ഉണ്ണിക്കിനാക്കളുടെ തമ്പുരാന് സിപ്പി പള്ളിപ്പുറത്തിന് ആയിരം പൂര്‍ണചന്ദ്ര ദര്‍ശനത്തിന്റെ ശതാഭിഷേക നിറവ്. മലയാള ബാലസാഹിത്യത്തിന്റെ അദ്വിതീയ ധ്രുവദീപ്തിയില്‍ മിന്നിതിളങ്ങുന്ന ഒരായിരം കുട്ടിക്കഥകളും കവിതകളും സരോപദേശ സല്ലാപങ്ങളും മനംതുടുപ്പിക്കുന്ന മാസ്മരിക മന്ത്രണങ്ങളുമൊക്കെയായി തലമുറകളുടെ ഹൃദയം കവര്‍ന്ന എഴുത്തുകാരന്. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാര്‍ഡുകള്‍ ഉള്‍പ്പെടെ സാഹിത്യലോകത്തെ നിരവധി സമുന്നത അംഗീകാരങ്ങള്‍ നേടിയ സിപ്പി പള്ളിപ്പുറം മലയാളക്കരയില്‍ അങ്ങോളമിങ്ങോളം സാഹിത്യ കളരികളിലെ രസക്കൂട്ടുകളുടെ മുഖ്യസൂത്രധാരന്‍ കൂടിയാണ്. ഏറ്റവും കൂടുതല്‍ മൊഴിമാറ്റപ്പെടുന്ന ഈടുറ്റ മലയാള ബാലസാഹിത്യ സൃഷ്ടികളുടെ പട്ടികയില്‍ നിരവധി സിപ്പി ക്ലാസിക്കുകളുണ്ട്. അദ്ദേഹത്തിന്റെ ഇരുന്നൂറിലേറെയുള്ള പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലറുകളുമാണ്. മേയ് 18ന് എണ്പതു വയസ്സിന്റെ സുകൃതപുണ്യങ്ങള്ക്കു നന്ദിയര്‍പ്പിക്കുന്ന എഴുത്തുകാരന് ജീവനാദവുമായി സംവദിക്കുന്നു.
ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്….!
വായനയോട് ചെറുപ്പം മുതലേ താല്പര്യമുണ്ടായിരുന്നു. ഒരു പെസഹാവ്യാഴാഴ്ച ദിവസം, പുറത്തു കളിക്കാനൊന്നും പോകാന്‍ പറ്റുമായിരുന്നില്ലല്ലോ. വായിക്കാന്‍ വല്ലതുമുണ്ടോയെന്ന് അടുത്ത വീട്ടിലെ ടോമിച്ചേട്ടനോടു ചോദിച്ചു. സ്കൂളില്‍ എന്റെ സീനിയറായി പഠിക്കുന്നയാളാണ്. സ്കൂള്‍ ലൈബ്രറിയില്‍ നിന്നെടുത്ത ഒരു പുസ്തകമുണ്ട്, അതുതരാമെന്ന് അദ്ദേഹം പറഞ്ഞു. പുസ്തകം കിട്ടിയപ്പോള്‍ അതിന്റെ ടൈറ്റില്‍ വായിക്കാന്‍ പോലും ബുദ്ധിമുട്ടി. ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്’ എന്നാണ് പുസ്തകത്തിന്റെ പേര്. പക്ഷേ വായിച്ചുതുടങ്ങിയപ്പോള്‍ പുസ്തകം നിലത്തുവയ്ക്കാന്‍ കഴിഞ്ഞില്ല. അത്ര മനോഹരമായി എഴുതിയിരിക്കുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ ആണ് എഴുത്തുകാരന്. അതോടെ ബഷീറിന്റെ കിട്ടാവുന്ന രചനകളൊക്കെ വായിച്ചു. പിന്നീട് തകഴി, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, ഉറൂബ്, ഡി.എം. പൊറ്റക്കാട്, എസ്.കെ. പൊറ്റെക്കാട്ട് തുടങ്ങിയവരുടെ കൃതികളിലേക്കു കടന്നു. അവിടന്ന് ലോക ക്ലാസിക് കൃതികളിലേക്കും. സ്കൂള്‍ പഠനകാലത്തു തന്നെ നിരവധി ക്ലാസിക്കുകള്‍ വായിച്ചു. മിഖായേല്‍ ഷോലോഖോവിന്റെ ‘ഡോണ്‍ ശാന്തമായി ഒഴുകുന്നു’വൊക്കെ അന്ന് വായിച്ചതാണ്.
