വത്തിക്കാന്‍ സിറ്റി: ”നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?” – 2020 മാര്‍ച്ച് 27 വെള്ളിയാഴ്ച സന്ധ്യയ്ക്ക്, കൊറോണവൈറസ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ലോക്ഡൗണില്‍ ലോകം തീര്‍ത്തും നിശ്ചലമായി വിറങ്ങലിച്ചുനില്‍ക്കേ, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സഗ്രാതോ എന്ന ഉമ്മറത്ത് ചാറ്റല്‍മഴ നനഞ്ഞ് ഏകനായി നിന്ന് ‘നഗരത്തെയും ലോകത്തെയും’ (ഊര്‍ബി എത്ത് ഓര്‍ബി) ആശീര്‍വദിച്ചുകൊണ്ട് മാനവരാശിക്ക് പ്രത്യാശയുടെ സന്ദേശം നല്കിയ ഫ്രാന്‍സിസ് പാപ്പായുടെ ‘സ്താസിയോ ഓര്‍ബിസ്’ എന്ന അസാധാരണ ദിവ്യകാരുണ്യാരാധനയുടെ പ്രാര്ഥനായാമത്തിലെ യാചനകള്‍ ബഹിരാകാശത്തേക്ക്.
”കര്‍ത്താവേ, അങ്ങ് ലോകത്തെ അനുഗ്രഹിക്കുക, ഞങ്ങളുടെ ശരീരങ്ങള്‍ക്ക് ആരോഗ്യവും ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക് സാന്ത്വനവും നല്‍കുക. ഭയപ്പെടരുതെന്ന് അങ്ങ് ഞങ്ങളോട് പറയുന്നു. എന്നാല്‍ ഞങ്ങളുടെ വിശ്വാസം ദുര്‍ബലമാണ്, ഞങ്ങള്‍ സംഭീതരാണ്. എങ്കിലും അങ്ങ് ഈ കൊടുങ്കാറ്റിന് ഞങ്ങളെ വിട്ടുകൊടുക്കുകയില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,” ഊര്‍ബി എത്ത് ഓര്‍ബി ആശീര്‍വാദത്തില്‍ പാപ്പാ മനമുരുകി പ്രാര്‍ഥിച്ചു.
ഇറ്റാലിയന്‍ ബഹിരാകാശ ഏജന്‍സിയുടെ സ്പേയി സാത്തെല്ലെസ് (പ്രത്യാശയുടെ കാവല്ക്കാരന്) എന്ന ഉപഗ്രഹത്തിലേറിയാണ് ലോകത്തിനായുള്ള പാപ്പായുടെ പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം ഭൂമിയെ വലംവയ്ക്കുക.
അമേരിക്കയിലെ കലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ഗ് സ്പെയ്സ് ഫോഴ്സ് ബെയ്സില്‍ നിന്ന് ജൂണ്‍ 10ന് വിക്ഷേപിക്കുന്ന സ്പെയ്സ്എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് സ്പേയിസാറ്റ് 3യു ക്യൂബ്സാറ്റ് 525 കിലോമീറ്റര്‍ ഉയരത്തിലായി താഴ്ന്ന ഭൗമ ഭ്രമണപഥത്തില്‍ എത്തിക്കുന്നത്.
ഏതാണ്ട് 11.25 ഇഞ്ച് നീളവും 425.24 ഗ്രാം തൂക്കവുമുള്ള അമേരിക്കന്‍ ഫുട്ബോളിന്റെ വലുപ്പമേയുള്ളൂ ഈ ഉപഗ്രഹത്തിന്. ‘നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ?’ എന്ന പാപ്പായുടെ സ്താസിയോ ഓര്‍ബിസ് പ്രാര്ഥനാസന്ദേശത്തിന്റെ ടെക്സ്റ്റും ദൃശ്യങ്ങളും അടങ്ങുന്ന പുസ്തകത്തിന്റെ നാനോ പതിപ്പാണ് ഉപഗ്രഹത്തില്‍ വിക്ഷേപിക്കുന്നത്. രണ്ടു മില്ലിമീറ്റര്‍ നീളവും വീതിയും 0.2 മില്ലിമീറ്റര്‍ കനവുമുള്ള സിലികോണ്‍ പ്ലെയ്റ്റാണ് ഈ നാനോപതിപ്പ്. ഒരു പേനത്തുമ്പിന്റെ വലുപ്പം മാത്രമുള്ള നാനോബുക്ക് വായിക്കാന്‍ നാനോടെക്നോളജിയുടെ വായനാസങ്കേതം ആവശ്യമാണ്. എങ്കിലും ഉപഗ്രഹത്തില്‍ നിന്ന് 437.5 എംഎച്ച്സെഡില് പ്രക്ഷേപണം ചെയ്യുന്ന പുസ്തകത്തിലെ ഉള്ളടക്കം, ഉപഗ്രഹം നമ്മുടെ നേരെ മുകളിലൂടെ കടന്നുപോകുമ്പോള്‍ അമേച്ചര്‍ യുഎച്ച്എഫ് ബാന്‍ഡ് റേഡിയോ വഴി കേള്‍ക്കാനാകും. ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കഴിയും.
