂട്ടത്തില്‍ 1966-ല്‍ മിസോറമില്‍ ഇന്ത്യന്‍ വ്യോമസേന നിസ്സഹായരായ സ്വന്തം പൗരന്മാരെ ആക്രമിച്ചുവെന്നും 1962-ല്‍ നെഹ്റു ചൈനീസ് സേനയ്ക്കു മുമ്പില്‍ അസമിനെ അടിയറവയ്ക്കാനൊരുങ്ങിയെന്നും മറ്റുമുള്ള ചരിത്രദുര്വ്യാഖ്യാനങ്ങളും, മോദിവാഴ്ചയുടെ പ്രഭാവം ഒരായിരം വര്‍ഷം ഇന്ത്യയില്‍ നിലനില്‍ക്കുമെന്നുള്ള ഭവിഷ്യവാണിയും സന്ദര്‍ഭത്തിനു യോജിക്കാത്ത ഫലിതോക്തികളുടെ ഒഴുക്കില്‍ നിര്ഗളിക്കുകയുണ്ടായി.
പുറത്തുനിന്നുള്ള ഏതു രാഷ്ട്രീയക്കാരെക്കാളും നന്നായി സ്വന്തം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യോഗ്യതയും അവകാശവുമുള്ള മണിപ്പുരിലെ രണ്ട് എംപിമാരെ എന്തുകൊണ്ടോ ലോക്സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. ഒരാള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാര് രഞ്ജന്‍ സിങ് ആണ്. ഇംഫാലിലെ തന്റെ വീടിന് അക്രമികള്‍ തീയിട്ടപ്പോള്‍ ബിരേന്‍ സിങ് ഭരണം തികഞ്ഞ പരാജയമാണെന്ന് പരസ്യമായി വിളിച്ചുപറഞ്ഞ ബിജെപി നേതാവാണ് രഞ്ജന്‍ സിങ്. ബിജെപി സഖ്യകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ട് ഗോത്രവര്‍ഗ എംപിയാണ് മറ്റൊരാള്‍ – ലോറോ എസ്. ഫോസ്.
അയല്‍സംസ്ഥാനമായ മിസോറമിലെ ബിജെപി സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന്റെ ഏക ലോക്സഭാ എംപി സി. ലാല്റോസാംഗാ മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പ്രസംഗങ്ങള്‍ കേട്ട് അവിശ്വാസപ്രമേയത്തിന്മേല് ഗവണ്മെന്റിനെതിരെ വോട്ടുരേഖപ്പെടുത്തി. മ്യാന്മറില് നിന്നുള്ള കുക്കി-ചിന് നുഴഞ്ഞുകയറ്റക്കാരാണ് മണിപ്പുരിലെ കലാപത്തിനു കാരണമെന്ന അമിത് ഷായുടെ ലോക്സഭയിലെ പ്രസ്താവനയോട് മിസോറമിലെ എംഎന്‍എഫിന്റെ ഏക രാജ്യസഭാ എംപിയായ കെ. വന്ലവേന രാജ്യസഭയില്‍ ശക്തമായി പ്രതികരിച്ചു. മണിപ്പുരിലെ കുക്കി-സോ ഗോത്രവര്‍ഗത്തിന്റെ ചാര്‍ച്ചക്കാരായ മിസോറമിലെ മിസോ ഗോത്രവര്‍ഗ നേതാക്കള്‍ ഒരേസ്വരത്തില്‍ പറഞ്ഞു: ”ഞങ്ങള്‍ ബര്മക്കാരല്ല, ഇന്ത്യക്കാരാണ്. നൂറ്റാണ്ടുകളായി ഞങ്ങള്‍ ഈ മലമ്പ്രദേശത്ത് വസിക്കുന്നവരാണ്. കുക്കികള്‍ മ്യാന്മറില് നിന്നുവന്ന വിദേശികളാണെന്ന മെയ്തെയ് മുഖ്യന്ത്രി ബിരേന്‍ സിങ്ങിന്റെ നരേറ്റീവ് അമിത് ഷാ ഏറ്റുപാടുകയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ഞങ്ങള്‍ ഈ മലകളിലുണ്ടായിരുന്നു. 1777-ല്‍ ബ്രിട്ടീഷുകാര്‍ മണിപ്പുരിലെ കുക്കികളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.” രാജ്യസഭയില്‍ വന്ലവേന അമിത് ഷായുടെ ദുരാരോപണത്തെ ഖണ്ഡിച്ചു സംസാരിച്ചുകൊണ്ടിരിക്കേ അദ്ദേഹത്തിന്റെ മൈക്ക് ഓഫായി. വിഷയം വളരെ സെന്‍സിറ്റീവായതിനാല്‍ രേഖകളില്‍ വന്‍ലവേനയുടെ പ്രസ്താവന ഉണ്ടാവില്ലെന്ന് രാജ്യസഭാ ചെയര്‍മാനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ശാസനയും നല്കി.