കേരളടൈംസ് എന്ന വലിയ തട്ടകം
സ്കൂള്‍ അധ്യാപകനായി ജോലി ചെയ്യുമ്പോഴും വായനയിലും എഴുത്തിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. കേരള ടൈംസ് പത്രമായിരുന്നു എന്നെപ്പോലെയുള്ള നിരവധി പുതുമുറക്കാരുടെ ആശ്രയം. കേരള ടൈംസില്‍ എഴുതുക മാത്രമല്ല, പിന്നീട് അതിന്റെ പ്രത്യേക പതിപ്പുകളില്‍ പലതിന്റേയും ചുമതല വഹിക്കുകയും പ്രസിദ്ധമായ സാഹിത്യക്യാമ്പുകള്‍ പലതും സംഘടിപ്പിക്കുകയും ചെയ്തു. കേരള ടൈംസിലും ഞായറാഴ്ച പതിപ്പായ സത്യനാദത്തിലും ചെറുകഥകളും നോവലുകളും എഴുതി. ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അന്നെഴുതിയ ‘വേഴാമ്പല്‍’ എന്ന നീണ്ടകഥ ചെറിയ വിവാദം സൃഷ്ടിച്ചു. സമുദായത്തിലെ ഉന്നതനായ ഒരു വ്യക്തിക്ക് അത് തന്റെ കുടുംബത്തെകുറിച്ച് എഴുതിയതാണെന്ന തോന്നലുണ്ടായി. അദ്ദേഹം അന്ന് കേരളടൈംസിന്റെ മാനേജിംഗ് എഡിറ്ററായിരുന്ന മോണ്‍. ജോര്‍ജ് വെളിപ്പറമ്പിലിനോട് പരാതി പറയുകയുമൊക്കെ ഉണ്ടായി.
വാര്‍ഷിക പതിപ്പിന്റെ ചാര്‍ജ് അന്ന് നടുവില്‍മഠം ശങ്കരനാരായണ അയ്യര്‍ക്കായിരുന്നു. അദ്ദേഹമെന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പീറ്റര്‍ലാല്‍, സെബാസ്റ്റ്യന്‍ പോള്‍, ജോസഫ് കുട്ടംപറമ്പില്‍, സി.എല്‍. ജോര്‍ജ്, എം.എല്‍. ജോസഫ്, ടി.എ പീറ്റര്‍ തുടങ്ങിയ പ്രഗല്ഭരാണ് അന്ന് എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ബാലചന്ദ്രന് ചുള്ളിക്കാട്, പി. രമ, തോമസ് ജോസഫ്, സെബാസ്റ്റ്യന്‍ പള്ളിത്തോട്, എം.ആര് മനോഹരവര്‍മ്മ, മധുവര്‍മ്മ, എം.എല്‍ മാത്യു, ജോര്‍ജ് ജോസഫ് കെ, മോഹന്‍ മംഗലത്ത്, ജോസ് ഗോതുരുത്ത് തുടങ്ങി നിരവധി എഴുത്തുകാര്‍ക്ക് അവസരം നല്‍കിയത് കേരള ടൈംസായിരുന്നു.
കുട്ടികള്‍ക്കു വേണ്ടി പുഷ്പവാടി എന്നൊരു പ്രത്യേക കോളവും യുവാക്കള്‍ക്കു വേണ്ടി യുഗപ്രതിഭ എന്ന കോളവും ഉണ്ടായിരുന്നു. ഇന്ന് വ്യാപകമായ ക്വിസ് പരിപാടിക്കു തുടക്കം കുറിച്ചത് കേരള ടൈംസായിരുന്നു. കുട്ടികളുടെ വിശേഷാല്‍ പ്രതി ഇറക്കുന്നതിന്റെ ചുമതല എനിക്കായിരുന്നു. സുമംഗല, മാലി, റോസ് സി.ആര്, പി. നരേന്ദ്രനാഥ്, കെ.വി രാമനാഥന് എന്നിവരൊക്ക അതില്‍ എഴുതിയിരുന്നു. യുവാക്കള്‍ക്കായി സാഹിത്യക്യാമ്പുകളും വര്‍ഷംതോറും സംഘടിപ്പിച്ചിരുന്നു. അതിന്റെ പ്രധാന ചുമതല വെളിപ്പറമ്പില്‍ അച്ചന് എന്നെയാണ് ഏല്പിച്ചിരുന്നത്. സഹായിയായി ജോസഫ് പനക്കലും ഉണ്ടായിരുന്നു. ജാതിയും മതവുമൊന്നും നോക്കാതെയാണ് അന്ന് കേരള ടൈംസ് എഴുത്തുകാരെയും യുവാക്കളെയും പ്രോത്സാഹിപ്പിച്ചിരുന്നത്.
