നാട്ടിലെ പ്രശസ്ത കുടുംബത്തിലെ അധ്യാപക ദമ്പതികളുടെ മകനായിരുന്നു ബെന്നി. വഞ്ചിപ്പുര വി.വി. ജോസഫ് മാഷേയും ഭാര്യ ത്രേസ്യാമ്മ ടീച്ചറേയും ഏറ്റം ബഹുമാനിതരായി നാട്ടുകാര്‍ കണ്ടുവന്നു. ബെന്നിയുടെ ഏക സഹോദരിയും അധ്യാപികയായി. 1980കളില്‍ എംഎ കഴിഞ്ഞപ്പോള്‍ ബെന്നിയും സ്വാഭാവികമായി അധ്യാപനത്തിലേക്കോ മറ്റേതെങ്കിലും ജോലിയിലേക്കോ തിരിയുമെന്ന് നാട്ടുകാരും ബന്ധുക്കളും കരുതി. പക്ഷേ ബെന്നി കണ്ടുവച്ചിരുന്ന വഴി വ്യത്യസ്തമായിരുന്നു. തീക്ഷ്ണയൗവനകാലത്തില് സ്വയമറിയാതെ അയാള്‍ മദ്യാസക്തിയിലേക്കു വഴുതിവീണു. അത് അതിതീവ്രമായിരുന്നു. സമയഭേദമില്ലാതെ തുടര്‍ച്ചയായി മദ്യപിക്കാനുള്ള പ്രവണത. ഈ ഘട്ടത്തില്‍ അയാളുടെ ഏക ജീവിതലക്ഷ്യം, എങ്ങനെയെങ്കിലും തനിക്കാവശ്യമുള്ള മദ്യം സമ്പാദിക്കുക എന്നതായിരുന്നു, അതു മാത്രമായിരുന്നു. വീട്ടുകാര്‍ പല തരത്തിലും പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഒടുവില്‍, ഒരു വെള്ളിടിപോലെ ആ അദ്ഭുതം നടന്നു. ആത്മപരിവര്‍ത്തനത്തിന്റെ ഒരു വെളിപാട്. ജീവിതത്തെ കാര്‍ന്നുതിന്ന അഭിശാപത്തില് നിന്ന് നിര്മുക്തിയുടെ ബോധോദയം. ആ പ്രകാശധാവള്യം ഹൃദയവിശുദ്ധിയുടെ നിറവായി, സ്നേഹപ്രവാഹമായി, കരുണാര്‍ദ്ര കടാക്ഷമായി ജീവിതമാകെ നിറഞ്ഞുവഴിഞ്ഞൊഴുകി.
കളത്തേരി ഷാപ്പും ദിവ്യബലിയും
മദ്യപാനാസക്തി വര്‍ദ്ധിച്ചതോടെ ബെന്നിക്ക് പള്ളിയും പട്ടക്കാരനും ഇല്ലാതായി. അതിരാവിലെ എഴുന്നേറ്റ് യാത്ര ചെയ്യാന്‍ സ്ഥിരമായി ഏര്‍പ്പാട് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ കയറി കുറച്ചകലെയുള്ള കളത്തേരി കള്ളുഷാപ്പിലേക്കു പുറപ്പെടും. അവിടെയപ്പോള്‍ കള്ള് ചെത്തിക്കൊണ്ടുവരികയോ അളവെടുക്കുകയോ ഒന്നും ചെയ്തിട്ടുണ്ടാകില്ല. ഷാപ്പിലെ പ്രഥമ കസ്റ്റമര്‍ക്കു വേണ്ടി ഷാപ്പുകാര് തലേദിവസത്തെ ‘മൂത്തത്’ സൂക്ഷിച്ചിട്ടുണ്ടാകും. മൂത്തതിനെ മൂക്കറ്റം സേവിച്ചുകൊണ്ടിരിക്കുമ്പോള് മതിലകം സെന്റ് ജോസഫ് ലത്തീന്‍ പള്ളിയിലെ വലിയ കോളാമ്പി മൈക്കിലൂടെ ദിവ്യബലിയുടെ ശബ്ദം ഒഴുകിയെത്തും. അതു പക്ഷേ ഒരിക്കലും ബെന്നിയുടെ ചിന്താമണ്ഡലത്തിലേക്കു