55 കുരിശിന്റെ വഴികളിലെ ഗാനങ്ങള്‍ രചിക്കുമ്പോള്‍ 880 ഗാനങ്ങള്‍ വേണം. ഓരോ വര്‍ഷവും പുതിയ കുരിശിന്റെ വഴികള്‍ എഴുതി സംഗീതം നല്കി പാടിവരുന്ന കൊച്ചി രൂപതയിലെ പൂങ്കാവ് ഔവര്‍ ലേഡി ഓഫ് അസംപ്ഷന്‍ പള്ളിക്കു വേണ്ടിയാണ് ജോസ് പി. കട്ടിക്കാട്ട് എന്ന അധ്യാപകന് ഈ മഹനീയ കര്‍മം നിര്‍വഹിച്ചത്.
കത്തോലിക്ക സഭയുടെ ചരിത്രത്തിലെ അപൂര്‍വ റെക്കോര്‍ഡാണിത്.
പുതിയ കുരിശിന്റെ വഴികള്‍ അവതരിപ്പിക്കുന്നതു പൊതുവേ വളരെ വിരളമാണ്. പാരമ്പര്യമായി കേട്ടുവരുന്നത് അവതരിപ്പിക്കലാണ് സാധാരണ ഉണ്ടാകാറ്. എന്നാല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും പുതിയ കുരിശിന്റെ വഴികള്‍ രചിച്ച് അവതരിപ്പിച്ചു എന്നതാണ് പൂങ്കാവിലെ പ്രത്യേകത. ഈ 55 വര്‍ഷവും രചനകള്‍ നടത്തിയത് ഒരാള്‍ തന്നെയെന്നത് ആദ്യത്തെ സംഭവമായിരിക്കും. ലോകത്തിലെ ഒരു ദേവാലയത്തിലും ഉണ്ടായിട്ടില്ലാത്ത അപൂര്‍വതയാണിത്.
1958ലാണ് ജോസ്. പി. കട്ടിക്കാട്ട് ആദ്യത്തെ കുരിശിന്റെ വഴി രചിക്കുന്നത്. അന്നത്തെ പൂങ്കാവ് പള്ളി വികാരിയായിരുന്ന ഫാ. ജോസഫ് പൊള്ളയിലിന്റെ നിര്‍ദേശപ്രകാരമാണ് ഈ ദൗത്യം അദ്ദേഹം ഏറ്റെടുക്കുന്നത്. കലാനികേതന് എന്ന കലാസാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ പ്രവര്‍ത്തകനായിരുന്നു അദ്ദേഹമന്ന്. കുരിശിന്റെ വഴിയുടെ അവതരണം ഇഷ്ടപ്പെട്ട വികാരിയച്ചനും ഇടവകാംഗങ്ങളും അടുത്ത വര്‍ഷവും ഇതേ ആവശ്യം ഉന്നയിച്ചു. അങ്ങിനെ ഈ പതിവ് തുടര്‍ന്നു; 55 വര്‍ഷക്കാലം.
ആലപ്പുഴ വട്ടയാല്‍ ലൂര്‍ദ്മാതാ യു.പി.സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു ജോസ്. പി. കട്ടിക്കാട്ട്. നാടകരചനയിലും കവിതാ രചനയിലും ചെറുപ്പം മുതല്‍ പ്രാഗ്തഭ്യം തെളിയിച്ചിരുന്നു. പൂങ്കാവ് ഇടവകയിലും പ്രദേശത്തും കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളിലും ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിലും ശ്രദ്ധിച്ചിരുന്നു.
കുരിശിന്റെ വഴി രചിക്കുമ്പോള്‍ പ്രാരംഭഗാനവും സമാപന ഗീതവും ഉള്‍പ്പെടെ 16 പാട്ടുകള്‍ വേണം. ഓരോ വര്‍ഷവും എഴുതിയതുമായോ നിലവില്‍ പ്രചാരത്തില്‍ ഉള്ളതുമായ രചനകളുമായോ യതൊരു സാമ്യവുമില്ലാത്ത 800 പാട്ടുകള്‍ എഴുതുകയെന്ന ശ്രമകരമായ സൃഷ്ടി അതിഗംഭീരമായി അദ്ദേഹം നിര്‍വഹിച്ചു.
