പെണ്ണിന്റെ ഉടലും മാനവും ഉയിരും പിച്ചിചീന്തിയും പാര്‍പ്പിടങ്ങളും ജനപദങ്ങളും കുരുതിനിലങ്ങളാക്കിയും പവിത്രസങ്കേതങ്ങള് പങ്കിലമാക്കിയും ഗ്രാമങ്ങള്‍ ചുട്ടെരിച്ചും പിറന്നമണ്ണില്‍ നിന്ന് പതിനായിരങ്ങളെ ആട്ടിപ്പായിച്ചും വംശവൈരത്തിന്റെയും മതവിദ്വേഷത്തിന്റെയും ആസുര സംഹാരതാണ്ഡവമാടുന്നവര് മൂന്നു മാസത്തോളമായി മണിപ്പുരില്‍ ബിജെപി ഭരണാധികാരികളുടെ ആശീര്‍വാദത്തോടെ തുടരുന്ന വംശഹത്യയുടെയും ഹിംസയുടെയും മനുഷ്യാവകാശധ്വംസനങ്ങളുടെയും ഹീനകൃത്യങ്ങളുടെയും മറച്ചുവയ്ക്കപ്പെട്ട ചങ്കുലയ്ക്കുന്ന അനുഭവസാക്ഷ്യങ്ങള്‍ കേട്ട് രാജ്യം നടുങ്ങുമ്പോഴും എത്ര നിസ്സംഗനായാണ് ഈ ജനാധിപത്യ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി മണിപ്പുരിനെക്കുറിച്ച് കേട്ടഭാവമില്ലാതെ, ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് ആറാഴ്ച കഴിഞ്ഞ് അരങ്ങേറാനിരിക്കുന്ന തന്റെ സാര്‍വലൗകിക മഹിമയുടെ മാമാങ്കത്തിനായി – ജി 20 ഉച്ചകോടിയുടെ വേദിക്കായി 2,700 കോടി രൂപ ചെലവില്‍ നിര്‍മിച്ച ‘ഭാരത് മണ്ഡപം’ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിന്റെ ഗൃഹപ്രവേശ ചടങ്ങിലെ ഹവന പൂജാദികര്‍മങ്ങളില്‍ പരികര്മിയാകുന്നത്!
മണിപ്പുരിലെ മഹാദുരന്തത്തിന്റെ കാര്യത്തില്‍ തുടര്‍ന്നുവരുന്ന ദുരൂഹമായ മൗനവ്രതം വെടിഞ്ഞ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയും വിശദമായ ചര്‍ച്ചയ്ക്ക് അവസരമൊരുക്കി മണിപ്പുരിലെ ജനങ്ങള്‍ക്ക് സമാധാന ജീവിതം വീണ്ടെടുക്കാനുള്ള വഴി കണ്ടെത്തുകയും വേണമെന്ന് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം വര്‍ഷകാല സമ്മേളനം തുടങ്ങിയതു മുതല്‍ മുറവിളികൂട്ടുകയാണ്. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയിലെ കീഴ് വഴക്കങ്ങള്‍ മറന്ന് പ്രധാനമന്ത്രി മോദി ജനപ്രതിനിധികളെ സഭയില്‍ അഭിമുഖീകരിക്കാതെ സഭയ്ക്കു വെളിയില്‍ രാഷ്ട്രീയ പ്രസ്താവന നടത്തി സഭയെ അവഹേളിക്കുന്നു.
മണിപ്പുരിലെ കൊടിയ പീഡനങ്ങള്‍ അനുഭവിക്കുന്ന മനുഷ്യരോട് കുറച്ചെങ്കിലും മനുഷ്യത്വം കാണിക്കേണ്ടേ?
