മാറാദുരന്തങ്ങളുടെ പെരുംദുരിതകാലത്തും ‘നവകേരള’ വായ്ത്താരി കൊണ്ടുമാത്രം നേട്ടങ്ങള്‍ കൊയ്തുവന്ന പിണറായി വിജയന്റെ വാഴ്ചയുടെ ഏഴാം വാര്‍ഷികം പൊലിപ്പിക്കുന്നതിന് ദേശീയ മാധ്യമങ്ങളില്‍ കോടികളുടെ ‘ദി റിയല്‍ കേരള സ്റ്റോറി’ പരസ്യപ്രചാരണം കസറുമ്പോഴാണ് അശനിപാതം പോലെ രണ്ടു കാട്ടുപോത്തുകള്‍ കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കാട്ടില്‍ നിന്നിറങ്ങിയത്. ശബരിമല വനത്തില്‍ നിന്ന് എരുമേലി കണമലയിലെ ജനവാസമേഖലയിലേക്ക് പാഞ്ഞ ഒരു പോത്ത് രാവിലെ ഒരാളെ വീട്ടുവരാന്തയിലും അയല്‍വാസിയായ വയോധികനെ റബര്‍തോട്ടത്തിലും കുത്തിവീഴ്ത്തി; കൊല്ലം ആയൂരില്‍ തലേരാത്രി ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസിയെയാണ് മറ്റൊരു കാട്ടുപോത്ത് റബര്‍തോട്ടത്തില്‍ വച്ച് ആക്രമിച്ചത്. വനാതിര്‍ത്തിയോടു ചേര്‍ന്ന മലയോരഗ്രാമങ്ങളിലെ ജനങ്ങളുടെ ഉറക്കംകെടുത്തുന്ന വന്യജീവി ആക്രമണ പരമ്പരയില്‍ ഏറ്റവും ഒടുവിലത്തെ മൂന്നു ദാരുണമരണങ്ങള്‍.
വന്യജീവികള്‍ക്കു ലഭിക്കുന്ന പരിരക്ഷ പോലും സംസ്ഥാനത്ത് മനുഷ്യജീവനു കിട്ടുന്നില്ല എന്നതില്‍ ജനങ്ങളുടെ ആകുലത പങ്കുവച്ച കേരളത്തിലെ കത്തോലിക്കാസഭാ മേലധ്യക്ഷന്മാരുടെ പ്രതികരണങ്ങള്‍ പ്രകോപനപരമാണെന്നും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണതെന്നുമുള്ള വനംമന്ത്രി എ.കെ ശശീന്ദ്രന്റെ വിലാപം പരിതാപകരമാണ്. ഏതെങ്കിലും ക്രൈസ്തവ വിഭാഗങ്ങളുടെ പ്രശ്നമായി ഇതിനെ കാണരുത്. കേരളത്തിന്റെ സമ്പദ്ഘടനയില്‍ മുഖ്യപങ്കുവഹിക്കുന്ന മലയോരകര്‍ഷകരുടെയും ആദിവാസികളുടെയും മറ്റു ജനസമൂഹങ്ങളുടെയും വിലപ്പെട്ട ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതില് ഭരണകൂടം പരാജയപ്പെടുന്നതിലുള്ള കടുത്ത ആശങ്കയും ഉത്കണ്ഠയും മെത്രാന്മാരുടെ സമിതി പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ അധികാരികള്‍ ഇത്രയും അസഹിഷ്ണുതയും അസ്വസ്ഥതയും കാണിക്കുന്നത് സ്വന്തം വീഴ്ചകള്‍ക്കു ന്യായീകരണമില്ലാത്തതിനാലാണ്. സംരക്ഷിതവനാതിര്ത്തിയോടു ചേര്‍ന്ന് ഒരു കിലോമീറ്റര്‍ പരിധിയില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി വിധി മലയോരകര്‍ഷകരുടെയും ജനസമൂഹങ്ങളുടെയും ജീവിതം അനിശ്ചിതാവസ്ഥയിലാക്കിയപ്പോഴും കൃത്യമായ നിയമനടപടികളെടുക്കാതെ പ്രശ്നങ്ങള്‍ വഷളാക്കുന്ന രാഷ്ട്രീയ നിലപാടാണ് ഈ മന്ത്രിയും സര്‍ക്കാരും സ്വീകരിച്ചത്.
