ഫാ. ജോണ്‍ വിജയന് ചോഴംപറമ്പിലും ഫാ. ജോസഫ് മനക്കിലും തമ്മിലുള്ള സൗഹൃദം മനോഹരമായ കുറച്ചു ഗാനങ്ങള്‍ നമുക്ക് നല്‍കിയിട്ടുണ്ട്.
‘പരമസ്നേഹരൂപനേ
കരുണതന്‍ കടലേ
അരികിലരിലില് ചേര്‍ന്നു ഞാന്‍
തവപദം പുല്കാം
പാരിലെന്നെ ഉയര്‍ത്തിടും
കുരിശതെന്നാലും
ഉയരുമെന്നധരങ്ങളില്
നിന് സ്തുതിഗീതം’
ഫാ. ജോസഫ് മനക്കില് എഴുതി ഫാ. ജോണ്‍ വിജയന് സംഗീതം നല്കിയ ഈ ഗാനം ഇന്നും നാം പരേതരുടെ ദിവ്യബലിയില്‍ പാടിവരുന്നു. ഈ കൂട്ടുകെട്ടില്‍ പിറവിയെടുത്ത ഒരു ഗാനം നമ്മുടെ വിശുദ്ധവാര തിരുക്കര്മങ്ങളിലും നാം പാടുന്നുണ്ട്.
പെസഹാവ്യാഴത്തിലെ കര്‍മങ്ങളില്‍ പാടുന്ന
സ്നേഹമെവിടെ
ഉപവിയെവിടെ
ദൈവമുണ്ടവിടെ
ക്രിസ്തുവിന് തിരുസ്നേഹമൊന്നായി
ചേര്‍ത്തിതാ നമ്മെ
ഉല്ലസിക്കുക ക്രിസ്തുവില്‍ നാം
ഹര്‍ഷപുളകിതരായി
ദൈവസ്നേഹം ദൈവഭയവും വളരണം നമ്മില്‍ ‘
എന്ന ഗാനവും ഇവരുടെ സൃഷ്ടിയാണ്.
ഫാ. ജോസഫ് മനക്കില് വരാപ്പുഴ അതിരൂപത മാമംഗലം പള്ളിയില്‍ സേവനം ചെയ്യുന്ന 1955-56 കാലത്ത് ഇടപ്പള്ളി സെന്റ്. ജോര്‍ജ് ഇടവകാംഗമായിരുന്ന ജോണ്‍ വിജയന് ദിവ്യബലിയില്‍ പങ്കുചേരാന്‍ വരുമായിരുന്നു. ചെറുപ്പം മുതല്‍ സംഗീതം പഠിക്കുന്ന ജോണ്‍ വിജയനോട് ഫാ. മനക്കിലിന് വലിയ സ്നേഹമായിരുന്നു. അന്നു റെയില്‍വേയുടെ തപാല്‍ സംവിധാനമായ ആര്.എം.എസില്‍ ജോലി ചെയ്യുകയായിരുന്നു ജോണ്‍ വിജയന്. ഏഴു വര്‍ഷം ജോലി ചെയ്ത ശേഷമാണ് തനിക്കുള്ള വിളി ഇതല്ലെന്നു തിരിച്ചറിഞ്ഞു ജോണ്‍ വിജയന് സെമിനാരിയില്‍ ചേരുന്നത്. ജോണ്‍ വിജയനെ പള്ളിയില്‍ ഹാര്‍മോണിയം വായിക്കാനും പ്രധാനപാട്ടുകാരനായി നിര്‍ത്താനും ഫാ. മനക്കില് ശ്രമിച്ചിരുന്നു. പിന്നീട് പാലായിലെ ഒരു ആശ്രമത്തില്‍ ചേര്‍ന്ന ജോണ്‍ വിജയനെ കാണാന്‍ ഫാ. ജോസഫ് മനക്കില് എത്തുമ്പോള്‍ നല്കിയ വരികളാണ് നമ്മള് ഇന്നു കേള്‍ക്കുന്ന ഈ ഗാനങ്ങള്‍ ആയി മാറിയത്.
ഇടവകയില്‍ സേവനം ചെയ്യുമ്പോഴും സംഗീതത്തെ ഫാ. ജോണ്‍ ചേര്‍ത്തുപിടിച്ചു. ആകാശവാണി തൃശൂര്‍, കോഴിക്കോട് നിലയങ്ങളിലെ അംഗീകൃത കലാകാരനായിരുന്നു അദ്ദേഹം. ഇപ്പോള്‍ മാനന്തവാടിയില്‍ വിശ്രമജീവിതം നയിക്കുന്നു.