എറണാകുളം: നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍ (നാക്) പരിശോധനയില്‍ ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ഫോര്‍ വിമന്‍ 3.68 സിജിപിഎയോടെ രാജ്യത്തെതന്നെ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ++ അംഗീകാരം ലഭിച്ചു. അഞ്ചാമത്തെ സൈക്കിളില്‍ അക്രഡിറ്റേഷന് നേടിയ ഇന്ത്യയിലെ ആദ്യത്തെ കോളജാണിത്. 1964ല്‍ ആരംഭിച്ച കോളേജില്‍ ഇപ്പോള്‍ 17 യുജി പ്രോഗ്രാമുകളും 7 പിജി പ്രോഗ്രാമുകളും 3 പിഎച്ച്.ഡി പ്രോഗ്രാമുകളുമാണുള്ളത്. 2020-ല്‍ ഗവണ്മെന്റ് ഓഫ് എജ്യുക്കേഷന്റെ ഇന്സ്റ്റിറ്റിയൂഷന് ഇന്നൊവേഷന് കൗണ്‍സില്‍ റേറ്റിംഗില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി. പിന്നീട് 3 വര്‍ഷമായി തുടര്‍ച്ചയായി ഉയര്‍ന്ന റാങ്ക് നേടുന്ന കോളജാണിത്. ഇന്സ്റ്റിറ്റിയൂഷന് ഇന്നൊവേഷനില്‍ മെന്റര്‍ പദവിയുള്ള കോളജിനു കീഴില്‍ 5 കോളജുകളും 3 സ്കൂളുകളുമുണ്ട്. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 30 അംഗങ്ങള്‍ ഇന്നവേഷന്‍ അംബാസഡര്‍മാരാണ്. വിദ്യാര്‍ഥികളുടെ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കോളജില്‍ അത്യാധുനിക ഇന്‍കുബേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഈ അധ്യയനവര്‍ഷം മൂന്ന് പേറ്റന്റുകള്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞുവെന്നതും കോളജിന്റെ അഭിമാനനേട്ടമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇന്നൊവേഷന് നേട്ടങ്ങള്‍ക്കുള്ള അടല്‍ റാങ്കിംഗിന്റെ പെര്‍ഫോമര്‍ ബാന്‍ഡിലും കോളജ് ഇടം നേടിയിട്ടുണ്ട്. ഐഎസ്ഒ സര്‍ട്ടിഫൈഡായ സെന്റ് സേവ്യേഴ്സ് എന്‍ഐആര്‍എഫ്, ഇന്ത്യാ ടുഡേ റാങ്കിംഗില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിലകൊള്ളുന്നു. കൂടാതെ യുഎന്‍എഐ(യുണൈറ്റഡ് നേഷന്‍സ് അക്കാഡമിക് ഇംപാക്ട്)അംഗ സ്ഥാപനം കൂടിയാണിത്.
കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത് ഭാരത് അഭിയാന്റെ പങ്കാളിത്ത സ്ഥാപനമാണ് സെന്റ് സേവ്യേഴ്സ്. ഒരു ഇന്‍ക്ലൂസീവ് ഇന്ത്യയുടെ വാസ്തുവിദ്യ കെട്ടിപ്പടുക്കുന്നതില്‍ വിജ്ഞാന സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തി ഗ്രാമീണ വികസനം ലക്ഷ്യമിടുന്ന പദ്ധതിയാണിത്. സര്‍ക്കാരിന്റെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ ഭാഗമായും കലാലയം പ്രവര്‍ത്തിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ഹിമാചല്‍ പ്രദേശിലെ സെന്റ് ബീഡ്സ് കോളജുമായി സെന്റ് സേവ്യേഴ്സ് പങ്കാളിത്തം പുലര്‍ത്തി പോരുന്നു. അംഗപരിമിത സൗഹൃദ കലാലയം കൂടിയായ സേവ്യേഴ്സ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 83 ശതമാനം വിജയത്തോടൊപ്പം യൂണിവേഴ്സിറ്റി പരീക്ഷകളില്‍ 111 റാങ്കുകളും കരസ്ഥമാക്കിയിട്ടുണ്ട്. കലാ-കായിക-സാമൂഹിക മേഖലകളില്‍ സെന്റ് സേവ്യേഴ്സ് എന്നും മുന്‍പന്തിയില്‍ നില്ക്കുന്നു.
മികച്ച എന്‍എസ്എസ് യൂണിറ്റ്, മികച്ച എന്‍എസ്എസ് വോളന്റിയര്‍, മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്നീ പദവികള്‍ സംസ്ഥാനതലത്തിലും സര്‍വകലാശാലാ തലത്തിലും കോളജിന് നിരവധി തവണ ലഭിച്ചിട്ടുണ്ട്. 2021, 22 വര്‍ഷങ്ങളില്‍ കോളജിനെ ഇന്ഫ്ലിബ്നെറ്റിന്റെ മികച്ച ഉപയോക്താവായി എന്‍ ലിസ്റ്റ് തിരഞ്ഞെടുത്തതും അഭിമാനനേട്ടമായി. നാകിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് നാക് സ്റ്റിയറിംഗ് കമ്മറ്റി കോ-ഓര്‍ഡിനേറ്റര്‍ ഡോ. സൗമി മേരി എമ്മും ഐക്യുഎ ഇകോര്ഡിനേറ്റര് ഡോ. സുജാത എന്‍.വി യുമാണ്. കോളജിലെ മുഴുവന്‍ അംഗങ്ങളുടെയും പ്രവര്‍ത്തന ഫലമാണ് ഈ നേട്ടമെന്ന് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ മിലന് ഫ്രാന്‍സും മാനേജര്‍ സിസ്റ്റര്‍ ചാള്‍സും ഡയറക്ടര്‍ സിസ്റ്റര്‍ ശാലിനിയും അഭിപ്രായപ്പെട്ടു.