ജാതിയധിഷ്ഠിത വിവേചനത്തിനും അയിത്താചാരത്തിനും എതിരെ വൈക്കത്ത് സത്യഗ്രഹം തുടങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തത് 1924 ഫെബ്രുവരി 28ന് ആണ്. വൈക്കം സത്യഗ്രഹത്തിന് 99 വയസ്സ് പൂര്‍ത്തിയായി.
”തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില് പെട്ടാലും ദോഷമുള്ളവര്‍ ‘ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ, അഹിംസയുടെ മഹത്തായ നിലപാട് തറകളില്‍ മനോവീര്യം കൊണ്ട് ഉറച്ചുനിന്നു നിര്‍വഹിച്ച ചരിത്രപരമായ ഒരു കര്‍ത്തവ്യത്തിന്റെ പേരാണ് വൈക്കം സത്യഗ്രഹം.
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വികാസദശയില്‍ സമാനതകളില്ലാത്ത, ചരിത്രത്തിന്റെ വെണ്കളി ഭിത്തിയില്‍ ഒരിക്കലും മായാതെ നില്ക്കുന്ന ഒരു സംഭവമാണ് വൈക്കം സത്യഗ്രഹം. സാമൂഹികമായ ഒരു അനാചാരത്തിന്റെ പരിഹാരത്തിനുള്ള കര്‍മ്മപദ്ധതി എന്ന നിലയില്‍ സത്യഗ്രഹം എന്ന ആയുധം പരീക്ഷിക്കപ്പെട്ടത് ഇവിടെ വെച്ചാണ്. സത്യഗ്രഹത്തിന്റെ നേതാവ് ഗാന്ധിജി ആയതുകൊണ്ട് വൈക്കം സത്യഗ്രഹത്തിന് ലോക ശ്രദ്ധ നേടാനായി. ഹരിജനങ്ങളുടെ ക്ഷേത്ര പ്രവേശനത്തിനും അയിത്താചരണത്തിന്റെ നിയമപരമായ നിര്‍മാര്‍ജനത്തിനും വഴിതെളിച്ചു എന്നുള്ളതാണ് വൈക്കം സത്യഗ്രഹത്തിന്റെ പ്രസക്തി.
സത്യഗ്രഹത്തിന്റെ നേതാവ് ഗാന്ധിജി ആയതുകൊണ്ട് വൈക്കം സത്യഗ്രഹത്തിന് ലോക ശ്രദ്ധ നേടാനായി. ഹരിജനങ്ങളുടെ ക്ഷേത്ര പ്രവേശനത്തിനും അയിത്താചരണത്തിന്റെ നിയമപരമായ നിര്‍മാര്‍ജനത്തിനും വഴിതെളിച്ചു എന്നുള്ളതാണ് വൈക്കം സത്യഗ്രഹത്തിന്റെ പ്രസക്തി.
‘മറ്റുവിന്‍ ചട്ടങ്ങളെ സ്വയം അല്ലെങ്കില്‍ മാറ്റുമതികളി നിങ്ങളെ താന്‍ ‘എന്ന കുമാരനാശാന്റെ വരികളിലെ ദിഗന്തങ്ങളെ ഭേദിക്കുമാറ് ഉയരുന്ന സമരവീര്യത്തിന്റെ ആക്രോശം, അയിത്താചരണവും ഹരിജനങ്ങളുടെ ക്ഷേത്രപ്രവേശനത്തിനുള്ള വിലക്കും നീക്കുന്നതിനൊപ്പം നിലവിലുണ്ടായിരുന്ന പല ചട്ടങ്ങളെയും അതിന്റെ താഴ് വേരറുത്ത് മുന്നേറിയ വൈക്കം സത്യഗ്രഹത്തില്‍ മുഴങ്ങിക്കേട്ടു. മലബാറിലെ തിയ്യരേക്കാള് മോശമായിരുന്നു തിരുവിതാംകൂറിലെ ഈഴവരുടെ അവസ്ഥ.