‘ഇന്ത്യ’ എന്ന ഭാവാത്മക ചരുക്കപ്പേരില്‍ I.N.D.I.A. : ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലുസീവ് അലയന്‍സ്), ഏതാണ്ട് എട്ടുമാസത്തിനപ്പുറം വരാനിരിക്കുന്ന 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അതിനു തൊട്ടുമുന്‍പായി ചില നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കുന്ന 26 പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയ ഏകോപനത്തിന്റെ ബാനറില്‍ പാര്‍ലമെന്റില്‍ ആദ്യമായി സംയുക്ത സമരസന്നാഹമൊരുങ്ങുമ്പോള് ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ പേരുകളിലെ ‘ഇന്ത്യ’യെ ഓര്‍ത്ത് പരിതപിച്ചുപോലും!
മറ്റെല്ലാ ബിസിനസും മാറ്റിവച്ച് അടിയന്തരമായി മണിപ്പുര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്നുമാണ് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടത്. വര്‍ഷകാല സമ്മേളനത്തിന്റെ അഞ്ചാംനാള്‍ ലോക്സഭയില്‍ കോണ്‍ഗ്രസ് ഡപ്യൂട്ടി ലീഡര്‍ ഗൗരവ് ഗൊഗോയ്, ‘ഇന്ത്യ’ സഖ്യനീക്കത്തില്‍ പങ്കുചേരാത്ത തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതിയുടെ നമാ നാഗേശ്വര്‍ റാവു എന്നിവര്‍ മോദി മന്ത്രിസഭയ്ക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കുന്നതിന്റെ പശ്ചാത്തലം ഇതാണ്.
ലോക്സഭയില്‍ ഭൂരിപക്ഷത്തിന് 272 വോട്ടു മതി എന്നിരിക്കെ ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് 331 അംഗങ്ങളുടെ പിന്തുണയുണ്ട്; ബിജെപി അംഗങ്ങള്‍ തന്നെ 303 പേരുണ്ട്. പ്രതിപക്ഷത്തെ ‘ഇന്ത്യ’ കൂട്ടായ്മയില്‍ 144 അംഗങ്ങളും, ബിആര്‍എസ്, വൈഎസ്ആര്‍സിപി, നവീന്‍ പട്നായിക്കിന്റെ ബിജെഡി എന്നിവയ്ക്ക് 70 അംഗങ്ങളുമാണുള്ളത്. അംഗബലം കാട്ടി മോദിയെ താഴെയിറക്കാമെന്ന വ്യാമോഹമൊന്നും തങ്ങള്‍ക്കില്ലെന്നും, മണിപ്പുര്‍ വിഷയം രാജ്യത്തിനു മുമ്പില്‍ അവതരിപ്പിക്കാനായി പ്രധാനമന്ത്രിയെ ലോക്സഭയില്‍ വിളിച്ചുവരുത്താനുള്ള രാഷ്ട്രീയതന്ത്രമാണ് അവിശ്വാസ പ്രമേയമെന്നും ഗൊഗോയ് വ്യക്തമാക്കുന്നുണ്ട്. 2018 ജൂലൈയില്‍ മോദി സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം 135ന് എതിരെ 330 വോട്ടിന് സഭ തള്ളിയിരുന്നു. അന്ന് 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കഴിഞ്ഞു എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ സമാശ്വാസം.