മ്യാന്മറിലെ സൈനിക ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളായ കുക്കി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന തീവ്രവാദി ഗ്രൂപ്പ് മുഖേന മ്യാന്മറില് നിന്ന് കുക്കികള്‍ വന്‍തോതില്‍ മണിപ്പുരിലേക്കു നുഴഞ്ഞുകയറുന്നത് സംസ്ഥാനത്തെ ജനസംഖ്യാപരമായ വംശീയ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതാണ് അവിടത്തെ അടിസ്ഥാന പ്രശ്നം എന്ന അമിത് ഷായുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മ്യാന്മറിയിലെ കുക്കി നാഷണല്‍ ഓര്ഗനൈസേഷന് (കെഎന്‍ഒ-ബര്‍മ) ഇന്ത്യന്‍ ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് അയച്ചു. അമിത് ഷാ പറയുന്ന കുക്കി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന ഒരു സംഘടനയും മ്യാന്മറില് ഇല്ല, തങ്ങളുടെ കുക്കി നാഷണല്‍ ആര്‍മി (ബര്‍മ) മാത്രമാണ് മ്യാന്മര് ഹുണ്ടയുമായി പോരാടിക്കൊണ്ടിരിക്കുന്നത് എന്ന് കെഎന്‍ഒ-ബര്‍മ വ്യക്തമാക്കുന്നു. മ്യാന്മറില് നിന്നുള്ള 40,000 കുക്കി-ചിന് അഭയാര്‍ഥികള്‍ക്ക് മിസോറമില്‍ അഭയം നല്‍കിയിട്ടുണ്ട്. അവരെക്കൊണ്ട് ഒരു ക്രമസമാധാന പ്രശ്നവും അവിടെ ഉണ്ടായിട്ടില്ലെന്ന് മിസോറം മുഖ്യമന്ത്രിയും എംഎന്‍എഫ് നേതാവുമായ സോറാംഥംഗാ അമിത് ഷായെ ഓര്‍മിപ്പിക്കുന്നു. ഈ വര്‍ഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനമാണ് മിസോറം. മണപ്പുരില്‍ ബിജെപി ചെയ്തുകൂട്ടുന്നതിനൊക്കെ മിസോറമില്‍ തിരിച്ചടിയുണ്ടാകാതിരിക്കുമോ?
ബിജെപിക്കാരായ ഏഴുപേര്‍ ഉള്‍പ്പെടെ മണിപ്പുരിലെ 10 കുക്കി-സോ എംഎല്‍എമാരും അമിത് ഷായുടെ കുക്കി വിരുദ്ധ പ്രസ്താവനയെ അപലപിക്കുന്നുണ്ട്. ബിജെപി സഖ്യത്തില്‍ നിന്ന് രണ്ടാഴ്ച മുന്‍പ് പിന്മാറിയ കുക്കി പീപ്പിള്‍സ് അലയന്‍സ് അംഗങ്ങളാണ് രണ്ട് എംഎല്‍എമാര്‍; ഒരാള്‍ സ്വതന്ത്രനും. മേയ് നാലിന് ഇംഫാലിലെ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഔദ്യോഗിക വസതിയിലേക്കു മടങ്ങുമ്പോള്‍ മെയ്തെയ് തീവ്രവാദി സംഘത്തിന്റെ ആക്രമണത്തിന് ഇരയായ ബിജെപി കുക്കി എംഎല്‍എ വുംഗ്സാഗിന്‍ വാല്‍ട്ടെ ഡല്‍ഹി ആശുപത്രിയില്‍ മാസങ്ങളോളം ഐസിയുവില്‍ കിടന്ന്, മൃതപ്രായനായി ആരും തിരിഞ്ഞുനോക്കാനില്ലാതെ ഡല്‍ഹിയില്‍ കഴിയുകയാണ്. മണിപ്പുര്‍ അസംബ്ലി വിളിച്ചുകൂട്ടിയാലും കുക്കി എംഎല്‍എമാര്‍ക്ക് ജീവഭയമില്ലാതെ അടുത്തകാലത്തൊന്നും ഇംഫാലില്‍ കടക്കാനാവില്ല.