വൈലോപ്പിള്ളിയും വൈക്കവും
സാഹിത്യക്യാമ്പ് സംഘടിപ്പിച്ചിരുന്നത് മഞ്ഞുമ്മല്‍ കര്‍മലീത്താ സമൂഹത്തിലെ അച്ചന്മാര് പുറത്തിറക്കിയിരുന്ന ‘ചെറുപുഷ്പം’ മാസികയുമായി സഹകരിച്ചായിരുന്നു. ഒസിഡിക്കാരുടെ ആസ്ഥാനമായ മഞ്ഞുമ്മല്‍ കൊവേന്തയിലായിരുന്നു പരിപാടി. ഒരിക്കല്‍ പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോനെയെയാണ് ഉദ്ഘാടകനായി തീരുമാനിച്ചത്. അദ്ദേഹത്തെ ക്ഷണിക്കാന്‍ എന്നെ ചുമതലപ്പെടുത്തി. തൃശൂരില്‍ ദേവസ്വം ക്വാര്‍ട്ടേഴ്സിലാണ് അദ്ദേഹം താമസിച്ചിരുന്നത്. സാഹിത്യ പരിപാടിക്കു ക്ഷണിക്കാന്‍ വന്നതാണെന്നു പറഞ്ഞപ്പോള്‍ തനിക്കു തീരെ താല്പര്യമില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. പലരും വലിയ കാര്യമായി ക്ഷണിച്ചുകൊണ്ടുപോകും, പരിപാടി കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞുനോക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഭവം. ഞാന്‍ കുറേനേരം അദ്ദേഹത്തോട് സംസാരിച്ചുനിന്നു. മഞ്ഞുമ്മല്‍ അച്ചന്മാരുടെ ആസ്ഥാനത്താണ് പരിപാടി നടക്കുന്നതെന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് താല്പര്യമായി. ”എന്നാല്‍ 50 രൂപ ടെലിഗ്രാം മണിയോര്‍ഡര്‍” അയച്ചോളാന്‍ പറഞ്ഞു. എനിക്കും വലിയ സന്തോഷമായി. കാരണം, അന്നത്തെ ഏറ്റവും പ്രശസ്തനായ കവികളിലൊരാളാണ് വൈലോപ്പിള്ളി. അദ്ദേഹത്തെപോലൊരാള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുക എന്നതുതന്നെ വലിയ കാര്യമാണ്. പരിപാടിക്കെത്തിയ വൈലോപ്പിള്ളി കൃത്യസമയത്ത് തന്നെ ഒഴിവാക്കണമെന്ന നിബന്ധനയും വച്ചിരുന്നു. ക്യാമ്പില്‍ എത്തി പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ അദ്ദേഹംതന്നെ നിബന്ധന തെറ്റിച്ചു. വളരെ നേരം ക്യാമ്പില്‍ ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
മറ്റൊരിക്കല്‍ പ്രശസ്ത സാഹിത്യകാരനായ വൈക്കം ചന്ദ്രശേഖരന് നായരെയാണ് ഉദ്ഘാടനത്തിനു ക്ഷണിച്ചത്. എന്നാല്‍ ഉദ്ഘാടന ദിവസമായപ്പോള്‍ അദ്ദേഹം എവിടെയുണ്ടെന്ന് ഒരു അറിവും ലഭിച്ചില്ല. അന്ന് കമ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ വളരെ കുറവായിരുന്നല്ലോ. ഞാന്‍ തന്നെ അദ്ദേഹത്തെ അന്വേഷിച്ചു പുറപ്പെട്ടു. എറണാകുളത്ത് അദ്ദേഹത്തിന്റെ സ്ഥിരം താവളങ്ങളിലും സുഹൃത്തുക്കളുടെ അടുത്തൊന്നുമില്ല. ആരോ പറഞ്ഞു, ഒരു നാടകവുമായി ബന്ധപ്പെട്ട് ടൗണ്ഹാളിലുണ്ടെന്ന്. അവിടെ ചെന്നപ്പോള്‍ അദ്ദേഹം അവിടെയുണ്ട്. പക്ഷേ, ഒരു പ്രശ്നം: അദ്ദേഹം എഴുതിയ നാടകത്തിന്റെ ആദ്യ അവതരണം നടക്കാന്‍ പോകുകയാണ്. ഞാനാകെ വിഷമിച്ചു. അദ്ദേഹം ഉടനെ നാടക പരിപാടി ഉപേക്ഷിച്ച് എന്നോടൊപ്പം വരാന്‍ തയ്യാറായി. അദ്ദേഹത്തിന്റെ മോറിസ് മൈനര്‍ കാറില്‍ തന്നെ ഞങ്ങള്‍ തിരിച്ചു. കൃത്യസമയത്ത് ക്യാമ്പ് ഉദ്ഘാടന വേദിയിലെത്തി. ഉജ്വലമായൊരു പ്രസംഗമായിരുന്നു അന്നത്തേത്.
