കൊച്ചി: ഏറെനാളായി തീരസമൂഹം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന 2019ലെ തീര നിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച കരട് പ്ലാന്‍ പുറത്തിറക്കിയത് സ്വാഗതാര്‍ഹമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്. അതേസമയം ഇപ്പോള്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നീ മൂന്ന് ജില്ലകളുടെ മാത്രമായി പുറത്തിറക്കിയ പ്ലാനില്‍ തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവനനിര്‍മ്മാണം സംബന്ധിച്ച പദ്ധതികള്‍ ഉള്‍പ്പെടുത്താത്തത് പ്രശ്നപരിഹാരത്തിനുള്ള അവസരം നഷ്ടപ്പെടുത്തലാണ്. സംസ്ഥാന ഫിഷറീസ് വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരവും, ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നുളള കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരവും സുരക്ഷാസംവിധാനങ്ങളും ശുചീകരണ സംവിധാനങ്ങളും ഒരുക്കി തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവനനിര്‍മ്മാണം നിയന്ത്രണ മേഖലയിലും അനുവദിക്കാവുന്ന തരത്തില്‍ പ്ലാന്‍ ഉണ്ടാകേണ്ടതായിരുന്നു. കരട് പ്ലാനില്‍ വന്നാല്‍ മാത്രമാണ് അന്തിമ പ്ലാനില്‍ കേന്ദ്ര വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടു വരികയുള്ളൂ എന്നും കെഎല്‍സിഎ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ശേഷിക്കുന്ന തീര ജില്ലകളുടെ കരട് പ്ലാനും എത്രയും വേഗം പുറത്തിറക്കണമെന്നും അങ്ങനെ പുറത്തിറക്കുമ്പോള്‍ ഫിഷറീസ് വകുപ്പിന്റെ ശിപാര്‍ശ പ്രകാരവും കോടതി നിര്‍ദ്ദേശിച്ച പ്രകാരവും ഉള്ള ഭവനനിര്‍മ്മാണ സാധ്യതകള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ചില പഞ്ചായത്തുകളെ നഗര സ്വഭാവമുള്ളതാക്കി കാണിച്ച് സിആര്‍ഇസഡ് 2 പരിധിയില്‍ ഉള്‍പ്പെടുത്തുന്നു എങ്കിലും വിജ്ഞാപനത്തില്‍ പറയുന്നത് പ്രകാരവും കോടതി ഉത്തരവുപ്രകാരമുള്ള ഭവനനിര്‍മ്മാണ സാധ്യതകള്‍ പ്ലാനില്‍ ഉള്‍പ്പെട്ട വന്നാല്‍ മാത്രമാണ് തദ്ദേശവാസികള്‍ക്ക് പൂര്‍ണ്ണമായും ഗുണമുണ്ടാവുക. മാത്രമല്ല ഓരോ തദ്ദേശ ഭരണകൂടവും കരട് പ്ലാന്‍ സംബന്ധിച്ച കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കാനും അവസരം ഉണ്ടാകണം.
കരട് പ്ലാന്‍ പരിശോധിക്കുവാനും അഭിപ്രായങ്ങള്‍ പറയാനും ജനങ്ങളെ സഹായിക്കാന്‍ പ്രാദേശികമായി വിവിധ ഇടങ്ങളില്‍ ജനജാഗ്രതാ സദസുകള്‍ സംഘടിപ്പിക്കുമെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ പറഞ്ഞു.