കത്തോലിക്കാ സഭയുടെ സഭയുടെ സാംസ്കാരികവും ദൈവശാസ്ത്രപരവുമായ പൈതൃകത്തില്‍ ഉന്നത സ്ഥാനമാണ് കായിക വിനോദങ്ങള്‍ക്ക് എന്നും നല്‍കിയിട്ടുള്ളത്. സാധാരണക്കാരായ വിശ്വാസികളും സന്ന്യസ്തരും വൈദികരുമെല്ലാം കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനെ സഭ പ്രോത്സാഹിപ്പിച്ചിരുന്നു. മധ്യകാലഘട്ടത്തില്‍ വിശേഷ ദിവസങ്ങളില്‍ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് ഒരു പതിവായിരുന്നു. ഈശോ സഭക്കാരുടെ വിദ്യാലയങ്ങളിലാണ് കായികമേളകള്‍ ആദ്യമായി ആരംഭിച്ചത്. പിന്നീട് എല്ലാ കത്തോലിക്ക സ്കൂളുകളിലും ഇതു വ്യാപകമായി. 2018 ജൂണ്‍ 1-ന് വത്തിക്കാന്‍ ഡികാസ്റ്ററി ഫോര്‍ ലെയ്റ്റി, ഫാമിലി ആന്‍ഡ് ലൈഫ് ‘ഒരാള്‍ക്ക് ഏറ്റവും മികച്ചത് നല്കാന്’ എന്ന തലക്കെട്ടില്‍ കായിക മേഖലയുടെ പ്രധാന്യം വിശദീകരിച്ചുകൊണ്ട് ഒരു പുതിയ പ്രമാണം തന്നെ പ്രസിദ്ധീകരിച്ചിരുന്നു. കായികരംഗത്ത് വിശുദ്ധ സിംഹാസനത്തിന്റെ ആദ്യ രേഖയെന്നാണ് ഇത് അറിയപ്പെടുന്നത്.
രേഖയുടെ പ്രസിദ്ധീകരണ വേളയില്‍, ആളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലമായി കായികമേഖലയ്ക്ക് എങ്ങനെ പ്രവര്‍ത്തിക്കാമെന്ന് ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി: ‘എല്ലാ തലങ്ങളിലും സാമൂഹിക സാഹചര്യങ്ങളിലുമുള്ള ആളുകള്‍ ഒരു പൊതുലക്ഷ്യത്തിലെത്താന് ഒത്തുചേരുന്ന ഒരു സമ്മേളന വേദിയാണ് കായികമേഖല. യുവതലമുറയും പ്രായമായവരും തമ്മിലുള്ള അന്തരമുള്ള ഒരു സംസ്കാരത്തില്‍, സ്പോര്‍ട്സ് എന്നത് വംശം, ലിംഗം, മതം, പ്രത്യയശാസ്ത്രം എന്നിവയുടെ വേര്‍തിരിവില്ലാതെ, മുന്‍വിധിയില്ലാതെ കണ്ടുമുട്ടുന്ന ഒരു പ്രത്യേക മേഖലയാണ്. ഒരു ലക്ഷ്യത്തിലെത്താന്‍ ഒരുമിച്ച് മത്സരിക്കുന്നതിന്റെയും ഒരു ടീമില്‍ പങ്കെടുക്കുന്നതിന്റെയും സന്തോഷം അനുഭവിക്കാന്‍ കഴിയുന്നിടത്ത്, വിജയവും തോല്‍വിയും പങ്കിടുന്നു. ടീമംഗങ്ങള്‍ മാത്രമല്ല മാനേജര്‍മാര്‍, പരിശീലകര്‍, പിന്തുണക്കുന്നവര്‍, കുടുംബം എന്നിവയും ഈ വേദിയില്‍ ഉള്‍പ്പെടുന്നു; അച്ഛന് മകനോടൊപ്പം കളിക്കുമ്പോള്‍, കുട്ടികള്‍ പാര്‍ക്കിലോ സ്കൂളിലോ ഒരുമിച്ച് കളിക്കുമ്പോള്‍, ഒരു കായികതാരം തന്റെ ടീമിനൊപ്പമോ പിന്തുണക്കുന്നവരുടെ കൂടെയോ വിജയം ആഘോഷിക്കുമ്പോള്‍ ആളുകള്‍ തമ്മിലുള്ള ഐക്യത്തിന്റെ ഇടമായി സ്പോര്‍ട്സിന്റെ മൂല്യം നമുക്ക് കാണാന്‍ കഴിയുമെന്ന് പാപ്പാ വ്യക്തമാക്കി.