ഭൂമിയുടെ അതിരുകള്‍ കടന്ന് ബഹിരാകാശത്തു നിന്ന്, പ്രശ്നഭരിതമായ ഈ ഗ്രഹത്തിലെ സ്ത്രീകളും പുരുഷന്മാരും അടക്കം ഏറ്റവും കൂടുതല്‍ ജനങ്ങള്‍ക്ക് പ്രത്യാശയുടെ അനുഗ്രഹസന്ദേശം എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇറ്റാലിയന്‍ സ്പെയ്സ് ഏജന്‍സി പ്രസിഡന്റ് ജോര്‍ജോ സക്കോച്ച പറഞ്ഞു.
ഉപഗ്രഹം 12 വര്‍ഷം ഭ്രമണപഥത്തിലുണ്ടാകുമെങ്കിലും ബാറ്ററിശേഷിയുടെ പരിമിതി മൂലം റേഡിയോ പ്രക്ഷേപണം ആറുമാസത്തിലേറെയുണ്ടാവുകയില്ല.
ടൂറിനിലെ പോളിടെക്നിക് യൂണിവേഴ്സിറ്റിയിലാണ് ക്യുബ്സാറ്റ് നിര്‍മിച്ചത്. വാര്‍ത്താവിനിമയത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയും ഇറ്റാലിയന്‍ സ്പെയ്സ് ഏജന്‍സിയും ദേശീയ ഗവേഷണ കൗണ്‍സിലും വെനീസിലെ സലേഷ്യന്‍ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടും ടൂറിന് അതിരൂപതയുടെ ഡിജിറ്റല്‍ അപ്പോസ്തലേറ്റും ടൂറിന് പോളിടെക്നിക് യൂണിവേഴ്സിറ്റിയും ചേര്‍ന്നാണ് നവീന സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രത്യാശയുടെ നാനോബുക്ക് ബഹിരാകാശത്ത് എത്തിക്കുന്നത്.
www.speisatelles.org എന്ന വെബ്സൈറ്റിലൂടെ ഈ മിഷന്റെ പുരോഗതി പിന്തുടരാന് കഴിയും. ”സമാധാനത്തിനും പ്രത്യാശയ്ക്കുമായി എന്തെങ്കിലുമൊരു കാരുണ്യപ്രവൃത്തി ചെയ്യുന്നവര്‍ക്ക്” തങ്ങളുടെ പേര് സ്പേയിസാറ്റ് ഉപഗ്രഹത്തിലെ മെമ്മറി ചിപ്പില്‍ പ്രതിഷ്ഠിക്കാന്‍ അവസരം ലഭിക്കും. അങ്ങനെ ഓരോരുത്തര്‍ക്കും തങ്ങളുടെ ജീവിതത്തില്‍ പ്രത്യാശയുടെ സമൂര്‍ത്തമായ വിത്തായി മാറാന്‍ കഴിയുമെന്ന് സംഘാടകര്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നു.
മാര്‍ച്ച് 29ന് വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പൊതുദര്‍ശനത്തിന്റെ സമാപനത്തില്‍ ഫ്രാന്‍സിസ് പാപ്പാ ക്യൂബ്സാറ്റ് ഉപഗ്രഹവും നാനോബുക്കും ആശീര്‍വദിക്കും.