ഇന്ത്യന്‍ ജനാധിപത്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ യഥാര്‍ത്ഥ ദൗത്യമെന്താണ്? ജനസമൂഹങ്ങളെ ഭിന്നിപ്പിച്ച് വോട്ടുബാങ്കുകളായി പരിഗണിക്കുന്നതോ, ജനസമൂഹങ്ങളെ പൗരസമൂഹമെന്ന നിലയില്‍ ചേര്ത്തുനിര്ത്തുന്നതോ? ചോദ്യം പഴഞ്ചനാണ്. പക്ഷേ, കൃത്യതയുള്ള ഉത്തരങ്ങളിലൂടെ ഇപ്പോഴും ഈ പഴഞ്ചന്‍ ചോദ്യത്തിന് ജനങ്ങള്‍ മറുപടി പറയുന്നുണ്ട്.
കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പ്രചാരണ ദിനങ്ങളുടെ അന്ത്യത്തില്‍ ജാതി തിരിച്ചുള്ള അധികാരപ്പേരായിരുന്നു പ്രധാന വിഷയം. നിങ്ങളുടെ മുഖ്യമന്ത്രി വൊക്കലിഗ സമുദായക്കാരനാകണോ അതോ ലിംഗായത്തുകാരനാകണോ എന്ന ചോദ്യം റോഡ്ഷോകളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. യെദ്യൂരപ്പയെ ഒതുക്കുകയെന്നാല് ലിംഗായത്തുകളെ ഒതുക്കുകയെന്നാണര്ത്ഥമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പ്രസംഗിച്ചപ്പോള്‍, എസ്. നിജലിംഗപ്പയും വിരേന്ദ്ര പാട്ടീലും പോലുള്ള ലിംഗായത്തുകളെ കോണ്‍ഗ്രസ് ഒതുക്കിയതിന്റെ ചരിത്രം ബിജെപി ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. ചര്‍ച്ചകള്‍ ഭൂരിപക്ഷ സമുദായങ്ങളെ കേന്ദ്രീകരിച്ചാകുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ അലോസരപ്പെടുകയെന്നത് സ്വാഭാവികം.
ജസ്റ്റിസ് ഭക്തവത്സലന് കമ്മിറ്റി ഈയിടെ കര്‍ണാടകയില്‍ നടത്തിയ പഠനത്തില്‍, സംസ്ഥാനത്തെ മറ്റു പിന്നാക്ക സമുദായങ്ങളുടെ എണ്ണം 802 ആണ്. സംസ്ഥാനത്തെ ഒരു പഞ്ചായത്തിലെങ്കിലും രാഷ്ട്രീയ പ്രാതിനിധ്യമുള്ള സമുദായങ്ങളുടെ എണ്ണം 156 മാത്രം. ബാക്കി 644 പിന്നാക്ക സമുദായങ്ങള്‍ക്കും രാഷ്ട്രീയ പ്രാതിനിധ്യത്തിന് ഒരാള്‍ പോലുമില്ലെന്ന സാമൂഹിക യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ്, ഭൂരിപക്ഷ സമുദായങ്ങളുടെ പ്രീണനത്തിന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ കച്ചകെട്ടിയത്. കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടുവച്ച സര്‍വ്വതല സ്പര്‍ശിയായ, ജനാധിപത്യ സംസ്ക്കാരത്തിലൂന്നുന്ന പ്രകടനപത്രിക ചര്‍ച്ചയാകുന്നതില്‍ ഇതരപാര്‍ട്ടികള്‍ക്ക് ഏറിയ അസ്വസ്ഥതയുണ്ടായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അതുകൊണ്ടുതന്നെ ജാതി-സമുദായ കാര്‍ഡിറക്കി ജനങ്ങളെ വൈകാരികമായി ചേരിതിരിക്കാന്‍ ശ്രമങ്ങളുണ്ടായി. അതിനായുള്ള നരേറ്റീവ്സ് തയ്യാറാക്കപ്പെട്ടു. പക്ഷേ പൗരബേധമുള്ള ജനസമൂഹങ്ങള്‍ ഇത്തരം വൈകാരികതകളെ അതിജീവിക്കുമെന്ന് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു.
കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ ഭദ്രാവതി താലൂക്കിലെ കനസിനക്കാട്ടെ ഗ്രാമത്തില്‍ 1,200 വോട്ടര്‍മാരാണുള്ളത്. തങ്ങളുടെ ഗ്രാമത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടു നിങ്ങള്‍ വോട്ടു ചോദിക്കാന്‍ വന്നാല്‍ മതിയെന്ന നിലപാടോടെ, അവര്‍ വോട്ടു ബഹിഷ്ക്കരണം പ്രഖ്യാപിച്ചു.
തങ്ങളുടെ മക്കള്‍ അഞ്ചു കിലോമീറ്റര്‍ ദൂരം നടന്നാണ് എല്ലാ ദിവസവും വിദ്യാലയത്തില്പ്പോകുന്നതെന്ന് അവര്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ ഓര്‍മിപ്പിച്ചു.
നല്ല റോഡ്, കുടിവെള്ളം, വൈദ്യുതി, തൊഴില്‍ ഉറപ്പ്, ആശുപത്രി, സ്കൂള്‍: നിങ്ങള്‍ ഇതൊക്കെ ചര്‍ച്ചയാക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി ജനാധിപത്യ കടമയെപ്പറ്റി അവരെ ഉദ്ബോധിപ്പിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ജനാധിപത്യ കടമയെപ്പറ്റിയാണ് തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതെന്ന് അവര്‍ മറുപടി നല്കി. താഴെത്തട്ടിലെ സൂക്ഷ്മ ജനാധിപത്യ രാഷ്ട്രീയത്തിന്റെ പച്ചപ്പ് ഇനിയും മങ്ങിയിട്ടില്ലെന്ന് ഈ നാട് ഓര്‍മിപ്പിക്കുന്നുണ്ട്. അവര്‍ ഇനിയും തഴയപ്പെട്ടേക്കാം. പക്ഷേ അവരിലൂടെയാണ് ജനാധിപത്യത്തിന്റെ രാഷ്ട്രീയ പാഠങ്ങള്‍ കൊഴിയാതെ തുടരുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കാതെയുള്ള ഭൂരിപക്ഷ പ്രീണന രാഷ്ട്രീയം സാവകാശത്തിലാണെങ്കിലും പരാജയപ്പെടുകതന്നെ ചെയ്യും.
മണിപ്പുര്‍ ശാന്തമാകുകയാണെങ്കിലും അടിത്തട്ടില്‍ കനലുകള്‍ കെടാതെ ജ്വലിക്കുന്നുണ്ട്. ഏറെ സങ്കീര്‍ണവും നിരവധി അടരുകളുമുള്ള മണിപ്പുരിന്റെ സാമൂഹികജീവിതാവസ്ഥകളെ ശരിയായ നിലയില്‍ ജനാധിപത്യപരമായ വിധത്തില്‍ അഭിസംബോധന ചെയ്യാന്‍ ബിരേന്‍ സിങ് മന്ത്രിസഭ പരാജയപ്പെടുന്ന കാഴ്ചയാണ് മണിപ്പുര്‍ ഈ രാജ്യത്തിനു മുന്നില്‍ അവതരിപ്പിച്ചത്. മെയ്തി എന്ന പ്രബല വിഭാഗത്തിന്റെ മാത്രം പ്രതിനിധിയെന്നോണം ഒരു മുഖ്യമന്ത്രി പെരുമാറുമ്പോള്‍, വംശീയ ഉന്മൂലനം ഈ ദേശത്ത് നടമാടുമെന്ന് മണിപ്പുരിലെ സംഭവവികാസങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. വംശീയവും മതപരവും സാമൂഹികവുമായ പ്രശ്നങ്ങളെ തങ്ങള്ക്കനുകൂലമാക്കാനുതകും വിധത്തില്‍ ഭരണകൂട സംവിധാനങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്നതിന്റെ സമകാലീന തെളിവാണ് മണിപ്പുര്‍. ദേശീയ മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ പല വാര്‍ത്തകള്‍ക്കിടയിലും ചെറിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സത്യം വിളിച്ചുപറയുന്നുണ്ടായിരുന്നു.
