ബക്കറ്റ്പിരിവില് നിന്ന് രാജ്യാന്തര വയര്‍ ട്രാന്‍സ്ഫര്‍, സ്വിഫ്റ്റ് ഇടപാടുകളിലൂടെയുള്ള ഫണ്ട് ശേഖരണത്തിലേക്ക് വിപ്ലവപാര്‍ട്ടിയുടെ മൂലധന വളര്‍ച്ച അടയാളപ്പെടുത്തുന്നതോടൊപ്പം ഓഖി ചുഴലിക്കാറ്റും മഹാപ്രളയവും കൊവിഡ് മഹാമാരിയും ഉള്‍പ്പെടെ കേരളചരിത്രത്തിലെ മഹാദുരന്തങ്ങളുടെ ഏറ്റം ഭീതിദമായ ദശാസന്ധികളില്‍ നിന്ന് അത്യപൂര്‍വ രാഷ്ട്രീയ, ഭൗതിക നേട്ടം കൊയ്തെടുക്കുകയും ചെയ്ത മാര്‍ക്സിസ്റ്റ് നേതാവാണ് പിണറായി വിജയന്. അധികാരത്തിന്റെ ഇടനാഴികളില്‍ 2016നു ശേഷം പവര്‍ ബ്രോക്കര്‍മാര്‍ ഉണ്ടായിട്ടില്ലെന്നും, സമൂഹത്തിലെ ‘ചില ചെറ്റത്തരങ്ങള്‍’ നമ്മളേയും സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ സമര്‍ഥിക്കുകയുണ്ടായി. പ്രകൃതിദുരന്തം ബാധിച്ച ജനങ്ങള്‍ക്കും അപകടമരണത്താല്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും ഗുരുതര രോഗം ബാധിച്ച് അവശതയനുഭവിക്കുന്നവര്‍ക്കും അടിയന്തരാശ്വാസമായി സാമ്പത്തിക സഹായം നല്കുന്നതിനു രൂപീകരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുപോലും സംസ്ഥാനവ്യാപകമായി ദശലക്ഷങ്ങളുടെ ആസൂത്രിതമായ കൊള്ള നടന്നുവെന്ന് വിജിലന്‍സ് അഴിമതിനിരോധന ബ്യൂറോ സ്ഥിരീകരിക്കുമ്പോഴും ”ഒരു ദാക്ഷിണ്യവുമില്ലാതെ” കര്‍ശന നടപടി എന്ന പല്ലവിപാടുകയാണ് പിണറായി.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ അതിശക്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണകള്ളക്കടത്തും ഡോളര്‍ കടത്തും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെ തുടര്‍ന്ന് 98 ദിവസം ജയിലില്‍ കഴിഞ്ഞ് 17 മാസത്തെ സസ്പെന്‍ഷനുശേഷം സര്‍വീസില്‍ പുനഃപ്രവേശിച്ച് ഐഎഎസ് സേവനകാലാവധി പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കകം വീണ്ടും, യുഎഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രെസന്റ് പ്രളയബാധിതരായ നിര്‍ധന കുടുംബങ്ങള്‍ക്കായി വടക്കാഞ്ചേരിയില്‍ സര്‍ക്കാരിന്റെ ലൈഫ് മിഷന് പാര്‍പ്പിട സമുച്ചയത്തിനായി അനുവദിച്ച 18.50 കോടി രൂപയില്‍ 4.48 കോടി രൂപ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പാവങ്ങള്‍ക്കായി 140 അപ്പാര്‍ട്ടുമെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതി തുകയുടെ ഏതാണ്ട് 44% കോഴയായി കൈമറിഞ്ഞു എന്ന കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെയും ഇഡി വിളിപ്പിക്കുന്നുണ്ട്. രാജ്യാന്തര, അന്തര്‍സംസ്ഥാന ബന്ധങ്ങളുള്ള ഈ അഴിമതിക്കേസ് സിബിഐ അന്വേഷിക്കുന്നതു തടയാന്‍ സുപ്രീം കോടതി വരെ പോയ പിണറായി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് കേസ് ഫയലുകളെല്ലാം മുക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
എറണാകുളം ജില്ലയില്‍ പ്രളയദുരിതാശ്വാസ നിധി തട്ടിപ്പില്‍ കലക്ടറേറ്റില്‍ ഭരണപക്ഷ എന്‍ജിഒ യൂണിയന് അംഗമായ സെക്ഷന്‍ ക്ലാര്‍ക്കും സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയിലെ രണ്ട് മുന്‍ അംഗങ്ങളും അവരുടെ ഭാര്യമാരും ഉള്‍പ്പെടെ ഏഴുപേര്‍ ചേര്‍ന്ന് 2019 നവംബര്‍ മുതല്‍ 2020 ജനുവരി വരെ 27.73 ലക്ഷം രൂപ തട്ടിയെടുത്തതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. 2018-ലെ മഹാപ്രളയത്തിലും അടുത്തവര്‍ഷത്തെ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കെടുതികള്‍ അനുഭവിച്ചവര്‍ക്കു നല്‍കാനുള്ള ദുരിതാശ്വാസ നിധിയില്‍ 14.84 കോടി രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ. കൗശികന്റെ അന്വേഷണ റിപ്പോര്‍ട്ട് എവിടെയോ അപ്രത്യക്ഷമായി.
