കേരളം പ്രമേയമാക്കിയ രണ്ടു സിനിമകളാണ് അടുത്തിടെ റിലീസ് ചെയ്തത്. കേരള സ്റ്റോറിയും 2018ഉം. രണ്ടു സിനിമകളും നൂറു കോടി കളക്ഷനിലെത്തിയെന്നാണ് അവകാശവാദം. കേരള സ്റ്റോറി മള്‍ട്ടിപ്ലക്സ് അടക്കം 30 തീയറ്ററുകളിലാണ് കേരളത്തില്‍ റിലീസ് ചെയ്തത്. മൂന്നാം ദിവസം മിക്കവാറും തീയറ്ററുകളില്‍ നിന്നും ഒഴിവാകുകയും ചെയ്തു. ഏതെങ്കിലും പ്രതിഷേധം കാരണമല്ല, കളക്ഷന്‍ കുറവായതുകൊണ്ടു തന്നെയാണ് കേരള സ്റ്റോറി ഒഴിവാക്കിയതെന്ന് തീയറ്റര്‍ ഉടമകള്‍ പറയുന്നു. വിരലിലെണ്ണാവുന്ന തീയറ്ററുകളില്‍ മാത്രമാണ് ഇപ്പോള്‍ ഒരു പ്രദര്‍ശനമെങ്കിലും നടക്കുന്നത്.
അതേസമയം മറ്റു സംസ്ഥാനങ്ങളിലെ കളക്ഷന്‍ കൂടി കൂട്ടിയാണ് 100 കോടി ക്ലബ്ബില്‍ ചിത്രം കടന്നുവെന്നു പറയുന്നതെന്നാണ് അണിയറക്കാരുടെ അവകാശവാദം. പ്രമേയമെന്തുമാകട്ടെ, ഒരു കേരള ബേസ്ഡ് സ്റ്റോറിക്ക് അന്യ സംസ്ഥാനങ്ങളില്‍ മികച്ച കളക്ഷന്‍ കിട്ടിയെന്നത് ചെറിയ കാര്യമല്ലല്ലോ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നും സിനിമ പച്ച തൊട്ടില്ല. തമിഴ്നാട്ടില്‍ സിനിമ നിരോധിച്ചോ എന്ന് സുപ്രീം കോടതി ആരായുകയുണ്ടായി. ഇല്ല, കളക്ഷന്‍ ഇല്ലാത്തതുകൊണ്ട് തീയറ്ററുകാര് സിനിമ മാറ്റിയതാണെന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിന്റെ വിശദീകരണം.
റിലീസ് ചെയ്ത് രണ്ടാഴ്ചക്കുള്ളില്‍ 100 കോടി ക്ലബ്ബിലെത്തിയെന്നാണ് 2018 സിനിമക്കാരുടെ അവകാശവാദം. അടുത്ത കാലത്ത് ഏറ്റവും മികച്ച തീയറ്റര്‍ കളക്ഷനുണ്ടാക്കിയ സിനിമയാണ് 2018 എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ഇത്രയധികം മലയാളികള്‍ സിനിമ കണ്ടുകഴിഞ്ഞോ എന്നൊരു സംശയം മാത്രം. വേണമെങ്കില്‍ ഒരു മാസം കഴിഞ്ഞ് 100 കോടിയിലേക്ക് കയറ്റി വിട്ടാലും മതിയായിരുന്നു. നേരത്തെ പുലിമുരുകന് എന്ന സിനിമ 100 കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാള സിനിമയായി കൊട്ടിഘോഷിച്ചിരുന്നു. കുറേക്കാലം കഴിഞ്ഞ് നിര്‍മാതാവു തന്നെ കണക്കുകള്‍ തിരുത്തി. ലൂസിഫറാണ് 100 കോടിയുടെ ഹര്‍ഡില്‍സ് ചാടിക്കടന്നുവെന്ന് അവകാശമുള്ള മറ്റൊരു ചിത്രം. ഭീഷ്മപര്‍വം 75 കോടി രൂപയാണ് മൊത്തം കളക്ഷനെന്നാണ് അണിയറക്കാര്‍ പറയുന്നത്. മാളികപ്പുറം എന്ന സിനിമയ്ക്കും 100 കോടി ക്ലബ്ബിന്റെ അവകാശവാദമുണ്ട്. ഫെബ്രുവരി ആദ്യവാരത്തില്‍ റിലീസായ രോമാഞ്ചം തിയേറ്ററുകളില്‍ അപ്രതീക്ഷിത വിജയം കൊയ്തു. 50 കോടിക്ക് മുകളില്‍ സിനിമ തിയേറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
