ഓരോ യാനങ്ങളും നീരണിയുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ കണ്ണീരണിഞ്ഞ ഓര്‍മകളില്‍ അവര്‍ നിമഗ്നരാകും. സ്വന്തം വീടും കുടിയും ഉപേക്ഷിച്ച് ആരാധനാലയം വിട്ട് പൂര്‍വികരുടെ സ്മാരകകുടീരങ്ങളില്‍ മെഴുകുതിരി കത്തിച്ച് സന്ധ്യയോടൊപ്പം നിഴല്‍പോലെ അവര്‍ ഓരോരുത്തരായി പുതിയ താവളങ്ങളിലേക്കു നീങ്ങിയ ദിനം.
അന്‍പതാണ്ടിനിപ്പുറം അവരില്‍ പലരും, പലരുടേയും പിന്‍തലമുറയും തങ്ങള്‍ കടന്നുപോന്ന ഇടത്തിലേക്ക് ഒരിക്കല്‍ കൂടി വിരുന്നുകാരായി എത്തി.
അപ്പോഴവിടെ കൂറ്റന്‍ കപ്പല്‍ശാല ത്രിവര്‍ണ പതാക പാറിച്ച് രാജ്യത്തിന്റെ അഭിമാനമായി തലയുയുര്‍ത്തി നില്‍പ്പുണ്ടായിരുന്നു. 1976ല്‍ കപ്പശാലയില് നിര്‍മിച്ച ആദ്യ കപ്പലായ റാണി പത്മിനി നീരണിയുമ്പോള്‍ ഒരുപാട് സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടേയും കണ്ണീര്പാടുകളുമായി, എന്നാല്‍ രാജ്യത്തിനു വേണ്ടി ചെയ്ത മഹാത്യാഗത്തിന്റെ സ്മരണകളുമായി നൂറുകണക്കിനു പേര് കപ്പല്‍ശാലയ്ക്കു ചുറ്റും അണിനിരന്നിരുന്നു.
കൊച്ചി കപ്പശാലയ്ക്ക് വേണ്ടി വിട്ടുകൊടുത്ത പള്ളിയും സെമിത്തേരിയും സ്ഥിതി ചെയ്തിരുന്ന സ്ഥലം ഒന്നുകൂടി കാണുവാന്‍ പെരുമാനൂര്‍ അംബികാപുരം ഇടവകാംഗങ്ങള്‍ ഷിപ്പ്യാര്‍ഡിനുള്ളില്‍ വീണ്ടുമെത്തിയപ്പോള്‍ പലരും ഓര്‍മകളില്‍ വിതുമ്പി. തങ്ങളുടെ വീടുണ്ടായിരുന്ന സ്ഥലം, പള്ളി നിന്നിരുന്ന ഇടം, പൂര്‍വികരെ അടക്കം ചെയ്ത സെമിത്തേരി എന്നവ ഓരോരുത്തരും പരസ്പരം ചൂണ്ടിക്കാട്ടി.
കപ്പല്ശാലയ്ക്കകത്തു ഉണ്ടായിരുന്ന വരവുകാട്ട് പള്ളി പനമ്പിള്ളി നാഗറിലേക്ക് മാറ്റി സ്ഥാപിച്ചതാണ് ഇപ്പോഴത്തെ അംബികാപുരം പള്ളി. സെമിത്തേരിയില്‍ നിന്നും ഭൗതികാവശിഷ്ടങ്ങള്‍ പെട്ടികളിലാക്കി അംബികപുരത്തെക്ക് കൊണ്ടുവരികയായിരുന്നു.