കുട്ടികളുടെ ലോകത്തിലേക്ക്
കേരള ടൈംസിന്റെ കുട്ടികളുടെ പതിപ്പിന്റെ ചുമതലയൊക്കെ എനിക്കുണ്ടായിരുന്നല്ലോ. എഴുത്തില്‍ ചെറുകഥയും കഥാപ്രസംഗവും നോവലുമൊക്കെ ഉണ്ടായിരുന്നു. എനിക്ക് ബാലസാഹിത്യത്തില്‍ നല്ല ഭാവിയുണ്ടെന്ന് തിരിച്ചറിഞ്ഞത് ടാറ്റാപുരം സുകുമാരന്‍, ടികെസി വടുതല, സി.പി. ശ്രീധരന് എന്നിവരൊക്കെയായിരുന്നു. ബാലസാഹിത്യത്തില്‍ ഫോക്കസ് ചെയ്യാന്‍ എന്നെ ഉപദേശിച്ചതും അവരായിരുന്നു.
1967 കാലത്താണ്, പൂമ്പാറ്റ എന്നൊരു ബാലപ്രസിദ്ധീകരണം അന്നുണ്ടായിരുന്നു. പി.എ വാര്യര്‍ ആയിരുന്നു അതിന്റെ എഡിറ്റര്‍. അതില്‍ ‘മിന്നാമിനുങ്ങ്’ എന്ന എന്റെ നോവല്‍ പ്രസിദ്ധീകരിച്ചുവന്നു. എഴുത്തിനുള്ള എന്റെ ആദ്യ പ്രതിഫലം ലഭിച്ചത് പൂമ്പാറ്റയില്‍ നിന്നായിരുന്നു: നൂറു രൂപ. പിന്നീട് പൂമ്പാറ്റ പ്രസിദ്ധീകരണം നിലയ്ക്കുകയും കുറേക്കാലത്തിനു ശേഷം പൈ ആന്‍ഡ് കമ്പനി അത് ഏറ്റെടുക്കുകയും ചെയ്തപ്പോള്‍ പ്രധാന എഴുത്തുകാരില്‍ ഒരാള്‍ ഞാനായിരുന്നു. അതില്‍ കഥാപ്രസംഗങ്ങള്‍, കഥകള്‍ എന്നിവയൊക്കെ എഴുതുമായിരുന്നു. ഈ കഥാപ്രസംഗങ്ങളും കഥകളുമൊക്കെ സ്കൂള്‍ യുവജനമത്സരവേദികളില് ധാരാളം അവതരിപ്പിക്കപ്പെടുകയും സമ്മാനാര്‍ഹമാകുകയും ചെയ്തു. എന്‍.എം മോഹനനായിരുന്നു പുതിയ പൂമ്പാറ്റയുടെ എഡിറ്റര്‍. അതില്‍ ശാരിക എന്ന പേരില്‍ ഞാന്‍ സ്ഥിരം പംക്തി കൂടി തുടങ്ങി. ആ കഥകള്‍ ഡിസി ബുക്സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. അപ്പൂപ്പന്താടിയുടെ സ്വര്‍ഗയാത്ര, അമ്മൂമ്മയുടെ അദ്ഭുതനാണയം, നെയ്യപ്പത്തിന്റെ ലോകസഞ്ചാരം, സ്വര്ണഞാവല്പ്പഴങ്ങള് തുടങ്ങിയ പുസ്തകങ്ങള്‍ ഈ കഥകളുടെ സമാഹാരങ്ങളാണ്. ഇപ്പോഴും വിപണിയില്‍ ഈ പുസ്തകങ്ങള്‍ സജീവമായുണ്ട്.