അദ്ദേഹം ഒരു വര്‍ഷം എഴുതിയ കുരിശിന്റെ വഴികളിലെ പ്രാരംഭഗാനത്തിന്റേയും അടുത്ത വര്‍ഷത്തെ പ്രാരംഭഗാനത്തിന്റേയും വരികളിലെ വ്യത്യാസം ശ്രദ്ധിക്കുക:
കാലം നമിക്കുന്ന കാല്‍വരിയില്‍
മാനസം നൊന്തു വരുന്നു നാഥാ
ഈ മിഴിനീരിലലിഞ്ഞിടാത്ത
പാപക്കറയേതു പാരിടത്തില്‍.
അടുത്ത വര്‍ഷത്തെ പ്രാരംഭഗാനം ഇങ്ങിനെ:
പറയുവാനാവാത്ത വൃഥയില്‍
കുരിശേന്തി ഞങ്ങള്‍ വരുന്നു
കരളില്‍ കനിവുള്ള നാഥാ
കനിയണമേ യേശുദേവാ
മറ്റൊരു വര്‍ഷത്തെ പ്രാരംഭഗാനം:
നാഥാ നീ വന്നു ചിന്തിയില്ലേ
പങ്കം പുരളാത്ത ജീവരക്തം
പുത്തന്ഉടമ്പടി മുദ്രവച്ചീടുവാന്
ഹൃത്തിലെ ജീവരക്തം.
ഇനി കുരിശിന്റെ വഴിയിലെ പന്ത്രണ്ടാം സ്ഥലത്തെ ഗാനങ്ങളിലെ വ്യത്യസ്തത നോക്കാം:
അന്ധകാരത്തിലമര്‍ന്നു ധരാതല
സിന്ധുവുമാര്ത്തലച്ചു
കാല്‍വരിക്കുന്നിലെ കൈവല്യദായകന്
കണ്മലര് ചേര്‍ത്തടച്ചു.
അടുത്ത വര്‍ഷം ഇതേ സ്ഥലത്തെ ഗാനം ഇപ്രകാരമായി മാറുന്നു:
രവിബിംബം മുകില്‍ ഏറിമറിഞ്ഞു
നിലവിട്ടലറി സാഗരം
ഭീതി നിറഞ്ഞു, ഭൂതലമഖിലം
മരണം വന്നു, കുരിശുപുണര്ന്നു.
മൂന്നാം സ്ഥലത്തെ ഗാനത്തിന്റെ വ്യത്യസ്ത:
നിത്യനായ ഗലീലിയന്‍
മെയ് തളര്‍ന്നു വീഴുന്നയ്യോ
എത്ര ക്ഷതം പൂമേനിയില്‍
കര്‍ത്താവേ എന്‍ പാപം തന്നെ.
മൂന്നാം സ്ഥലത്തെ ഗാനം മറ്റൊരു വര്ഷമെഴുതിയപ്പോള്:
ഭാരം വഹിച്ചുനാഥന്
പാതയില്‍ വാടിവീണു
പാറമേല്‍ ആഞ്ഞടിച്ചു
കാല്‍കരം മുറിവണിഞ്ഞു.
2013ല്‍ അസുഖം മൂലം കിടപ്പിലാകുന്നതുവരെ അദ്ദേഹം തന്റെ സപര്യതുടര്ന്നു. ലളിതവും കാവ്യഭംഗി നിറഞ്ഞതുമായ കവിതകളെ കുരിശിന്റെ വഴികളാക്കി ലോക റെക്കോര്‍ഡ് തന്നെ നേടിയ ഒരാള്‍ നമ്മുടെ ഇടയില്‍ ജീവിച്ചിരുന്നു. 2017 ജനുവരി 2 ന് അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു.
ആദ്യമെഴുതിയ കുരിശിന്റെ വഴിഗാനങ്ങള്ക്ക് സംഗീതം നല്‍കിയത് ആലപ്പി സരസന് ആയിരുന്നു. ഏഴു വര്‍ഷക്കാലം അദ്ദേഹം തന്നെ സംഗീതം നല്കി. പിന്നീട് ആറു വര്‍ഷം ബെന്നി ആലപ്പുഴയ്ക്കായിരുന്നു ആ നിയോഗം. നാല്പതു വര്‍ഷം തുടര്‍ച്ചയായി കുരിശിന്റെ വഴിയ്ക്ക് സംഗീതം നല്കാന് ഭാഗ്യമുണ്ടായത് സംഗീതാധ്യാപകനായ സ്റ്റാന്‍ലി പൂങ്കാവിനായിരുന്നു.
ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: പ്രീതി ജോസ്, പരേതനായ ജിമ്മി ജോസ്, സെന്‍ ജോസ്, ഫാ. ബോബി ജോസ്, ടാസിറ്റസ് ജോസ്.