2017 മാര്‍ച്ചില്‍ ജില്ലാ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലംഘിച്ചതിന് അസാധാരണമായ ഒരു തീരുമാനത്തില്‍, സുപ്രിം കോടതി ബുധനാഴ്ച കേരള ഹൈക്കോടതിയെ ശാസിച്ചു. വൈവാവോസിയുടെ കട്ട് ഓഫ് മാര്‍ക്ക് റിക്രൂട്ട്മെന്റ് പ്രക്രിയക്ക് ശേഷം മാത്രമാണ് പ്രഖ്യാപിച്ചത്, ഭരണഘടനാ ബെഞ്ച് നിയമവിരുദ്ധമായി കണക്കാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, എഴുത്തുപരീക്ഷയും അഭിമുഖവും പൂര്‍ത്തിയാക്കിയ ശേഷം നിയമന നടപടികള്‍ ഹൈക്കോടതി പരിഷ്കരിച്ചതു മുതല്‍ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം നടന്നതായി ചൂണ്ടിക്കാട്ടി. അഭിമാനപൂരിതമായി എന്റെ അന്തരംഗം! പരമോന്നത നീതിപീഠം അതിന്റെ പരമോന്നതാധികാരം ഉപയോഗിച്ചിരിക്കുന്നു! നീണ്ട അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമെങ്കിലും നീതി നടപ്പാക്കപ്പെടുമല്ലോ അര്‍ഹരായവര്‍ ആ സ്ഥാനത്തേക്ക് വരുമല്ലോ എന്ന ആശ്വാസവും ഉണ്ടായി. (വൈകിയെത്തുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാണ് എന്ന കാര്യം തല്ക്കാലം മറക്കാനും ശ്രമിച്ചു). എന്നാല്‍ നിയമിതരായ ജഡ്ജിമാരെ അവരുടെ സ്ഥാനത്തുനിന്നും മാറ്റില്ലെന്ന പരമോന്നത നീതിപീഠത്തിന്റെ- ഭരണഘടനാ ബെഞ്ചിന്റെ- വിധി വായിച്ചപ്പോള്‍ പെട്ടെന്ന് ഓര്മ വന്നത് 1922ല്‍ കുമാരനാശാന് എഴുതിയ’ദുരവസ്ഥ’ എന്ന മഹാകാവ്യത്തിലെ വരികള്‍ ആണ്.
”ഇന്നലെചെയ്തോരബദ്ധം
മൂഢര്‍ക്കിന്നത്തെയാചാരമാകാം,
നാളത്തെ ശാസ്ത്രമതാകാം,
അതില്‍ മൂളായ്ക സമ്മതം രാജന്. ‘
2017ല്‍ ജില്ലാ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ആദ്യം പുറപ്പെടുവിച്ച ഒരു പരീക്ഷാ സ്കീമിലെ എഴുത്തുപരീക്ഷയിലും വൈവാവോസിയിലും ലഭിച്ച മൊത്തം മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തേണ്ടതെന്ന് അതില്‍ വ്യക്തമായി പറയുന്നുണ്ട്. പൊതുവിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് കട്ട് ഓഫ് മാര്‍ക്ക് 50 ശതമാനമായിരുന്നു. എസ് സി/എസ്ടി വിഭാഗത്തിലുള്ളവര്ക്ക ്ഇത് 40 ശതമാനമായിരുന്നു. വൈവാവോസിന് കട്ട് ഓഫ് മാര്‍ക്ക് ഇല്ലെന്നാണ് ഉദ്യോഗാര്‍ഥികളെ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ എഴുത്തുപരീക്ഷയും വൈവാവോസിയും പൂര്‍ത്തിയാക്കിയ ശേഷം നിയമന നടപടി മാറ്റാനുള്ള തീരുമാനം ചട്ടവിരുദ്ധമായി എന്നതാണ് ഖേദകരം. ഇത് മാര്‍ഗനിര്‍ദേശങ്ങളുടെ വ്യക്തമായ ലംഘനമായാണ് ഭരണഘടനാ ബെഞ്ച് വിലയിരുത്തിയത്. എഴുത്തുപരീക്ഷയ്ക്കും, ഇന്റര്‍വ്യൂവിനും ശേഷം നിയമനനടപടികളില്‍ മാറ്റം വരുത്തിയത് തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ച് പറയുന്നു. ഹൈക്കോടതി ചെയ്ത തെറ്റുകള്‍ അക്കമിട്ട് നിരത്തുകയും ചെയ്തു. പരീക്ഷയില്‍ ആദ്യറാങ്കുകാരായ 10 പേര് ഹൈക്കോടതിയുടെ ചട്ടവുരുദ്ധ നടപടിക്കെതിരെ നല്കിയ കേസ് തീര്‍പ്പാക്കിയാണ് പരമോന്നത കോടതി വിധി പറഞ്ഞത്. പരാതിക്കാര്‍ പറഞ്ഞത് എല്ലാം ശരിയാണെങ്കിലും നിങ്ങളെ ജോലിക്കെടുക്കാന്‍ സാധ്യമല്ലെന്നാണ് കോടതി പറഞ്ഞത്.
