ഗൗതം അദാനിയുടെ സ്വകാര്യ എംബ്രായര്‍ ലേഗസി ജെറ്റിലാണ് 2014 മേയില്‍ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നതിന് നരേന്ദ്ര മോദി അഹമദാബാദില്‍ നിന്ന് ഡല്‍ഹിയിലേക്കു പറന്നത്. ഗുജറാത്തില്‍ പന്ത്രണ്ടര വര്‍ഷം മുഖ്യമന്ത്രിയായി മോദി വാഴുന്നതിനു മുന്‍പേ തുടങ്ങിയതാണ് അദാനിയുമായുള്ള അടുപ്പം. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകനായി രാജ്യത്തുടനീളം 150 റാലികളില്‍ പങ്കെടുക്കാനായി 2.4 ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ മുഖ്യമന്ത്രി മോദിക്ക് അദാനി തന്റെ കര്‍ണാവതി ഏവിയേഷന്‍ വക ബിസിനസ് ജെറ്റും രണ്ടു ഹെലികോപ്റ്ററുകളും വിട്ടുകൊടുത്തിരുന്നു.
അടുത്തകാലത്ത് മോദി ഗവണ്മെന്റ് നിരോധിക്കാന്‍ ശ്രമിച്ച ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയില്‍ ആദ്യഭാഗത്ത് പ്രതിപാദിക്കുന്ന 2002-ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ മോദിക്ക് ദേശീയതലത്തിലും രാജ്യാന്തരവേദികളിലും ചില ഉപരോധങ്ങള്‍ നേരിടേണ്ടിവന്നപ്പോള്‍ ‘ഇന്ത്യന്‍ ദാവോസ്’ എന്നു വിശേഷിപ്പിക്കപ്പെട്ട ‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള നിക്ഷേപക സംഗമത്തിലൂടെ മോദിയുടെ പ്രതിച്ഛായ മാറ്റിയെടുക്കുന്നതില്‍ ചെറുതല്ലാത്തൊരു പങ്കുവഹിച്ച അദാനിയുടെ മൊത്തം ആസ്തി അഞ്ചുകൊല്ലം കൊണ്ട് 1,440 ശതമാനം ഉയര്‍ന്ന് 120 ബില്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നത് മോദി ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്. കച്ഛ് ഉള്‍ക്കടലിലെ മുന്ദ്രയില്‍ ക്യാപ്റ്റീവ് ജെട്ടി പദ്ധതിയില്‍ നിന്നു തുടങ്ങി അവിടെ രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ ടെര്‍മിനലും വാണിജ്യതുറമുഖവും പ്രത്യേക സാമ്പത്തിക മേഖലയും വികസിപ്പിച്ചെടുത്ത ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യം മോദിയുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്കൊപ്പം, ലോകത്ത് അതിവേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി മാറുന്ന ഇന്ത്യയുടെ പ്രതിരൂപമായി പടര്‍ന്നുപന്തലിക്കുകയായിരുന്നു.
ഒടുവില്‍, ന്യൂയോര്‍ക്കിലെ ഫോറന്‍സിക് റിസര്‍ച്ച് കമ്പനിയും ഷോര്‍ട്ട് സെല്ലറുമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ജനുവരി 24ന് പുറത്തുവിട്ട ഒരു സ്ഫോടനാത്മക റിപ്പോര്‍ട്ടിന്റെ ആഘാതത്തില്‍ ഉലയുകയാണ് മോദിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പറേറ്റ് ഓലിഗാര്ക്ക്.
ഓഹരിവിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പും പതിറ്റാണ്ടുകളായി തുടരുന്ന കൃത്രിമത്വവും കണക്കുകളിലെ തിരിപ്പും മറിപ്പുമാണ് അദാനി ഗ്രൂപ്പ് നടത്തിയിട്ടുള്ളതെന്നാണ് രണ്ടുവര്‍ഷത്തെ അന്വേഷണഫലം എന്നു വിശേഷിപ്പിക്കുന്ന ആ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. വലിയ കടബാധ്യതകളിന്മേല് കെട്ടിപ്പടുത്ത അദാനി കമ്പനികളുടെ ഓഹരിമൂല്യം പെരുപ്പിച്ചുകാണിച്ച് നിക്ഷേപകരെ കബളിപ്പിക്കുന്നു, ഫണ്ടിങ്ങിന്റെ സ്രോതസ്സുകള്‍ നിഗൂഢമാണ്, കള്ളപ്പണം വെളുപ്പിക്കാനും നികുതിവെട്ടിപ്പിനുമായി ഓഫ്ഷോര്‍ ഷെല്‍ കമ്പനികളിലൂടെ കുടുംബാംഗങ്ങള്‍ തന്നെ വ്യാജ ഓഹരി ഇടപാടുകള്‍ നടത്തുന്നു (മൗറീഷ്യസില്‍ മാത്രം ഇത്തരം 38 കടലാസുകമ്പനികളുണ്ട്) തുടങ്ങി ഗുരുതരമായ പ്രശ്നങ്ങള്‍ അക്കമിട്ടു നിരത്തി ഹിന്‍ഡന്‍ബര്‍ഗ് ടീം 88 ചോദ്യങ്ങള്‍ക്ക് അദാനിയുടെ വിശദീകരണം തേടുന്നുണ്ട്.
