മഹാനായ ചലച്ചിത്രകാരന് റോമന്‍ പൊളാന്‍സ്കിയുടെ നാടായ പോളണ്ടില്‍ നിന്നാണ് യെഷെ സ്കോലിമോവ്സ്കി എന്ന സംവിധായകനും എത്തുന്നത്. പൊളാന്‍സ്കിയുടെ അടുത്ത ചിത്രത്തിന്റെ തിരക്കഥയില്‍ സഹായിയാകുന്നത് സ്കോലിമോവ്സ്കിയാണ്. പൊളാന്‍സ്കി ഫ്രാന്‍സിലാണ് തന്റെ നങ്കൂരമുറിപ്പിച്ചിരിക്കുന്നതെങ്കില് അമേരിക്കയിലാണ് സ്കോലിമോവ്സ്കിയുടെ സിനിമാജീവിതം തളിര്‍ക്കുന്നത്. പൊളാന്സ്കിക്ക് 89 വയസും സ്കോലിമോവ്സ്കിക്ക് 84 വയസുമായെന്ന് അവരുടെ സിനിമകള്‍ കണ്ടാല്‍ ഒരിക്കലും തോന്നുകയില്ല.
ഇരുപതിലധികം സിനിമകള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള സ്കോലിമോവ്സ്കിയുടെ ഏറ്റവും മികച്ച ചിത്രമായി ‘ഇഒ’ മാറുമെന്നാണ് കരുതപ്പെടുന്നത്. ഭാവിയിലെ ക്ലാസിക് എന്നാണ് പലരും ചിത്രത്തെ വിശേഷിപ്പിക്കുന്നത്. യെഷെ സ്കോലിമോവ്സ്കി ഒരിക്കലും പരമ്പരാഗത രീതിയിലായിരുന്നില്ല തന്റെ സിനിമകളെ സമീപിച്ചിരുന്നത്. 1960കളില്‍ പോളിഷ് നവതരംഗത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന അദ്ദേഹം വ്യത്യസ്ത സിനിമകളാണ് ചെയ്തത്. ഇഒയും ആ ഗണത്തില്‍ പെടുന്നു. ക്രൂരതയോടുള്ള പ്രതികരണമായിരിക്കാം സ്കോലിമോവ്സ്കിയുടെ ഇഒ പറയുന്നത്. ഇഒ എന്നത് സിനിമയിലെ നായകനായ കഴുതയുടെ പേരാണ്. ഉച്ചാരണം മലയാളത്തില്‍ ഇയ്യോ എന്നാകാം. കാരണം, കഴുതയുടെ കരച്ചിലിന്റെ ശബ്ദം തന്നെയാണ് അവനു പേരായി സിദ്ധിക്കുന്നത്.
അധഃസ്ഥിതരോട് സ്കോലിമോവ്സ്കിക്ക് ദശാബ്ദങ്ങള്‍ നീണ്ട അടുപ്പമുണ്ടെന്ന് അദ്ദേഹത്തിന്റെ മുന്‍കാല ചിത്രങ്ങള്‍ അനുസ്മരിപ്പിക്കുന്നു. എന്നാല്‍ കഴുതയുടെ ദുരിത ജീവിതത്തോട് അദ്ദേഹത്തിന് എന്തെങ്കിലും സഹാനുഭൂതി ഉള്ളതായി കരുതേണ്ടതില്ല; കരുതിയാലും തെറ്റല്ല. പ്രേക്ഷകന് എന്തു വേണമെങ്കിലും ചിന്തിക്കാനുള്ള വാതില്‍ തുറന്നിടുകയാണ് സ്കോലിമോവ്സ്കി. സഹജീവികളോടുള്ള ദയ മനുഷ്യന്റെ മികച്ചൊരു വികാരമാണ്. പക്ഷേ, മിക്കവരിലും അതു കാണില്ലെന്നു മാത്രം. മറ്റു ജീവികളുടെ അവകാശങ്ങളോടും ക്ഷേമത്തോടുമുള്ള നിസംഗതയും മനുഷ്യന്റെ സവിശേഷത തന്നെ. ഉറ്റവരില്‍ നിന്നു വിധിവശാല്‍ വേര്‍പെടുന്ന ഓമനമൃഗം ഒടുവില്‍ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് അവരോടൊപ്പം ഒത്തുചേരുന്ന കഥ പറയുന്ന ധാരാളം സിനിമകളുണ്ടായിട്ടുണ്ട്. ഇഒ ആ ദിശയിലേക്കാണോ സഞ്ചരിക്കുന്നതെന്ന് തോന്നുമെങ്കിലും ഒരിക്കലും അതായിരുന്നില്ല സ്കോലിമോവ്സ്കി ഉദ്ദേശിച്ചിരിക്കുന്നത്. സിനിമയെ ബോധപൂര്‍വം വഴിതെറ്റിക്കുകയല്ല, മറിച്ച് സൗന്ദര്യാത്മകമായ ഒരു വ്യക്തത അതിനു വേണമെന്ന് ശഠിക്കുകയായിരിക്കാം അദ്ദേഹം.