കടന്നുവന്നിരുന്നില്ല. മൂത്തതു കഴിയുമ്പോള്‍ ഇളയതിന്റെ സമയമാകും. അതും കഴിഞ്ഞാല്‍ ഷാപ്പില് നിന്നിറങ്ങി നേരേ പോകുന്നത് കൊടുങ്ങല്ലൂരിലേക്കാണ്. അവിടെയുളള ബാറില്‍ ബെന്നിക്ക് പ്രത്യേക മുറിയും ഇരിപ്പിടവുമുണ്ട്. ഇനി കുടിക്കാനാകില്ലെന്നു തോന്നുന്ന ഘട്ടത്തില്‍ തിരികെ വീട്ടിലേക്കു വരും. ഇടയ്ക്ക് എവിടെയെങ്കിലും ഇറങ്ങിയാല്‍ അവിടെ കിടന്നുപോയ സന്ദര്‍ഭങ്ങളും ധാരാളം. പരസഹായമില്ലാതെ പിന്നെ എഴുന്നേല്ക്കാന് പോലും കഴിയില്ല. കാലുകളില്‍ നീരുവന്നു വീര്‍ത്തു. ഇനി തിരിച്ചുവരവ് സാധ്യമല്ലാത്ത വിധത്തില്‍ ആ യുവാവ് മദ്യത്തില്‍ മുങ്ങി.
പണത്തിന്റെ ആവശ്യം
മദ്യപാനം വര്‍ദ്ധിച്ചതോടെ മദ്യപിക്കാനുള്ള പണം സ്വയം കണ്ടെത്താനുള്ള ശ്രമമായി. ഒരു കൃഷി ഓഫീസറുടെ സഹായത്തോടെ വടക്കാഞ്ചേരിക്കടുത്തുളള പൂമലയില്‍ നിന്ന് കുരുമുളുകു കൊടികള്‍ കൊണ്ടുവന്ന് കൃഷിയാരംഭിച്ചു. അക്കാലത്ത് വീടുകളില്‍ നഴ്സറികള്‍ നടത്തുന്നവര്‍ വളരെ അപൂര്‍വമായിരുന്നു. തീരദേശഗ്രാമമായ മതിലകത്ത് കുരുമുളക് കൊടികളുടെ കൃഷി അതിനു മുമ്പ് ആരും ചെയ്തിട്ടുമില്ല. ബെന്നിയുടെ കൃഷി വലിയ വിജയമായി. കുരുമുളുകു കൊടികള്‍ക്ക് വന്‍തോതില്‍ ആവശ്യക്കാരുണ്ടായി. ലോറികളിലാണ് കൊടികള്‍ കൊണ്ടുപോയിരുന്നത്. കൂടാതെ തെങ്ങിന്‍തൈകള്‍ നട്ടുമുളപ്പിച്ച് അതും വില്ക്കാന് തുടങ്ങി. പണം ഒഴുകിയെത്താന്‍ തുടങ്ങിയതോടെ മദ്യപാനത്തിന്റെ അളവ് വര്‍ദ്ധിച്ചു. എസ്.എന്‍ പുരം കള്ളുഷാപ്പില്‍ കള്ളുചെത്തിയിരുന്ന പരിചയക്കാരനായ ഒരാള്‍ തെങ്ങില്‍ നിന്നു വീണ് നടുവൊടിഞ്ഞു കിടപ്പിലായത് ആയിടക്കാണ്. ആരും പറയാതെ അയാള്‍ക്ക് ഒരു നിശ്ചിത തുക മാസം തോറും നല്കാന് തുടങ്ങി. ”ബെന്നീ, നീ നന്നാവും” എന്നയാള്‍ എപ്പോഴും പറയുമായിരുന്നു. അതു കേള്‍ക്കുമ്പോള്‍ ബെന്നിയുടെ ഉള്ളില്‍ ചിരിവരും. വീട്ടിലെ വിശാലമായ തെങ്ങിന്‍പറമ്പില്‍ തെങ്ങുകയറ്റിക്കാന് പോകുമ്പോള്‍ ചുറ്റുപാടുള്ള പാവപ്പെട്ടവര്‍ക്ക് ഒന്നോ രണ്ടോ തേങ്ങ നല്കുന്ന പതിവും ഉണ്ടായിരുന്നതൊഴിച്ചാല്‍ മറ്റുള്ളവര്‍ എങ്ങനെ ജീവിക്കുന്നു എന്നു ചിന്തിക്കാതിരുന്ന, അതിനു സമയമില്ലാതിരുന്ന ഒരു കാലം.