ഓരോ ജില്ലയിലും 300 എന്ന തോതില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ദുരിതാശ്വാസ ഫണ്ടുവിതരണത്തിന്റെ ഫയലുകള്‍ പരിശോധിച്ചതില്‍, റവന്യു ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ഏജന്റുമാര്‍, അക്ഷയ സെന്റര്‍ നടത്തിപ്പുകാര്‍ എന്നിങ്ങനെ വലിയൊരു സംഘം ആസൂത്രിതമായി ലക്ഷകണക്കിനു രൂപയുടെ ഫണ്ട് തിരിമറിയില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ഓണ്‍ലൈന്‍ അപേക്ഷയും ബാങ്ക് അക്കൗണ്ട് വഴി ഫണ്ട് ട്രാന്‍സ്ഫറും പൂര്‍ണമായി വെബ് അധിഷ്ഠിത ഇടപാടുമൊക്കെ വ്യവസ്ഥ ചെയ്തിട്ടും വരുമാന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍, സ്ഥിരതാമസത്തിന് തെളിവ് തുടങ്ങിയ രേഖകളിലെല്ലാം കൃത്രിമം നടത്തി അനര്‍ഹരായവര്‍ രാഷ്ട്രീയ ദല്ലാളന്മാരുടെ ഒത്താശയോടെ ദുരിതാശ്വാസനിധിയില്‍ നിന്ന് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് വന്‍തുക അടിച്ചുമാറ്റി.
പത്തനംതിട്ടയില്‍ ഒരു വില്ലേജിലെ 268 അപേക്ഷകളിലും ബന്ധപ്പെടാനുള്ള നമ്പര്‍ ഒന്നാണ്. പുനലൂരില്‍ സിപിഎം കുടുംബപശ്ചാത്തലമുള്ള ഒരു ഡോക്ടര്‍ 1,500 പേര്‍ക്കാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഒരു വീട്ടിലെ എല്ലാവര്ക്കും രണ്ടു ഘട്ടങ്ങളിലായി നാലു സര്‍ട്ടിഫിക്കറ്റുകള്‍ ഇദ്ദേഹം നല്‍കിയിട്ടുണ്ട്. ഹൃദയസംബന്ധമായ അസുഖത്തിന് രണ്ടു കലക്ടറേറ്റുകളില്‍ അപേക്ഷ നല്കി പണം കൈപ്പറ്റിയ ആള് കാന്‍സര്‍ ചികിത്സയ്ക്കും പണം വാങ്ങി. ഇതിന് സര്‍ക്കാര്‍ ആശുപത്രിയിലെ എല്ലുരോഗവിദഗ്ധനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ആലപ്പുഴയില്‍ 2022 സെപ്റ്റംബറില്‍ 60 അപേക്ഷകര്‍ക്ക് ഒരേ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട് – കാന്‍സറിനും മനോരോഗത്തിനുമൊക്കെ ഇദ്ദേഹം ഔദാര്യപൂര്‍വം സര്‍ട്ടിഫിക്കറ്റ് എഴുതി. ആലത്തൂര്‍ വില്ലേജില്‍ 78 അപേക്ഷകളില്‍ 54 എണ്ണത്തിലും ഒരു ആയുര്‍വേദ ഡോക്ടറും 13 എണ്ണത്തില്‍ മറ്റൊരു ആയുര്‍വേദ ഡോക്ടറും 12 അപേക്ഷകളില്‍ മൂന്നാമതൊരു ആയുര്‍വേദ ഡോക്ടറുമാണ് ഗുരുതര രോഗങ്ങള്‍ സാക്ഷ്യപ്പെടുത്തിയത്. അപ്പന്‍ഡിസൈറ്റിസ് ചികിത്സയ്ക്ക് ഒരു ദിവസം ആശുപത്രിയില്‍ കഴിഞ്ഞയാള്ക്കും മാരനല്ലൂരില്‍ ഹൃദ്രോഗത്തിന് ധനസഹായം ലഭിച്ചു. സമ്പന്നനായ വിദേശമലയാളിക്ക് മൂന്നു ലക്ഷം രൂപ ചികിത്സാസഹായം എത്തി. 19 സെന്റ് സ്ഥലവും രണ്ടുനില വീടുമുള്ള മറ്റൊരു പ്രവാസിക്ക് വീടിന് ഒരു കേടുമില്ലെങ്കിലും മൂന്നു ലക്ഷം രൂപ വെറുതെ കിട്ടി.