ഒരു സര്‍ക്കസ് കൂടാരത്തിലെ കളിക്കാരനാണ് ഇഒ. അവന്റെ പ്രായമോ മുന്‍കാല ചരിത്രമോ പ്രേക്ഷകന് അറിയില്ല. സിനിമയുടെ തുടക്കത്തില്‍ വലിയ പശ്ചാത്തല ശബ്ദത്തോടെ ചെമപ്പ് പ്രകാശം പരന്നൊഴുകുന്ന വേദിയില്‍ കസാന്ദ്ര (സാന്ദ്ര ഡ്രസിമല്സ്ക) എന്ന ഒരു യുവ അവതാരകയ്ക്കൊപ്പം ഇഒയും ചില നമ്പറുകളില്‍ പങ്കെടുക്കുന്നു. കസാന്ദ്രയാണ് അവന്റെ ജീവിതത്തിലെ ആശ്വാസം എന്നു വേണമെങ്കില്‍ പറയാം (ഊഹിക്കാം). ഒരു കഴുതയുടെ (ജീവിയുടെ) ആന്തരിക ജീവിതത്തിലേക്ക് നമുക്ക് എത്രത്തോളം പ്രവേശിക്കാം, അല്ലെങ്കില്‍ അതിനെകുറിച്ച് സങ്കല്പ്പിക്കാം എന്നതിന് സംവിധായകന് പരിമിതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇഒയുടെ വലിയ കണ്ണുകളുടെ ക്ലോസപ്പ് ഷോട്ടുകളിലൂടെ പ്രേക്ഷകന് അവന്റെ വികാരവിചാരങ്ങള്‍ ഊഹിക്കാം. ഇഒയുടെ സ്വപ്ന സീക്വന്സുകളോ കസാന്ദ്രയോടൊപ്പമുള്ള സന്തോഷകരമായ സമയങ്ങളുടെ ഓര്‍മ്മകളോ ഇതാണ് വ്യക്തമാക്കുന്നത്. അങ്ങനെ ആയിരുന്നില്ലെങ്കില്‍ ഒരു ജന്തുവിന്റെ വിഷമതകള്‍ പങ്കുവയ്ക്കുന്ന സാധാരണ പൈങ്കിളി സിനിമയായി ഇതു മാറിയേനെ. കാഴ്ചയുടെ സൗന്ദര്യം ഫ്രെയ്മുകളില് തുടിച്ചുനില്ക്കുന്നു. ഒരു ചെറിയ അണക്കെട്ടിന്റെ പടികളിലൂടെ ഇഒ കടന്നുപോകുന്നത് അത്തരത്തിലൊന്നാണ്. ആ കാഴ്ചകളാണ് സിനിമയുടെ കഥ എന്നു പറയാം.
ചിലര്‍ കഴുതയെകുറിച്ച് സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ നമുക്ക് ആശ്വാസം തോന്നും: ”ഈ മൃഗം കഷ്ടപ്പെടുന്നത് നിങ്ങള്‍ക്കു കാണാന്‍ കഴിയുന്നില്ലേ?” ഒരു പ്രതിഷേധത്തിനിടെ ഒരു ആക്ടിവിസ്റ്റ് അലറുന്നത് അത്തരത്തിലൊന്നാണ്.
മൃഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ചിലര്‍ വിലപിക്കുന്ന അവസരത്തില്‍ തന്നെ സര്‍ക്കസ് കമ്പനി പാപ്പരാകുന്നു. സര്‍ക്കസ് പിരിച്ചുവിട്ട് ഇഒയെ അടച്ച വാഹനത്തില്‍ കയറ്റി അയക്കുന്ന രംഗമുണ്ട്. മലയും കുന്നും പാലങ്ങളും തുരങ്കങ്ങളും ജനപദങ്ങളും കടന്ന് പോളണ്ടില്‍ നിന്ന് ഇറ്റലിയിലേക്കാണ് വാഹനത്തിന്റെ ഗമനം. അതിനിടയില്‍ ജനലിലൂടെ കാണാം കുതിച്ചോടുന്ന ഒരു കൂട്ടം കുതിരകളെ. അവരുടെ സ്വാതന്ത്ര്യത്തിന്റെ ആവേശകരമായ ആസ്വാദനം അവന്റെ തടവിനെ വേദനാജനകമായ അവസ്ഥയിലേക്ക് തള്ളിവിടുകയായിരിക്കാം. പിന്നീടവന് പലരാലും വാങ്ങപ്പെടുകയും വില്ക്കപ്പെടുകയും ചെയ്യുന്നു. പുതിയ സ്ഥലങ്ങളില്‍, പുതിയ സാഹചര്യങ്ങളില്‍ ഇഒയുടെ അനുഭവങ്ങള്‍ വ്യത്യസ്തമാണ്. സമാന്തരമായി മനുഷ്യജീവിതങ്ങളെയും സ്കോലിമോവ്സ്കി അവതരിപ്പിക്കുന്നു.