ഗുജറാത്തില്‍ 2002-ല്‍ മുസ്ലിംകളെ ഉന്മൂലനം ചെയ്യാന്‍ ആസൂത്രണം ചെയ്ത വര്‍ഗീയ കലാപത്തോട് പലതരത്തിലും സാമ്യമുള്ളതാണ് മണിപ്പുരിലെ അതിക്രമങ്ങള്‍. മണിപ്പുരില്‍ കൊല്ലപ്പെട്ടവരും സ്വന്തം ഗ്രാമങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നവരും ഭൂരിപക്ഷവും ക്രൈസ്തവരാണ്. സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ ഭീകരത, ആയിരത്തോളം വരുന്ന മെയ്തെയ് അക്രമികള്‍ പട്ടാപ്പകല്‍ മൂന്നു കുക്കി സ്ത്രീകളുടെ തുണിയുരിഞ്ഞ് രണ്ടുപേരെ തെരുവിലൂടെ നടത്തി അപമാനിച്ച് പരസ്യമായി ഒരു പാടത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് അതൊക്കെ വീഡിയോയില്‍ പകര്‍ത്തിയതില്‍ നിന്നാണ് രണ്ടരമാസം കഴിഞ്ഞ് ലോകം അറിയാനിടയായത്. ഗുജറാത്തിലെ ബില്‍ക്കിസ് ബാനുവിന്റെ അനുഭവം മണിപ്പുരില്‍ നിരവധി കുക്കി യുവതികള്ക്കുണ്ടായിട്ടുണ്ട്. പലയിടത്തും സംസ്ഥാന പൊലീസ് കമാന്‍ഡോകളും കൊള്ളയും കൊള്ളിവയ്പും ബലാത്കാരവും ചെയ്ത ആള്‍ക്കൂട്ടത്തോടൊപ്പം ഉണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നേവരെ ഒരു കലാപത്തിലും കാണാത്ത തോതിലുള്ള ഓട്ടോമാറ്റിക് തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകളുമടക്കം ഉന്നത ശ്രേണിയിലുള്ള ആധുനിക ആയുധങ്ങള്‍ മണിപ്പുരില്‍ അക്രമികളുടെ കൈകളില്‍ എത്തി. സംസ്ഥാനത്തെ പൊലീസിന്റെയും സായുധസേനാവിഭാഗങ്ങളുടെയും ആയുധപ്പുരകളില്‍ നിന്ന് പല ഘട്ടങ്ങളായി കൂട്ടത്തോടെ ”കവര്‍ച്ച ചെയ്ത” ആയുധങ്ങള്‍ എത്രയും വേഗം തിരിച്ച് ഏല്പിക്കണമെന്ന് മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും പലവട്ടം അഭ്യര്‍ഥിക്കുകയും ചില രാഷ്ട്രീയ നേതാക്കളുടെ വസതികള്‍ക്കു മുമ്പില്‍ ഇത്തരം ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യാന്‍ ഡ്രോപ് ബോക്സുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടും, സേനാവിഭാഗങ്ങളുടെ നാലായിരത്തോളം ഉഗ്രശേഷിയുള്ള ആയുധങ്ങള്‍ കലാപഭൂമിയില്‍ അക്രമികള്‍ പരസ്യമായി കൊണ്ടുനടക്കുകയായിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച വ്യാപകമായ കോമ്പിങ് ഓപ്പറേഷന് ഇറങ്ങിയ ഇന്ത്യന്‍ ആര്‍മിയുടെ സ്പിയര്‍ കോര്‍പിനെ ഉപരോധിച്ച് മെയ് രാ പൈബിസ് (പന്തമേന്തിയ വനിതകള്‍) എന്ന മെയ്തെയ് സ്ത്രീകളുടെ സന്നദ്ധസംഘം 12 സായുധ ഭീകരവാദികളെ മോചിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യം സൈന്യംതന്നെ പുറത്തുവിട്ടിരുന്നു.