ആദ്യ രണ്ടു ദിനം കൊണ്ട് പൊന്നിയന്‍ സെല്വന് രണ്ടാം ഭാഗം 100 കോടി ക്ലബ്ബിലെത്തിയെന്നതാണ് മറ്റൊരു കണക്ക്. നാലു ദിവസം കൊണ്ട് 200 കോടിയും കളക്ഷന്‍ നേടിയത്രേ. ലോകത്താകെ 2,800 തീയറ്ററുകളിലാണ് വിവിധ ഭാഷകളിലായി ചിത്രം റീലിസ് ചെയ്തത്. പൊന്നിയന്‍ സെല്‍വന്റെ ഒന്നാംഭാഗത്തിന് 500 കോടിയായിരുന്നു കളക്ഷനെന്നും അണിയറക്കാര്‍ പറയുന്നു.
അതേസമയം 2023ലെ ഏപ്രില്‍ വരെയുള്ള കണക്കില്‍ തീയേറ്ററിലും ഒടിടിയിലുമായി റിലീസ് ചെയ്തത് 79 മലയാളം സിനിമകള്‍. ഇതില്‍ തീയേറ്ററില്‍ വിജയമായത് വിരലിലെണ്ണാവുന്നവ. ഏതാനവും ചിത്രങ്ങള്‍ സാറ്റലൈറ്റ്, ഒടിടി വഴി മുടുക്കുമുതല്‍ തിരികെ പിടിച്ചു. അന്‍പതോളം ചിത്രങ്ങള്‍ വന്‍ പരാജയമായെന്നാണ് റിപ്പോര്‍ട്ട്. ഇതുവഴി ഏകദേശം 200 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നടന്മാരുടെ സെറ്റുകളിലെ പെരുമാറ്റത്തിന്റെ പേരില്‍ നിര്‍മാതാക്കളും തീയറ്റര്‍ ഉടമകളും വിതരണക്കാരും ഒറ്റക്കെട്ടായി പ്രതിഷേധിച്ചത് ഈ കണക്കുകള്‍ പുറത്തു വന്ന ശേഷമായിരുന്നു. ശ്രീനാഥ് ഭാസിയേയും ഷെയ്ന് നിഗത്തേയും സിനിമകളില്‍ നിന്ന് താല്‍ക്കാലികമായി വിലക്കുകയും ചെയ്തു.
90 ശതമാനത്തിലധികം സിനിമകളും നഷ്ടമായിട്ടും അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്ക് കുറവില്ല. മുപ്പതോളം സിനിമകളുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. നാല്പതോളം സിനിമകള്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലുമാണ്. എല്ലാ വര്‍ക്കുകളും കഴിഞ്ഞ ചില സിനിമകള്‍ റിലീസിന് നല്ലനേരം കാത്തിരിക്കുന്നു. മലയാളത്തിലെ വമ്പന്‍ നിര്‍മാണ കമ്പനികളെല്ലാം കൈപൊള്ളി നില്ക്കുമ്പോള്, പുതിയ നിര്‍മാണ കമ്പനികളാണ് ഭാഗ്യപരീക്ഷണം നടത്താനെത്തുന്നത്. നായികയ്ക്ക് നല്കിയ പ്രതിഫലത്തുക പോലും സിനിമ റിലീസ് ചെയ്ത തിയേറ്ററുകളില്‍ നിന്ന് തനിക്ക് തിരിച്ച് ലഭിച്ചില്ലെന്ന് അടുത്തിടെ പുറത്തിറങ്ങി വന്‍ പരാജയം ഏറ്റുവാങ്ങിയ സിനിമയുടെ നിര്‍മാതാവ് പറഞ്ഞിരുന്നു.