വേദനയായി കുഞ്ഞുണ്ണിമാഷിന്റെ പുസ്തകം
കുഞ്ഞുണ്ണി മാഷുമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. എന്നെ വളരെയധികം സ്വാധീനിച്ചിട്ടുള്ള എഴുത്തുകാരില്‍ ഒരാളാണ് അദ്ദേഹം. കേരള ടൈംസിന്റെ സാഹിത്യക്യാമ്പില്‍ അദ്ദേഹം സഹകരിച്ചിരുന്നു. എന്തെങ്കിലും പരിപാടികള്‍ക്ക് എറണാകുളത്തേക്കു പോകുമ്പോള്‍ മാഷ് എന്റെ വീട്ടില്‍ വന്നിട്ടേ പോകൂ. അതുപോലെ തൃശൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍ എന്തെങ്കിലും പരിപാടി എനിക്കുണ്ടെങ്കില്‍ മാഷെ കാണാതെ പോകാറില്ല. ഒരിക്കല്‍ ഒരു പ്രസാധകന് ഞാന്‍ വഴി കുഞ്ഞുണ്ണിമാഷിന്റെ പുസ്തകം പ്രസിദ്ധീകരിച്ചു. മാഷ് കവിതകളെല്ലാം കൊടുത്ത് കുറേക്കാലം കഴിഞ്ഞാണ് ആ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത്. ഒരു വ്യാഴാഴ്ച ദിവസം എന്റെ വീട്ടില്‍ ഈ പുസ്തകത്തിന്റെ കുറച്ചു കോപ്പികളും കുഞ്ഞുണ്ണിമാഷ്ക്കുള്ള ഒരു ചെക്കും പ്രസാധകന് അയച്ചുതന്നു. അടുത്തയാഴ്ച കുഞ്ഞുണ്ണിമാഷിനെ നേരില്‍ കാണുമ്പോള്‍ കൊടുക്കാമെന്നു കരുതി. ഞായറാഴ്ച ഞാനൊരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കേ ടിവി ചാനലുകാര് വന്ന് കുഞ്ഞുണ്ണിമാഷെകുറിച്ച് എന്തെങ്കിലും പറയാമോ എന്നു ചോദിച്ചു. ഞാനവരോടു ചോദിച്ചു: എന്തേ, ഇപ്പോഴെന്താ വിശേഷം? അപ്പോള്‍ അവര്‍ പറഞ്ഞാണ് അറിയുന്നത് കുഞ്ഞുണ്ണി മാഷ് മരിച്ചവിവരം. ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. അതിനു പുറമേ, മാഷിനു പുസ്തകം എത്തിച്ചുകൊടുക്കാന്‍ സാധിച്ചില്ലല്ലോ എന്ന കുറ്റബോധവും. ഞാന്‍ വലപ്പാട് മാഷിന്റെ വീട്ടിലേക്കു പോയി. അവിടെ ടി.എന്‍. പ്രതാപന് എംഎല്‍എ, ബാലചന്ദ്രന് വടക്കേടത്ത്, അക്ബര്‍ കക്കട്ടില്‍ എന്നിവരൊക്കെയുണ്ടായിരുന്നു. ഞാന്‍ എന്റെ വിഷമം പറഞ്ഞു. അവര്‍ പറഞ്ഞു: സിപ്പി സാറ് വിഷമിക്കേണ്ട… പുസ്തകങ്ങള്‍ കുഞ്ഞുണ്ണി മാഷിന്റെ കാല്ക്കല് വച്ച് നമസ്ക്കരിച്ചാല്‍ മതി. ഞാനങ്ങനെ ചെയ്തു. എനിക്കു വലിയ മനസമാധാനവും ലഭിച്ചു. കുഞ്ഞുണ്ണി മിഠായി എന്നായിരുന്നു ആ സചിത്ര പുസ്തകത്തിന്റെ പേര്.