മണല്‍പ്പരപ്പിലെ കളിക്കാര്‍
തിരുവനന്തപുരം തീരദേശം എന്നും കാല്പന്ത് കളിയുടെ വേദിയായിരുന്നു. അരനൂറ്റാണ്ടിന്റെയെങ്കിലും സമ്പന്നമായ പൈതൃകം ഫുട്ബോളില്‍ തീരദേശത്തിന് അവകാശപ്പെടാനുണ്ട്. കടപ്പുറത്തെ മണല്‍പ്പരപ്പില്‍ പന്തുതട്ടി വളര്‍ന്ന പലരും ദേശീയ-അന്തര്‍ദേശീയ തലങ്ങളിലേക്ക് ഉയര്‍ന്നു. അധ്വാനശീലരായ മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ സന്തതികള്‍ക്കും തങ്ങളുടെ സ്വാഭാവികമായ ശാരീരികക്ഷമത കളിക്കളത്തില്‍ വലിയ കരുത്തായിരുന്നു. തിരുവനന്തപുരത്തിന് തെക്ക് ഇരൈയമ്മന്തുറ മുതല്‍ വടക്ക് മാമ്പള്ളി വരെയുള്ള 78 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരത്താണ് തിരുവനന്തപുരം അതിരൂപതയിലെ ഭൂരിഭാഗം ഇടവകകളും സ്ഥിതിചെയ്യുന്നത്. ഇതില്‍ ഇരൈയമ്മന്തുറ മുതല്‍ നീരോടി വരെയുള്ള ഇടവകകള്‍ ഇന്ന് കന്യാകുമാരി ജില്ലയിലാണ്. തെക്കേ കൊല്ലങ്കോട് മുതല്‍ മാമ്പള്ളി വരെയുള്ള തീരമാണ് തിരുവനന്തപുരം ജില്ലയില്‍ ഉള്‍പ്പെടുന്നത്. അമ്പതോളം ഇടവകകളാണ് ഈ തീരത്ത് സ്ഥിതി ചെയ്യുന്നത്. ഇടവകകളോടനുബന്ധിച്ച് വിദ്യാലയങ്ങളും വായനശാലകളും സ്പോര്‍ട്സ് ക്ലബ്ബുകളും കളിക്കളങ്ങളുമുണ്ട്. ഈ കളിക്കളങ്ങളില്‍ നടക്കുന്ന പ്രധാന വിനോദം ഫുട്ബോള്‍ തന്നെ. ഓരോ കളിക്കളങ്ങളിലും ടൂര്‍ണമെന്റുകളും ഉണ്ടാകും. ഇടവകകള്‍ നേരിട്ടു നടത്തുന്ന നിരവധി ടൂര്ണമെന്റുകളുണ്ട്. ഫാ. തോമസ് പെരേര മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് അഞ്ചുതെങ്ങ്, ജയ്ഹിന്ദ് ട്രോഫി പുത്തന്‍തോപ്പ്, സെന്റ് മേരീസ് സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്ബ് വെട്ടുകാട് തുടങ്ങിയ ക്ലബ്ബുകള്‍ കാല്‍നൂറ്റാണ്ടിലേറെയായി പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചുവരുന്നു. എങ്കിലും പ്രഫഷണല്‍ കായിക രംഗത്തെ കുറിച്ചുള്ള അറിവില്ലായ്മയും കുടിലുകളിലെ പട്ടിണിയും അവരെ പൊതുവേദികളില്‍ നിന്നകറ്റി നിര്‍ത്തി. ദേശീയതലത്തില്‍ വരെ ശ്രദ്ധിക്കപ്പെടാവുന്ന താരങ്ങള്‍ പലരും തീരദേശത്തെ ലോക്കല്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത് കളിയവസാനിപ്പിച്ചവരാണ്. എന്നിട്ടും, അപൂര്‍വമായി ചിലര്‍ തങ്ങളുടെ പരിമിതികള്‍ മറികടന്ന് ദേശീയ-അന്തര്‍ദേശീയ രംഗങ്ങളില്‍ എത്തിയിട്ടുമുണ്ട്.
സന്തോഷ് ട്രോഫിയിലും ഐഎസ്എലിലും ഐലീഗിലും ഏഷ്യന്‍ കപ്പിലും തീരമക്കളുടെ നിറസാന്നിധ്യം എന്നുമുണ്ട്. തോമസ് സെബാസ്റ്റ്യന്‍, ഇഗ്നേഷ്യസ് വെട്ടുകാട്, ജാക്കന് സെബാസ്റ്റ്യന്‍ (പള്ളിത്തുറ), വിനു ജോസ്, ക്ലീറ്റസ്, സുരേഷ് കുമാര്‍ (വെട്ടുകാട്), ജോബി ജെസ്റ്റിന്, മാര്ട്ടിന് ജോണ്‍, മോസസ് ആന്റണി (കൊച്ചുവേളി), ജിപ്സണ്‍ ജസ്റ്റസ് (വിഴിഞ്ഞം) തുടങ്ങി തീരത്തിന്റെ എത്രയോ പേര് ദേശീയ ഫുട്ബോള്‍ ചരിത്രത്തില്‍ ഇടം നേടിക്കഴിഞ്ഞു. ഇഗ്നേഷ്യസ് സന്തോഷ് ട്രോഫി സംസ്ഥാന ടീമിന്റെ ക്യാപ്റ്റനായിരുന്നു. പൊഴിയൂര്‍ എന്ന തീരദേശ ഗ്രാമത്തില്‍ നിന്നുമാത്രം രണ്ടു ഡസന്‍ ഉന്നത നിലവാരമുള്ള കളിക്കാര്‍ കേരള, തമിഴ്നാട്, കര്‍ണാടക ടീമുകളിലായി സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുണ്ട്. 2018-ല്‍ കേരളം സന്തോഷ് ട്രോഫി നേടിയപ്പോള്‍ ലിജോ സില്വകുരിശ് വൈസ് ക്യാപ്റ്റനും സീസന് സെല്വന് ഫോര്‍വേഡുമായി ടീമിലുണ്ടായിരുന്നു.
ലിഫ വരുന്നു, പ്രതീക്ഷകളുമായി
വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമാണ് തീരദേശത്തു നിന്നും മുന്‍നിരയിലേക്കു കടന്നുവന്നതെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് 2015ല്‍ ആര്‍ച്ച്ബിഷപ് സൂസപാക്യത്തിന്റെ പ്രത്യേക താല്പര്യത്തില് ലിറ്റില്‍ ഫ്ളവര്‍ ഫുട്ബോള്‍ അക്കാദമി (ലിഫ) രൂപീകരിക്കുന്നത്. ഇന്ത്യയില്‍ ഒരു കത്തോലിക്ക രൂപത മുന്‍ കയ്യെടുത്ത് സ്ഥാപിക്കുന്ന പ്രഥമ റെസിഡന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമിയായിരുന്നു ലിഫ. മുന്‍ ഫുട്ബോള്‍ താരം കൂടിയായ ഇപ്പോഴത്തെ തിരുവനന്തപുരം ആര്ച്ച്ബ്ഷപ് ഡോ. തോമസ് ജെ. നെറ്റോയായിരുന്നു ലിഫയുടെ ആദ്യ ഡയറക്ടര്‍. അതിരൂപത സഹായ മെത്രാന് ക്രിസ്തുദാസ് രാജപ്പനും മികച്ചൊരു ഫുട്ബോള്‍ താരമായിരുന്നു. മോണ്‍. വില്‍ഫ്രഡാണ് ഇപ്പോഴത്തെ ഡയറക്ടര്‍.
യുവാക്കളെ ലഹരിയില്‍ നിന്നും മറ്റു സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും അകറ്റി അവര്‍ക്കു കായിക രംഗം വഴി ശോഭനമായൊരു ഭാവി ഉണ്ടാക്കുകയെന്നതും ലിഫയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ചില ഇടവകള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ ടീമുകളുമുണ്ട്. ഓരോ ടീമും സ്വതന്ത്രമായി മുന്നോട്ടു പോകുകയായിരുന്നു. ഇത്തരം ടീമുകള്‍ക്ക് ഒരു പൊതുവേദി നല്‍കുക, ഭാവി താരങ്ങളെ അവയില്‍ നിന്നു വാര്‍ത്തെടുക്കുക, ഫുട്ബോളിലൂടെ യുവതലമുറയ്ക്ക് ഒരു ഭാവി ഉണ്ടാക്കുക തുടങ്ങിയ ചിന്തകളാണ് ലിഫ ഫുട്ബോള്‍ അക്കാദമിയുടെ രൂപീകരണത്തിനു പിന്നില്‍.
അതിരൂപതയിലെ ഇടവകകളെ നാല് മേഖലകളായി തിരിച്ചാണ് 2015ല്‍ ലിഫ അക്കാദമിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തിയത്. നാലു മേഖലകളില്‍ നിന്നായി 400 കുട്ടികളെ ഇതിനായി തിരഞ്ഞെടുത്തു. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത 50 പേര്‍ക്ക് ഒരാഴ്ചത്തെ ക്യാമ്പ് നടത്തി. ഇവരില്‍ നിന്നാണ് അവസാന ഘട്ടത്തിലേക്ക് 15 കുട്ടികളെ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കുന്നത്. മുന്‍ സന്തോഷ് ട്രോഫി കോച്ച് പി.കെ. രാജീവായിരുന്നു സെലക്ഷന് നടത്തിയത്. എട്ടാം ക്ലാസ് മുതലാണ് പരിശീലനം. ഭക്ഷണം, വിദ്യാഭ്യാസം, ഫുട്ബോള്‍ പരിശീലനം, താമസസൗകര്യം, ചികിത്സാചെലവ് ഇതെല്ലാം സൗജന്യമാണ്. ഭാരിച്ച സാമ്പത്തിക ചെലവാണ് അതിരൂപത ഇതിനായി വഹിക്കുന്നത്. പഠനത്തിനായി ചേര്‍ത്തിരുന്ന സെന്റ് വിന്‍സെന്റ്സ് സ്കൂളിന്റെ ഗ്രൗണ്ടായിരുന്നു പരിശീലനത്തിന് തിരഞ്ഞെടുത്തത്.
ക്ലെയൊഫെക്സ് അലക്സ്, ബിജീഷ് എന്നീ മികച്ച പരിശീലകരുടെ കീഴില്‍ തീരദേശത്തെ കുട്ടികള്‍ വിജയം കയ്യടക്കാന്‍ തുടങ്ങി. ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ഷിക്കു സുനില്‍ അണ്ടര്‍ 18 വിഭാഗത്തില്‍ ഗോള്‍കീപ്പറായിരുന്നു.
ലിഫയുടെ 10 താരങ്ങള്‍ 2022ലെ തിരുവനന്തപുരം ജൂനിയര്‍ ഫുട്ബോള്‍ ടീമില്‍ ഇടം നേടി. പാലായില്‍ നടന്ന 47- മത് സംസ്ഥാന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീമിലാണ് ലിഫയില് നിന്നുള്ള വിപിന്‍ ധര്മ്മന്, റോജര്‍, അജിന്, ഷാനു, സ്റ്റെഫര് ജോസ്, ജോബിന്, അലന് സാജു, റോയി ജെറി, ജെറീഷ്, സനു എന്നിവര്‍ ഇടം നേടിയത്.
ലിഫയിലെ ഈ 10 താരങ്ങളും 2019 ല്‍ എറണാകുളത്ത് നടന്ന കേരള സംസ്ഥാന സബ് ജൂനിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരം ടീമിനെ പ്രതിനിധാനം ചെയ്ത് ടീമിന് രണ്ടാം സ്ഥാനം നേടി കൊടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. ഇതില്‍ എബിന്‍ദാസ്, സനു, സ്റ്റെഫര് ജോസ്, ജെറീഷ്, വിനു, രക്ഷിത് എന്നീ 6 താരങ്ങള്‍ കേരള സബ് ജൂനിയര്‍ ടീമിനായൂം 2019 ല്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.
അക്കാദമിയിലെ സീനിയര്‍ താരങ്ങളെ അണിനിരത്തി ലിഫ ടീം കേരള പ്രീമിയര്‍ ലീഗിലും പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്നും കേരള ഫുട്ബോള്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന എല്ലാ വിഭാഗങ്ങളിലും പങ്കെടുക്കുന്ന ഏക ടീമും ലിഫയാണെന്നത് അക്കാദമിയുടെ ചിട്ടയായ ശാസ്ത്രീയ പരിശീലന മുറകളെ അടിവരയിട്ട് ഉറപ്പിക്കുന്നു. 60 വിദ്യാര്‍ഥികള്‍ 4 ബാച്ചുകളിലായി പഠിച്ചുവരുന്നു.
2 ഇന്ത്യന്‍ താരങ്ങളേയും, 16 സംസ്ഥാന താരങ്ങളെയും 50 ല്‍പരം തിരുവനന്തപുരം ജില്ലാ താരങ്ങളേയും ഇന്ത്യന്‍ ഫുട്ബോളിന് ലിഫ സംഭാവന ചെയ്തിട്ടുണ്ട്.
സെല്‍ഫ് ഫിനാന്‍സിംഗ് കോളജായ മരിയന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിനെ കേരള യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലാദ്യമായി യൂണിവേഴ്സിറ്റി ഇന്റര്‍ കോളജിയറ്റ് ഫുട്ബോള്‍ മല്‍സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിച്ച് ലിഫയിലെ താരങ്ങള്‍ അഭിമാനമായിരുന്നു. ലിഫയില് നിന്നുള്ള അനീഷ് വിന്‍സി, സബറിന് ബുഷ്, സൈവിന് എറിക്സണ്, അനിറ്റന്, ഷറണ് ആന്റണി എന്നിവര്‍ കേരള യൂണിവേഴ്സിറ്റിക്കായും ഓള് ഇന്ത്യ അന്തര്‍ സര്‍വ്വകലാശാലാ മല്‍സരങ്ങളിലും ബൂട്ടണിഞ്ഞു. 2022-2023 അധ്യയന വര്‍ഷത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മരിയന്‍ കോളജ് കേരള യൂണിവേഴ്സിറ്റി ഇന്റര്കോളജിയറ്റില് ഇന്റര്‍ സോണില്‍ എത്തുകയും നാലാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ലിഫയില് നിന്നും അനീഷ് വിന്‍സി, സബറിന് ബുഷ്, ടോണി ആന്റണി എന്നിവര്‍ കേരള യൂണിവേഴ്സിറ്റി ടീമിലും ഇടം നേടി.
നിലവില്‍ ലിഫയിലെ രണ്ടാം ബാച്ചിലെ താരങ്ങളായ എബിന്‍ദാസ്, ഷെറിന് സാലറി എന്നിവര്‍ കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിലുണ്ട്. 2022 ആഗസ്റ്റില്‍ ലണ്ടണില്‍ നടന്ന ന്യൂജന്‍ പ്രീമിയര്‍ കപ്പില്‍ ലിഫ താരമായ ഷെറിന് സാലറിയും കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞിരുന്നു. ലിഫയിലെ ആദ്യ ബാച്ചിലെ ഷൈവിന്‍ എറിക്സണ്, അനീഷ് വിന്‍സി, ടോണി ആന്റണി, അനിറ്റന് എന്നിവര്‍ ചെന്നൈയിന് എഫ്സി റിസര്‍വ് ടീമിനായി കളിച്ചുവരുന്നു. 2019 -20 സീസണിലെ കേരള ഫുട്ബോള്‍ അസോസിയേഷന്‍െ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ് സബ് ജൂനിയര്‍ വിഭാഗത്തില്‍ നേടിയത് ലിഫയില് പരിശീലനം നേടുന്ന എബിന് ദാസാണ്. 2018ല്‍ സുബ്രതോ മുഖര്‍ജി കപ്പിലും കൊല്‍ക്കത്തയില്‍ നടന്ന ഓള് ഇന്ത്യ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും കേരളത്തിന് വേണ്ടി ഗോളുകള്‍ നേടിയ എബിന്, അണ്ടര്‍ 17 ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ടീമിലും അംഗമായിരുന്നു.
ലിഫ അക്കാദമിയിലെ കളിക്കാരുടെ വിദ്യാഭ്യാസത്തിനും വാഹനത്തിനുമുള്ള സാമ്പത്തിക സഹായം തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള മരിയന്‍ എന്‍ജിനീയറിംഗ് കോളജും, ചികിത്സാസൗകര്യങ്ങള്‍ ജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റലും, ന്യൂട്രിഷണല്‍ ഫുഡിനും, അക്കോമഡേഷനും താരങ്ങള്‍ക്കാവശ്യമായ മറ്റു ഫണ്ടും നല്‍കിവരുന്നത് തിരുവനന്തപുരം അതിരൂപതയുമാണ്.
പരിശീലനം
ഫിസിക്കല്‍ എജൂക്കേഷന്‍ മാസ്റ്റര്‍ ഡിഗ്രിയും, എഎഫ്സി ലൈസന്‍സും നേടിയ മുന്‍ താരങ്ങളായിരുന്നവര്‍ പരിശീലനം നല്‍കിവരുന്ന അക്കാദമിയാണ് എന്ന പ്രത്യേകത കൂടിയുണ്ട് ലിഫക്ക്. അതുകൊണ്ട് തന്നെ വളരെ ശാസ്ത്രീയമായും, അച്ചടക്കത്തോടും കൂടി ടെക്നോളജിയുടെ സഹായത്തോടുകൂടിയാണ് പരിശീലന സെഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. എഎഫ്സി ”എ” ലൈസന്‍സ് ഹോള്‍ഡറും മുന്‍ തമിഴ്നാട് സന്തോഷ് ട്രോഫി ടീം പരിശീലകനുമായ ക്ലെയൊഫസ് അലക്സാണ് പരിശീലനത്തിന് അക്കാദമിയുടെ തുടക്കം മുതലേ നേതൃത്വം നല്കി വരുന്നത്. അക്കാദമിയുടെ വളര്‍ച്ചയില്‍ വലിയ പങ്കാണ് അദ്ദേഹം വഹിക്കുന്നത്. വിന്‍സന്റ് ഡൊമിനിക്ക്, ബോണിഫസ്, ജോണ്‍ ബോസ്കോ, ശ്രീജിഷ് എന്നിവരാണ് ടീമിനെ പരിശീലിപ്പിക്കുന്ന മറ്റു കോച്ചുമാര്‍.
ലിഫയുടെ ഈ വര്‍ഷത്തെ (2022-23) നേട്ടങ്ങള്‍
18 വയസിനും 14 വയസിനും താഴെയുള്ളവരുടെ തിരുവനന്തപുരം യൂത്ത് ലീഗ് മത്സരത്തില്‍ ലിഫയ്ക്ക് കിരീടം. 14 വയസിനു താഴെയുള്ളവര്‍ക്കായുള്ള കേതാരം അസോസിയേഷന് കപ്പിലും ഡെക്കത്ത്ലണ് കപ്പിലും ലിഫയ്ക്കു വിജയം. ലിഫയില് പരിശീലനം നേടുന്ന 3 പേര് കേരള യൂണിവേഴ്സിറ്റി ടീമില്‍. 18 വയസിനു താഴെയുള്ളവരുടെ തിരുവനന്തപുരം ജില്ലാ ടീമില്‍
6 പേര്. 14 വയസിനു താഴെയുള്ളവരുടെ തിരുവനന്തപുരം ജില്ലാ ടീമില്‍ 10 പേര്. കേരള ഫുട്ബോള്‍ അസോസിയേഷന് (18 വയസിനു താഴെ) 10 പേര്. കേരള പ്രീമിയര്‍ ലീഗില്‍ ലിഫ പങ്കെടുക്കുന്നു.