ഗായകന് യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി കോര്പറേഷന് 1983ല്‍ പുറത്തിറക്കിയ ഒരു ഭക്തിഗാനസമാഹാരമുണ്ട്. ‘ക്രിസ്തീയഭക്തിഗാനങ്ങള്‍’ എന്നാണ് പേരിട്ടത്. അതിലെ പന്ത്രണ്ടു പാട്ടും ഒരേ പോലെ ശ്രദ്ധേയമായി. ആര്‍ച്ച്ബിഷപ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍, ഫാ. മൈക്കിള്‍ പനക്കല്‍, എ കെ പുതുശ്ശേരി, ആന്‍ഡ്രൂസ് കൊള്ളന്നൂര്‍ എന്നിവരാണ് പാട്ടുകള്‍ എഴുതിയത്. എല്ലാ പാട്ടുകള്‍ക്കും സംഗീതം നല്‍കിയത് ജോബ് ആന്‍ഡ് ജോര്‍ജ് സഖ്യവും. ഓര്ക്കസ്ട്രേഷന് നല്‍കിയത് റെക്സ് ഐസക്സ് ആയിരുന്നു. യേശുദാസും ചിത്രയും ആലാപനം നിര്‍വഹിച്ചു. ആര്‍ച്ച്ബിഷപ് കോര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ എഴുതിയ ഗാനങ്ങളില്‍ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഒരു പാട്ടാണ്,
‘ശാന്തപ്രശാന്തം ഈ ഭവനം
ശാന്തിനികേതനം ദേവാലയം ‘
എന്നത്.
അദ്ദേഹം വിജയപുരം രൂപതയുടെ അധ്യക്ഷനായിരിക്കുന്ന കാലത്ത് തന്റെ ആസ്ഥാന ദേവാലയമായ വിമലഗിരി കത്തീഡ്രല്‍ ദേവാലയത്തിന്റെ ശില്പചാരുതയും ശാലീനതയും കണ്ടു എഴുതിയതാണ് ഈ ഗാനം. ഒരു ദേവാലയസന്ദര്ശനം നമുക്ക് നല്കുന്ന കുളിര്‍മയും സംരക്ഷണവും ഈ ഗാനത്തില്‍ മനോഹരമായി വര്ണിച്ചിരുക്കുന്നു. സിഎസിയുടെ സ്ഥാപക ഡയറക്ടര്‍ ആയിരുന്ന ഫാ. മൈക്കിള്‍ പനക്കല്‍ രചിച്ച അതിപ്രശസ്തമായൊരു ഗാനമാണ്,
‘സൂര്യകാന്തി പുഷ്പമെന്നും
സൂര്യനെ നോക്കുന്ന പോലെ
ഞാനുമെന്റെ നാഥനെ താന്‍ നോക്കി വാഴുന്നു ‘
എന്നു തുടങ്ങുന്ന ഗാനംവും ഈ കസ്സെറ്റില്‍ നിന്നാണ് നാം കേട്ടത്.
കവിയും ചിത്രകാരനുമായ ഫാ. മൈക്കിള്‍ പനക്കല്‍ എഴുതിയ പ്രസിദ്ധമായൊരു കാഴ്ചവയ്പ് ഗാനവും ഇതിലുണ്ടായിരുന്നു.
‘സാദരമങ്ങേ പാവനപാദം തേടി വരുന്നു ഞങ്ങളിതാ
കാഴ്ചകളേന്തും താലവുമായി നില്പ്പൂ നിന്നുടെ സന്നിധിയില്‍ ‘.
കെസിബിസി ഒരിക്കല്‍ ഏറ്റവും മികച്ച ഭക്തിഗാനത്തിന് ഒരു അവാര്‍ഡ് നല്‍കിയിട്ടുണ്ട്.
അന്ന് തിരഞ്ഞെടുക്കപ്പെട്ട ഗാനം,
‘ദൈവമേ നിന്മുഖം കാണുവാനായ്
നിന്മൊഴി ഞാനൊന്നു കേള്‍ക്കുവാനായി
നിന്‍ദിവ്യ കാന്തിയില്‍ മുങ്ങുവാനായി ദാഹിച്ചു മോഹിച്ചു കാത്തിരിപ്പൂ ‘
എന്നു തുടങ്ങുന്ന ഗാനമായിരുന്നു.
ആര്‍ച്ച്ബിഷപ് കൊര്‍ണേലിയൂസിന്റെ ഏറ്റവും ഉത്തമരചനയായി ഈ പാട്ടു വിലയിരുത്തപ്പെട്ടു.
ഫാ. മൈക്കിള്‍ പനക്കല്‍ എഴുതിയ,
‘വാര്‍മണിത്തെന്നലായ് വാവാ മഹേശ്വരാ ജീവന് കനിഞ്ഞരുളൂ
നിത്യ ജീവന് കനിഞ്ഞരുളൂ ‘
എന്ന ഗാനവും ഈ സമാഹാരത്തിലാണ് ഉള്ളത്.
ഇതിലെ മറ്റു ഗാനങ്ങള്‍ താഴെ ചേര്‍ക്കുന്നു.
യേശുവേ സര്വേശസൂനുവേ
വിശ്വപ്രകാശമേ നീ നയിക്കൂ….,
സുന്ദരശീതള കിരണം വീശും
സുവിശേഷം പരമാനന്ദം….,
യേശുവേ രക്ഷകാ ജീവനാഥാ
വേഗം വരേണമേന് സ്നേഹനാഥാ…,
വചനം തിരുവചനം
നിറവേറുന്നൂ…,
യേശുനാഥാ വരൂരാജാധിരാജാ
എന്നുള്ളില്‍ വന്നു നീ എന്നും വസിക്കൂ…
തിരുസന്നിധാനം അഖിലേശന്‍ തന്
തിരുമുഖദര്ശന സന്നിധാനം….
നവ്യമോഹനഗാനം പാടുവാന്‍ പോരുന്നൂ
മുദാ സന്നിധേ വിഭോ…
മികച്ച രചനകളാടൊപ്പം ജോബ് ആന്‍ഡ് ജോര്‍ജ് കൂട്ടുകെട്ടിന്റെ മനോഹരമായ സംഗീതവും ചേര്‍ന്നപ്പോള്‍ ഈ പാട്ടുകള്‍ എല്ലാം അക്ഷരാര്‍ത്ഥത്തില്‍ അനശ്വരമാവുകയായിരുന്നു.
ഈ പാട്ടുകള്‍ എല്ലാം സിഎസി യില്‍ പല അവസരങ്ങളില്‍ ഒരുക്കിയതാണെന്നുള്ളത് നമുക്ക് അഭിമാനിക്കാവുന്നൊരു വസ്തുതയാണ്. ഒരു സമാഹാരത്തിലെ എല്ലാ പാട്ടുകളും സ്വീകരിക്കപ്പെടുകയെന്നത് വളരെ അപൂര്‍വതയാണ്. ഈ സമാഹാരത്തിലെ പാട്ടുകള്‍ ഇന്നും ആളുകള്‍ കേള്‍ക്കുകയും പാടുകയും ചെയ്യുന്നു.