കണമലയില്‍ രണ്ടു ജീവനെടുത്ത കാട്ടുപോത്തിനെ വെടിവച്ചു കൊല്ലണമെന്നാവശ്യപ്പെട്ട് എരുമേലി-പമ്പ റോഡ് ഉപരോധിച്ച പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജനവാസമേഖലയില്‍ ജനങ്ങളുടെ ജീവന് ഭീഷണിയായ വന്യമൃഗത്തെ വെടിവയ്ക്കാന്‍ കലക്ടര്‍ ഉത്തരവു നല്കിയപ്പോഴും വനം വകുപ്പ് തടസവാദം ഉന്നയിക്കുകയായിരുന്നു. അക്രമകാരിയായ കാട്ടുപോത്തിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും, വനത്തില്‍ വച്ച് അതിന് നായാട്ടുകാരുടെ വെടിയേറ്റിരുന്നുവെന്ന വിചിത്ര വാദവുമായി അവര്‍ രംഗത്തെത്തി. സിസിടിവി ദൃശ്യത്തില്‍ കണ്ടതല്ലാതെ വനപാലകര്‍ക്ക് ഈ കാട്ടുപോത്തിനെ തിരിച്ചറിയാന്‍ മറ്റൊരു തുമ്പുമില്ല. നായാട്ടുകാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൊലപാതക പ്രേരണകുറ്റത്തിന് അവര്‍ക്കെതിരെ കേസെടുക്കുമെന്നുംവരെ അവര്‍ പറഞ്ഞുവച്ചു.
കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29.1 ശതമാനം വനമാണ്. വനഭൂമിയുടെ അതിരുകള്‍ക്കുള്ളില്‍ 725 ഊരുകളിലായി ഒരുലക്ഷത്തിലേറെ ആദിവാസികളുണ്ട്. ഇതിനു പുറമെ ആദിവാസികളല്ലാത്ത അഞ്ചുലക്ഷം ആളുകളും വനഭൂമിയില്‍ പാര്‍ക്കുന്നു. വനാതിര്‍ത്തിയോടു ചേര്‍ന്ന് 223 ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പല്‍ ഭരണപ്രദേശങ്ങളിലുമായി 30 ലക്ഷം ജനങ്ങളാണ് വന്യജീവി സംഘര്‍ഷബാധിത മേഖലയില്‍ കഴിയുന്നത്. സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമായ 1,004 ഹോട്ട്സ്പോട്ടുകള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ 2020-21ലെ അഡ്മിനിസ്ട്രേഷന് റിപ്പോര്‍ട്ടില്‍ 8,017 മനുഷ്യ-വന്യജീവി സംഘര്‍ഷത്തെക്കുറിച്ചു പറയുന്നു. വന്യജീവി ആക്രമണത്തില്‍ 2021-22ല്‍ മാത്രം 144 പേര് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 1,416 പേര്‍ക്ക് പരിക്കേറ്റു. 6,621 കര്‍ഷകരുടെ കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെട്ടു. 831 പേരുടെ വസ്തുവകകളും വീടുകളും നശിപ്പിക്കപ്പെട്ടു. സംസ്ഥാനത്ത് മൂന്നു ദിവസത്തിലൊരിക്കല്‍ ഒരാള്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നു, ദിവസേന രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുന്നു എന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷം 34,875 വന്യജീവി ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിനം ശരാശരി പത്തോളം വന്യജീവി ആക്രമണമുണ്ടാകുന്നു എന്നാണ് ഇതിനര്‍ഥം.