കഴിഞ്ഞ മേയ് മൂന്നിനും അഞ്ചിനുമിടയില്‍ ഇംഫാല്‍ താഴ് വാരത്തും ഗോത്രവര്‍ഗക്കാര്‍ വസിക്കുന്ന മലയോരങ്ങളിലുമായി കൊല്ലപ്പെട്ട 107 പേരുടേതും, കലാപത്തിനിടെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളായ സ്ത്രീകളുടെയും ചുട്ടെരിക്കപ്പെട്ട കുട്ടിയുടെയും അമ്മയുടെയും ബന്ധുസ്ത്രീയുടെയും തലയറുക്കപ്പെട്ട യുവാവിന്റെയും അടക്കം 130 കുക്കി മൃതദേഹങ്ങള്‍ മതാചാരപ്രകാരം സംസ്കരിക്കുന്നതു സംബന്ധിച്ച് അനുരഞ്ജന ചര്‍ച്ചയ്ക്കായി മണിപ്പുരില്‍ നിന്ന് തദ്ദേശീയ ഗോത്ര മൂപ്പന്മാരുടെ ഫോറത്തിന്റെ (ഐടിഎല്‍എഫ്) ആറംഗ പ്രതിനിധികളെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തിയിട്ടാണ് അമിത് ഷാ, കൊല്ലപ്പെട്ടവരൊക്കെ മ്യാന്‍മറീസ് നുഴഞ്ഞുകയറ്റക്കാരാണെന്ന മെയ്തെയ്കളുടെയും അവരുടെ രാഷ്ട്രീയ സംരക്ഷകനായ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെയും വാദം പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചത്. ഇംഫാലിലെ മോര്‍ച്ചറികളില്‍ ഇനിയും തിരിച്ചറിയാത്ത അന്‍പതോളം കുക്കി-സോ മൃതദേഹങ്ങളുണ്ട്. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി കുക്കികള്‍ക്ക് ഇംഫാലിലേക്കു കടക്കാനാകാത്ത അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മലമ്പ്രദേശത്തെ കുക്കി മേഖലയിലേക്ക് അവ സുരക്ഷിതമായി എത്തിക്കണമെന്ന് ഐടിഎല്‍എഫ് അമിത് ഷായോട് ആവശ്യപ്പെടുകയുണ്ടായി.
ലംകാ എന്നു കുക്കികള്‍ വിളിക്കുന്ന തങ്ങളുടെ മേഖലയായ ചുരാചാന്ദ്പുരിലെ മോര്‍ച്ചറികളില്‍ നിന്ന് 35 മൃതദേഹങ്ങള്‍ ചുരാചാന്ദ്പുരിലെ ഹവോലായ് ഖോപി ഗ്രാമത്തിലെ എസ്. ബോല്ജംഗില് സംസ്ഥാന വ്യവവസായ വകുപ്പു വക സെറികള്‍ച്ചര്‍ ഫാമിന്റെ സ്ഥലത്ത് കൂട്ടത്തോടെ അടക്കം ചെയ്യാന്‍ ഐടിഎല്‍എഫ് തീരുമാനിച്ചപ്പോള്‍, മെയ് രാ പെയ്ബി (പന്തമേന്തിയ സ്ത്രീകള്‍) എന്നറിയപ്പെടുന്ന മെയ്തെയ് സ്ത്രീകളുടെ കൂട്ടായ്മയുടെയും അരംബായ് തെങ്ഗോല്‍, മെയ്തെയ് ലീപുന്‍ സായുധ തീവ്രവാദി സംഘങ്ങളുടെയും നേതൃത്വത്തില്‍ ഭൂരിപക്ഷ സമുദായക്കാര്‍ ഇംഫാല്‍ സമതലപ്രദേശത്തു നിന്ന് പ്രതിഷേധവുമായി ടോര്ബംഗിലേക്കു നീങ്ങി. ടോര്‍ബംഗില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ ക്വാക്ടയില്‍ അവര്‍ ഉപരോധം തീര്‍ത്തു. മേയ് മൂന്നിന് ആദ്യം കലാപം പൊട്ടിപ്പുറപ്പെട്ടത് ടോര്ബംഗിലാണ്.