റേഡിയോയില്‍ കേട്ട ചെണ്ട വിശേഷം
കേരള സാഹിത്യ അക്കാദമിയാണ് എന്റെ ‘ചെണ്ട’ എന്ന ബാലസാഹിത്യ സമാഹാരം പുറത്തിറക്കിയത്. പതിനായിരം കോപ്പിയാണ് അന്നത് അച്ചടിച്ചത്. ഇന്നത്തെ കാലത്ത് പല കാരണങ്ങള്‍ പറഞ്ഞ് പ്രസാധകര് പുതിയ എഴുത്തുകാരുടെ പ്രസിദ്ധീകരണങ്ങളുടെ 500 കോപ്പിയാണ് ശരാശരി അടിക്കുന്നതെന്നോര്ക്കണം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് അക്കാദമിയുടെ സില്‍വര്‍ ജൂബിലിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ ചെണ്ട പ്രകാശനം ചെയ്തത്.
ഒരു ദിവസം ഞാന്‍ വെള്ളമെടുക്കാന്‍ പൈപ്പിന് ചുവട്ടിലേക്കു പോകുമ്പോള്‍ സുഹൃത്തായ അലോഷ്യസ് മാസ്റ്റര്‍ തിടുക്കത്തില്‍ നടന്നുവന്ന് ചെണ്ടയ്ക്ക് അവാര്‍ഡു കിട്ടിയല്ലോ എന്നു പറഞ്ഞു. ഞാന്‍ അത് അറിഞ്ഞിരുന്നില്ല. വിശദമായി ചോദിച്ചപ്പോഴാണ്, എന്‍സിഇആര്‍ടിയുടെ ദേശീയ പുരസ്കാരം എന്റെ ചെണ്ടയ്ക്കാണെന്ന് വൈകീട്ടത്തെ ആകാശവാണി വാര്ത്തയിലുണ്ടായിരുന്നുവെന്ന് മനസിലായത്. കൂടുതല്‍ വിവരങ്ങളറിയാന്‍ മാര്‍ഗമുണ്ടായിരുന്നില്ല. പിറ്റേദിവസത്തെ പത്രത്തില്‍ എന്‍സിഇആര്‍ടിയുടെ ബാലസാഹിത്യത്തിനുളള ദേശീയ പുരസ്കാരം (1985) സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉണ്ടായിരുന്നു. പുരസ്കാരത്തിനുള്ള അപേക്ഷ അക്കാദമി നേരിട്ട് നല്കിയതായിരുന്നു. എഴുത്ത് തുടങ്ങിയ കാലത്ത് എന്നെങ്കിലും കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ ആദ്യം ലഭിച്ചത് ദേശീയ പുരസ്കാരമായിരുന്നു. പിന്നീട് കേരള സാഹിത്യ അക്കാദമിയുടെ എന്‍ഡോവ്മെന്റ് അവാര്‍ഡും സാഹിത്യഅവാര്ഡുമൊക്കെ കിട്ടി.
വരാപ്പുഴയുടെ സ്വീകരണം
എറണാകുളം ദ്വാരകാ ഹോട്ടലില്‍ വരാപ്പുഴ അതിരൂപതയും കേരള ടൈംസും കാത്തലിക് അസോസിയേഷനും മുന്‍കയ്യെടുത്ത് എനിക്കൊരു സ്വീകരണം നല്‍കിയത് മറക്കാനാവാത്ത അനുഭവമായിരുന്നു. പിന്നീട് പല വലിയ സ്വീകരണങ്ങളുമൊക്കെ ലഭിച്ചിട്ടുണ്ടെങ്കിലും എന്റെ സ്വന്തം സമുദായത്തില്‍ നിന്നു ലഭിച്ച വലിയ അംഗീകാരമായാണ് ഞാനതിനെ കാണുന്നത്. ആര്‍ച്ച്ബിഷപ് ജോസഫ് കേളന്തറ പിതാവിന്റെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു ആ സ്വീകരണം. പിതാവും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സബീനാ റാഫി, ടി.എം. ചുമ്മാര്‍, ടാറ്റാപുരം സുകുമാരന്‍ തുടങ്ങിയ പ്രഗല്‍ഭരൊക്കെ പങ്കെടുത്തു.
1987ല്‍ മലയാളത്തിലെ ബാലസാഹിത്യത്തിനുള്ള ഏറ്റവും വലിയ പുരസ്കാരം ഭീമ ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യ പുരസ്കാരം ലഭിച്ചത് എനിക്കായിരുന്നു. തകഴിയായിരുന്നു ഭീമ അവാര്‍ഡ് കമ്മിറ്റിയുടെ ചെയര്മാന്. ജഡ്ജിംഗ് കമ്മിറ്റിയില്‍ ഒഎന്വിയാക്കെ ഉണ്ടായിരുന്നു. ‘പൂരം’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. ഈ പുസ്തകങ്ങളില്‍ പലതും ഹിന്ദി, മറാഠി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെല്ലാം പരിഭാഷപ്പെടുത്തി.