ഇംഫാല്‍ താഴ് വരയില്‍ നിന്ന് കുക്കികളെയും ക്രൈസ്തവരായ മെയ്തെയ് സമൂഹത്തെയും ആക്രമിച്ച് ആട്ടിപ്പായിക്കുകയും അവരുടെ വീടുകളും സ്ഥാപനങ്ങളും വസ്തുവകകളും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ഭൂമി കൈയടക്കുകയും ചെയ്തപ്പോള്‍, തെക്കന്‍ മേഖലയിലെ മലമ്പ്രദേശങ്ങളില്‍ ജോലിക്കും കച്ചവടത്തിനും കൃഷിക്കും മറ്റും പോയിരുന്ന മെയ്തെയ്കളും ആക്രമണത്തിന് ഇരകളായി. കുക്കികള്‍ക്കും മെയ്തെയ്കള്ക്കുമിടയില് ബഫര്‍ സോണ്‍ സൃഷ്ടിച്ചുകൊണ്ടാണ് സുരക്ഷാസേന ക്രമസമാധാനത്തിനു ശ്രമിച്ചത്. പ്രതിരോധത്തിനായി ഗ്രാമങ്ങളുടെ അതിര്‍ത്തിയില്‍ ബങ്കറുകളും സൈനിക ഔട്ട്പോസ്റ്റുകളുമായി ജനങ്ങള്‍ യുദ്ധഭൂമിയിലെന്നോണം മിലിറ്ററിക്കാരായി മാറിയിരിക്കുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ വംശീയമായും സാമൂഹികമായും ഭൗതികതലത്തിലും ബഫര്സോണുകളാല് വേര്‍തിരിക്കപ്പെട്ടുകഴിഞ്ഞു.
കലാപം തുടങ്ങിയതിന്റെ പിറ്റേന്ന്, ഇംഫാലിലെ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഔദ്യോഗിക വാഹനത്തില്‍ വീട്ടിലേക്കു മടങ്ങും വഴി മെയ്തെയ് സായുധസംഘം വളഞ്ഞ് ടെയ്സര്‍ തോക്കുപയോഗിച്ച് നിശ്ചലനാക്കി, മൂര്‍ച്ചയുള്ള ഏതോ ആയുധം ഉപയോഗിച്ച് തലയ്ക്ക് വെട്ടിപരിക്കേല്പിക്കുകയും വൈദ്യുതാഘാതമേല്പിക്കുകയും ചെയ്ത അറുപത്തൊന്നുകാരനായ കുക്കി ബിജെപി എംഎല്‍എ വുംഗ്ചാഗിന് വാള്‍ട്ടെയുടെ ജീവന് ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലൂടെ രക്ഷിക്കാനായെങ്കിലും ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട് അദ്ദേഹം ഇപ്പോള്‍ മൃതതുല്യനായി ഡല്‍ഹിയിലെ വാടകവീട്ടില്‍ കഴിയുകയാണ്. കുക്കി വംശജനായ ഡ്രൈവര്‍ തങ്കൗലാല് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മെയ്തെയ് സുരക്ഷാ ഉദ്യോഗസ്ഥനെ അക്രമികള്‍ വെറുതെവിട്ടു. മുഖ്യമന്ത്രിയോ ഭരണകക്ഷിയോ വാര്ട്ടെയെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ കണ്ണീരോടെ പറയുന്നു.
അരാജകത്വവും ആഭ്യന്തരയുദ്ധവും കൂടിക്കലര്‍ന്ന അവസ്ഥയില്‍ സംസ്ഥാനത്ത് ക്രമസമാധാനവും ഭരണഘടനാസംവിധാനവും പാടേ തകര്‍ന്നിട്ടും മുഖ്യമന്ത്രിയെ മാറ്റാന്‍ മോദി വിസമ്മതിക്കുന്നത് 2002-ല്‍ ”രാജ്യധര്‍മ്മം പാലിക്കുന്നതില്‍ വീഴ്ച വരുത്തി” എന്നു കുറ്റപ്പെടുത്തി പ്രധാനമന്ത്രി വാജ്പേയി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് തന്നെ മാറ്റാന്‍ ശ്രമിച്ചത് മറക്കാത്തതുകൊണ്ടാണ്. ബിരേന്‍ സിങ്ങിനെ മാറ്റുന്നത് തങ്ങള്‍ക്കു തെറ്റുപറ്റി എന്നു സമ്മതിക്കലാകും. കേന്ദ്ര അഭ്യന്തരമന്ത്രിയെ എന്തുകൊണ്ടു മാറ്റുന്നില്ല എന്ന ചോദ്യത്തിനും സമാധാനം പറയേണ്ടിവരും.