കുക്കി ഭൂരിപക്ഷ മേഖലയായ ലംകായുടെയും മെയ്തെയ്കളുടെ കേന്ദ്രമായ ബിഷ്ണുപുരിന്റെയും അതിര്‍ത്തിയില്‍ ദേശീയപാതയോരത്ത് കുക്കി-സോ രക്തസാക്ഷി സ്മാരകം പണിയാനാണ് വിവാദഭൂമിയില്‍ കൂട്ട സംസ്കാരം നടത്തുന്നതെന്ന് മെയ്തെയ്കളുടെ പ്രധാന സംഘടനയായ കൊക്കോമി (കോ-ഓര്‍ഡിനേറ്റിങ് കമ്മിറ്റി ഓണ്‍ മണിപ്പുര്‍ ഇന്റഗ്രിറ്റി) ആരോപിച്ചു. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന കുക്കികളും മെയ്തെയ്കളും പരസ്പരം ഏറ്റുമുട്ടാതിരിക്കാന്‍ സുരക്ഷാസേന ബഫര്‍ സോണ്‍ സൃഷ്ടിച്ച് കാവല്‍ നില്ക്കുന്ന സംഘര്‍ഷ മേഖലകളിലൊന്നാണിത്. കുക്കികള്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി കൂട്ട സംസ്കാരം നടത്തുന്നുവെന്ന് ആരോപിച്ച് മെയ്തെയ്കള്‍ മണിപ്പുര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പുലര്‍ച്ചെ അഞ്ചുമണിക്ക് അടിയന്തരമായി പരിഗണിച്ച് ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി മുരളീധരന്റെ അധ്യക്ഷതയിലുള്ള ഡിവിഷന് ബെഞ്ച് വിവാദസ്ഥലത്ത് തല്‍സ്ഥിതി നിലനിര്‍ത്താന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. (മെയ്തെയ്കള്ക്ക് പട്ടികവര്‍ഗ പദവി നല്‍കണമെന്ന ജസ്റ്റിസ് മുരളീധരന്റെ സ്ഫോടനാത്മക ഉത്തരവാണ് മേയ് മൂന്നിന് കുക്കികളുടെ പ്രതിഷേധ റാലികള്‍ക്കും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കിയതെന്ന വാദം അമിത് ഷായും മോദിയും പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയുണ്ടായി).
മെയ്തെയ് അക്രമകാരികളോടൊപ്പം കുക്കി ഗ്രാമങ്ങളില്‍ വ്യാപകമായ കൊള്ളയും കൊള്ളിവയ്പ്പും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളും നടത്തുന്നതില്‍ സജീവമായി പങ്കുവഹിച്ചതായി സുപ്രീം കോടതി വരെ സംശയിക്കുന്ന മണിപ്പുര്‍ പൊലീസ് കമാന്‍ഡോകളും, ഇന്ത്യ-മ്യാന്മര് അതിര്‍ത്തി സംരക്ഷിക്കാനും വര്‍ഷങ്ങളായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രശ്നബാധിത മേഖലകളില്‍ ക്രമസമാധാന പാലത്തിനും നിയോഗിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ കേന്ദ്ര സായുധ പൊലീസ് വിഭാഗമായ അസം റൈഫിള്‍സും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സ്ഥിതി ടോര്ബംഗിലുണ്ടായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഭരണപരമായ നിയന്ത്രണത്തിലാണെങ്കിലും അസം റൈഫിള്‍സിന്റെ ദൗത്യനിര്വഹണമെല്ലാം ഇന്ത്യന്‍ ആര്‍മിയുടെ കീഴില്‍, കരസേനയിലെ ഒരു ലഫ്. ജനറലിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. സംസ്ഥാന ഭരണകൂടത്തിന്റെയും പൊലീസിന്റെയും പിന്‍ബലമുള്ള മെയ്തെയ് സായുധസംഘങ്ങളില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ കുക്കികള്‍ ആശ്രയിക്കുന്നത് അസം റൈഫിള്‍സിനെയാണ്. ഇംഫാലിലും അടിവാരത്തും പലയിടങ്ങളിലും സൈനികവ്യൂഹങ്ങളെ ഉപരോധിച്ച് മെയ്തെയ് സ്ത്രീകള്‍ തങ്ങളുടെ പക്ഷത്തെ അക്രമിസംഘങ്ങളെ സംരക്ഷിക്കുന്നതും ജവാന്മാരുടെ ജാതിയും വര്‍ഗവും തിരിച്ചറിയാന്‍ അവരുടെ ഐഡന്റിറ്റി കാര്‍ഡുകള്‍ ബലമായി പിടിച്ചുവാങ്ങി പരിശോധിക്കുന്നതും ആര്‍മി തന്നെ വീഡിയോകളില്‍ പകര്‍ത്തിയിട്ടുണ്ട്. ടോര്‍ബംഗില്‍ അസം റൈഫിള്‍സിനു നേരെ മണിപ്പുര്‍ പൊലീസ് ആക്രോശിച്ചുകൊണ്ട് തോക്കുചൂണ്ടുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു.