ബിബിസി ഡോക്യുമെന്ററിയുടെ കാര്യത്തിലെന്നപോലെ, ഇന്ത്യയ്ക്കെതിരായ ആസൂത്രിത ആക്രമണം, അടിസ്ഥാനരഹിതവും അപകീര്‍ത്തികരവും ദുരുദ്ദേശ്യപരവുമായ കെട്ടുകഥ എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ അദാനിയും കൂട്ടരും ശ്രമിക്കുമ്പോള്‍തന്നെ വിപണിയില്‍ കനത്ത തിരിച്ചടിയുണ്ടായി. അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തില്‍ ഇതിനകം 8,600 കോടി ഡോളറിന്റെ (7,05,022 കോടി രൂപ) നഷ്ടമുണ്ടായി. 12 ലക്ഷം കോടിയുടെ നഷ്ടം രണ്ടു ദിവസം കൊണ്ട് നിക്ഷേപകര്‍ക്കുണ്ടായി. ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഗൗതം അദാനി ഇപ്പോള്‍ പത്താം റാങ്കിനും വെളിയിലാണ്.
ഭാവി പദ്ധതികള്‍ക്കായി ഫണ്ട് സ്വരൂപിക്കാനും കടബാധ്യത കുറയ്ക്കാനും ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും വലിയ അനുബന്ധ ഓഹരി ഇഷ്യുവിന് (എഫ്പിഒ) അദാനി എന്റര്‍പ്രൈസസ് ഒരുങ്ങുമ്പോഴാണ് ഹിന്‍ഡന്‍ബര്‍ഗില്‍ നിന്ന് ഭയാനകമായ കരടി ആക്രമണമുണ്ടാകുന്നത്. 20,000 കോടി രൂപ സമാഹരിക്കാനുള്ള എഫ്പിഒ ഈ പ്രതികൂല സാഹചര്യത്തില്‍ പരാജയപ്പെടുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ആദ്യത്തെ രണ്ടുനാള്‍ തണുത്ത പ്രതികരണമായിരുന്നെങ്കിലും അവാസന ദിവസം അബുദാബിയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനിയുടെ 400 മില്യണ്‍ ഡോളര്‍ (3,260 കോടി രൂപ) ബിഡ് വലിയ ആശ്വാസമായി. യുഎഇ പ്രസിഡന്റിന്റെ സഹോദരനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്നൂണ്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആ സഹായത്തോടൊപ്പം ഗുജറാത്തിലെ മൂന്ന് ഫാര്‍മ കോടീശ്വരന്മാരും ഡല്‍ഹിയിലെ ഒരു വ്യവസായിയും മുംബൈയിലെ ഉരുക്കുവ്യാപാരിയും പിന്തുണയുമായെത്തിയതോടെ സബ്സ്ക്രിപ്ഷന് 110 ശതമാനമായി. 4.55 കോടി ഓഹരികളാണ് എഫ്പിഒയില് വച്ചത്; 5.08 കോടി ഓഹരിക്കുള്ള അപേക്ഷകളെത്തി. 38 ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 5,985 കോടി രൂപ നേരത്തെ ഉറപ്പാക്കിയിരുന്നു.
അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുമ്പുള്ള മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് അവതരണത്തോടെ വിപണിയില്‍ പുത്തന്‍ ചലനങ്ങളുണ്ടാകുമെന്ന പ്രതീക്ഷ തെറ്റി. ബുധനാഴ്ച അദാനി എന്റര്‍പ്രൈസസ് ഓഹരി മൂല്യം 28% ഇടിഞ്ഞു, അദാനി പോര്‍ട്സ് ആന്‍ഡ് എസ്ഇസെഡിന്റേത് 19 ശതമാനവും. വിപണിയിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ എഫ്പിഒ നടപടികള്‍ റദ്ദാക്കുന്നതായി യൂണിയന് ബജറ്റ് ദിനത്തില്‍തന്നെ വൈകീട്ട് അദാനി എന്റര്‍പ്രൈസസ് നാടകീയമായി പ്രഖ്യാപിക്കുകയാണുണ്ടായത്. ബിഡ് ചെയ്ത നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കും.