റോബര്‍ട്ട് ബ്രെസ്സന്റെ 1966ലെ മാസ്റ്റര്‍പീസ് ‘ഔ ഹസാര്‍ഡ് ബാല്‍ത്തസാര്‍’ എന്ന സിനിമയില്‍ നിന്നാണ് ഇഒ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്. മനുഷ്യരുടെ എല്ലാത്തരം ഭീകരതയ്ക്കും അസംബന്ധത്തിനും നിര്‍ജീവമായ സാക്ഷ്യം വഹിക്കുന്നവരാണ് രണ്ടു സിനിമയിലേയും കഴുതകള്‍. ഇഒയുടെ നോട്ടം, തലയുയര്‍ത്തി നില്ക്കുന്ന ചെവികള്‍, മൃദുവായ വെളുത്ത രോമങ്ങള്‍, കഴുത്ത് അലങ്കരിക്കുന്ന മനോഹരമായ കാരറ്റ് മാല എന്നിവയിലൂടെ പ്രേക്ഷകന് ഇഒയെ ഇഷ്ടപ്പെടും. ആറു കഴുതകളെ ഷൂട്ടിംഗിനായി മാറിമാറി ഉപയോഗിച്ചാണ് ഇഒയെ പൂര്ണനാക്കിയിരിക്കുന്നതെന്നതു മാത്രം ശ്രദ്ധിക്കേണ്ടതില്ല. ഇഒയുടെ യാത്രക്കിടയില്‍ ജീവിതത്തിന്റെ ഭയാനകത ഛായാഗ്രാഹകന്‍ മൈക്കല്‍ ഡൈമെക് നിര്‍മിക്കുന്നുണ്ട്. വവ്വാലുകള്‍ പിന്തുടരുന്ന ഇഒ ഒരു തുരങ്കത്തിലൂടെ സഞ്ചരിക്കുന്നു. ഒരു ചത്ത പക്ഷി ആകാശത്ത് നിന്നു വീഴുന്നു. ആളുകള്‍ മരിക്കുന്നു. ഒരാളുടെ കഴുത്ത് തുറന്നിരിക്കുന്നു. മൃഗങ്ങള്‍ കൊല്ലപ്പെടുന്നു. രാത്രിയില്‍ കഴുത ഒരു വനാന്തരീക്ഷത്തില്‍ അലഞ്ഞുതിരിയുന്നു. നിലാവ് അവിടമാകെ അരണ്ട പ്രകാശം പരത്തുന്നുണ്ട്. ഒരു ചെറിയ അരുവിയിലൂടെ നീന്തിപ്പോകുന്ന തവള. രാത്രിയോ പകലോ എന്നു ശ്രദ്ധിക്കാതെ എട്ടുകാലി വല നെയ്യുന്ന ജോലിയില്‍ മുഴുകിയിരിക്കുന്നു. നുഴഞ്ഞുകയറ്റക്കാരന്റെ സാന്നിധ്യം താനറിഞ്ഞു എന്ന് അറിയിക്കാനായി ഒരു മൂങ്ങ മരത്തിലിരുന്ന് കഴുതയെ നോക്കി നെറ്റി ചുളിക്കുന്നു. ചെന്നായ്ക്കള്‍ ഓരിയിടുന്നു. ചെമപ്പ് നിറമുള്ള കുറുക്കന് ജാഗ്രതയോടെ ചെവിയോര്‍ക്കുന്നു. സമീപത്തുള്ള വേട്ടക്കാരുടെ സാന്നിധ്യം അറിയിക്കുന്ന പച്ച ലേസര്‍ രശ്മികള്‍ നിലാവെളിച്ചത്തിനുള്ളിലൂടെ തുളച്ചു കയറിയിറങ്ങുന്നു. ഇഒയുടെ മൊത്തം കഥ ഈ സീനില്‍ ഉണ്ടെന്നു വേണമെങ്കില്‍ പറയാം.