മണിപ്പുരിലെ സംഘര്‍ഷങ്ങളുടെ പ്രത്യാഘാതം അയല്‍സംസ്ഥാനമായ മിസോറമിലെ മെയ്തെയ് വിഭാഗം അനുഭവിക്കുന്നുണ്ട്. തെക്കന്‍ അസമിലെ ബറാക് താഴ് വാരത്തുനിന്നുള്ള മെയ്തെയ്കളും പംഗാല്‍ എന്ന മണിപ്പുരി മുസ്ലിംകളും മിസോറമിലുണ്ട്. പീസ് അക്കോഡ് എംഎന്‍എഫ് റിട്ടേണീസ് അസോസിയേഷന് (പാംറാ) എന്ന പഴയ വിഘടനവാദികളുടെ ഗ്രൂപ്പ് മിസോറമിലെ മെയ്തെയ്കളുടെ സ്ഥിതി സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പു നല്‍കിയതോടെ മെയ്തെയ്കളെ മണിപ്പുരിലെത്തിക്കാന് ബിരേന്‍ സിങ് പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തി. മണിപ്പുരിലെ കുക്കി-സോ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐസോളില്‍ നടന്ന കൂറ്റന്‍ റാലിയില്‍ എന്‍ഡിഎ സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് നേതാവും മിസോറം മുഖ്യമന്ത്രിയുമായ സോറാംഥംഗായും പങ്കെടുത്തത് ശ്രദ്ധേയമാണ്. വടക്കുകിഴക്കന്‍ മേഖലയിലാകെ ഈ കലാപത്തീ പടര്‍ന്നാല്‍ മോദിക്ക് മിണ്ടാട്ടം മുട്ടുകതന്നെചെയ്യും.
ഇന്ത്യയിലെ ഗോത്രവര്‍ഗ മതന്യൂനപക്ഷങ്ങളെ അമര്‍ച്ച ചെയ്യുന്ന ബിജെപിയുടെ വംശീയ ദേശീയതാവാദ നയങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് 27 യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട 705 ജനപ്രതിനിധികള്‍ അടങ്ങുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കുകയുണ്ടായി. മതന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളാകുന്നതായി യൂറോപ്യന്‍ യൂണിയനിലെ ജനപ്രതിനിധികള്‍ വിശദമായ പഠനരേഖകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു.
മണിപ്പുരില്‍ നിലവിലുണ്ടായിരുന്ന വംശീയ, സാമ്പത്തിക ഭിന്നതകളെ മതപരമായ ബഹുസ്വരതയ്ക്കും വ്യക്തികളുടെ ആരാധനാസ്വാതന്ത്ര്യത്തിനുമെതിരായി ആയുധവത്കരിച്ചുവെന്നും സംഘടിതവും ആസൂത്രിതവുമായ ആക്രമണമാണ് ക്രൈസ്തവ ന്യൂനപക്ഷത്തിനു നേരെ നടക്കുന്നതെന്നും മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ബ്രിട്ടന്റെ സ്പെഷല്‍ അംബാസഡര്‍ ഫിയോന ബ്രൂസ് എംപി യുകെ ജനപ്രതിനിധിസഭയില്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ഓര് ബിലീഫ് അലയന്‍സ് വിദഗ്ധ കൗണ്‍സില്‍ അംഗവും അന്വേഷണാത്മക റിപ്പോര്‍ട്ടിന്റെയും തെളിവുശേഖരണത്തിന്റെയും സമിതി അധ്യക്ഷനുമായ ഡേവിഡ് കാംപനേല് സമര്‍പ്പിച്ച പഠനരേഖകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് മണിപ്പുരിലെ പ്രശ്നത്തില്‍ ഇടപെടണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഇന്ത്യ 1993 ജൂലൈയില്‍ ഒപ്പുവച്ച സിവില്‍ രാഷ്ട്രീയ അവകാശങ്ങള്‍ക്കായുള്ള രാജ്യാന്തര ഉടമ്പടിയിലെ 18-ാം അനുച്ഛേദത്തിന്റെ ലംഘനമാണ് ക്രൈസ്തവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നടപടി എടുക്കുന്നതില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ വീഴ്ച വരുത്തിയത്. മണിപ്പുരിലെ അതിക്രമങ്ങളുടെ യഥാര്‍ഥ ചിത്രം വെളിപ്പെടുത്തുന്നതില്‍ ബിബിസി ന്യൂസ് പരാജയപ്പെട്ടുവെന്നും അതില്‍ കുറ്റപ്പെടുത്തുന്നു.
