കൊച്ചി: പടുകൂറ്റന്‍ പ്രകടനങ്ങളുടെ അകമ്പടിയോടെ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെഎല്‍സിഎ) സംസ്ഥാനതല രൂപീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലി സമാപന ആഘോഷങ്ങള്‍ ഇന്ന് (മാര്‍ച്ച് 26ന്) പള്ളുരുത്തി ഷെവ. കെ.ജെ. ബെര്‍ലി നഗറില്‍ സമാപിച്ചു. സുവര്‍ണ്ണ ജൂബിലി സേേമ്മളനം ലത്തീന്‍ സമുദായത്തിന്റെ അവകാശപ്രഖ്യാപന വേദിയായി മാറി. വൈകീട്ട് 3.30 ന് കൊച്ചിയുടെ മൂന്നു മേഖലകളില്‍ നിന്നായി ആരംഭിച്ച റാലികളില്‍ കേരളത്തിലെ 12 രൂപതകളില്‍ നിന്നുള്ള കെഎല്‍സിഎ അംഗങ്ങളും മെത്രാന്മാരും വൈദികരും സന്ന്യസ്തരും പങ്കെടുത്തു.
വാദ്യമേളങ്ങള്‍, പരമ്പരാഗത ക്രൈസ്തവ വേഷം ധരിച്ചവര്‍, ചവിട്ടുനാടക സംഘം എന്നിവര്‍ റാലികളെ ആകര്‍ഷകമാക്കി. അഞ്ചു മണിയോടെ ആരംഭിച്ച പൊതുസമ്മേളനം കേരള ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി (കെആര്‍എല്‍സിബിസി) പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ലത്തീന്‍ കത്തോലിക്കര്‍ രാഷ്ട്രീയമായി സംഘടിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ പ്രവേശിച്ച് രാഷ്ട്രീയ രംഗം സംശുദ്ദമാക്കി മുന്നില്‍ നിന്ന് നയിക്കേണ്ടവരാണ് കെഎല്‍സിഎ പ്രവര്‍ത്തകര്‍. നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് അധികാര രാഷ്ട്രീയത്തില്‍ സമുദായത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഇത് ആവശ്യമാണ്. എല്‍ഡിഎഫ്-യുഡിഎഫ് കക്ഷികളെ സമുദായം നന്നായി സഹായിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ ഗുണഫലങ്ങള്‍ സമുദായത്തിന് ലഭിച്ചില്ല.
നമ്മളെ സഹായിക്കുന്നവരെ നമ്മളും സഹായിക്കും എന്ന ദര്‍ശനത്തിലേക്ക് സമുദായം വരികയാണ്. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും വേണം.
ആരും നെറ്റി ചുളിക്കേണ്ട കാര്യമില്ല. നമുക്ക് ഉണരണം. നമുക്ക് അര്‍ഹമായ അവകാശങ്ങള്‍ വേണം. കോട്ടയത്തു ചേര്‍ന്ന കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സമുദായത്തോട് അനുഭാവപൂര്‍വമായ സമീപനമാണുള്ളതെന്നു പറഞ്ഞു. അങ്ങനെയെങ്കില്‍ വിഴിഞ്ഞം സമരത്തിന്റെ പേരില്‍ വൈദികര്‍ക്കും അല്മായര്ക്കുമെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കണം. അങ്ങനെ ലത്തീന്‍ സമുദായവുമായി ഊഷ്മളമായ ബന്ധമാണ് സര്ക്കാരിനുള്ളതെന്നു തെളിയിക്കണം.
അമ്പതാണ്ടിന്റെ ജനശക്തിയാണ് കെഎല്‍സിഎ. സമൂഹത്തിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കു വേണ്ടി കെഎല്‍സിഎ നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രൈസ്തവവിശ്വാസത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കാന്‍ കെഎല്‍സിഎ ബാധ്യസ്ഥരാണ്. ഇനിയും ഒരുപാട് ദൂരം സംഘടനയ്ക്ക് സഞ്ചരിക്കാനുണ്ട്. വാഗ്്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാനുളള ആ യാത്രയുടെ തുടക്കമാണ് ഇവിടെ നടക്കുന്ന മഹാസമ്മേളനമെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. കൊച്ചി രൂപത ബിഷപ് ഡോ. ജോസഫ് കരിയില്‍ മുഖ്യപ്രഭാഷണം നടത്തി. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദന് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
പിന്നാക്ക ദുര്‍ബല വിഭാഗങ്ങളുടെ ഐക്യത്തിനും അവകാശസംരക്ഷണത്തിനും ഇതര പിന്നാക്ക വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി കൂട്ടായ്മയ്ക്ക് രൂപം നല്‍കുന്നതിനും അതിനെ ഒരു രാഷ്ട്രീയ സമ്മര്‍ദ്ദശക്തിയായി വളര്‍ത്തുന്നതിനും ലത്തീന്‍ സമുദായം നേതൃത്വം നല്‍കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.