നിലമ്പൂര്‍, വയനാട് സൗത്ത്, വയനാട് നോര്‍ത്ത് ഫോറസ്റ്റ് ഡിവിഷനുകളിലെ റേഞ്ചുകളിലാണ് ഏറ്റവും കൂടുതല്‍ സംഘര്‍ഷപ്രദേശങ്ങള്‍. 2013-2019 കാലയളവില്‍ കാട്ടാനുകളുമായി ബന്ധപ്പെട്ട 14,611 ആക്രമണങ്ങളുണ്ടായി; കാട്ടുപന്നി (5,518), കുരങ്ങ് (4,405), പാമ്പ് (2,531) എന്നിവയുടെ ആക്രമണമാണ് പിന്നെ കൂടുതലായുമുണ്ടായത്. വന്യജീവി ആക്രമണത്തില്‍ 814 വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടു; ഇവയില്‍ 420 എണ്ണം കടുവ പിടിച്ചതാണ്.
കണമലയിലും ആയൂരിലുമായി മൂന്നുപേര്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ദിവസം ചാലക്കുടിയിലിറങ്ങിയ കാട്ടുപോത്തിനെ നാട്ടുകാര്‍ തുരത്തിയതിനാല്‍ നാശനഷ്ടമൊന്നുമുണ്ടായില്ല. പിറ്റേന്ന് എറണാകുളം ജില്ലയിലെ പൂയംകുട്ടിയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ ഒരു ആദിവാസിക്ക് പരിക്കേറ്റു. കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ആദിവാസി ഇവിടെ പോത്തിന്റെ കുത്തേറ്റു മരിച്ചതാണ്. ഇതിനിടെ കണ്ണൂര്‍ കണ്ണവം വനാതിര്‍ത്തിയിലെ കോളയാട് ജനവാസമേഖലയില്‍ മുപ്പതോളം കാട്ടുപോത്തുകള്‍ കൂട്ടത്തോടെ എത്തിയത് ഭീതി പരത്തി. മണ്ണാര്‍ക്കാട് ഇടക്കുറിശ്ശിയില്‍ കാട്ടാനക്കൂട്ടം തെങ്ങില്‍ തളച്ചിരുന്ന ഒരു ഒറ്റക്കൊമ്പന് നാട്ടാനയെ ആക്രമിച്ചത് ഏതാനും ദിവസം മുമ്പാണ്. വയനാട്ടില്‍ നിന്നടക്കമുള്ള 3,500 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ചിട്ടുള്ള ആറളം ഫാം മേഖലയില്‍ നാല്പതോളം കാട്ടാനകള്‍ ഇപ്പോഴും ഭീഷണി ഉയര്‍ത്തുന്നു. എട്ടുവര്‍ഷത്തിനിടെ 14 പേരാണ് ആറളം ഫാമിലും പരിസരത്തുമായി കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വനസംരക്ഷണവും വന്യജീവിസംരക്ഷണവും അനിവാര്യമാണ്; മനുഷ്യജീവനും ഉപജീവനത്തിനും സംരക്ഷണം നല്‍കുക എന്നത് പരമപ്രധാനവും.
കാലാവസ്ഥാവ്യതിയാനവും അശാസ്ത്രീയമായ വനവല്കരണ പദ്ധതികളും വനമേഖലയില്‍ മനുഷ്യരുടെ കടന്നുകയറ്റവും മൂലം വന്യജീവികളുടെ ആവാസവ്യവസ്ഥയിലുണ്ടായിട്ടുള്ള ക്ഷതങ്ങളും കാട്ടില്‍ തീറ്റയും വെള്ളവും ലഭ്യമല്ലാതാകുന്ന അവസ്ഥയും പുതിയ മേച്ചില്പ്പുറങ്ങളിലേക്കിറങ്ങാന് അവയെ പ്രേരിപ്പിക്കുന്നു. കര്‍ണാടക, തമിഴ്നാട് വനങ്ങളില്‍ വരള്ച്ചയാകുമ്പോള് ആനകളും മറ്റും കൂട്ടത്തോടെ കേരളവനമേഖലയിലെത്താറുണ്ട്. വാഴപ്പഴവും കരിമ്പും ചക്കയും മാങ്ങയും തേങ്ങയുമൊക്കെയായി കൂടുതല്‍ രസപൂര്‍ണമായ വിഭവങ്ങളും വളര്‍ത്തുമൃഗങ്ങളും എളുപ്പത്തില്‍ ലഭ്യമായ കൃഷിയിടങ്ങളുടെയും മനുഷ്യവാസകേന്ദ്രങ്ങളുടെയും രുചിയറിഞ്ഞാല്‍ അവ തിരിച്ചുവന്നുകൊണ്ടേയിരിക്കും.