കുട്ടികള്‍ കുടുക്ക പൊട്ടിച്ചും, സുബൈദ ഉമ്മയെപോലുള്ളവര് ആറ്റുനോറ്റുവളര്‍ത്തിയ ആടിനെ വിറ്റും, ബീഡി തൊഴിലാളി ക്ഷേമനിധി ആനുകൂല്യം മുഴുവന്‍ ദാനം ചെയ്തും, പ്രവാസികള്‍ സാഹോദര്യത്തോടെ ഒത്തുചേര്‍ന്നും സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും സാലറി ചലഞ്ചിന്റെ സമ്മര്‍ദത്തില്‍ അകപ്പെട്ടും, മറ്റു ചിലര്‍ പ്രളയ സെസ് വിഹിതം നാടിന്റെ നന്മയ്ക്കാണെന്ന് ആശ്വസിച്ച് ഉയര്‍ന്ന നിരക്കില്‍ മദ്യം വാങ്ങിക്കൂട്ടിയും സംഭാവന ചെയ്ത ദുരിതാശ്വാസ നിധി കൊള്ളയടിച്ച സര്‍ക്കാര്‍ ജീവനക്കാരുടെയും ഏജന്റുമാരുടെയും കഥകളിലേക്കു പോകുംമുന്‍പ്, 2017-ല്‍ എന്‍സിപി മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മകള്‍ക്ക് വിദ്യാഭ്യാസ സഹായമായി 25 ലക്ഷം രൂപയും, ചെങ്ങന്നൂരിലെ മുന്‍ സിപിഎം എംഎല്‍എ കെ.കെ. രാമചന്ദ്രന് നായരുടെ മരണാനന്തരം 2018-ല്‍, അദ്ദേഹം പണയം വച്ചിരുന്ന സ്വര്‍ണം തിരിച്ചെടുക്കാന്‍ എട്ടു ലക്ഷം രൂപയും കാര്‍ വായ്പ തിരിച്ചടക്കാന്‍ ആറു ലക്ഷം രൂപയും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷാവിഭാഗത്തില്‍ ജോലി ചെയ്തിരുന്ന പി. പ്രവീണ്‍ എന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് പൈലറ്റ് വാഹന അപകടത്തില്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് എക്സ്ഗ്രേഷ്യയായി അനുവദിച്ച പിണറായി മന്ത്രിസഭയുടെ ”മഹാകാരുണ്യം” ദുരിതാശ്വാസ നിധിയുടെ ചട്ടങ്ങളെയെല്ലാം തകിടംമറിക്കുന്ന അധാര്‍മികവും അന്യായവുമായ സ്വജനപക്ഷപാതവും അഴിമതിയും അധികാരദുര്‍വിനിയോഗവുമാണെന്ന വസ്തുത ആര്‍ക്കെങ്കിലും നിഷേധിക്കാനാകുമോ?