മണിപ്പുരില്‍ വനിതകളെ നഗ്നരാക്കി തെരുവിലൂടെ പ്രദര്‍ശിപ്പിച്ച് പരസ്യമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം നടുക്കുന്നതും മൃഗീയവുമാണെന്ന് യുഎസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. ഇരകളോട് സഹാനുഭൂതിയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതോടൊപ്പം മണിപ്പുരിലെ മാനുഷിക ദുരന്തങ്ങള്‍ക്കു പരിഹാരം കാണാന്‍ അമേരിക്കയുടെ സഹായം വാഗ്ദാനം ചെയ്യുന്നുമുണ്ട്.
ക്രിസ്റ്റഫര്‍ നോളന്റെ ‘ഓപ്പണ്‍ഹൈമര്‍’ എന്ന ഹോളിവുഡ് ചിത്രത്തിലെ കിടപ്പറ സീനില്‍ വേണ്ടാത്തിടത്ത് കഥാനായകന് ഭഗവദ്ഗീതയില്‍ നിന്ന് സംസ്കൃത ശ്ലോകം ഉദ്ധരിക്കുന്നത് ഹിന്ദുമതവിശ്വാസത്തിനു നേരെയുള്ള അസ്വാസ്ഥ്യകരമായ ആക്രമണമാണെന്ന് ആരോപിച്ച് ആ ചിത്രത്തിന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്കിയ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കേഷനെ തന്നെ ശാസിച്ചും നോളനെ ശക്തമായി വിമര്‍ശിച്ചും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് ഠാക്കുര്‍ രംഗത്തുവന്നത് മണിപ്പുരില്‍ നിന്ന് സമൂഹമാധ്യങ്ങളുടെ ശ്രദ്ധ പതിവുപോലെ ഹിന്ദുത്വ അജന്‍ഡയിലേക്കു തിരിച്ചുവിടാനാവണം. എന്നാല്‍ മെയ്തെയ് കൂട്ടബലാത്സംഗത്തിന്റെ വീഡിയോ രാജ്യവ്യാപകമായി ഉണര്‍ത്തിയ പ്രതിഷേധ തരംഗത്തില്‍ ഠാക്കുറിന്റെ പദ്ധതി പാളി. അതേസമയം, ഓപ്പണ്‍ഹൈമര്‍ സിനിമാ പോസ്റ്ററിലെ നായകന്റെ ചിത്രത്തിനു പകരം മോദിയെ വച്ചുകൊണ്ട് ”എന്‍ഡിഎ അവതരിപ്പിക്കുന്ന മോഡണ്ഹൈമര്” എന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മോയ്ത്രായുടെ ട്വീറ്റ് ഓപ്പണ്‍ഹൈമറുടെ സംസ്കൃത ശ്ലോകത്തെക്കാള്‍ സംഘപരിവാര്‍ ആരാധകരെ ചൊടിപ്പിക്കുന്നതാണ് – വിശേഷിച്ച് ”മണിപ്പുരിന്റെ അന്തകന്‍” എന്ന ടാഗ് ലൈന്‍.