ശിവഗിരിയിലെ സന്ന്യാസിമാര്‍
2010ലാണ്, ഒരു ദിവസം വീട്ടിലേക്കു ശിവഗിരി മഠത്തിലെ ചില സന്ന്യാസിമാര്‍ കയറിവന്നു. ശാരദാനന്ദ സ്വാമികള്‍, ശിവസ്വരൂപാനന്ദ സ്വാമികള്‍ എന്നിവര്‍ കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ വന്ന കാര്യം പറഞ്ഞു: ശ്രീനാരായണ ഗുരുവിനെ കുറിച്ച് കുട്ടികള്‍ ഇഷ്ടപ്പെടുന്ന വിധത്തില്‍ 100 കഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കഥാസമാഹാരം വേണം. എനിക്ക് ശ്രീനാരായണ ഗുരുവിനെകുറിച്ച് പൊതുവായ ചില അറിവുകളേ ഉള്ളൂ എന്ന കാര്യം ഞാനവരോടു തുറന്നുപറഞ്ഞു. കൂടുതല്‍ പ്രഗല്ഭരായവരെ കൊണ്ട് എഴുതിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. പക്ഷേ അവര്‍ സമ്മതിച്ചില്ല. പലരെക്കൊണ്ടും എഴുതിച്ചിട്ടും കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന വിധത്തിലൊരു പുസ്തകമായില്ല എന്നാണവര്‍ പറഞ്ഞത്. ശ്രീനാരായണ ഗുരുവിനെകുറിച്ചുള്ള വിവരങ്ങളെല്ലാം തരാമെന്നും ഞാന്‍ തന്നെ പുസ്തകം എഴുതണമെന്നും അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ മനസ്സില്ലാ മനസ്സോടെ, ഞാന്‍ ശ്രമിക്കാമെന്നു പറഞ്ഞു. അവര്‍ തന്ന പുസ്തകങ്ങളും മാസികകളും മറ്റു വിവരങ്ങളും വച്ച് രണ്ടു മാസം കൊണ്ട് കഥകള്‍ എഴുതികൊടുക്കാന്‍ കഴിഞ്ഞു. അവര്‍ വളരെ തൃപ്തരായി. പുസ്തകം പ്രിന്റിംഗിനു പോകുന്നതിന്റെ തലേദിവസം വീണ്ടും വിളിച്ചു പറഞ്ഞു: എട്ടു കഥകളുടെ കുറവുണ്ട്, 108 കഥകളാണ് ഉദ്ദേശിക്കുന്നത്. പിറ്റേദിവസംതന്നെ എട്ടു കഥകള്‍ കൂടി ഞാനെഴുതികൊടുത്തു. ശിവഗിരി തീര്‍ത്ഥാടനവേളയില്‍ വി.എസ് അച്യുതാനന്ദനാണ് പുസ്തകം പ്രകാശനം ചെയ്തത്. ശ്രീനാരായണ ഗുരുവിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞതും മറ്റു സമുദായത്തില്‍ പെട്ടവര്‍ എന്നിലര്‍പ്പിച്ച വിശ്വാസവും എനിക്ക് വലിയ ആനന്ദമാണ് പകര്‍ന്നുതന്നത്.