അദാനി ഗ്രൂപ്പിന്റെ നിയമനടപടി ഭീഷണി ഹിന്‍ഡന്‍ബര്‍ഗ് സ്വാഗതം ചെയ്യുന്നുണ്ട്. അമേരിക്കയില്‍ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയെയും മറികടന്ന ഇലക്ട്രിക് ട്രക്ക് നിര്‍മാതാക്കളായ നിക്കോള കോര്‍പ്, തങ്ങളുടെ വാഹനത്തിന്റെ ഹൈ സ്പീഡ് മികവ് കാണിക്കാന്‍ എടുത്ത വീഡിയോ യഥാര്‍ഥത്തില്‍ കുത്തനെയുള്ള മലഞ്ചെരിവിലൂടെ ഇരച്ചുപാഞ്ഞിറങ്ങുന്ന ട്രക്കിന്റേതായിരുന്നുവെന്നും ടെക്നോളജിക്കല്‍ മേന്മ പറഞ്ഞ് നിക്ഷേപകരെ വഞ്ചിക്കുകയായിരുന്നുവെന്നും തെളിയിക്കാന്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനു കഴിഞ്ഞു. നിക്കോള കോര്‍പ് സ്ഥാപകന്‍ ട്രെവര്‍ മില്ട്ടന് കുറ്റക്കാരനെന്ന് കഴിഞ്ഞ കൊല്ലം യുഎസ് ജൂറി വിധിച്ചു. നിക്ഷേപകര്‍ക്കു നഷ്ടപരിഹാരമായി 12.50 കോടി ഡോളര്‍ (1024.74 കോടി രൂപ) യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷന് കമ്പനി നല്‍കേണ്ടിവന്നു. 2020 ജൂണില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ 34 ബില്യണ്‍ ഡോളര്‍ (2,78,190 കോടി രൂപ) മൂല്യമുണ്ടായിരുന്ന നിക്കൊള ഇന്ന് 1.34 ബില്യണ്‍ ഡോളറിലെത്തിനില്ക്കുന്നു. അദാനിക്കെതിരെ നിരത്താന്‍ ഹിന്‍ഡന്‍ബര്‍ഗിലെ നേയ്തന് ആന്ഡേഴ്സന് നിരവധി വകുപ്പുകളുണ്ട്.
മോദിയുടെ രാഷ്ട്രനിര്‍മാണ വികസന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന ദൗത്യം അദാനിയുടേതാണ്. 2018-ല്‍ രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചപ്പോള്‍, ലേലം കൊള്ളുന്നവര്‍ക്ക് വിമാനത്താവളം നടത്തി പരിചയം വേണമെന്ന ഉപാധി മോദി നീക്കി. എയര്‍പോര്‍ട്ട് ഓപ്പറേഷനില്‍ ഒരു പരിചയവുമില്ലാത്ത അദാനി ഗ്രൂപ്പിന് തിരുവനന്തപുരം ഉള്‍പ്പെടെ ആറു വിമാനത്താവളങ്ങളും നവീകരിക്കാന്‍ അവസരം ലഭിച്ചു. അങ്ങനെ രാജ്യത്ത് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ അദാനിയാകുന്നു. രാജ്യത്തെ ഏറ്റവും വലിയ പോര്‍ട്ട് ഓപ്പറേറ്ററും, ഏറ്റവും വലിയ കല്‍ക്കരി താപനിലയങ്ങളുടെയും വൈദ്യുതി ട്രാന്‍സ്മിഷന്റെയും ഉടയോനുമാകുന്നു. ഇന്ത്യയിലെ ഏറ്റവും നീളമുള്ള എക്സ്പ്രസ് വേ, മീററ്റില്‍ നിന്ന് പ്രയാഗ്രാജിലേക്കുള്ള 10,238 കോടി രൂപയുടെ 594 കിലോമീറ്റര്‍ ആറുവരി പാത, അദാനി കമ്പനി ഏറ്റെടുക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ മൊത്തം അടങ്കല്‍തുക വായ്പയായി അനുവദിക്കുന്നു. മോദിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സ്കീമില്‍ രാജ്യത്തെ പ്രതിരോധ ആയുധനിര്‍മാണ ഇക്കോസിസ്റ്റം വികസിപ്പിക്കാനുള്ള വെല്ലുവിളിയും അദാനി ഏറ്റെടുക്കുന്നു. രാജ്യത്തിന്റെ ഭൂരാഷ്ട്രതന്ത്ര താല്പര്യങ്ങള് മുന്‍നിര്‍ത്തി സെമി കണ്ടക്ടര്‍ സപ്ലൈ ചെയിന്‍ വികസനത്തിനും മോദി അദാനിയെ ആശ്രയിക്കുന്നു.