നാരായണഗുരുവും ആശാനും സി.വി കുഞ്ഞിരാമനും ടി.കെ മാധവനും താഴ്ന്ന ജാതിക്കാര്‍ക്കിടയില്‍ പൗരാവകാശങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിച്ചു. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള നിരത്തുകള്‍ അയിത്താചരണത്തിന്റെ നുകംപേറി വലഞ്ഞ താഴ്ന്ന ജാതിക്കാര്‍ക്ക് തുറന്നുകൊടുക്കുക എന്നതായിരുന്നു വൈക്കം സത്യഗ്രഹത്തിന്റെ മുഖ്യലക്ഷ്യം. താഴ്ന്ന ജാതിക്കാരന് ആയതുകൊണ്ട്, കോട്ടയ്ക്കകത്തുള്ള ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ കോടതിയില്‍ ഹാജരായ വക്കില്‍ പി.എന്‍ മാധവനോട് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് സി. ഗോവിന്ദപ്പിള്ള ഇറങ്ങിപ്പോകാന്‍ ആജ്ഞാപിച്ചത് വൈക്കം സത്യഗ്രഹത്തിന്റെ തുടക്കത്തിന് ഊര്‍ജ്ജം പകര്‍ന്നു. മുറജപം നടക്കുന്ന കാലത്ത് അയിത്ത ജാതിക്കാര്‍ കോട്ടയ്ക്കകത്ത് പ്രവേശിക്കരുത് എന്നതായിരുന്നു ചട്ടം. രാജ്യം വെട്ടിപ്പിടിക്കുന്നതിനിടയ്ക്ക് ചെയ്തുപോയ ഹിംസകള്‍ക്ക് പരിഹാരമായി തിരുവിതാംകൂര്‍ രാജാക്കന്മാര് ചെയ്തു പോന്നിരുന്ന ഒരു പ്രത്യേക ചടങ്ങാണ് മുറജപം. ടി.കെ മാധവന് ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. ഇത്തരം അനാചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നത് ഗവണ്മെന്റിന്റെ ധിക്കാരം കൊണ്ടോ അതോ ജനങ്ങളുടെ ഭീരുത്വം കൊണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അയിത്തത്തിനെതിരായി പ്രചാരവേല നടത്തി പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിന് കെ.പി കേശവമേനോന്, കെ. കേളപ്പന് നായര്‍, എ.കെ പിള്ള, കുറൂര്‍ നമ്പൂതിരിപ്പാട് എന്നിവര്‍ അടങ്ങിയ ഒരു സംഘം – കേരള ഡെപ്യൂട്ടേഷന് എന്നാണ് ഈ സംഘം അറിയപ്പെട്ടിരുന്നത് രൂപീകരിക്കപ്പെട്ടു. ഈ സംഘം തിരുവിതാംകൂറിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ അയിത്തത്തിനും അനാചാരത്തിനും എതിരെ പ്രചാരവേല നടത്തി. എന്തു ക്ലേശങ്ങള്‍ സഹിച്ചും ഈ പൈശാചിക ആചാരത്തെ ഞങ്ങള്‍ എതിര്‍ക്കും അതിനു നിങ്ങളുടെ സഹകരണം വേണം എന്ന് കെ.കേളപ്പന് അഭ്യര്‍ത്ഥിച്ചു.