മണിപ്പുര്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരടക്കമുള്ള കുകി വിഭാഗക്കാരുടെ ക്വാര്‍ട്ടേഴ്സ് ആക്രമിക്കപ്പെടുമ്പോള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ഭയന്ന് ഒളിവില്‍ കഴിയേണ്ടിവന്നതിന്റെ ചരിത്രം ഈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തുണ്ടാകുന്ന ഒരു കലാപത്തെ അമര്‍ച്ച ചെയ്യേണ്ട ഭരണകൂട സംവിധാനം തന്നെ കലാപത്തിന് ഇരയാകുന്നതിന്റെ ഖേദകരമായ വാര്‍ത്ത ഞെട്ടിക്കുന്നതാണ്. സര്‍ക്കാര്‍ തന്നെ വംശീയ വിദ്വേഷ പ്രചാരണത്തിന്റെ ഉറവിടമായെന്ന് ഭരണപക്ഷത്തെ അനുകൂലിക്കുന്നവര്തന്നെ തുറന്നുപറയുന്നു. അരക്ഷിതരായി മാറുന്ന ന്യൂനപക്ഷങ്ങള്‍, ഭൂരിപക്ഷാധിപത്യത്തെ ഭയക്കുകയും ചെറുക്കുകയും ചെയ്യുമ്പോള്‍ എന്തെല്ലാം സംഭവിക്കുമെന്ന് മണിപ്പുര്‍ പറയുന്നുണ്ട്. ഈ കുറിപ്പെഴുതുമ്പോള്‍, കുകി വിഭാഗമുള്‍പ്പെടുന്ന ഗോത്രസമൂഹങ്ങള്‍ തങ്ങള്‍ക്ക് പ്രത്യേകമായ ഭരണ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യം ഉന്നയിച്ചതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
ജനാധിപത്യത്തെ ഭൂരിപക്ഷാധിപത്യ ആശയങ്ങള്‍ കൊണ്ട് ഭരണകൂടത്തിന്റെ വരുതിയിലാക്കാനുള്ള താല്പര്യങ്ങള് സമൂഹത്തില്‍ അരക്ഷിതാവസ്ഥ മാത്രമാണ് ഉണ്ടാക്കാറുള്ളത്. അതാണ് ചരിത്രം പറയുന്നത്. മണിപ്പുര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് കര്‍ണാടക ചില ഉത്തരങ്ങള്‍ തരുന്നുണ്ട്. ജനാധിപത്യത്തില്‍ അവകാശങ്ങളും അധികാരവും കടമകളും എല്ലാവരുടേതുമാണോ എന്ന ചോദ്യത്തിന് കര്‍ണാടകയില്‍ ‘അതെ’ എന്ന ഉത്തരം മുഴങ്ങിനില്ക്കുന്നുണ്ട്.
പിന്കുറിപ്പ്
മതപരിവര്‍ത്തനം ചെയ്ത ദളിത് വിഭാഗങ്ങള്‍ക്ക് സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കണോ എന്ന ചോദ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ജസ്റ്റിസ് ബാലകൃഷ്ണന് കമ്മീഷന് റിപ്പോര്‍ട്ടും തയ്യാറാക്കുന്നുണ്ട്. 2023 മാര്‍ച്ച് അഞ്ചാം തീയതി നോയ്ഡയില് സമാപിച്ച വിശ്വ സംവാദ് കേന്ദ്രയുടെ കോണ്‍ക്ലേവില്‍ (ആര്‍എസ്എസ് മാധ്യമ വിഭാഗം) മതപരിവര്‍ത്തിതരുടെ സംവരണങ്ങള്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമുണ്ടായി. എന്താകും കാര്യങ്ങള്‍ എന്ന് അറിയില്ല.