ഓസ്ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡില്‍ കൊടിയ പരിസ്ഥിതിനാശത്തിന് ഇടയാക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഖനിയായ കാര്‍മൈക്കള്‍ പദ്ധതി ആഗോളവ്യാപകമായ പ്രതിഷേധങ്ങള്‍ മറികടന്ന് നടപ്പാക്കുന്ന അദാനിയാണ് മോദിയുടെ ഗ്രീന്‍ എനര്‍ജി സ്വപ്നപദ്ധതി സാക്ഷാത്കരിക്കുന്നത്. 2030 ആകുമ്പോഴേക്കും 70 ബില്യണ്‍ ഡോളര്‍ ഇന്ത്യയിലെ അക്ഷയോര്ജത്തിനായി ചെലവാക്കും. 2021 മധ്യത്തോടെ അദാനി ഗ്രീന്‍ എനര്‍ജിയുടെ സൗരോര്‍ജ ഉത്പാദനശേഷി അഞ്ച് ഗിഗാവാട്ട് ആയി. സൈപ്രസിലെ ന്യൂ ലിയാനിയ ഇന്‍വെസ്റ്റ്മെന്റ്സ് 420 മില്യണ്‍ അദാനി ഗ്രീന്‍ എനര്‍ജി ഓഹരികള്‍ കൈകാര്യം ചെയ്യുന്നു. അദാനി ക്ലീന്‍ എനര്‍ജി, അദാനി പോര്‍ട്സ് എന്നിവ ശേഖരിക്കുന്ന പണം അദാനി പവര്‍, അദാനി എന്റര്പ്രൈസസിലേക്കു പോകുന്നു, അവിടെ നിന്ന് കല്‍ക്കരി അധിഷ്ഠിത ഊര്ജനിലയങ്ങളിലേക്കും കല്‍ക്കരി ഖനികളിലേക്കും കൈമറിയുന്നു!
രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളില്‍ ജനാധിപത്യ, ഭരണഘടനാമൂല്യങ്ങള്‍ക്കായി ശക്തമായ നിലപാടു സ്വീകരിക്കാന്‍ ധൈര്യം കാണിക്കുന്ന അപൂര്‍വം ടിവി ചാനലുകളിലൊന്നായ എന്‍ടിഡിവി ടെലിവിഷന്‍ നെറ്റ് വര്‍ക്കിലെ മൂന്നു ദേശീയ ചാനലുകള്‍ ഡിസംബറില്‍ അദാനി സ്വന്തമാക്കി.
2014-ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണറായി നിയമിതനായ രഘുറാം രാജനും ഷിക്കാഗോ-ബൂത്തിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ലൂയീജി സിംഗാലിസും ചങ്ങാത്ത മുതലാളിത്തമാണ് ഇന്ത്യയുടെ പ്രശ്നം എന്നു കണ്ടെത്തിയിരുന്നു. മോദിയുടെ 3.2 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയില്‍ അദാനിയുടെ പെരുപ്പിച്ച പങ്കിന്റെ പ്രത്യാഘാതം നിക്ഷേപകരിലെ വിശ്വാസ്യത തകര്‍ക്കും. അദാനി ഗ്രൂപ്പിനല്ല, ഇന്ത്യയുടെ കോര്‍പറേറ്റ് ഗവേണന്‍സിന്റെ ഹൃദയത്തിനാണ് കനത്ത ആഘാതമേറ്റിരിക്കുന്നത്. ഓസ്ട്രേലിയന്‍ സെക്യൂരിറ്റീസ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സ് കമ്മിഷന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കുമെന്നു പറയുന്നു. എന്നാല്‍, രാജ്യത്തെ ഓഹരിവിപണിയെയും സാമ്പത്തിക ഇടപാടുകളെയും നിയന്ത്രിക്കേണ്ട സെക്യൂരിറ്റീസ് ആന്‍ഡ് എക്സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), റിസര്‍വ് ബാങ്ക് തുടങ്ങിയ റഗുലേറ്റര്മാര്, ഓഫ്ഷോര്‍ ഷെല്‍ കമ്പനികള്‍ വഴിയുള്ള നികുതി വെട്ടിപ്പിന്റെയും കള്ളപ്പണ ഇടപാടുകളുടെയും തെളിവുകള്‍ കണ്ടിട്ടും അദാനി ഗ്രൂപ്പിനെതിരെ ഇതേവരെ ഒരു നടപടിയും പ്രഖ്യാപിച്ചിട്ടില്ല.
ഈ പ്രതിസന്ധികളുടെ നാളുകളില്‍, ഗൗതം അദാനിയുടെ അതിജീവനത്തിന്റെ കഥകളും കോര്‍പറേറ്റ് പാണന്മാര് പാടുന്നുണ്ട്. 1998 ജനുവരി ഒന്നിന് അഹമദാബാദിലെ കര്‍ണാവതി ക്ലബ്ബില്‍ നിന്ന് കാറില്‍ സഹപ്രവര്‍ത്തകനായ ശാന്തിലാല്‍ പട്ടേലിനൊപ്പം പുറപ്പെട്ട അദാനിയെ ഒരു കൊള്ളസംഘം തോക്കുചൂണ്ടി ബന്ദിയാക്കി. 15 ലക്ഷം ഡോളര്‍ മോചനദ്രവ്യമാണ് അവര്‍ ആവശ്യപ്പെട്ടത്. പിന്നീട് അജ്ഞാതകേന്ദ്രത്തില്‍ മോചിപ്പിച്ചു. 2008 നവംബര്‍ 26ന് മുംബൈ താജ് മഹല്‍ പാലസ് ഹോട്ടലില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍, ദുബായ് പോര്‍ട്ട് സിഇഒ മുഹമ്മദ് ഷറഫുമൊത്ത് ഗൗതം അദാനി അവിടെ ഡൈനിങ് ഹാളിലുണ്ടായിരുന്നു. 160 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഹോട്ടലിലെ അടുക്കളയിലൂടെ നിലവറിയില്‍ ചെന്ന് ഒളിച്ച അദാനിയെ പുലര്‍ച്ചെ കമാന്‍ഡോകള്‍ രക്ഷിക്കുകയായിരുന്നു.
ഓഹരിവിപണിയിലെ തകര്‍ച്ചയ്ക്കിടയിലും, ഇസ്രയേലിലെ ഹൈഫ തുറമുഖം 1.2 ബില്യണ്‍ ഡോളര്‍ (9815 കോടി രൂപ) കരാറിലൂടെ ഏറ്റെടുത്ത ഗൗതം അദാനിയോട് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു: ഒന്നാം ലോകമഹായുദ്ധകാലത്ത് ഇന്ത്യന്‍ സൈനികര്‍ ഹൈഫ തുറമുഖം മോചിപ്പിക്കാനെത്തി. ഇന്ന് ഇന്ത്യന്‍ നിക്ഷേപകരാണ് രക്ഷകരായെത്തിയിരിക്കുന്നത്. ഇസ്രയേലിലെ എല്‍ബിറ്റ് സിസ്റ്റംസ്, ഇസ്രയേല്‍ വെപ്പണ്‍ സിസ്റ്റംസ്, ഇസ്രയേല്‍ ഇനൊവേഷന്‍ അതോറിറ്റി എന്നിവയുമായി പങ്കാളിത്തമുള്ള അദാനി ഗ്രൂപ്പ് ചെയര്മാന്, യുഎഇ, ബഹ്റൈന്‍, മൊറോക്കോ എന്നിവ അംഗീകരിച്ചിട്ടുള്ള അബ്രഹാം ഉടമ്പടിയിലൂടെ മെഡിറ്ററേനിയന്‍ സമുദ്രത്തിലെ ലോജിസ്റ്റിക്കല്‍ പരിവര്‍ത്തനത്തെക്കുറിച്ചു സംസാരിച്ചു. പിന്നെ ഹൈഫ തുറമുഖ ചക്രവാളം അപ്പാടെ മാറ്റിവരയ്ക്കുന്ന റിയല്‍ എസ്റ്റേറ്റ് വികസനത്തെക്കുറിച്ചും. കേരളത്തിലെ വിഴിഞ്ഞത്തും ബംഗാളിലെ താജ്പുരിലും മാത്രമല്ല, ഹൈഫയിലും അദാനിയുടെ കണ്ണ് റിയല്‍ എസ്റ്റേറ്റില്‍തന്നെ!