ഏറ്റവുമൊടുവില്‍ ഇംഫാലില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ട ആക്രമണവുമായി ബന്ധപ്പെട്ട കുക്കി തീവ്രവാദികളെ സംരക്ഷിക്കുന്നതിന് കവചിതവാഹനങ്ങള്‍ നിരത്തി തങ്ങളുടെ കര്‍ത്തവ്യനിര്‍വഹണം തടസപ്പെടുത്തി എന്നു കാണിച്ച് അസം റൈഫിള്‍സ് ഒന്‍പതാം ബറ്റാലിയനെതിരെ മണിപ്പുര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചുരാചാന്ദ്പുര്‍-ബിഷ്ണുപുര്‍ അതിര്‍ത്തിയിലെ ബഫര്‍ സോണ്‍ ചെക്ക്പോസ്റ്റില്‍ നിന്ന് അസം റൈഫിള്‍സിനെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് മാറ്റി പകരം സിആര്‍പിഎഫിനെ നിയോഗിച്ചു. അസം റൈഫിള്‍സിനെ മണിപ്പുരില്‍ നിന്ന് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ മരുമകനും ബിജെപി എംഎല്‍എയുമായ രാജ്കുമാര് ഇമോ സിങ് ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളും മെയ്തെയ് വനിതാ സംഘടനയും കേന്ദ്രത്തോട് ആവശ്യപ്പെട്ട് രംഗത്തിറങ്ങി. കേന്ദ്ര സുരക്ഷാസേനയുടെ റോളും ഉദ്ദേശ്യവും സത്യസന്ധതയും ചോദ്യം ചെയ്യാനും അസം റൈഫിള്‍സിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും തുടര്‍ച്ചയായി ചിലര്‍ വ്യാജപ്രചാരണം നടത്തിവരികയാണെന്നും, സംയുക്ത സുരക്ഷാദൗത്യത്തിനായുള്ള യൂണിഫൈഡ് ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ മാര്‍ഗരേഖ പാലിച്ച് മണിപ്പുരിലെ ജനങ്ങളുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കാനുള്ള തങ്ങളുടെ നിയോഗവുമായി മുന്നോട്ടുപോവുകതന്നെചെയ്യുമെന്ന് ആര്‍മി സ്പിയര്‍ കോര്‍പ് പരസ്യ പ്രസ്താവന നടത്തേണ്ട സ്ഥിതിവിശേഷമുണ്ടായിരിക്കയാണ്.
സംസ്ഥാന പൊലീസിലെ 29,000 സേനാംഗങ്ങള്‍ക്കു പുറമെ 125 ഫെഡറല്‍ കമ്പനികളും – ഓരോന്നിലും 80 മുതല്‍ 100 വരെ സേനാംഗങ്ങള്‍ – 164 കോളം ആര്‍മിയും അസം റൈഫിള്‍സും മണിപ്പുരില്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്. 32 ലക്ഷം ജനസംഖ്യയുള്ള സംസ്ഥാനത്ത് 55 പൗരന്മാര്ക്ക് ഒരു സുരക്ഷാസേനാംഗം എന്ന അനുപാതം. എന്നിട്ടും മൂന്നുമാസത്തിലേറെയായി അക്രമവാഴ്ച തുടരുന്നത് 2002-ല്‍ ഗുജറാത്തില്‍ മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുസ്ലിംകള്ക്കെതിരെ അരങ്ങേറിയ വര്‍ഗീയ അതിക്രമങ്ങളുടെ മാതൃകയില്‍ മണിപ്പുരിലെ കുക്കി ഗോത്രവര്‍ഗ ക്രൈസ്തവരെ ഉന്മൂലനം ചെയ്യാനുള്ള ഭൂരിപക്ഷ ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയുടെ ഫലമാണെന്ന് യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് വരെ വിലയിരുത്തിയിട്ടുണ്ട്. ആഫ്രിക്കയിലെ റുവാണ്ടയില്‍ 1994-ല്‍ ഭൂരിപക്ഷ ഹൂട്ടു വിഭാഗക്കാര്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ നൂറു ദിവസത്തിലേറെ നീണ്ട കൂട്ടക്കുരുതിയില്‍ ടൂട്സി ന്യൂനപക്ഷത്തെ കൊന്നൊടുക്കിയതിനോടാണ് മണിപ്പുരിലെ കുക്കി വംശഹത്യയെ ആഗോള മനുഷ്യാവകാശ സംഘടനകള്‍ താരതമ്യം ചെയ്യുന്നത്.