അന്നത്തെ ജീവിതസാഹചര്യങ്ങളും പള്ളിയും സെമിത്തേരിയും വിട്ടു നല്‍കിയപ്പോഴുണ്ടായ മാനസിക വിഷമങ്ങളും അവര്‍ പങ്കു വച്ചു. വന്നതില്‍ രണ്ടുപേര്‍ ഷിപ്പ് യാര്‍ഡില്‍ ജോലി ചെയ്തു റിട്ടയര്‍ ചെയ്തവരായിരുന്നു. അന്നു വേദനയോടെയാണ് ഈ മണ്ണില്‍ നിന്നും വീടുകളും തൊഴിലിടങ്ങളും പള്ളിയും പള്ളിക്കൂടവും സെമിത്തരിയും വിട്ടുകൊടുത്തു ഇറങ്ങിപ്പോയതെങ്കിലും ഇപ്പോള്‍ തങ്ങള്‍ക്ക് അതിയായ അഭിമാനമുണ്ടെന്ന് വികാരി ഫാ. ജസ്റ്റിന് ആട്ടുള്ളില്‍ പറഞ്ഞു. ഇന്ത്യയുടെ അഭിമാന സ്ഥാപനമായി കൊച്ചി കപ്പല്‍ശാല തല ഉയര്‍ത്തി നില്‍ക്കുന്നത് കാണുമ്പോള്‍ തങ്ങളുടെ മുന്‍തലമുറയെ നന്ദിയോടെ ഓര്‍ക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഷം കുറഞ്ഞത് 34 കപ്പലുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട് ഇപ്പോള്‍ കൊച്ചി കപ്പല്‍ശാല. നാലായിരം കോടിയുടെ വാര്‍ഷിക വരുമാനമെന്ന നേട്ടം കൂടി സ്വന്തമാക്കിയാണ് കപ്പല്‍ശാല സുവര്‍ണ ജൂബിലി ആഘോഷിക്കുന്നത്. വിമാനവാഹിനി കപ്പലുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ലോകത്തിലെ വിരലിലെണ്ണാവുന്ന കപ്പല്ശാലകളിലൊന്ന്. ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി നിര്‍മിച്ച വിമാനവാഹിനി ഐഎന്‍എസ് വിക്രാന്ത് ആണ് അന്‍പത് വര്‍ഷത്തെ ചരിത്രത്തില്‍ നിര്‍മിച്ച ഭീമന് കപ്പല്‍. വിദേശ രാജ്യങ്ങളടക്കം കപ്പലുകള്‍ നിര്‍മിക്കാന്‍ കൊച്ചി കപ്പല്‍ശാലയെ സമീപിക്കുമ്പോള്‍ പലരും അതിനു പിന്നിലെ മഹാത്യാഗത്തെ ഓര്‍ക്കാറില്ലെന്നു മാത്രം. അക്കാലത്തെ സ്ഥലവിലപോലും ലഭിക്കാതെയാണ് മൂന്നുറു കുടുംബങ്ങള്‍ കൂടൊഴിഞ്ഞു പോയത്. ഏകദേശം നാലര ഏക്കറോളം സ്ഥലവും സെമിത്തേരിയും പള്ളിക്കും നഷ്ടമായി.
കപ്പല്‍ശാല ഫിനാന്‍സ് ഡയറക്ടര്‍ ജോസ് വി.ജെ ഷിപ്യാര്ഡിന്റെ ഉപഹാരം ഇടവക വികാരിക്ക് കൈമാറി. അംബികാപുരം പള്ളിയുടെ ജൂബിലി ഉപഹാരം ഫാ. ജസ്റ്റിന് ആട്ടുള്ളില്‍ ഫിനാന്‍സ് ഡയറക്ടര്‍ ജോസിന് സമ്മാനിച്ചു. ലിയോനാര്‍ഡ് ജോണ്‍ ചക്കാലക്കല്‍, ഫാ. സെബി വിക്ടര്‍, ജെയിംസ് അഗസ്റ്റിന്, ആന്റണി ഈരത്തറ എന്നിവര്‍ നേതൃത്വം നല്കി. കൊച്ചി കപ്പല്‍ശാല എന്നും നന്ദിയോടെ ഓര്‍ക്കുന്ന പേരാണ് പെരുമാനൂര്‍ ഇടവക എന്ന് കപ്പല്‍ ശാല ഫിനാന്‍സ് ഡയറക്ടര്‍ ജോസ് വി.ജെ പറഞ്ഞു. ഈ ഇടവക ജനങ്ങള്‍ സെമിത്തേരി മാറ്റി സ്ഥാപിക്കാന്‍ തയ്യാറായതാണ് കപ്പല്‍ ശാലയുടെ നിര്‍മാണം എളുപ്പത്തിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു