”മേരി മാട്ടി മേരാദേശ്” ”എന്റെ മണ്ണ്, എന്റെ രാജ്യം” എന്ന് വിവര്‍ത്തനം. കഴിഞ്ഞയാഴ്ച, രാജ്യത്തെ പ്രധാനമന്ത്രി തന്റെ റേഡിയോ മാസികാപരിപാടിയായ ‘മന് കി ബാത്’ലൂടെ യാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് ഈ മുദ്രാവാക്യം ആദ്യം അറിയിച്ചത്. ”ആസാദി കാ അമൃത്” മഹോത്സവത്തിനു സമാപ്തി കുറിച്ചാണ് ഈ പരിപാടി. ആഗസ്റ്റ് മാസം ഒമ്പതു മുതല്‍ മുപ്പതുവരെയുള്ള ദിവസങ്ങളില്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് മണ്ണും മരത്തൈകളും ശേഖരിച്ച് ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ ‘ അമൃത് വാടിക’ ഉണ്ടാക്കലാണ് പരിപാടിയുടെ പ്രമേയം.
കിഴക്കുനിന്ന് കരച്ചിലിന്റെ ഉരുളമണ്ണുകള് തീര്‍ച്ചയായും ഡല്ഹിയിലെത്തണമല്ലോ! അതില്‍ ചോരയും ചാരവും കരച്ചിലും മുഴങ്ങണം. മണിപ്പൂര്‍ കത്തിച്ചാമ്പലായ മണ്ണ് കൊണ്ട് ”അമൃത് ഉദ്യാന്‍” രാജ്യം ഉണ്ടാക്കുക തന്നെ വേണം.
കാര്‍ഗില്‍ യുദ്ധ വീരന്റെ സഹധാര്മിണിയെ നഗ്നയാക്കി നടത്തിക്കൊണ്ടുപോയ മണ്ണില്‍, മനുഷ്യമൃഗങ്ങളുടെ ഘോരമായ ആക്രണത്തില്‍ അവരുടെ കത്തുന്ന കണ്ണില്‍ നിന്ന് നിലത്തുവീണ കണ്ണീരും ചോരയും ഉണ്ടാകും. ”മേരി മാട്ടി, മേരാദേശ്” പരിപാടിയുടെ ആപ്ത വാക്യം തന്നെ അതാണല്ലോ: ” മാട്ടി കോ നമന്‍, വീരോം കാ വന്ദന്‍”- ”മണ്ണിന് വന്ദനം, വീരന്മാര്ക്ക് വന്ദനം”- എന്ന് വിവര്ത്തിക്കാം. മണ്ണ് കയ്യില്‍ പിടിച്ച് ‘പഞ്ച് പ്രാണ്‍” പ്രതിജ്ഞയെടുക്കണമെന്നാണ് നിര്‍ദ്ദേശം. ”മുഡ്ഢി ഫര്മാട്ടി” (കൈക്കുള്ളില്‍ മണ്ണ്) ”മാട്ടി കി ദിയാ” (മണ്‍വിളക്കില്‍ നാളം കൊളുത്തല്‍) എന്നിങ്ങനെ നീളുന്നു അമൃത് മഹോത്സവ പരിപാടികള്‍. നാട്ടിലെ ഗ്രാമങ്ങളിലെല്ലാം ജലാശയങ്ങള്‍ക്കും ഭരണകേന്ദ്രങ്ങള്‍ക്കും സമീപം പ്രധാനമന്ത്രിയുടെ വാക്കുകള്‍ എഴുതിയ ശിലാഫലകങ്ങള്‍ സ്ഥാപിക്കണം. അതിനു സമീപം മരങ്ങള്‍ നടണം. ഏത് വാക്ക്? വാക്കുകള്‍? നിശബ്ദതകൊണ്ട് തുറക്കാനാവാത്ത ‘വായ്ത്താരി” ഇനി ഏത് ഭാഷയില്‍ എഴുതണം എന്ന് നാട് ചോദിക്കും. ഏത് മരത്തൈകള്‍? പാര്‍ലമെന്റില്‍ ചര്‍ച്ചയേതുമില്ലാതെ പാസായ പുതിയ വനനിയമത്തില്‍-വന്‍ സംരക്ഷണ് ഏവം സംവര്‍ധന്‍ എന്ന പേരില്‍, 1980 ലെ വന നിയമത്തെ പൊളിച്ചെഴുതിയ പുതിയ വനനിയമത്തിന്റെ കരുത്തില്‍ കോര്‍പറേറ്റുകള്‍ കയ്യടക്കാന്‍ പോകുന്ന വനങ്ങളില്‍ നിന്ന് പിഴുതെറിയുന്ന മരത്തൈകളോ ഇനി നട്ടു വളര്‍ത്തേണ്ടതെന്ന് നാട് ചോദിക്കുമോ? മൊത്തത്തില്‍ ചേരുംപടി ചേരായ്മയുണ്ട്.
2004 മുതല്‍ 2013 വരെ നീണ്ട ഒരു സമരം ഒഡീഷയില്‍ നടന്നത് ഇപ്പോള്‍ ഓര്‍മിക്കുകയാണ്. ദോംഗ്രിയ ഖൊണ്ഡ് ഗോത്ര വിഭാഗത്തിന്റെ ദേവതകള്‍ കുടിയിരിക്കുന്ന നിയമംഗിരി മലമുകളില്‍ നിന്ന് ദേവതകള്‍ക്കൊപ്പം പതിമൂന്നിലധികം വരുന്ന ഗോത്ര വിഭാഗങ്ങള്‍ കുടിയൊഴിപ്പിക്കലിന്റെ ഭീഷണി നേരിട്ട കാലം. കോര്‍പറേറ്റ് ഭീമനായ വേദാന്ത ഗ്രൂപ്പിനുവേണ്ടി ബോക്സൈറ്റ് അയിര് ഖനനം നിയമംഗിരിയെ ഇളക്കി മറിച്ച സമയമായിരുന്നു അത്. തദ്ദേശ ഗോത്രവിഭാഗങ്ങള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്ത ”നിയമംഗിരി സുരക്ഷാ സമിതി” പ്രവര്‍ത്തകര്‍ അന്ന് നിയമംഗിരിയെ രക്ഷിച്ചു നിര്‍ത്തി. ഈ കുറിപ്പ് എഴുതുന്ന ആഗസ്റ്റ് 9 ”അന്താരാഷ്ട്ര തദ്ദേശ ഗോത്ര ജനസമൂഹ ദിവസം” കൂടിയാണെന്നത് യാദൃശ്ചികമായിരിക്കുമോ? ഒഡീഷയിലെ കലഹന്ദി ജില്ലയിലെ ലാഞ്ചിഗഡ് പ്രദേശത്ത് ഇന്ന് (ആഗസ്റ്റ് 9) നിയമംഗിരി സുരക്ഷ സമിതി ഗോത്ര വിഭാഗങ്ങളോടൊപ്പം ആഗസ്റ്റ് 9 ദിനം ആഘോഷിക്കുമ്പോള്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്തയോട് അവര്‍ എന്തായിരിക്കും പറയുന്നതെന്ന് കേള്‍ക്കാന്‍ കൗതുകത്തോടേയും പ്രതീക്ഷയോടെയും കാത്തിരിക്കുന്നു. ലാഞ്ചിഗഡിലായിരുന്നു വേദാന്തയുടെ ഖനനം നടന്നത്.
2023ലെ ‘അന്താരാഷ്ട്ര തദ്ദേശ ഗോത്ര ജനസമൂഹ ദിനം” മുന്നോട്ട് വയ്ക്കുന്ന പ്രമേയം ‘തദ്ദേശ ജനസമൂഹത്തിലെ യുവജനത സ്വയം തീരുമാനത്തിന്റെ മാറ്റത്തിനുള്ളവര്’ എന്നതാണ്. സ്വയം തീരുമാനിക്കുവാന്‍ രാഷ്ട്രീയമായും ധാര്‍മികമായും കരുത്തുകാട്ടുന്നവര്‍ ആരോടായിരിക്കും ‘ക്വിറ്റ് ഇന്ത്യ’ എന്നു പറയാനൊരുങ്ങുന്നത്? ആഗസ്റ്റ് 9 ”ക്വിറ്റ് ഇന്ത്യാ” ദിനം കൂടിയാണല്ലോ? മണ്ണും വെള്ളവും വായുവും കച്ചവടത്തിനുള്ള വഹയായി മാറുന്നിടത്ത് തദ്ദേശ ജനസമൂഹം പ്രതിരോധത്തിന്റെ സ്വരം മുഴക്കുക തന്നെ വേണം.
രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും മണ്ണ് ശേഖരിച്ച് തലസ്ഥാന നഗരിയിലെത്തുമ്പോള്‍, അത് പ്രതീകാത്മകമാണെങ്കില്‍ അതിന് ഓരോ നാടിന്റെയും ദേശത്തിന്റെയും തല്‍സ്ഥിതി അറിയുക, യാഥാര്‍ത്ഥ്യം വെളിവാക്കുക എന്നിങ്ങനെ അര്‍ത്ഥം കൊടുക്കാനാകുമെന്നു തോന്നുന്നു. ഓരോ ജനാധിപത്യ രാഷ്ട്രവും ഈ തല്‍സ്ഥിതി അറിയുന്നത് കൃത്യതയുള്ള സ്റ്റാറ്റിസ്റ്റിക്സ് തയ്യാറാക്കിക്കൊണ്ടാണ്. സ്ഥിതി വിവരകണക്കുകള്‍ മാത്രമല്ല ഓരോ ദേശവും എന്നിരിക്കിലും അവ ദിശാബോധവും സൂചനകളും തരാതിരിക്കില്ല. മുംബൈയിലെ അന്താരാഷ്ട്ര ജനസംഖ്യാ പഠന കേന്ദ്രത്തിന്റെ ഡയറക്ടര്‍, കെ.എസ് ജയിംസിനെ കേന്ദ്ര സര്‍ക്കാര്‍ സസ്പെന്റ് ചെയ്യുമ്പോള്‍, സ്ഥിതി വിവരക്കണക്കുകളെ ഭയപ്പെടുന്ന ഭരണകൂടം എന്ന വാദം നാട്ടില്‍ ശരിയായിത്തന്നെ ഉയരുന്നുണ്ട്. സ്ഥാപനത്തില്‍ നടന്ന ക്രമക്കേടുകളുടേ പേരില്‍ ഈ സസ്പെന്ഷന് എന്ന ഭരണകൂടവാദം വിലപ്പോകുന്നില്ല. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ഈ അന്താരാഷ്ട്ര സ്ഥാപനം നല്കിയ പഠനവിവരങ്ങള്‍ സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും മങ്ങലേല്പ്പിക്കുന്നവയായിരുന്നു എന്ന സത്യം സ്വതന്ത്ര്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പഠന റിപ്പോര്‍ട്ട് മാത്രമല്ല ജയിംസിന്റെ മറ്റു പല സ്ഥിതി വിവരകണക്കുകളും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പുറത്തുവിട്ടിട്ടില്ലാ എന്ന യാഥാര്‍ഥ്യം നിലനില്ക്കുന്നു.
ഓരോ പിടിമണ്ണും ദേശത്തിലെ ജനതയുടെ ജീവന്റെ തുടിപ്പാണെങ്കില് അതില്‍ ജനാധിപത്യവും പ്രതിരോധവും സര്‍ക്കാര്‍ പ്രതീക്ഷിക്കുക തന്നെ വേണം. വീരാന്‍കുട്ടിയുടെ ”മണ്‍വീറ്” എന്ന കവിതയിലെ സ്ത്രീ, ഈ നാട്ടിലെ ഏതു വിദൂര കോണിലെയും മകളാണ്.
”ഒന്നര സെന്റിൽ നിന്നും
ഇറങ്ങാനുള്ള
അവസാനത്തെ
നോട്ടീസ്
അവളെത്തേടിയും
പുറപ്പെട്ടിരിക്കണം
അതിനെ എടുത്ത്
കണ്ണെത്താത്ത
ഒരിടത്ത്
കൊണ്ട്പോയി വയ്ക്കാനുള്ള ഓട്ടത്തിലാവണം
അവൾ
കൊന്നാലും തരില്ല ഞാനീ മണ്ണിനെ
എന്ന് ഒരിക്കൽ
വെടിയുണ്ടകൾക്ക്
കൊടുത്ത വാക്ക്
അവൾ
ഇന്നു പാലിച്ചേക്കും.”
ആഗസ്റ്റ് 15 കടന്നുവരുമ്പോള്‍ ബാപ്പുവിനെ ഓര്‍മിക്കുന്നു. കൂട്ടത്തില്‍ കസ്തൂര്‍ബായെയും. 1944 ഫെബ്രുവരി 22ന് തടവറയില്‍ക്കിടന്ന് മരണപ്പെട്ട ബായെപ്പറ്റി കൂടെ നിന്ന സുശീല നയ്യാര്‍ പിന്നീടെഴുതി: ”ബാ എന്ന് പറയാതെ ബാപ്പു എന്ന് എങ്ങനെ ഒരാള്‍ക്ക് പറയാനാകും”.
പിന്‍കുത്ത്
”മിത്ത്” കുത്തി കഞ്ഞിവയ്ക്കാനിങ്ങിയവര്
ദാ, കുളം കുത്തി കരകയറാന്‍ നോക്കുന്നു”.