കാരണമാണ് വിചിത്രം. ചട്ടവിരുദ്ധ നടപടിയിലൂടെ നിയമനം ലഭിച്ചവര്‍ അഞ്ച് വര്‍ഷത്തോളമായി ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അവരെ പിരിച്ച് വിടാനാവില്ല പോലും! നിയമനപ്രക്രിയ ചട്ടവിരുദ്ധമാണെങ്കിലും, നിയമനം ലഭിച്ച ജഡ്ജിമാരെ പ്രതികൂലമായി ബാധിക്കില്ലെന്ന സുപ്രിം കോടതിയുടെ നിലപാട് കാലപ്പഴക്കം കൊണ്ട് തെറ്റുകള്‍ ശരികളായായി രൂപാന്തരപ്പെടുമെന്ന മാന്ത്രിക(ദുര്മന്ത്രിക) വിദ്യയല്ലാതെ മറ്റെന്താണ്? കൂടാതെ, ഈ ജഡ്ജിമാര്‍ക്ക് ഭാവിയില്‍ ജുഡീഷ്യല്‍ അല്ലെങ്കില്‍ മറ്റ ്പദവികളില് സേവനമനുഷ്ഠിക്കുന്നതില്‍ നിന്ന് വിലക്കില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
കാലവിളംബത്തിനു കാരണക്കാര്‍ ആരാണ്? നിയമനം നടക്കും മുന്‍പേ അനീതിക്കെതിരെ പരാതിക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചതാണ്. 25 പ്രാവശ്യമെങ്കിലും കേസ് മാറ്റി വെച്ചിട്ട് ഇപ്പോള്‍’അഞ്ചു വര്‍ഷത്തോളം ആയതിനാല്‍’ എന്ന ന്യായത്തിന് എന്ത് അര്‍ത്ഥം?
എഴുത്തുപരീക്ഷയിലെ ആദ്യ റാങ്കുകാരൊന്നും ഇല്ല. കട്ട് ഓഫ് മാര്‍ക്ക് പോലും കിട്ടാതിരുന്നവര്‍ പട്ടികയില്‍. ഇതെങ്ങനെ എന്ന് തിരക്കിയപ്പോളാണ് ഹൈക്കോടതിയുടെ അനീതി കണ്ട് അന്ധാളിച്ചത്. എഴുത്തുപരീക്ഷയുടെ മാര്‍ക്ക് പരിഗണിച്ചതേയില്ല. താല്പര്യം ഉള്ളവരെ കുത്തിക്കയറ്റാന്‍ ചെയ്ത വേല. എഴുത്തുപരീക്ഷയുടേയും വൈവയുടേയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ അന്തിമപട്ടിക തയ്യാറാക്കണം എന്നതാണ്ചട്ടം. വൈവയില്‍ 50 മാര്‍ക്കില്‍ എത്രകൊടുത്താലും എഴുത്തുപരീക്ഷയില്‍ ഏറെ പിന്നിലായ ഇഷ്ടക്കാര്‍ രക്ഷപെടില്ല. അപ്പോള്‍ ചെയ്ത കുതന്ത്രമാണ്, ആദ്യറാങ്കുകാര്ക്ക് വൈവയില്‍ മാര്‍ക്ക് വളരെ കുറച്ചു നല്‍കുകയും കട്ട് ഓഫ് നിശ്ചയിക്കുകയും ചെയ്യുക എന്നത്.
സുപ്രിം കോടതിയിലെ ന്യായാധിപന് ഈ കേസ് നിശ്ചയിക്കാതെ ഭരണഘടനാ ബെഞ്ചിന് വിട്ടത് എന്തിന്? ഇക്കാര്യത്തില്‍ എന്ത് ഭരണഘടനാ വിഷയമാണ് അന്തര്‍ഭവിച്ചിരിക്കുന്നത്?
ഭരണഘടനാ ബഞ്ച ്കേസ് അഞ്ചു വര്‍ഷത്തെ കാലതാമസം വരുത്തി ഒടുവില്‍ പരാതിക്കാര്‍ക്ക് നീതി നിഷേധിക്കുന്നത് ഒരു സാധാരണക്കാരനായ എനിക്ക് ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല. വി. മധുസൂദനന് നായര്‍ എഴുതിയ വരികള്‍:
”ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ ജാതകം
നോക്കുന്നു ദൈത്യ ന്യായാസനം”.