ഇന്ത്യയില്‍ ഇന്നേവരെ ഒരു കലാപമേഖലയിലും കാണാത്തവണ്ണം മണിപ്പുരില്‍ പൊലീസിന്റെ ആയുധപ്പുരകളില്‍ നിന്ന് ജനക്കൂട്ടത്തിന്റെ കൈകളില്‍ അയ്യായിരത്തിലേറെ അത്യാധുനിക ഓട്ടോമാറ്റിക് തോക്കുകളും ആറുലക്ഷത്തോളം വെടിയുണ്ടകളും എത്തിച്ചേര്‍ന്നു എന്നത് രാജ്യത്തെ സുരക്ഷാസേനകള്‍ക്കും ഭരണകൂടത്തിനും അപമാനകരമാണ്.
ഓഗസ്റ്റ് മൂന്നിന് ബിഷ്ണുപുരിലെ നരന്‍സേനയില്‍ – കുക്കികളുടെ കൂട്ടസംസ്കാരം നടക്കേണ്ടിയിരുന്ന സ്ഥലത്തു നിന്ന് 12 കിലോമീറ്റര്‍ ആകലെയായി, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് രണ്ടിലെ ആയുധപ്പുരയില്‍ നിന്ന് അന്‍പതോളം ചെറുവാഹനങ്ങളിലും കാല്‍നടയായും വന്നെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടം എകെ-47 റൈഫിള്‍, എഎഫ് റൈഫിള്‍സ്, ഇന്‍സാസ് റൈഫിള്‍സ്, ലൈറ്റ് മെഷീന് ഗണ്‍, പിസ്റ്റള്‍, കാര്‍ബൈന്‍, ഡെറ്റൊനേറ്റര്, സ്പെയര്‍ ബാരല്‍സ്, ജിഎഫ് റൈഫിള്‍സ്, മോര്‍ട്ടാറുകള്‍, ടിയര്‍ ഗ്യാസ് ഗണ്‍സ്, അമോഗ് കാര്‍ബൈന്‍സ്, എസ്എല്‍ആര്‍ ഗണ്‍സ്, ഹാന്‍ഡ് ഗ്രനേഡുകള്‍, ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍, 19,000 റൗണ്ട് ബുള്ളറ്റ് മാഗസിനുകള്‍ തുടങ്ങിയവ എടുത്തുകൊണ്ടുപോയി.
സുപ്രീം കോടതിയില്‍ ഓഗസ്റ്റ് ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍, ‘മോഷ്ടിക്കപ്പെട്ട’ 197 ആയുധങ്ങളും 70 ബോംബുകളും 2,196 വെടിയുണ്ടകളും കണ്ടെടുത്തതായി പറയുന്നുണ്ട്. മുഖ്യമന്ത്രി ബിരേന്‍ സിങ് ജൂലൈ 20ന് പറഞ്ഞത് 1,600 തോക്കുകള്‍ തിരിച്ചുകിട്ടി എന്നാണ്. ജൂണ്‍ 13ന് സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് ഔദ്യോഗിക പത്രക്കുറിപ്പില്‍ പറഞ്ഞത് 1,040 ആയുധങ്ങളും 13,601 വെടിക്കോപ്പുകളും 230 ബോംബുകളും കണ്ടെത്തി എന്നാണ്. ജൂണ്‍ 24ന് കേന്ദ്രമന്ത്രി അമിത് ഷാ 1,800 ആയുധങ്ങള്‍ തിരിച്ചുപിടിച്ചതായി അവകാശപ്പെട്ടു. മെയ്തെയ്, കുക്കി തീവ്രവാദി ഗ്രൂപ്പുകളുടെ കൈവശം ഇപ്പോഴും ചുരുങ്ങിയത് 3,500 റൈഫിള്‍സ്, മെഷീന് ഗണ്‍സ്, എകെ-47 തുടങ്ങിയ ഓട്ടോമാറ്റിക് തോക്കുകളുണ്ടെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍. മൂന്നര പതിറ്റാണ്ടായി ജമ്മു-കശ്മീരില്‍ കേന്ദ്ര സുരക്ഷാസേന പോരാടുന്നത് സാധാരണ പിസ്റ്റല്‍ മാത്രം കൈവശമുള്ള തീവ്രവാദികളോടാണെന്ന് ഓര്‍ക്കണം!
