മയക്കു വെടിവെച്ചു കറുത്ത തുണി കൊണ്ട് കണ്ണ് മൂടി ജനങ്ങളെ കുങ്കിയാന അക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അടിയന്തര നീക്കങ്ങളെ ഈ റിപ്പബ്ലിക്ക് ദിനത്തിൽ ചങ്ങലയ്ക്കിട്ട സ്ക്രീനിൽ ഡോക്യുമെന്റ് ചെയ്യുന്നു.
2002-ലെ ഗുജറാത്ത് കലാപത്തിൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്കിനെയും ഇന്ത്യയിലെ ന്യൂനപക്ഷ മുസ്ലിം സമൂഹവും മോദിയും തമ്മിലുള്ള സംഘർഷങ്ങളെയും സംബന്ധിച്ച ബിബിസി ഡോക്യുമെന്ററി നിരോധിക്കാനും ട്വിറ്റർ, യുട്യൂബ് അക്കൗണ്ടുകളിൽ നിന്ന് അതിന്റെ വീഡിയോ ക്ലിപ്പുകൾ നീക്കം ചെയ്യാനും ജി 20 നേതാവിന്റെ സർക്കാർ ദേശീയ അടിയന്തരാവസ്ഥയുടെ അടവുകൾ പ്രയോഗിക്കുന്നത് രാജ്യാന്തരശ്രദ്ധ ആകർഷിക്കുന്നുണ്ട്. ഗുജറാത്തിലെ പത്തു കലാപക്കേസുകൾ അന്വേഷിച്ചു തള്ളിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് സുപ്രീം കോടതി ശരിവച്ചു എന്നതിനാൽ ആ സംഭവങ്ങളൊന്നും ഇനി ഒരു കൊളോണിയൽശക്തിയും ചികഞ്ഞെടുക്കേണ്ടതില്ല എന്നാണ് നമ്മുടെ രാജ്യസ്നേഹികളുടെ നിലപാട്. ബിബിസി ഡോക്യുമെന്ററി വിലക്കപ്പെടുമ്പോൾ, ‘കശ്മീർ ഫയൽസ്’ എന്ന സിനിമയ്ക്കെന്നപോലെ ഗാന്ധിയെ വധിച്ച നാഥൂറാം ഗോഡ്സേയെക്കുറിച്ചുള്ള രാജ്കുമാർ സന്തോഷിയുടെ ‘ഗാന്ധി ഗോഡ്സേ: ഏക് യുദ്ധ്’ എന്ന ചിത്രത്തിന് കേന്ദ്രത്തിന്റെ എല്ലാ പ്രോത്സാഹനവും ഉറപ്പാണ്. മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ എസ്ഐടി മേധാവി ആർ.കെ രാഘവനെ സൈപ്രസിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായി മോദി നിയമിച്ചത് ആനുഷംഗികമായി ചിലർ ഓർക്കുന്നു. അയോധ്യയിലെ രാം ജന്മഭൂമി-ബാബ്റി മസ്ജിദ് കേസിൽ, തർക്കഭൂമിയിൽ രാമക്ഷേത്രനിർമാണത്തിന് അനുകൂലമായി വിധിപറഞ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് രാജ്യസഭാംഗത്വം നൽകിയതും പ്രത്യുപകാരമായി ചിലർ വിലയിരുത്തുന്നു.