വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ ആരാധനാ വര്‍ഷത്തിലെ ഏറ്റവും ദീര്‍ഘവും വികാരസാന്ദ്രവുമായ വിശുദ്ധവാര തിരുകര്‍മങ്ങള്‍ക്കു തുടക്കം കുറിക്കുന്ന ഓശാന ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പാ നാലു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം സാഘോഷ ദിവ്യബലി അര്‍പ്പിക്കാനെത്തിയത് ലോകമെമ്പാടുമുളള ക്രൈസ്തവ വിശ്വാസികളെ ആനന്ദത്തിലും ആശ്വാസത്തിലുമാഴ്ത്തി. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് മാര്‍ച്ച് ഇരുപത്തിയൊമ്പതാം തീയതി റോമിലെ അഗസ്തീനോ ജെമേല്ലി യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പാ പ്രതീക്ഷിച്ചതിലും വേഗത്തില്‍ സുഖംപ്രാപിച്ച് ഏപ്രില്‍ ഒന്നിന് വത്തിക്കാനില്‍ മടങ്ങിയെത്തി.
ഓശാന ഞായറാഴ്ച തുറന്ന ജീപ്പില്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തീര്‍ഥാടകരെയും വിശ്വാസികളെയും ആശീര്‍വദിച്ചുകൊണ്ട് ബസിലിക്കാ അങ്കണത്തിലെ റാമ്പില്‍ എത്തിയ പരിശുദ്ധ പിതാവ് പരസഹായം കൂടാതെയാണ് അള്‍ത്താരയിലേക്കു നടന്നുനീങ്ങിയത്. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ അറുപതിനായിരത്തോളം പേര് പങ്കെടുത്തു.
ഏപ്രില്‍ രണ്ടിനും ഈസ്റ്റര്‍ തിങ്കളാഴ്ചയ്ക്കും ഇടയില്‍ ഫ്രാന്‍സിസ് പാപ്പാ ഒമ്പത് കുര്‍ബാനകള്‍ക്കും മറ്റ് ആരാധനകള്‍ക്കും സാധാരണഗതിയില്‍ നേതൃത്വം നല്‍കേണ്ടതാണ്. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാല്‍ ഇതില്‍ മാറ്റങ്ങള്‍ക്കു സാധ്യതയുണ്ട്.
ഓശാന ഞായറാഴ്ച രാവിലെ 10 മണിക്ക് പാപ്പാ ആശീര്‍വദിച്ച ഒലിവ് ചില്ലകളും പനയോലതണ്ടുകളും പനയോലത്തണ്ടുകള് മെടഞ്ഞുണ്ടാക്കിയ ‘പാര്മുരോലി’യുമേന്തി കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരും ഡീക്കന്മാരും അല്മായരും ഉള്‍പ്പെടെയുള്ളവര്‍ സാഘോഷം പ്രദക്ഷിണമായി സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തിലെ വേദിയില്‍ പ്രവേശിച്ചതോടെയാണ് തിരുകര്‍മങ്ങള്‍ ആരംഭിച്ചത്.
കര്‍ദിനാള്‍ സംഘത്തിന്റെ വൈസ് ഡീന്‍ കര്‍ദിനാള്‍ ലെയൊനാര്‍ദോ സാന്ദ്രി അള്‍ത്താരയിലെ തിരുകര്‍മങ്ങള്‍ക്കു നേതൃത്വം വഹിച്ചു. പതിനഞ്ചു മിനിറ്റു നീണ്ട സുവിശേഷ പ്രഘോഷണത്തില്‍, പാപ്പാ തിരസ്കരിക്കപ്പെട്ടവരുടെ തീവ്രവേദനയെക്കുറിച്ചും, തെരുവില്‍ കഴിയുന്ന അഗതികളെക്കുറിച്ചും, മുഖമില്ലാതെ പോകുന്ന കുടിയേറ്റക്കാരെക്കുറിച്ചും പ്രശ്നക്കാരെന്നു വിധിച്ച് എല്ലാവരും കൈയൊഴിയുന്ന തടവുകാരെക്കുറിച്ചും സംസാരിച്ചു. എഴുതി തയാറാക്കിയ സന്ദേശത്തില്‍ നിന്നു വ്യതിചലിച്ച് പരിശുദ്ധ പിതാവ്, വത്തിക്കാനിലെ ബെര്‍ണിനി സ്തൂപങ്ങള്ക്കരികെ കഴിഞ്ഞ ദിവസം മരിച്ച ജര്‍മന്‍കാരനായ അഗതിയെ അനുസ്മരിച്ചു. ”എനിക്കും യേശുവിന്റെ ആശ്ലേഷം ആവശ്യമുണ്ട്,” പാപ്പാ പറഞ്ഞു.
ബാലകുറ്റവാളികളുടെ കാല്‍കഴുകും
പെസഹാ വ്യാഴാഴ്ച ഫ്രാന്‍സിസ് പാപ്പാ റോമിലെ കസല്‍ ദെല്‍ മാര്മോയില് പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളുടെ കാലുകള്‍ കഴുകി ചുംബിക്കും. 2013-ല്‍ പേപ്പല്‍ തിരഞ്ഞെടുപ്പു കഴിഞ്ഞ് 15 ദിവസം കഴിഞ്ഞപ്പോള്‍ ഇതേ തടവറയിലാണ് കര്‍ത്താവിന്റെ ഒടുവിലത്തെ തിരുവത്താഴത്തിന്റെ സ്മരണയില്‍ പരിശുദ്ധ പിതാവ് തന്റെ ‘ഇന്‍ ചേനാ ദോമിനി’ ശുശ്രൂഷയുടെ പ്രഥമ ബലിയര്‍പ്പണത്തില്‍ പരമ്പരാഗത പാദപ്രക്ഷാളന കര്‍മം നടത്തിയത്.