സൂപ്പര്‍ താര ചിത്രങ്ങള്‍ പലതും എട്ടു നിലയില്‍ പൊട്ടി. ചില സിനിമകള്‍ക്ക് നല്ല അഭിപ്രായമുണ്ടായെങ്കിലും തീയറ്ററില്‍ ആളെത്തിയില്ല. നന്‍പകല്‍ നേരത്ത് മയക്കം, ഇരട്ട, തങ്കം എന്നീ ചിത്രങ്ങളെ ഈ കൂട്ടത്തില്‍ പെടുത്താം. തിയേറ്ററില്‍ പൊട്ടിയ നല്ല സിനിമകള്‍ പലതും ഒടിടയില്‍ മികച്ച അഭിപ്രായം നേടിയെന്നതും കൗതുകകരമാണ്. പ്രണയവിലാസം പോലുള്ള സിനിമകള്‍ തിയേറ്ററില്‍ വന്ന് പോയതു പോലും അറിഞ്ഞില്ല. ഒടിടിയില്‍ ഈ ചിത്രം കണ്ട് പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയും ചെയ്തു.
ലേഡീ സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ ഇപ്പോഴും ബോക്സോഫീസില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആയിഷ, വെള്ളരിപ്പട്ടണം എന്നിവ ഒരാഴ്ച പോലും തീയറ്റര്‍ തികച്ചില്ല. ഭാവന നായികയായി മടങ്ങി എത്തിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്, കുഞ്ചാക്കോ ബോബന്റെ പകലും പാതിരാവും, ആസിഫലിയുടെ മഹേഷും മാരുതിയും, നിവിന്‍ പോളിയുടെ തുറമുഖം, സുരാജ് വെഞ്ഞാറമൂടിന്റെ ഹിഗ്വിറ്റ, ഷെയ്ന് നിഗമിന്റെ കൊറോണ പേപ്പേഴ്സ് എന്നീ സിനിമകളും നിര്‍മാതാക്കളെ നിരാശപ്പെടുത്തി.
ഷൈന്‍ ടോം ചാക്കോയുടെ അടി, സുരാജിന്റെ മദനോത്സവം, ഉസ്കൂള് എന്നീ ചിത്രങ്ങള്‍ കൂടാതെ മെയ്ഡ് ഇന്‍ കാരവന്, ഉപ്പുമാവ്, താരം തീര്‍ത്ത കൂടാരം എന്നിവയും വിഷുക്കാലത്ത് തീയറ്ററിലുണ്ടായിരുന്നു. പൂക്കാലം, ബി 32 മുതല്‍ 44 വരെ എന്നിവ മികച്ച നിരൂപക ശ്രദ്ധനേടിയെങ്കിലും പ്രേക്ഷകരെ ആകര്‍ഷിച്ചില്ല. മദനോത്സവമാണ് കഷ്ടിച്ച് രക്ഷപ്പെട്ടത്.
വലിയ താരങ്ങളൊന്നുമില്ലാത്ത ശരാശരി സിനിമകളുടെ പോലും ചെലവ് നാലു കോടി രൂപയാണെന്നാണ് അറിയുന്നത്. ഇതിന്റെ പകുതി തുക പോലും തീയറ്ററില്‍ നിന്ന് തിരിച്ചുകിട്ടുന്നില്ല.