ഇരുപത്തിരണ്ടാം നിയമ കമ്മിഷന് ഏകീകൃത സിവില്‍ കോഡ് സംബന്ധമായ ആശയ രൂപീകരണത്തിലേക്ക് അഭിപ്രായങ്ങള്‍ ക്ഷണിച്ചിരിക്കുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി, താന്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ ഒരു സമ്മേളനത്തില്‍ ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകതയെ ഊന്നിയും സംസാരിച്ചു. ചര്‍ച്ചയ്ക്കെടുക്കേണ്ട ഒരു കരടുരൂപം ഇതുവരെ പൗരസമൂഹത്തിനു ലഭ്യമല്ലെങ്കിലും ഏകീകൃത സിവില്‍ കോഡ് എന്ന ആശയവും രാജ്യത്തിന്റെ സാംസ്കാരിക ബഹുസ്വരതയെ അത് എങ്ങനെയെല്ലാം സ്പര്‍ശിക്കും എന്ന ചിന്തയും രാജ്യമെമ്പാടും ചര്‍ച്ചയായി പടരുകയാണ്. ഭരണഘടനയിലെ നിര്‍ദേശക തത്വങ്ങളിലെ ചില സൂചനകള്‍ ആധാരമാക്കി, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന ഭരണപ്പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്കും ആശങ്കകള്‍ക്കും വഴിതുറന്നിട്ടുണ്ട്. രാമജന്മഭൂമിയിലെ രാമക്ഷേത്ര നിര്‍മാണവും ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദുചെയ്യലും, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കലുമാണ് 2014ല്‍ പ്രസിദ്ധീകരിച്ച ബിജെപിയുടെ പൊതുതിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ മൂന്ന് പ്രധാന വാഗ്ദാനങ്ങള്‍. കണ്ണിമചിമ്മും നേരത്ത് ആദ്യത്തെ രണ്ടു കാര്യങ്ങള്‍ നടപ്പിലാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ വലിയ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കാതെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന ആശങ്ക പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ഭൂരിപക്ഷം വരുന്ന പൗരസമൂഹവും പങ്കുവയ്ക്കുന്നുണ്ട്.
മുന്‍ ഉപരാഷ്ട്രപതിയും ബിജെപിയുടെ ഉന്നത നേതാക്കളിലൊരാളുമായ എം. വെങ്കയ്യ നായിഡു ജൂലൈ ഏഴാം തീയതി ‘ദ ഹിന്ദു’ ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറഞ്ഞുകൊണ്ടാണ് തന്റെ വാദങ്ങള്‍ നിരത്തുന്നത്:”It would be accurate to say that the absence of a UCC has only served to perpetuate inequalities and inconsistencies in our land of rich diversity. In fact this has been a hindrance in the Nation’s progress towards social harmony, economic and gender justice.”
നമ്മുടെ നാടിന്റെ സമ്പന്നമായ വൈവിധ്യത്തെ പുകഴ്ത്തുമ്പോഴും അത് രാഷ്ട്രപുരോഗതിക്കു വിഘാതമായും വരാം എന്ന നിലയിലാണ് വെങ്കയ്യ നായിഡുവിന്റെ ലേഖനത്തിന്റെ സൂചന നീളുന്നത്. വൈവിധ്യങ്ങളെ കോര്‍ത്തിണക്കേണ്ട അന്തര്‍ധാര ഹിന്ദുത്വ ആശയങ്ങളുടേതാണെന്ന കാര്യത്തില്‍ സംശയമേതുമില്ലാതെ സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുകയാണെങ്കില്‍ ഇതിനെക്കുറിച്ചുള്ള ആശങ്കകള്‍ അസ്ഥാനത്താകില്ല.
വൈജാത്യങ്ങളുടെയും ബഹുസ്വരതയുടെയും ഈ നാട്ടില്‍ ഏതെല്ലാം രീതിയില്‍ ഏകീകൃത സിവില്‍ കോഡ് സംബന്ധമായ നിയമനിര്‍മാണ നീക്കങ്ങള്‍ക്കു സാധ്യതയുണ്ടെന്നു പല നിയമ വിദഗ്ദ്ധരും അഭിപ്രായം പറഞ്ഞിട്ടുള്ളതാണ്. ഇതില്‍ ഭരണഘടനാ വിദഗ്ദ്ധനും നിയമപണ്ഡിതനുമായ രാജീവ് ധവാന് മൂന്നു മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നു: ഒന്നാമത്തേത്, എല്ലാ വ്യക്തിനിയമങ്ങളെയും ”കോഡിഫൈ” ചെയ്ത് മതേതരമായ ഏകീകൃത സിവില്‍ കോഡിനു കീഴില്‍ കൊണ്ടുവരിക. അതായത്, എല്ലാം മതങ്ങള്‍ക്കും സ്വീകാര്യമായ വിവാഹം, വിവാഹമോചനം, രക്ഷാകര്‍തൃത്വം, പിന്തുടര്ച്ച എന്നിവയെ സംബന്ധിക്കുന്ന നിയമങ്ങളുടെ മതേതരമായ രൂപീകരണം.
രണ്ടാമത്തേത്, മൗലികാവകാശ പരിഹാരമാര്‍ഗമാണ്. വ്യക്തിനിയമങ്ങളെ ഭരണഘടനയുടെ 13-ാം അനുച്ഛേദം അനുസരിച്ച്, മൗലികാവകാശ വ്യവസ്ഥകള്‍ അനുസരിച്ച് കോടതിയുടെ നിരീക്ഷണത്തില്‍ പരിശോധിച്ച് തുല്യതയ്ക്കു വിരുദ്ധവും അന്യായവുമായവ നിരാകരിച്ച് നീതിപൂര്വ്വകമായവ സ്വീകരിക്കുന്ന അവകാശ സംബന്ധിയായ അനുച്ഛേദങ്ങളുടെ ചൈതന്യമുള്‍ക്കൊണ്ട് മുന്നോട്ടു വരിക എന്നതാണ് കരണീയമായിട്ടുള്ളത്. മൗലികാവകാശ സംബന്ധിയായ വകുപ്പുകളില്‍, വകുപ്പ് 25(1) പ്രകാരം പൊതുക്രമസമാധാനത്തിനും പൊതുധാര്മികതയ്ക്കും പൊതുജനാരോഗ്യത്തിനും നിരക്കാത്തവ എന്ന മാനദണ്ഡം മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനുമേലുള്ള കടിഞ്ഞാണാണ്. ഇത് നിര്‍ണയിക്കുന്ന ഭരണകൂടവും ജൂഡീഷ്യറിയും മതപരമായ വൈജാത്യങ്ങളെ പരിശോധിക്കുകയും ഈ മാനദണ്ഡങ്ങള്‍ക്കു വിധേയമാവുകയും ചെയ്യുമ്പോള്‍ മേല്‍ സൂചിപ്പിച്ച മൂന്നു കാര്യങ്ങളിന്മേല് ഏത് മാനദണ്ഡമാണ് മുന്ഗണനാപ്രകാരത്തില് കൈക്കൈാള്ളുക എന്നത് നിയമപ്രശ്നമാണ്. ഏതാണ് പുരോഗതിയിലേക്കു നയിക്കുന്ന, മനുഷ്യനെ സംബന്ധിക്കുന്ന നിലപാടുകള്‍ എന്ന ചോദ്യം ഗൗരവതരമായ സൈദ്ധാന്തിക ചര്‍ച്ചകളിലേക്കു വഴിതുറക്കും.
കുറെ നിയമങ്ങള്‍ നിര്‍മിച്ച് എല്ലാവരുടേയുംമേല്‍ നല്കുന്ന, അതിനായി ഭരണഘടന ചൈതന്യം പരിശോധിക്കുന്ന, അതിനനുയോജ്യമായതു തിരഞ്ഞെടുക്കുന്ന നിയമനിര്‍മാണം എന്ന രീതിയില്‍ അതിലളിതമായ അടിസ്ഥാനമല്ല ചര്‍ച്ചകള്‍ക്കു വേണ്ടത്. ഈ രീതിയില്‍ ചര്‍ച്ചകള്‍ ഇന്നു നീങ്ങുമ്പോള്‍ അതില്‍ വന്നു ഭവിക്കാവുന്ന ചില കുരുക്കുകള്‍ ഇന്നും ഉണ്ട്. ഉദാഹരണമായി, ക്രിസ്തീയ വിവാഹം എന്ന കൂദാശ എടുക്കുക. നമ്മുടെ ചര്‍ച്ചകള്‍ പ്രകാരം, വിവാഹം നിര്‍ബന്ധമായും ആദ്യമേതന്നെ നിയമാനുസൃതമായി സ്റ്റേറ്റിന്റെ രജിസ്ട്രേഷനിലൂടെ നടക്കണം എന്ന നിയമം വന്നുവെന്നു കരുതുക (സാമൂഹ്യമായ ഉടമ്പടി എന്ന നിലയില്‍), പിന്നീട് ഇവര്‍ക്ക് മതപരമായ ചടങ്ങുകള്‍ എന്ന നിലയില്‍ സ്വേച്ഛ പ്രകാരം പള്ളിയില്‍ വിവാഹിതരാകാം എന്നതും അനുവദനീയമാണ് എന്നു കരുതുക (നിലവില്‍ ഇത് തിരിച്ചാണല്ലോ – കൗദാശികമായ ചടങ്ങുകള്‍ക്കുശേഷം ഇത് നിയമാനുസൃതമെന്ന നിലയില്‍ സ്റ്റേറ്റിനെ അറിയിച്ച് പേരുകള്‍ നല്കുന്നു). പുതിയ രീതിയില്‍ (അങ്ങനെ കരുതുക മാത്രം) വിവാഹിതരായ ദമ്പതികളില്‍ ചിലര്‍ക്ക് വീണ്ടും പള്ളിയില്‍ വന്ന് കൗദാശികമായ നിലയില്‍ വിവാഹം നടത്താന്‍ താല്പര്യമില്ലായെന്നു വയ്ക്കുക (കാരണം ഇത് സ്വേച്ഛാപരമായ കാര്യമാണല്ലോ). അങ്ങനെയുള്ളവര്‍ക്ക് മറ്റ് കൗദാശികാവകാശങ്ങള് പള്ളി നല്കുന്നില്ലായെന്നും കരുതുക (നിലവില്‍ കാനല്‍ നിയമങ്ങളുണ്ടല്ലോ ഇതു സംബന്ധിയായവ; തീര്‍ച്ചയായും നിയമപരമായ ഇളവുകളുടെ സാധ്യതകളുമുണ്ട്. എന്നിരുന്നാലും പൊതുവേ കൗദാശിക അവകാശങ്ങള്‍ക്ക് ഈ കൂട്ടര്‍ക്കു മറ്റുള്ളവരെപ്പോലെ അവകാശം ഉന്നയിക്കാനാവില്ല). കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ, സ്റ്റേറ്റിന്റെ മൗലികാവകാശ വ്യാഖ്യാനത്തില്‍ മേല്‍ സൂചിപ്പിച്ച ദമ്പതികള്‍ക്ക്, പള്ളിയിലുള്ള എല്ലാ കാര്യങ്ങളിലും സ്വേച്ഛാപരമായ തീരുമാനം എടുക്കാന്‍ അവകാശമുണ്ടെന്ന് നിശ്ചയിച്ചാല്‍ മറ്റു കൂദാശകള്‍ക്കുള്ള അവകാശമടക്കം പിന്നെ മതപരമായ അവകാശം നിശ്ചയിക്കാനുള്ള പള്ളിയുടെ തീരുമാനം അതിനു താഴെയേ വരികയുള്ളൂ. മതപരമായ അവകാശങ്ങള്‍ വ്യാഖ്യാനിക്കാന്‍ സ്റ്റേറ്റിനുള്ള അധികാരത്തിനു താഴെയേ മതങ്ങള്‍ക്ക് അവകാശം വരികയുള്ളൂ എന്ന് ഏകീകൃത സിവില്‍ കോഡിന്റെ നിര്‍മാണ ഘട്ടത്തില്‍ നിയമപരമായ അടിത്തറ പണിയപ്പെട്ടാല്‍, ഇത്തരം പ്രശ്നങ്ങള്‍, വൈരുധ്യങ്ങള്‍ എന്നിവയെ മതങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. കേവലമായ വ്യക്തിപാരമ്പര്യത്തിന്റെയും ലിംഗപദവിയുടെ തുല്യതയുടെയും പ്രശ്നമായി ഇത് ചുരുക്കി എഴുതി ക്രൈസ്തവര്‍ക്ക് ഏകീകൃത സിവില്‍ കോഡ് ബാധകമാകില്ല എന്ന നിലയില്‍ പ്രചാരണം നടത്തുന്ന ക്രൈസ്തവ ബുദ്ധിജീവി നാട്യക്കാര്‍, ഇതിന്റെ ചിന്താപരമായ അടിത്തറയില്‍ വരുന്ന വൈരുദ്ധ്യങ്ങളും മതസ്വാതന്ത്ര്യത്തിന്റെ മൗലികാവകാശ സാധ്യതകളും നന്നായി വിശകലനം ചെയ്യേണ്ടതുണ്ട്.
ചുരുക്കത്തില്‍ നല്ല നിലയിലുള്ള ഹോംവര്‍ക്ക് നടത്താതെ ഈ വിഷയത്തിലുള്ള വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രചോദിപ്പിച്ച് തെറ്റിദ്ധാരണകളും അര്‍ദ്ധസത്യങ്ങളും പരത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നു തോന്നുന്നു.
മതപരമായ അവകാശങ്ങളെ പൗരസമൂഹത്തിന്റെ അസ്തിത്വത്തിനു മീതെ സ്റ്റേറ്റിനു ചെലുത്താവുന്ന അധികാരത്തിന്റെ വ്യാപ്തിയെ, നേരത്തെ സൂചിപ്പിച്ച ഭരണഘടനയിലെ മൂന്നു മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി, ഏതറ്റം വരെയാണ് വ്യാഖ്യാനിക്കാനാകുന്നത് എന്ന ചോദ്യത്തോടെ ചര്‍ച്ചകള്‍ തുടങ്ങുന്നതും തുടരുന്നതുമായിരിക്കും ഉചിതം.