അമ്മ, അമ്മച്ചി, സഹോദരി
അപ്പച്ചന് മരിച്ചു കഴിഞ്ഞപ്പോള്‍ മദ്യപാന സ്വാതന്ത്ര്യം ഒന്നു കൂടി വര്‍ദ്ധിച്ചു. അമ്മയും സഹോദരിയും ആകുന്നത്ര ഉപദേശിച്ചു. അതിനിടയിലാണ് വിവാഹം. കടുത്ത മദ്യപനാണ് മരുമകന് എന്നറിഞ്ഞപ്പോള്‍ ഭാര്യ മരിയയുടെ അമ്മ തകര്‍ന്നുപോയി. അമ്മച്ചിയെന്നാണ് അവരെ ബെന്നി വിളിച്ചിരുന്നത്. അമ്മച്ചി എപ്പോഴും കൊന്ത ചൊല്ലി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അവരുടെ വീട്ടില്‍ ചെല്ലുമ്പോഴെല്ലാം അമ്മച്ചിയുടെ കൊന്തചൊല്ലലിനെ ബെന്നി പരിഹസിക്കുമായിരുന്നു. വീട്ടുകാര്‍ നിര്‍ബന്ധിച്ച് ഒടുവില്‍ മദ്യപാനം നിര്‍ത്താനുള്ള ചികിത്സയ്ക്ക് പ്രശസ്തമായ ഒരു സ്ഥാപനത്തിലേക്കു കൊണ്ടുപോയി. ചികിത്സ കഴിഞ്ഞ് തിരിച്ചുവന്നപ്പോഴും ഒരു മാറ്റവുമില്ലായിരുന്നു. മദ്യപാനം പതിവുപോലെ തുടര്‍ന്നു, ചികിത്സ നാണിച്ച് തലതാഴ്ത്തി.
മാറ്റത്തിന്റെ അടി
ഒരു ദിവസം പതിവുപോലെ കള്ളുഷാപ്പിലെ അളവെടുപ്പു കഴിഞ്ഞ് പുറത്തേക്കിറങ്ങുകയാണ്. പള്ളിയില്‍ നിന്ന് കുര്‍ബാന കേള്‍ക്കാം. വലിയൊരു പ്രകാശം തന്റെ മുന്നില്‍ വന്നുനില്‍ക്കുന്നതുപോലെ ബെന്നിക്കു തോന്നി. വെടിക്കെട്ടിന്റെ അവസാനം വലിയ തലചക്രം കത്തിക്കുന്നതുപോലെയാണ് തോന്നിയത്. കനത്ത ഒരടിയും കിട്ടി. പ്രകാശത്തില്‍ നിന്നോ സ്വയം ഉള്ളിന്റെ ഉള്ളില്‍ നിന്നോ ഒരു ശബ്ദവും കേട്ടു: ”ഇനി നീ കുടിച്ചാല്‍ നിന്നേയും കൊണ്ടു ഞാന്‍ പോകും.” അന്ന് ബാറിലേക്കു പോകാതെ നേരെ വീട്ടിലേക്കാണു പോയത്. നന്നായി ഉറങ്ങി. എണീറ്റ് സുബോധത്തില്‍ നടന്ന കാര്യങ്ങള്‍ ആലോചിച്ചു. അതൊരു സ്വപ്നമായിരുന്നില്ലെന്നു തോന്നി. ആ ശക്തി അപ്പോഴും തന്നെ വിട്ടുപോകാതെ കൂടെയുണ്ടെന്നു