പെസഹാ വ്യാഴാഴ്ച തിരുകര്‍മങ്ങള്‍ വത്തിക്കാനില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ തൈല ആശീര്‍വാദത്തിന്റെ (ക്രിസം) ദിവ്യബലിയോടെ രാവിലെ 9.30ന് ആരംഭിക്കും. റോമിന്റെ മെത്രാന് എന്ന നിലയില്‍ ഫ്രാന്‍സിസ് പാപ്പായുടെ കൂടെ രൂപതാ വൈദികരും സന്ന്യസ്ത വൈദികരും റോമിലെ കര്‍ദിനാള്‍മാരും മെത്രാന്മാരും ദിവ്യബലി അര്‍പ്പിക്കും. അടുത്ത വര്‍ഷത്തേക്ക് രൂപതയില്‍ ഉപയോഗിക്കാനുള്ള വിശുദ്ധ തൈലങ്ങള്‍ ഈ ദിവ്യബലി മധ്യേയാണ് ആശിര്‍വദിക്കുന്നത്. മാമോദീസ, സ്ഥൈര്യലേപനം, തിരുപ്പട്ടം എന്നിവയ്ക്ക് ഉപയോഗിക്കുന്നതും സമ്പൂര്‍ണ്ണത, ദൈവവരപ്രസാദം, ആത്മശക്തി എന്നിവയുടെ പ്രതീകവുമായ അഭിഷിക്ത തൈലത്തിന്റെ ആശീര്‍വാദവും ഇതോടൊപ്പം നടക്കുന്നതിനാല്‍ ഈ ദിവ്യബലിക്ക് ക്രിസം മാസ് എന്ന് പേരുവന്നു.
കഴിഞ്ഞവര്‍ഷം, റോമില്‍ നിന്ന് 50 മൈല്‍ വടക്കുപടിഞ്ഞാറുള്ള തുറമുഖ നഗരമായ ചിവിത്തവേക്കിയയിലെ ജയിലിലാണ് പാപ്പാ പെസഹാ കുര്‍ബാന അര്‍പ്പിച്ചത്. കുര്‍ബാനയ്ക്കുശേഷം യേശുവിന്റെ ശിഷ്യരെ പ്രതിനിധീകരിച്ച 12 അന്തേവാസികളുടെ പാദങ്ങള്‍ പാപ്പ കഴുകി.
ദുഃഖവെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കുരിശാരാധന, പീഢാനുഭവ പാരായണം, ദിവ്യകാരുണ്യസ്വീകരണം എന്നിവയ്ക്കും ഫ്രാന്‍സിസ് പാപ്പാ നേതൃത്വം വഹിക്കും. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ദിവ്യബലിയില്ലാത്ത ഈ ആരാധനാവേളയില്‍, പാപ്പായുടെ ധ്യാനപ്രസംഗകനായ കര്‍ദിനാള്‍ റനീറോ കാന്തലമെസ്സ ക്രിസ്തുവിന്റെ കുരിശുമരണത്തെക്കുറിച്ച് സന്ദേശം നല്‍കും.
രാത്രി 9.15-ന് റോമിലെ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴിക്ക് പാപ്പാ നേതൃത്വം നല്‍കും.
വലിയ ശനിയാഴ്ച രാത്രി 7.30-ന് ഈസ്റ്റര്‍ ജാഗരണ കര്‍മങ്ങള്‍ക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പാപ്പാ നേതൃത്വം നല്‍കും. സഭയുടെ ഏറ്റവും ശ്രേഷ്ഠവും മഹത്തരവുമായ ആരാധന എന്നാണ് റോമന്‍ മിസാള്‍ ഈ ജാഗരണ ശുശ്രൂഷയെ വിശേഷിപ്പിക്കുന്നത്. ഇരുളില്‍ അഗ്നി ആശീര്‍വദിച്ച് പാസ്കല്‍ തിരി ഒരുക്കുന്നതോടെയാണ് തിരുകര്‍മങ്ങള്‍ ആരംഭിക്കുന്നത്. കത്തിച്ച മെഴുകുതിരിയുമായി കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി ഇരുട്ടിലാണ്ട ബസിലിക്കയില്‍ പ്രവേശിക്കുന്നു. ഇരുളകറ്റുന്ന ക്രിസ്തുവിന്റെ പ്രകാശത്തിന്റെ അടയാളമാണിത്. പെസഹാ തിരിതെളിക്കല്, വചനശുശ്രൂഷ, ജ്ഞാനസ്നാന ശുശ്രൂഷ, ദിവ്യബലിയര്‍പ്പണം എന്നിവയാണ് ജാഗരണ ശുശ്രൂഷയുടെ പ്രധാന ഭാഗങ്ങള്‍. ഈ ദിവ്യബലിമധ്യേ പരിശുദ്ധ പിതാവ് വിശ്വാസത്തിലേക്കുള്ള നവാഗതര്‍ക്ക് ജ്ഞാനസ്നാനം നല്കുന്നു.
ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പാപ്പായുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. തുടര്‍ന്ന് 12 മണിക്ക് പാപ്പാ ‘ഊര്‍ബി ഏത് ഓര്‍ബി’ (നഗരത്തിനും ലോകത്തിനും) എന്ന സന്ദേശം നല്‍കും.
‘മാലാഖയുടെ തിങ്കള്‍’ എന്നും അറിയപ്പെടുന്ന ഈസ്റ്റര്‍ തിങ്കളാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍ നിന്ന് പരിശുദ്ധ പിതാവ് സ്വര്ഗീയരാജ്ഞിയുടെ മധ്യാഹ്നപ്രാര്ഥനാ ശുശ്രൂഷ നയിക്കും.