കേരള ലോകായുക്തയെങ്ങാനും അത്തരം തീര്‍പ്പിന് ഒരുമ്പെട്ടാല്‍ മന്ത്രിസഭ വീഴുമെന്ന കൊടിയ ആശങ്കയിലാണ് യുഎസ്സില്‍ ചികിത്സയിലായിരുന്ന പിണറായി 1999-ലെ കേരള ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള ഓര്‍ഡിനന്‍സ് എത്രയും വേഗം ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പാട്ടിലാക്കാനുള്ള അടവുകള്‍ തേടിയത് എന്ന പൂര്വകഥയും ചേര്‍ത്തുവായിക്കുക. പിണറായിയും അംഗമായിരുന്ന ഇ.കെ. നായനാര്‍ മന്ത്രിസഭയാണ് രാജ്യത്തെ ഏറ്റവും ശക്തമായ അഴിമതിവിരുദ്ധ ഓംബുഡ്സ്മാന് സംവിധാനം എന്ന നിലയില്‍ കേരള ലോകായുക്ത നിയമവും ചട്ടങ്ങളും നിയമസഭയില്‍ അവതരിപ്പിച്ചത്. ഒരു പൊതുപ്രവര്ത്തകന് അഴിമതിക്കാരനെന്നു കണ്ടെത്തിയാല്‍ പദവിയില്‍ നിന്നു നീക്കം ചെയ്യാനുള്ള അധികാരം ലോകായുക്തയ്ക്ക് ഉണ്ടായിരുന്നു. തന്റെ അടുത്ത ബന്ധു കെ.ടി. അദീബിനെ സംസ്ഥാന ന്യൂനപക്ഷ വികസന ഫിനാന്‍സ് കോര്പറേഷന് ജനറല്‍ മാനേജറായി നിയമിച്ചതില്‍ ഒന്നാം പിണറായി മന്ത്രിസഭയിലെ ഉന്നതവിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമ മന്ത്രി കെ.ടി. ജലീല്‍ സ്വജനപക്ഷപാതം കാട്ടി എന്നു ലോകായുക്ത വിധിച്ചതിനെ തുടര്‍ന്ന് 2021 ഏപ്രിലില്‍ അദ്ദേഹത്തിനു മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. സുപ്രീം കോടതിയില്‍ അപ്പീല്‍ പോയിട്ടും വിധിയില്‍ ഇളവുണ്ടായില്ല. കേരള ലോകായുക്തയുടെ 22 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി, ഒരു മന്ത്രിയെ പുറത്താക്കാനുള്ള ഈ വകുപ്പ് ”ഭരണഘടനാവിരുദ്ധമാണ്” എന്ന വെളിപാട് പിണറായിക്കും കൂട്ടര്‍ക്കും ഉണ്ടായി. കേസ് വിചാരണ ചെയ്ത് സര്‍ക്കാരിന് സമര്‍പ്പിക്കുന്ന ലോകായുക്തയുടെ റിപ്പോര്‍ട്ട് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാനുള്ള അവകാശം നിശ്ചിത നിയമനാധികാരിക്കുണ്ടായിരിക്കും എന്നാണ് നിയമഭേദഗതിയില്‍ പറയുന്നത്. മുഖ്യമന്ത്രിക്കെതിരായ റിപ്പോര്‍ട്ട് പരിശോധിച്ച് അന്തിമ തീര്‍പ്പു കല്പിക്കാനുള്ള അധികാരം നിയമസഭയ്ക്കാണ്; മന്ത്രിക്കെതിരായ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയും, എംഎല്‍എയുടെ കാര്യത്തില്‍ സ്പീക്കറുമാണ്. ഗവര്‍ണര്‍ക്കു പോലും ഇക്കാര്യത്തില്‍ ഒരു അധികാരവുമില്ല. ഹൈക്കോടതി ചീഫ് ജസ്റ്റിസായോ സുപ്രീം കോടതി ജഡ്ജിയായോ സേവനം ചെയ്തിട്ടുള്ള ആളെയാണ് ഇതുവരെ ലോകായുക്തയായി നിയമിച്ചിരുന്നത്. ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന ആരെയും നിയമിക്കാമെന്നാണ് പുതിയ ഭേദഗതിയില്‍ പറയുന്നത്.