തോന്നി. അപ്പോള്‍ താനൊരു തീരുമാനമെടുത്തു, ഇനി കുടിക്കില്ല. തന്റെ ഉള്ളിലെ ശക്തിയോട് ഉറപ്പും കൊടുത്തു, ഇനി കുടിക്കില്ല. പിന്നീടൊരിക്കല്‍ ബൈബിള്‍ വായിക്കുമ്പോഴാണ് യേശുവിന്റെ അനുയായികളെ വേട്ടയാടിയിരുന്ന സാവൂളിന്റെ കഥ അറിയുന്നത്. സാവൂള്‍ പൗലോസായ മാനസാന്തരത്തിന്റെ കഥ. സാവൂളിനെ മാനസാന്തരപ്പെടുത്തിയ അതേ യേശു ക്രിസ്തു തന്നെയാണ് തന്റെ ഉള്ളിലും പ്രവര്‍ത്തിച്ചതെന്ന് ബെന്നി തിരിച്ചറിഞ്ഞു. ദൈവം സജീവമാണ്.
കൊന്തചൊല്ലല്
ജപമാല ചൊല്ലാന്‍ ആരംഭിച്ചത് ആരും പറയാതെയാണ്. ഒന്നില്‍ നിന്നു തുടങ്ങി… ഇപ്പോഴതിന്റെ എണ്ണം പിടിക്കാറില്ല. അപ്പോഴെല്ലാം കൊന്ത ചൊല്ലിയിരുന്നതിന് അമ്മച്ചിയെ പരിഹസിച്ചിരുന്നതോര്ക്കും. അമ്മയും അമ്മച്ചിയും മരിക്കും മുമ്പ് മദ്യപാനം നിര്‍ത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം ചെറുതല്ല, മദ്യപിച്ചിരുന്ന കാലത്ത് അതൊന്നും തലയില്‍ കയറിയിരുന്നില്ലെന്നു മാത്രം. ഇപ്പോള്‍ പുലര്‍ച്ചെ മൂന്നേമുക്കാലിന് എണീക്കും. രണ്ടു കൊന്ത ചൊല്ലും. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ച ശേഷം വീണ്ടും കൊന്ത. അതിനു ശേഷം പള്ളിയിലേക്കു പോകും. ആദ്യം സെമിത്തേരിയില്‍ ചെന്ന് കൊന്ത ചൊല്ലും. പിന്നെ മരിച്ചവിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന എല്ലാ കുഴിമാടത്തിനു മുന്നിലും ചൊല്ലും. പള്ളിയില്‍ ദിവ്യബലിക്കു മുമ്പ് ജപമാല ചൊല്ലുമ്പോള്‍ അതില്‍ പങ്കെടുക്കും. കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തി മറ്റു പ്രവര്‍ത്തനങ്ങളിലേക്കു തിരിയും മുമ്പ് വീണ്ടും ജപമാല ചൊല്ലും. വൈകീട്ടും ഇത് ആവര്‍ത്തിക്കും.