ഫെബ്രുവരി 28ന് ഏറ്റുമാനൂരില്‍ നിന്ന് കോണ്‍ഗ്രസ് ഡെപ്യൂട്ടേഷന് വൈക്കത്തെത്തി. കെ.പി കേശവമേനോന്റെ അതിശക്തമായ ഭാഷയിലുള്ള പ്രഭാഷണം അവിടെ നടന്നു. വൈക്കത്തിന്റെ മധ്യത്തില്‍ ഉയര്‍ന്ന കല്മതിലുകളാല് ചുറ്റപ്പെട്ട വൈക്കം ക്ഷേത്രം. ആ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പൊതുനിരത്തുകളിലൂടെ ക്രിസ്ത്യാനികളും മുഹമ്മദീയരും സവര്‍ണ്ണ ഹിന്ദുക്കളും യഥേഷ്ടം യാത്ര ചെയ്യുമ്പോള്‍ ഹിന്ദു സമുദായത്തിലെ അവര്‍ണ്ണരായ മനുഷ്യരെ സഞ്ചരിക്കാന്‍ അനുവദിക്കാതിരുന്ന സവര്ണാധിപത്യത്തിന് നേരെ കെ.പി കേശവമേനോന് ആക്രോശിച്ചു. വിദേശിയര്‍ നമ്മോട് ചെയ്യുന്ന അ നീതിക്കെതിരെ മുറവിളി കൂട്ടുന്ന നാം നമ്മുടെ നാട്ടുകാരോട് നീതി കാണിക്കാന്‍ എന്തുകൊണ്ടാണ് ഒരുങ്ങാത്തത് എന്ന് അദ്ദേഹം ചോദിച്ചു. അയിത്തജാതിക്കാരോട് കൂടെ ക്ഷേത്രറോഡിലൂടെ ഒരു ഘോഷയാത്ര പോകുന്നതായാല്‍ ഇവിടെ കൂടിയിരിക്കുന്ന എത്രപേര്‍ ആ ഘോഷയാത്രയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അവിടെ സമ്മേളിച്ചിരുന്നവരോട് ചോദിച്ചു. വലിയ സമരവീര്യം ഉള്‍ക്കൊണ്ട് ജനം എല്ലാവരും എല്ലാവരും എന്ന് ആക്രോശിച്ചു. അങ്ങനെ വൈക്കം സത്യാഗ്രഹത്തിന്റെ വിത്ത് മണ്ണില്‍ പാകപ്പെട്ടു. മഹാത്മാഗാന്ധിയുടെ പിന്തുണയോടുകൂടെ 1924 മാര്‍ച്ച് 30ന് വൈക്കം സത്യഗ്രഹം ആരംഭിച്ചു.
തീണ്ടപ്പാടകലെ ഗാന്ധി
വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജിയെ പോലും നിര്‍ത്തിയത് തീണ്ടപ്പാടകലെ. വൈശ്യനായ ഗാന്ധിജിയെ ഇണ്ടംതുരുത്തി മനയുടെ അകത്തളത്തിലേക്ക് പ്രവേശിപ്പിച്ചില്ല നമ്പൂതിരി. അനേകം നീചജന്മങ്ങളെ പോലെ ഗാന്ധിജിയും!
മനയുടെ മുമ്പില്‍ പ്രത്യേകമായി ഒരുക്കിയ ഇടത്താണ് നമ്പൂതിരി ഗാന്ധിജിയുമായി സംസാരിക്കാന്‍ തയ്യാറായത്. ഗാന്ധി മടങ്ങിയപ്പോള്‍ മന ശുദ്ധികലശം ചെയ്യുകയും ചെയ്തു. ആ മന ഇന്ന് വൈക്കത്തെ ചെത്തു തൊഴിലാളി യൂണിയന് ഓഫീസാണ്. ചരിത്രം ‘പ്രതികാരം ചെയ്ത’ വൈക്കം സത്യഗ്രഹത്തിന്റെ കഥ!
സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ അകമ്പടിയോടുകൂടി ജനങ്ങളെ ബാരിക്കേഡിനുള്ളിലാക്കി പുഷ്പവൃഷ്ടിയേറ്റു വാങ്ങി രാജാവ് തന്റെ പ്രജകളെ കാണാന്‍ എഴുന്നള്ളുന്ന പഴയകാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് രാഷ്ട്രനേതാവ്’ എഴുന്നള്ളുന്ന’തു കാണുമ്പോള്‍ ഡല്‍ഹിയിലെ പഴയ ബിര്‍ള ഹൗസും ഇന്നത്തെ ഗാന്ധി സ്മൃതിയും ആകുന്ന ഇടത്ത് ഒരു സംരക്ഷണവും ഇല്ലാതെ അര്‍ദ്ധനഗ്നനായി പ്രാര്‍ഥനാ യോഗത്തിന് പോവുകയായിരുന്ന ഗാന്ധി വെടിയേറ്റ് വീണ രംഗം മനസ്സില്‍ നീറി പിടഞ്ഞുണരുന്നു.
വൈക്കത്തെ മനയുടെ പുറത്തു നിര്‍ത്തപ്പെട്ടു ഗാന്ധി. ഇന്നിതാ ഗാന്ധിവധത്തെ കുറിച്ചുള്ള വസ്തുനിഷ്ഠ വിവരണത്തെ പുറത്തു നിര്‍ത്തിയുള്ള പാഠപുസ്തകം യുക്തീകരണം!
പാഠപുസ്തക’യുക്തികരണ പ്രക്രിയ’യുടെ ഭാഗമായി പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചപ്പോള്‍ എന്‍സിഇആര്‍ടി രാഷ്ട്രമീമാംസ പുസ്തകത്തില്‍ നിന്ന് ഗാന്ധിവധത്തെയും ആര്‍എസ്എസ് നിരോധനത്തെയും പറ്റിയുള്ള വസ്തുനിഷ്ഠ വിവരണം വെട്ടി നീക്കി എന്ന വാര്‍ത്ത കണ്ടു. ഈ യുക്തികരണം കൊവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ അമിത പഠനഭാരം ലഘൂകരിക്കാനാണെന്നു കൂടി എന്‍സിഇആര്‍ടിയുടെ ഡയറക്ടര്‍ ദിനേശ് പ്രസാദ് സക്ലാനി പറയുകയുണ്ടായി.
ഹിന്ദു മുസ്ലിം ഐക്യത്തിനു വേണ്ടി ഒറ്റയാള്‍ പട്ടാളമായി (വണ്മാന് ബറ്റാലിയന്) നവഖായിലേക്ക് പോയ ഗാന്ധിയെ ഓര്‍ക്കുക. തന്റെ പ്രയത്നങ്ങള്‍ എല്ലാം വിഫലമായി എന്ന് ഖേദിച്ച ഗാന്ധിയെ ഓര്‍ക്കുക. ഹിന്ദു മുസ്ലിം ഐക്യത്തിനു വേണ്ടി നിസ്തന്ത്രമായി യത്നിച്ച ഗാന്ധി ഹിന്ദുത്വ തീവ്രവാദികളെ പ്രകോപിപ്പിക്കുകയും വര്‍ഗീയ ഭ്രാന്തനായ ഒരുവന് ആ മഹാത്മാവിനെ വെടിയുതിര്‍ത്ത് ഇല്ലാതാക്കുകയും ചെയ്തു. ഹിന്ദുത്വ വര്‍ഗീയതയുടെ ഭീകരമായ മുഖം ഗാന്ധിവധത്തില്‍ വളരെ സ്പഷ്ടമായി തെളിഞ്ഞു നില്ക്കുന്നു. ആരോ ഒരാള്‍ ഗാന്ധിജിയെ വധിച്ചുവെന്ന് പാഠപുസ്തക യുക്തീകരണം നടത്തുന്നവര്‍ വരും തലമുറകളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് ചരിത്രത്തില്‍ നിന്ന് ഇന്നുവരെ നാം ഒന്നും പഠിച്ചില്ല എന്നാണ് ചരിത്രത്തില്‍ നിന്ന് നാം ഇന്ന് പഠിക്കുന്നത്.