വഴിവിട്ട് ദുരിതാശ്വാസനിധിയില്‍ നിന്ന് രാഷ്ട്രീയ താല്പര്യക്കാര്ക്ക് വന്‍തുക ദാനം ചെയ്യാനുള്ള തീരുമാനമെടുത്ത ക്യാബിനറ്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്ന വി.എസ്. സുനില്‍കുമാര്‍ ഒഴികെ ഒന്നാം പിണറായി മന്ത്രിസഭയിലെ മറ്റു 16 മന്ത്രിമാരും മുഖ്യമന്ത്രിയും എതിര്‍കക്ഷികളായ കേസ് വിശദമായി വാദം കേട്ട് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാരുണ്‍ അല്‍ റഷീദ് എന്നിവരുടെ ബെഞ്ച് 2022 മാര്‍ച്ചില്‍ വിധി പറയാന്‍ മാറ്റിയതാണ്. ഇതിനിടെയാണ് ലോകായുക്തയുടെ അധികാരങ്ങള്‍ നിയന്ത്രിക്കുന്ന നിയമഭേദഗതി ഓര്‍ഡിനന്‍സും കോലാഹലവും ഉണ്ടാകുന്നത്. ഓര്‍ഡിനന്‍സിന്റെ കാലാവധി കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് കഴിയാനിരിക്കേ, സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിലെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ബില്ലിനൊപ്പം ലോകായുക്ത നിയമഭേദഗതി ബില്ലും 2022 ഓഗസ്റ്റില്‍ നിയമസഭ പാസാക്കിയെങ്കിലും വിവാദപരമായ ഈ ബില്ലുകള്‍ ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. അവ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഓര്‍ഡിനന്‍സ് കാലാവധി തീരുകയും പുതിയ നിയമഭേദഗതിയുടെ വിജ്ഞാപനം ഇറങ്ങുകയും ചെയ്യാത്ത സാഹചര്യത്തില്‍ ലോകായുക്തയുടെ പഴയ അധികാരം നിലനില്‍ക്കുകയാണെന്നു നിയമജ്ഞര്‍ വാദിക്കുന്നു. എന്നാല്‍ ഒരു കൊല്ലമായിട്ടും, ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തുവെന്ന കേസില്‍ വിധി പറയാതെ ലോകായുക്ത എന്തു ശ്രേഷ്ഠ കീഴ് വഴക്കമാണ് സൃഷ്ടിക്കുന്നത്?
കൊവിഡ് മഹാമാരിക്കാലത്ത് പ്രധാനമന്ത്രി മോദി എക്സ് ഒഫിഷ്യോ ചെയര്‍മാനും മൂന്നു കേന്ദ്രമന്ത്രിമാര്‍ ട്രസ്റ്റികളുമായി പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ രൂപീകരിച്ച പിഎം കെയേര്‍സ് (പ്രൈം മിനിസ്റ്റേര്‍സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ്) ഫണ്ട് എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനത്തിലോ പാര്‍ലമെന്റോ ഏതെങ്കിലും നിയമസഭയോ പാസാക്കിയ നിയമത്തിന് കീഴിലോ അല്ല സ്ഥാപിച്ചിരിക്കുന്നത് എന്നതിനാല്‍ അത് പബ്ലിക് അതോറിറ്റി എന്ന നിര്‍വചനത്തില്‍ പെടുകയില്ലെന്നും അതിനാല്‍ സിഎജി ഓഡിറ്റിന്റെയോ വിവരാവകാശരേഖയുടെയോ പരിധിയില്‍ വരുന്നില്ലെന്നും കേന്ദ്രഗവണ്മെന്റ് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. പ്രത്യേകിച്ച് ആരെയും കണക്കുബോധിപ്പിക്കാനില്ലാത്ത മോദിയുടെ ഉത്തമ മാതൃക പിണറായി പിന്തുടര്ന്നാല് ആര്‍ക്കാണ് ചേതം!
പ്രളയദുരിതാശ്വാസത്തിന് താന്‍ സംഭാവന ചെയ്ത നാലു കോടി രൂപ കേരള സര്‍ക്കാര്‍ എന്തു ചെയ്തു എന്നു ചോദിച്ച് കുവൈറ്റിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പായ എന്‍ബിടിസിയുടെ മാനേജിങ് ഡയറക്ടര്‍ കെ.ജി ഏബ്രഹാം എന്ന പ്രവാസി മലയാളി കുവൈറ്റില്‍ പത്രസമ്മേളനം നടത്തിയത് ഗള്‍ഫിലെ പ്രവാസികളുടെ അണപൊട്ടുന്ന രോഷത്തിന്റെ ബഹിര്‍സ്ഫുരണമാണ്.
കേരളത്തെ ലബനോന്റെ അവസ്ഥയിലെത്തിച്ച രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിച്ച അദ്ദേഹം, സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന വീടുകള്‍ക്ക് അധിക നികുതി ചുമത്താനുള്ള ബജറ്റ് നിര്‍ദേശം പ്രവാസികളോടുള്ള വെല്ലുവിളിയാണെന്ന് തുറന്നടിക്കുന്നു.