പുള്ളിക്കാരന് പള്ളിക്കാരനായി
അള്‍ത്താര ബാലനായിരുന്ന ബെന്നി പിന്നീട് പള്ളിയുടെ പടി ചവിട്ടാതായ കാലമുണ്ടായിരുന്നു. മതപരമായ കാര്യങ്ങളിലോ സംഘടനകളിലോ അംഗമാകുകയോ സഹകരിക്കുകയോ ചെയ്തില്ല. മദ്യത്തില്‍ മുഴുകിയിരുന്നതുകൊണ്ട് മറ്റുള്ള കാര്യങ്ങള്‍ക്ക് സമയമില്ലായിരുന്നുവെന്നതാണ് സത്യം. പോള്‍ മനക്കില്ലച്ചന് മതിലകം പള്ളിയിലെ വികാരിയച്ചനായി എത്തിയ സമയത്ത് മദ്യപാനത്തില്‍ നന്നു മുക്തി നേടിയ ബെന്നി വേദോപദേശ പിടിഎയില്‍ അംഗമായിരുന്നു. കുടുംബ യൂണിറ്റുകളില്‍ വരുന്നില്ലെന്ന കാര്യം പറഞ്ഞ് പഴയ മദ്യപാന കാലത്ത് ശത്രുക്കളായിരുന്ന പലരും എതിര്‍ത്തെങ്കിലും അച്ചന് ബെന്നിയെ പാരിഷ് കൗണ്‍സിലിലേക്കു നോമിനേറ്റ് ചെയ്തു. പിന്നീട് പള്ളിയിലെ കൈക്കാരനായി ദീര്‍ഘകാലം.
ലാഷ എന്ന പേരില്‍ ഒരു സന്നദ്ധസഹായ സംഘടന അക്കാലത്ത് ഇടവകയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് നിരവധിപേര്‍ക്ക് ഭവനങ്ങള്‍ നിര്‍മിച്ചുകൊടുക്കുകയും പഴയ പല വീടുകളുടെയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തിരുന്നു. അതെല്ലാമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. അതോടെ ചുറ്റുമുള്ളവരുടെ ജീവിതത്തിലേക്ക് കണ്ണോടിക്കാന്‍ കഴിഞ്ഞു. ഒരു നേരത്തെ ആഹാരത്തിനോ മരുന്നു വാങ്ങാനോ പണമില്ലാതെ വിഷമിക്കുന്ന ധാരാളം പേര് നമ്മുടെ കണ്‍വെട്ടത്തുതന്നെ ഉണ്ടെന്നു മനസിലാക്കി. പലരും പുറത്തുപറയാനുള്ള മടി കൊണ്ട് ഇല്ലായ്മയില്‍ ജീവിതം ഹോമിക്കുന്നവരായിരുന്നു.
വീണ്ടും കൃഷിയിലേക്ക്
മദ്യപാനത്തില്‍ നിന്ന് വിടുതല്‍ നേടിയ വിവരമറിഞ്ഞ് ഒരിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ഗോപിച്ചേട്ടന് വിളിച്ചുപറഞ്ഞു, മത്സ്യകൃഷിയെന്ന പുതിയ ഇടപാട് തുടങ്ങിയിട്ടുണ്ട്. പഞ്ചായത്തില്‍ അത് കോ-ഓര്‍ഡിനേറ്റ് ചെയ്യാന്‍ ആളില്ല. നീയത് ചെയ്യണമെന്ന്. മീന്‍ വാങ്ങി കറിവച്ചു തിന്നുമെന്നല്ലാതെ അതു സംബന്ധിച്ച് ഒരു വിവരവുമില്ലായിരുന്നെങ്കിലും ആ വെല്ലുവിളി ഏറ്റെടുത്തു. ബാങ്ക് ഓഫ് ബറോഡയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനുമായി പരിചയമുണ്ടായിരുന്നു. അദ്ദേഹവുമായി സംസാരിച്ച് ഒരു പദ്ധതി തയ്യാറാക്കി. മത്സ്യകൃഷി തുടങ്ങാന്‍ ഒരു കുടുംബത്തിന് അയ്യായിരം രൂപ നാലു ശതമാനം പലിശയ്ക്ക് പേഴ്സണല്‍ ലോണ്‍ നല്‍കും. അപ്രകാരം 174 കുടുംബങ്ങളെ കണ്ടെത്തി കൂട്ടുമത്സ്യകൃഷി ആരംഭിച്ചു. ഏകദേശം അഞ്ചുകോടി രൂപയുടെ വായ്പയായിരുന്നു അത്. ആ പദ്ധതിയില്‍ ഒരു ദേശവത്കൃത ബാങ്കുമായി ധാരണയിലെത്തുന്ന ആദ്യ പഞ്ചായത്തായി മതിലകം മാറി. ആവര്‍ഷത്തെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന പുരസ്കാരം മതിലകത്തിനും ഏറ്റവും മികച്ച കോ-ഓര്ഡിനറ്റര്ക്കുള്ള പുരസ്കാരം ബെന്നിക്കുമായിരുന്നു. ഇപ്പോഴും മതിലകത്ത് മത്സ്യകൃഷി വ്യാപകമായി നടന്നുവരുന്നു. സൗജന്യ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്കാന് ബെന്നി സദാസന്നദ്ധനാണ്.