മണിപ്പുരില്‍ മാസങ്ങളായി ഭരണഘടനാ സംവിധാനവും ക്രമസമാധാന വാഴ്ചയും പൂര്‍ണമായും തകര്‍ന്നിരിക്കയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പര്‍ദിവാലാ, ജസ്റ്റിസ് മനോജ് മിസ്ര എന്നിവരുടെ ഡിവിഷന് ബെഞ്ച് വെട്ടിത്തുറന്നു പറഞ്ഞിട്ടും, മണിപ്പുരിലെ കുക്കി എംഎല്‍എമാര്‍ക്കു പുറമെ ഭരണപക്ഷത്തെ മെയ്തെയ് നേതാക്കളില്‍ ഒരു വിഭാഗം ഭരണനേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ആഴ്ചകളോളം തമ്പടിച്ചിട്ടും മോദിയും അമിത് ഷായും മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ തൊടാന്‍ സമ്മതിക്കുന്നില്ല. സംസ്ഥാന ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനു സമ്മതിക്കുകയും കേന്ദ്രത്തോട് പൂര്‍ണമായി ”സഹകരിക്കുകയും ചെയ്യുന്ന” ബിരേന്‍ സിങ്ങിനെ മാറ്റി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഒരു ന്യായവും കാണുന്നില്ല എന്നാണ് അമിത് ഷാ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. ന്യൂനപക്ഷ കുക്കി ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ പൂര്‍ണ ഫലപ്രാപ്തിയിലെത്തുന്നതു വരെ ബിരേന്‍ സിങ് തുടരണം എന്നാണ് മോദിയും അമിത് ഷായും നിശ്ചയിച്ചിരിക്കുന്നത് എന്നു വ്യക്തം.
അത്യന്തം സ്ഫോടനാത്മകമായ വംശീയ വികാരങ്ങള്‍ കണക്കിലെടുത്ത് വിവരങ്ങളൊന്നും പുറത്തുവിടരുതെന്ന നിഷ്കര്‍ഷയോടെ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സര്‍വീസ് പൂര്‍ണമായി നിരോധിക്കുകയും, കോടതി നിരീക്ഷണങ്ങളിലും രേഖകളിലും പ്രകോപനത്തിന് ഇടയാക്കുന്ന ഒരു പരാമര്‍ശവും കടന്നുകൂടരുതെന്ന് സര്‍ക്കാരിന്റെ അറ്റോര്‍ണി ജനറലും സൊളിസിറ്റര്‍ ജനറലും നിരന്തരം ഓര്‍മിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കെ, പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിനു തൊട്ടു മുന്‍പായി, രണ്ടു കുക്കി സ്ത്രീകളെ പട്ടാപ്പകല്‍ പൂര്‍ണനഗ്നരാക്കി മെയ്തെയ് അക്രമകാരികള്‍ തെരുവിലൂടെ അപമാനിച്ചുകൊണ്ടുപോയി പരസ്യമായി ബലാത്സംഗത്തിന് ഇരകളാക്കുന്ന മേയ് നാലിലെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് രാജ്യം മണിപ്പുരിലെ ഭീകരാവസ്ഥയുടെ മറച്ചുവയ്ക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ ഓരോന്നായി കണ്ടെത്താന്‍ തുടങ്ങിയത്. ഇറ്റാലിയന്‍ മാഫിയ കുറ്റകൃത്യങ്ങളുടെ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ മതപരമായ വ്രതവാഗ്ദാനത്തിന്റെ തീക്ഷ്ണതയോടെ പാലിക്കുന്ന ‘ഒമേര്ത്താ’ ഉടമ്പടിയെ അനുസ്മരിപ്പിക്കുന്ന ബിജെപി ഭരണകൂടത്തിന്റെ രഹസ്യാത്മക ഗൂഢതന്ത്രങ്ങള്‍ രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ തുറന്നുകാട്ടുകയാണ്.