കേരളത്തില്‍ കാട്ടാനകളുടെ വര്‍ധന 63 ശതമാനമാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയ കണക്കുകള്‍ സ്ഥിരീകരിക്കുന്നു. തമിഴ്നാട്ടില്‍ 19.7 ശതമാനവും കര്‍ണാടകയില്‍ 3.5 ശതമാനവുമാണിത്. വയനാട്ടില്‍ 1,500 ആനകള്‍ ഉണ്ടാകും. അവയില്‍ പകുതിപോലും ഉള്‍ക്കൊള്ളാനുള്ള വിസ്തൃതി ആ കാടിനില്ല. 2022-ല്‍ നടത്തിയ സെന്‍സസില്‍ വയനാട്ടില്‍ 157 കടുവകളെ കണ്ടെത്തി. 1993-ല്‍ കേരളവനത്തില് കാട്ടുപോത്തുകളുടെ എണ്ണം 4,840 ആയിരുന്നു. 2023-ല്‍ അത് 21,952 ആയിട്ടുണ്ട്. കാട്ടുപന്നികള്‍ 1993-ല്‍ 40,963 ഉണ്ടായിരുന്നുവെങ്കില്‍ 2017 ആയപ്പോഴേക്കും രണ്ടു ലക്ഷം കവിഞ്ഞു. വയനാട്ടില്‍ ആനകള്‍ പെരുകുന്നതിനു പ്രതിവിധിയായി ആഫ്രിക്കന്‍ മാതൃകയില്‍ വന്ധ്യംകരണ ഇടപെടല്‍ നടത്താനും കടുവകളെ പറമ്പിക്കുളത്തേക്കു പുനരധിവസിപ്പിക്കാനും പദ്ധതി തയാറാക്കുമെന്നാണ് മന്ത്രി ശശീന്ദ്രന് ഏതാനും മാസം മുമ്പ് പ്രസ്താവിച്ചത്.
ഇപ്പോള്‍ കാട്ടുപോത്ത് ആക്രമണത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങളെ നേരിടാനായി, വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ വിളിച്ചറിയിക്കാനായി വനം വകുപ്പ് ഒരു ടോള്‍ഫ്രീ നമ്പര്‍ നല്‍കിയിട്ടുണ്ട്. വയനാട്, കണ്ണൂര്‍, ആതിരപ്പിള്ളി, ഇടുക്കി എന്നിവിടങ്ങളില്‍ റാപിഡ് റെസ്പോണ്‍സ് ഫോഴ്സിനെ നിയോഗിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് വനം വകുപ്പ് സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍ തയാറാക്കുമെന്ന് മന്ത്രി പറയുന്നു. ജനവാസകേന്ദ്രങ്ങളില്‍ നാശംവിതയ്ക്കുന്ന ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്കുന്ന കേന്ദ്ര വന്യജീവിസംരക്ഷണ നിയമത്തിലെ ഇളവ് ഒരു വര്‍ഷത്തേക്കു കൂടി നീട്ടുന്നതായും മന്ത്രി അറിയിച്ചു.