തിരഞ്ഞെടുപ്പിന് ഒരുങ്ങിയ കഥ
എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. എന്റെ പിതാവ് ഒരു ട്രേഡ് യൂണിയന് പ്രവര്ത്തകനൊക്കെയായിരുന്നു. ഇടതുപക്ഷത്തായിരുന്നു അദ്ദേഹം. ഞാനും ആ പാത പിന്തുടര്ന്നു. പാര്‍ട്ടിക്കാരുമായും നേതാക്കളുമായും നല്ല ബന്ധം പുലര്‍ത്തിപ്പോന്നു. 1996-ല്‍ എറണാകുളത്ത് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ പാര്‍ട്ടി എന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചു. ഞാന്‍ ധര്‍മ്മസങ്കടത്തിലായി. കാരണം, ആവശ്യപ്പെടുന്നത് പാര്‍ട്ടിയില്‍ ഞാന്‍ വളരെയേറെ ആദരിക്കുന്ന ചിലരാണ്. സ്ഥാനാര്‍ത്ഥി ഞാനാണെന്ന പ്രചാരണവും തുടങ്ങിയിരുന്നു. മുനമ്പം ഹാര്‍ബറിലെ തൊഴിലാളികള്‍ തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള പണവും സമാഹരിച്ചു. തിരഞ്ഞെടുപ്പ് നോമിനേഷന് സമര്‍പ്പണത്തിന് എന്റെ എല്ലാ വിവരവും രേഖപ്പെടുത്തി. പക്ഷേ, സാഹിത്യലോകം വിട്ടൊരു കളി എനിക്ക് ഓര്‍ക്കാനേ കഴിയുമായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ നിന്നാല്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടിവരും. പിന്നെ സാഹിത്യപ്രവര്‍ത്തനം അസാധ്യമാകാനിടയുണ്ട്. കൂടാതെ ഞാന്‍ വളരെയേറെ ബഹുമാനിക്കുന്ന പ്രഫ. ആന്റണി ഐസക്കാണ് എതിര്‍സ്ഥാനാര്‍ത്ഥി. ഞാന്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി എ.പി വര്‍ക്കിയെ കണ്ടു. എന്റെ വിഷമങ്ങള്‍ തുറന്നുപറഞ്ഞു. അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യമായി. തിരഞ്ഞെടുപ്പുവേദിയില്‍ നിന്ന് എന്നെ ഒഴിവാക്കിതരികയും ചെയ്തു. പിന്നീടും പലപ്പോഴും തിരഞ്ഞെടുപ്പില്‍ എന്നെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഞാന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. സിപ്പി പള്ളിപ്പുറം 1943 മേയ് 18ന് എറണാകുളം ജില്ലയിലെ വൈപ്പിന്‍ പള്ളിപ്പുറത്ത് ജനിച്ചു. 1966 മുതല്‍ 1988 വരെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളില്‍ അധ്യാപകനായിരുന്നു. ഭാര്യ മേരി സെലിന് അധ്യാപികയായിരുന്നു. മക്കളായ ശാരിക ടി.എസും, നവനീത് ടി. എസും അധ്യാപകരായി സേവനം ചെയ്യുന്നു.
പ്രധാന പുരസ്കാരങ്ങള്‍
കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ ബാലസാഹിത്യ അവാര്‍ഡ്-2010 കൃതി – ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണി.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്-2013– കൃതി- ഉണ്ണികള്‍ക്ക് നൂറ്റിയെട്ട് ഗുരുദേവകഥകള്‍
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവന അവാര്‍ഡ് – 2010
എന്‍സിഇആര്‍ടിയുടെ ദേശീയ പുരസ്ക്കാരം-1985 കൃതി- ചെണ്ട (ബാലകവിതാസമാഹാരം)
പ്രഥമ ഭീമാബാല സാഹിത്യ പുരസ്ക്കാരം- 1987
കൃതി: പൂരം.
കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് പുരസ്കാരം-1989.
ബാലസാഹിത്യ സമഗ്ര സംഭാവനയ്ക്ക്.
കൈരളി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് പുരസ്കാരം- 1990.
കൃതി: തത്തകളുടെ ഗ്രാമം
കേരള സാഹിത്യ അക്കാദമി എന്‍ഡോവ്മെന്റ് പുരസ്കാരം-1991
കൃതി: അപ്പൂപ്പന്താടിയുടെ സ്വര്‍ഗ്ഗയാത്ര
കെസിബിസി അവാര്‍ഡ് – 1992.
കൃതി: അപ്പൂപ്പന്താടിയുടെ സ്വര്‍ഗ്ഗയാത്ര
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് – 1992
കൃതി: അപ്പൂപ്പന് താടിയുടെ സ്വര്‍ഗ്ഗയാത്ര
കുടുംബദീപം സാഹിത്യ അവാര്‍ഡ് – 2005.
കൃതി:കൈരളീ പൂജ.
കുഞ്ഞുണ്ണിമാഷ് സ്മാരക കമ്മറ്റി അവാര്‍ഡ്-2013
കെആര്‍എല്‍സിസി പുര്സ്കാരം-2014.
രാഷ്ട്രപതിയുടെ ദേശീയ അധ്യാപക അവാര്‍ഡ്-1993