നിയമവ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിന് ചില നിര്‍ദേശങ്ങള്‍ എന്ന ആമുഖത്തോടെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അമിത് ഷായുടെയും ബിരേന്‍ സിങ്ങിന്റെയും എക്സ്ട്രാ ജുഡീഷ്യല്‍ ഇടപെടലുകള്‍ക്ക് കടിഞ്ഞാണ്‍ ഇട്ടുകൊണ്ട് പ്രാഥമികമായി കലാപഭൂമിയിലെ ദുരിതാശ്വാസം, സ്വന്തം ഭവനങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്ന 60,000 പേരുടെ പുനരധിവാസം, വീടുകളും ആരാധനാലയങ്ങളും പുനഃസ്ഥാപിക്കല്‍ തുടങ്ങിയ മാനവിക പ്രശ്നങ്ങള്‍ക്കു പരിഹാരം നിര്‍ദേശിക്കാനും നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കാനും ഹൈക്കോടതി ജഡ്ജിമാരായിരുന്ന മൂന്നു വനിതകള്‍ – ജമ്മു-കശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ശാലിനി ഫണ്സാല്കര് ജോഷി, ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ആശാ മേനോന് എന്നിവര്‍ – ഉള്‍പ്പെടുന്ന കമ്മിറ്റിയെ നേരിട്ട് നിയോഗിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളെ സംബന്ധിച്ച 11 കേസുകള്‍ ഉള്‍പ്പെടെ മണിപ്പുര്‍ കലാപത്തിനിടെ 6,523 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് ചെയ്തത് 252 പേരെ മാത്രം. കൊള്ളയും കൊള്ളിവയ്പുമായി ബന്ധപ്പെട്ട് 5,101 കേസുകളുണ്ട്. കരുതല്‍ തടങ്കലില്‍ 12,071 പേരുണ്ട്. മാസങ്ങളായിട്ടും മിക്ക കേസിലും മൊഴിയെടുക്കാന്‍ പോലും പൊലീസ് ശ്രമിച്ചിട്ടില്ല എന്നത് ക്രമസമാധാന വ്യവസ്ഥയുടെ തകര്‍ച്ചയുടെ അടയാളമാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യിച്ച വീഡിയോ പുറത്തായതിനു ശേഷം ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച 11 കേസുകള്‍ സിബിഐക്ക് സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. മേയ് മൂന്നിന് ചുരാചാന്ദ്പുറില് കുക്കി അക്രമികള്‍ മുപ്പത്തേഴുകാരിയായ ഒരു മെയ്തെയ് വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് പുതിയൊരു വെളിപ്പെടുത്തല്‍ ബിഷ്ണുപുര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ ഓഗസ്റ്റ് ഒന്‍പതിന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി പൊലീസ് സൂപ്രണ്ട് അല്ലെങ്കില്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പദവിയിലുള്ള അഞ്ച് ഉദ്യോഗസ്ഥരെ, ഒരു വനിത ഓഫിസര്‍ ഉള്‍പ്പെടെ, ”നിഷ്പക്ഷതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായി” സിബിഐ അന്വേഷണ ടീമിനോടൊപ്പം നിയോഗിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണത്തിന്റെ മേല്‍നോട്ടത്തിന് ”സുരക്ഷയുടെ മറ്റൊരു തലത്തിലേക്ക്” മഹാരാഷ്ട്ര ഡിജിപിയും മുംബൈ പൊലീസ് കമ്മിഷണറുമായിരുന്ന ദത്താത്രേയ് പട്സാല്‍ഗികറെ നിയോഗിച്ചു. സിബിഐക്കു കൈമാറാത്ത മറ്റു കേസുകള്‍ അന്വേഷിക്കാന്‍ സംസ്ഥാനം രൂപവത്കരിക്കുന്ന 42 പ്രത്യേക അന്വേഷണ സംഘങ്ങളില്‍ (എസ്ഐടി) ഇതര സംസ്ഥാന പൊലീസ് സേനകളില്‍ നിന്ന് ചുരുങ്ങിയത് ഒരു ഇന്‍സ്പെക്ടറെ വീതം ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എസ്ഐടിയുടെ മേല്‍നോട്ടം മണിപ്പുരിനു പുറത്തുനിന്നുള്ള ഡിഐജി റാങ്കിലുള്ള ആറ് ഉദ്യോഗസ്ഥര്ക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ബിരേന്‍ സിങ്ങിന്റെയും അമിത് ഷായുടെയും പൊലീസ് ഭരണത്തിന്റെ വിശ്വാസ്യത കോടതിക്ക് എത്രത്തോളം ബോധ്യമായിട്ടുണ്ട് എന്നതിന് ഇതില്പരം തെളിവ് എന്തു വേണം!