ക്ലീന്‍ സെമിത്തേരി യജ്ഞം
അപ്പച്ചന്റെയും അമ്മയുടെയും കുഴിമാടം വൃത്തിയാക്കുന്നതിനിടയിലാണ് മൊത്തം സെമിത്തേരി ഒന്നു വീക്ഷിച്ചത്. ആകെ കാടുപിടിച്ചുകിടക്കുകയായിരുന്നു. പുതിയൊരു ശവക്കുഴി എടുക്കാന്‍ പോലും ബുദ്ധിമുട്ട്. അപ്പോഴത്തെ വികാരിയച്ചന്റെ അനുവാദത്തോടെ സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കി സെമിത്തേരി ക്ലീനാക്കി. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും വീണ്ടും പുല്ലു മുളച്ചു തുടങ്ങി. സ്ഥിരമായ ഒരു സംവിധാനമില്ലെങ്കില്‍ സെമിത്തേരി കാടുപിടിക്കുന്നതു തുടരുമെന്നു ബോധ്യമായി. ഈ പള്ളികളും സ്കൂളുകളും കെട്ടിടങ്ങളും നിര്‍മിച്ച, പള്ളിക്കു വേണ്ടി സ്ഥലങ്ങള്‍ വാങ്ങിയ പൂര്‍വികരുടെ അന്ത്യവിശ്രമ സ്ഥാനങ്ങളാണ് ഇപ്രകാരം അവഗണനയില്‍ കിടക്കുന്നതെന്നത് വളരെ ദുഃഖകരമായ കാര്യമായിരുന്നു. സമാന ചിന്താഗതിക്കാരായ കുറച്ചുപേരെ കൂടെക്കൂട്ടി സെമിത്തേരി കൃത്യമായി വൃത്തിയാക്കാന്‍ തുടങ്ങി. അതിനായി ചില അമ്മമാര്‍ സന്നദ്ധരായി മുന്നോട്ടുവന്നു. അതിനിടയില്‍ മറ്റൊരു വികാരിയച്ചന് വന്നപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടിവന്നു. ”സെമിത്തേരി വിറ്റ് കാശുമേടിക്കുന്ന ചിലരുണ്ട്” എന്ന വലിയ വിമര്‍ശനം വേദനയുണ്ടാക്കിയെങ്കിലും പിന്മാറിയില്ല. ഇപ്പോഴും സെമിത്തേരി വൃത്തിയാക്കല്‍ തുടരുന്നു. പലരും ഇപ്പോഴും സഹകരിക്കുന്നു. ”ഞാന്‍ ചെയ്യുന്നത് ദൈവികമാണെങ്കില്‍ അതു തുടര്‍ന്നുകൊണ്ടേയിരിക്കും” എന്ന മദര്‍ തെരേസയുടെ വാക്കുകളാണ് പ്രചോദനം.
സാധു ജനസേവനം
ഒരു സൈക്കിളില്‍ രാവിലെ മുതല്‍ നാടുചുറ്റലാണ് ബെന്നിയുടെ പ്രധാന പരിപാടി. സഞ്ചാരം 25 – 30 കിലോമീറ്ററുകളോളം നീളും. സൈക്കിളിന്റെ ഹാന്‍ഡ്ബാറില്‍ സഞ്ചികള്‍ തൂക്കിയിട്ടിരിക്കും. അതില്‍ പലവ്യഞ്ജനസാധനങ്ങളുണ്ടാകും. പാവപ്പെട്ട കുറേപ്പേരെ സന്ദര്‍ശിക്കാനാണ് ഈ യാത്ര. മാവേലി സ്റ്റോറില്‍ നിന്ന് പലവ്യഞ്ജനങ്ങള്‍ വാങ്ങും. ഏകദേശം 150 രൂപയുടെ സാധനങ്ങളടങ്ങുന്ന കിറ്റുകളാണ് സ്ഥിരമായി വിതരണം ചെയ്യുന്നത്. 100 വീടുകളില്‍ രണ്ടു കിലോ പഞ്ചസാരയും കാല്‍കിലോ വീതം ചായപ്പൊടിയും മാസം തോറും നല്‍കും. റേഷന്‍കടവഴി അരിയും ഗോതമ്പുമെല്ലാം ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് ലഭിക്കുമെങ്കിലും കുറച്ചു വലിയ വീടുണ്ടായതിന്റെ പേരില്‍ വെള്ളക്കാര്‍ഡ് ലഭിച്ചവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. അവര്‍ക്കാണ് പഞ്ചസാരയും അരിയും ചായപ്പൊടിയുമെല്ലാം നല്‍കുന്നത്. റേഷന്‍കടയില്‍ നിന്നു കിട്ടുന്ന സാധനങ്ങള്‍ വാങ്ങാന്‍ പോലും ബുദ്ധിമുട്ടുന്നവരുമുണ്ട്. അവരെയും സഹായിക്കും. രോഗികള്‍ക്ക് മരുന്നുകള്‍ എത്തിച്ചുകൊടുക്കും. മെഡിക്കല്‍ സ്റ്റോറുകള്‍, പലചരക്ക് കടകള്‍ എന്നിവയുമായി ധാരണയായിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് അവിടങ്ങളില്‍ നിന്ന് നേരിട്ടുതന്നെ വാങ്ങാം.
വീട്ടിലേക്ക് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങി തിരിച്ചുവരുമ്പോഴും ബുദ്ധിമുട്ടനുഭവിക്കുന്ന ചിലരെ കാണുമ്പോള്‍ അതു വിതരണം ചെയ്യും. വീട്ടിലെത്തുമ്പോള്‍ സഞ്ചി മക്കവാറും കാലിയായിട്ടുണ്ടാകും.
ശരീരം പൂര്‍ണമായി തളര്‍ന്ന ഒരു മുസ് ലിം ബാലനുണ്ട്. ഏകദേശം പത്തുകൊല്ലം മുമ്പാണ് അവനെ കാണുന്നത്. ജനിച്ചപ്പോള്‍ മുതല്‍ തളര്ച്ചബാധിച്ചതാണ്. അവന്റെ വാപ്പ കൂലിപ്പണിക്കാരനാണ്. ഇല്ലായ്മക്കിടയിലും വാപ്പയും ഉമ്മയും അവനെ പൊന്നുപോലെയാണ് നോക്കുന്നത്. അവര്‍ക്ക് സ്വന്തമായി വീടില്ല. തളര്ന്നുകിടക്കുന്നതുകൊണ്ട് പ്രാഥമികകാര്യങ്ങള്‍ പോലും അവനു സ്വന്തമായി ചെയ്യാനാകില്ല. ആ വീട്ടില്‍ ടൈല്‍ വിരിക്കേണ്ടതും ഭിത്തികള്‍ ശരിയാക്കേണ്ടതും ആവശ്യമാണെന്ന് ബെന്നിക്കു മനസിലായി. എന്തു ചെയ്യണമെന്ന് ആലോചിച്ചുകൊണ്ട് വീടിനു പുറത്തിറങ്ങുമ്പോള്‍ കോണ്ട്രാക്ടര് വര്‍ഗീസ് വരുന്നു. അയാളെ വീടിന്റെ അവസ്ഥ കാിച്ചുകൊടുത്തു. അപ്പോള്‍തന്നെ വര്‍ഗീസ് തന്റെ കൈവശമുണ്ടായിരുന്ന ടൈലുകള്‍ കൊണ്ടുവന്നു. ഒരാഴ്ചയ്ക്കകം അത് പാകി. തറ തുടക്കാന്‍ അതുമൂലം എളുപ്പമായി. പെയിന്റിംഗ് ജോലി ചെയ്യുന്ന ബഷീര്‍ സൗജന്യമായി ഭിത്തി പെയിന്റ് ചെയ്തുകൊടുത്തു. അവര്‍ക്ക് ശുചിമുറി പണിയിച്ചുകൊടുത്തു.
ഇപ്പോള്‍ ആ കുടുംബത്തിന് ഒരു വീട് പണിതുകൊടുക്കാനുള്ള ശ്രമത്തിലാണ്. പലരും സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്. ഏകദേശം 25 വര്‍ഷത്തിലധികമായി ഇത്തരം സേവനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പബ്ലിസിറ്റിക്കു വേണ്ടി ഒന്നും ഇതുവരെ ചെയ്തിട്ടില്ല. മറ്റുള്ളവരെ സഹായിക്കാന്‍ താല്പര്യമുള്ള ചില സുഹൃത്തുക്കളുണ്ട്. അവരോട് കാര്യങ്ങള്‍ പറയും. അവര്‍ കഴിയുന്നത്ര സഹായം ചെയ്യും. തുടക്കത്തില്‍ സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് സഹായങ്ങള്‍ നല്‍കുന്നത് ആരംഭിച്ചാല്‍ കുറച്ചുകഴിയുമ്പോള്‍ കേട്ടറിഞ്ഞ് സഹായിക്കാനെത്തുന്നവര്‍ ധാരാളമുണ്ടെന്നാണ് അനുഭവത്തില്‍ നിന്നു മനസിലായത്. ഭാര്യയും മക്കളും നല്കുന്ന പിന്തുണ വളരെ വലുതാണ്.
ജീവിതത്തില്‍ തിരിച്ചടികള്‍ ഏല്‍ക്കുന്നവരുടെ മുന്നില്‍ എന്നും ഒരു ചോദ്യമുണ്ടായിരിക്കും, മറ്റുള്ളവര്‍ക്കു വേണ്ടി നീ എന്തു ചെയ്തുവെന്ന്. അറുപത്തിമൂന്നുകാരനായ ബെന്നിയുടെ മുന്നില്‍, നാട്ടുകാരുടെ ബെന്നിച്ചേട്ടന്റെ മുന്നില്‍, അത്തരമൊരു ചോദ്യത്തിനേ പ്രസക്തിയില്ല. ജീവിതം പ്രതിഫലേച്ഛയില്ലാതെ സേവനത്തിനായി അദ്ദേഹം ശേഷിപ്പിച്ചിരിക്കുന്നു.
ജീവിതത്തില്‍ തിരിച്ചടികള്‍ ഏല്‍ക്കുന്നവരുടെ മുന്നില്‍ എന്നും ഒരു ചോദ്യമുണ്ടായിരിക്കും, മറ്റുള്ളവര്‍ക്കു വേണ്ടി നീ എന്തു ചെയ്തുവെന്ന്. അറുപത്തിമൂന്നുകാരനായ ബെന്നിയുടെ മുന്നില്‍, നാട്ടുകാരുടെ ബെന്നിച്ചേട്ടന്റെ മുന്നില്‍, അത്തരമൊരു ചോദ്യത്തിനേ പ്രസക്തിയില്ല. ജീവിതം പ്രതിഫലേച്ഛയില്ലാതെ സേവനത്തിനായി അദ്ദേഹം ശേഷിപ്പിച്ചിരിക്കുന്നു.