വന്യജീവികള്‍ കാടിറങ്ങുന്നതു തടയാനോ ജനവാസകേന്ദ്രങ്ങളിലെത്തുന്നവയെ തുരത്താനോ പിടികൂടാനോ ആവശ്യമായ സജ്ജീകരണങ്ങള്‍ വന്യജീവിശല്യം രൂക്ഷമായ ജില്ലകളില്‍ പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം. റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന തമിഴ്നാട്ടില്‍ നിന്നു വനത്തിലൂടെ 150 കിലോമീറ്റര്‍ നടന്ന് ബത്തേരിയിലെത്തി വീടുകള്‍ തകര്‍ക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്തിട്ട് മൂന്നു ദിവസം കഴിഞ്ഞാണ് മയക്കുവെടിവച്ച് കീഴ്പ്പെടുത്തി മുത്തങ്ങയിലെ ആനപ്പന്തിയിലേക്കു മാറ്റാന്‍ കഴിഞ്ഞത്. പ്രതിരോധ സംവിധാനങ്ങളുടെ ഭാഗമായി വനം വകുപ്പിന്റെ വിവിധ സര്‍ക്കിളുകളിലായി അനകളെ തടയാനുള്ള 511.22 കിലോമീറ്റര്‍ കിടങ്ങുകള്‍, 66.26 കിലോമീറ്റര്‍ മതില്, 2,348.14 കിലോമീറ്റര്‍ സൗരോര്‍ജ വേലി, 10 കിലോമീറ്റര്‍ റെയില്‍ വേലി, 32.40 ക്രാഷ് ഗാര്‍ഡ് റോപ് വേലി, 9.70 കിലോമീറ്റര്‍ തൂക്കുവേലി, 1.88 കിലോമീറ്റര്‍ കൂര്‍ത്തമുനയുള്ള സ്റ്റീല്‍ മതില്, 0.20 കിലോമീറ്റര്‍ ജൈവവേലി, 15.12 കിലോമീറ്റര്‍ കയ്യാല എന്നിവയുടെ കണക്കുപറയുന്നുണ്ട്. എന്നാല്‍ പലയിടത്തും പദ്ധതി പാതിവഴിയിലോ സാങ്കേതിക തകരാറിലോ ആണ്. മൃഗങ്ങളുടെ ഭക്ഷ്യസുരക്ഷയ്ക്കായി കാട്ടുമാങ്ങ, കാട്ടുചക്ക, നെല്ലി തുടങ്ങിയവ കാട്ടില്‍ നട്ടുവളര്‍ത്തുന്നതിനും വന്യമൃഗങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വനാതിര്‍ത്തിയിലെ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാനായി ഡ്രോണുകളും വാച്ച്ടവറുകളും മറ്റുമായി ഏര്‍ളി വാണിങ് സിസ്റ്റം നടപ്പാക്കാനുമായി 620 കോടിയുടെ മാസ്റ്റര്‍ പ്ലാനും ഇടയ്ക്ക് പ്രഖ്യാപിച്ചിരുന്നു.
1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ വരുന്നതാണ് ആന, കടുവ, പുലി, കാട്ടുപോത്ത് എന്നിവ. മനുഷ്യന് ഉപദ്രവമാകുന്ന ജീവികളെ മയക്കുവെടിവച്ച് ഉള്‍വനത്തിലോ മറ്റ് ആവാസവ്യവസ്ഥയിലേക്കോ മാറ്റാന്‍ മാത്രമേ സംസ്ഥാനത്തിന് അധികാരമുള്ളൂ. ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ പിടിപ്പിച്ച് പെരിയാര്‍ കടുവാസങ്കേതത്തിന്റെ ഉള്‍വനത്തില്‍ എത്തിച്ചത്, കേരള ഹൈക്കോടതിയുടെ സ്പെഷല്‍ സിറ്റിങ്ങും ഡിവിഷന് ബെഞ്ച് നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും സുപ്രീം കോടതി ഇടപെടലുമൊക്കെ കഴിഞ്ഞാണ്. മനുഷ്യ-വന്യജീവി സംഘര്‍ഷം കൈകാര്യം ചെയ്യുന്നതിന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് മറ്റൊരു വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കയാണിപ്പോള്.
വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കുന്നതു സംബന്ധിച്ച് സമഗ്രമായ ഒരു നിയമം നിലവിലില്ല. ഇതിനായുള്ള 1980-ലെ കേരള ചട്ടങ്ങള്‍ എട്ടു തവണ ഭേദഗതി ചെയ്തിട്ടുണ്ട്. വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സ്ഥായിയായി അംഗഭംഗം വന്നവര്‍ക്കു രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപയുമാണ് ധനസഹായം നിശ്ചയിച്ചിട്ടുള്ളത്. കന്നുകാലി, വിള, വസ്തു നാശത്തിന് പരമാവധി 75,000 രൂപ നഷ്ടപരിഹാരം നല്കുമെന്നു പറയുന്നു. എന്നാല്‍ നഷ്ടം വിലയിരുത്താനുള്ള മാനദണ്ഡം വ്യക്തമല്ല. നഷ്ടപരിഹാരത്തിനായുള്ള 8,231 അപേക്ഷകള്‍ നടപടി കാത്തുകിടപ്പുണ്ട്. വിള ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, എക്സ്ഗ്രേഷ്യ സഹായം, സമയബന്ധിതമായ നഷ്ടപരിഹാരം എന്നിവയ്ക്ക് പ്രായോഗികവും സുസ്ഥിരവുമായ ചട്ടങ്ങളും നിയമപരിരക്ഷയുമാണ് ആവശ്യം.
മനുഷ്യ-വന്യജീവി സംഘര്‍ഷ വിഷയത്തില്‍ ഇന്തോ-ജര്‍മന്‍ ജൈവവൈവിധ്യ പ്രോജക്റ്റിനു കീഴില്‍ 2018 ഓഗസ്റ്റ് മുതല്‍ 2022 ഫെബ്രുവരി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാവ്യതിയാന വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 14 മാര്‍ഗരേഖകള്‍ പ്രകാശനം ചെയ്തിരുന്നു. കേന്ദ്രമന്ത്രാലയത്തിന്റെ ഈ മാര്‍ഗരേഖ നടപ്പാക്കുന്ന സംസ്ഥാനങ്ങളില്‍ പക്ഷേ കേരളമില്ല. കര്‍ണാടക, ബംഗാള്‍, ഉത്തരാഖണ്ഡ് എന്നിവയാണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്റര്‍നെറ്റ് ഓഫ് തിങ്സ് സാങ്കേതികസംവിധാനത്തില്‍ ഇന്‍ഫ്രാ-റെഡ് ലൈറ്റും ക്യാമറകളും ഉപയോഗിച്ച്, വന്യമൃഗം എത്തുന്നുണ്ടോ എന്നു നിരീക്ഷിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും കംപ്യൂട്ടര്‍ വിഷന്‍ അല്ഗോറിതത്തിന്റെയും സഹായത്താല്‍ ഏത് ഇനമാണെന്നു തിരിച്ചറിഞ്ഞ് ഫ്ളാഷിങ് ലൈറ്റും മറ്റ് ഉപാധികളും – കടന്നല്‍ക്കൂട്ടത്തിന്റെ ആരവം കേള്‍പ്പിച്ചാല്‍ കാട്ടാനകള്‍ പിന്തിരിയുമ്രേത – കൊണ്ട് അവയെ തുരത്താനാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്ലൗഡ് സര്‍വര്‍ ഉപയോഗിച്ച് പ്രാദേശിക സമൂഹത്തിന് എസ്എംഎസ് സന്ദേശം വഴി മുന്നറിയിപ്പും നല്‍കാനാകും.
അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരിച്ചെത്തിക്കാന്‍ സുപ്രീം കോടതിയില്‍ കേസ് നടത്താനെന്ന പേരിലും ‘അരിക്കൊമ്പന് ഒരു ചാക്ക് അരി’ എന്ന വഴിപാട് പ്രചാരണത്തിലുമായി വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തുന്ന മൃഗസ്നേഹികളുള്ള നാട്ടില്‍, തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന മലയോരജനതയുടെ മുറവിളിയോട് എത്ര ഉദാസീനമായാണ് ‘കരുതലിന്റെ’ സര്‍ക്കാര്‍ പ്രതികരിക്കുന്നത്!
പ്രാണഭയമില്ലാതെ മലയോരമേഖലയില്‍ ജീവിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുന്നില്ലെങ്കില്‍, ലോകത്തിനു മുമ്പില്‍ കേരളത്തിന്റെ പ്രതിച്ഛായ എന്താകും? ടൂറിസ്റ്റുകള്‍ക്കും തീര്‍ഥാടകര്‍ക്കും കേരളം ഒരു പേടിസ്വപ്നമായി മാറാന്‍ അധികകാലം വേണ്ടിവരില്ല.