ദേവഭൂമി എന്നു കീര്‍ത്തിതമായ ഉത്തരാഖണ്ഡിലെ ഹിമവല്‍സാനുക്കളിലെ പുരാതന ക്ഷേത്രനഗരങ്ങളിലൊന്നായ ജോഷിമഠ് – ആദി ശങ്കരാചാര്യര്‍ ജ്യോതിഷ്പീഠം എന്ന ജ്യോതിര്‍മഠം സ്ഥാപിച്ച ഇടം – ഇടിഞ്ഞുതാഴ്ന്നുകൊണ്ടിരിക്കുന്നുവെന്ന നടുക്കുന്ന വാര്‍ത്ത, ഇങ്ങ് 3,560 കിലോമീറ്റര്‍ തെക്ക് സഹ്യാദ്രിയുടെ താഴ് വാരത്തും പ്രകമ്പനം സൃഷ്ടിക്കുന്നതാണ്.
ബദ്രീനാഥ്, ഹേമകുണ്ഡ് സാഹിബ് എന്നീ തീര്‍ത്ഥങ്ങളിലേക്കും ഔലി രാജ്യാന്തര സ്കീയിങ് കേന്ദ്രം അടക്കം ഹിമാലയത്തിലെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കുമുള്ള ഇടത്താവളം എന്നറിയപ്പെടുന്ന, സമുദ്രനിരപ്പില്‍ നിന്ന് 1,830 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ജോഷിമഠിലെ ഭൂമി പലയിടത്തും പിളരുകയും റോഡുകളും ജനവാസകേന്ദ്രങ്ങളും ശ്രീശങ്കരമഠവും നരസിംഹക്ഷേത്രവും ഹോട്ടലുകളും റിസോര്‍ട്ടുകളും സൈനിക ഹെലിപാഡും ഇന്തോ തിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് കാര്യാലയവും സര്‍ക്കാര്‍ ഇന്സ്പെക്ഷന് ബംഗ്ലാവുമെല്ലാം വിണ്ടുപൊട്ടി ഭൂമിയിലേക്ക് താഴുകയും ചെയ്യുന്ന ഭൗമപ്രതിഭാസം ഇവിടെ സ്ഥിരതാമസക്കാരായ 17,000 ജനങ്ങളുടെ ജീവിതം അപ്പാടേ അവതാളത്തിലാക്കിയിരിക്കയാണ്. ചൈനാ അതിര്‍ത്തിക്കടുത്തുള്ള ഇന്ത്യന്‍ കരസേനയുടെ കന്റോണ്‍മെന്റ് കേന്ദ്രം കൂടിയാണ് ജോഷിമഠ്.
2021 നവംബറില്‍ 14 വീടുകളില്‍ വിള്ളല്‍ കണ്ടുതുടങ്ങിയതാണ്. തുടര്‍ന്ന് പലപ്പോഴായി ഇത്തരം പരാതികള്‍ ഉയരുകയുണ്ടായി. ഈ പുതുവര്‍ഷാരംഭത്തില്‍, ജനുവരി നാലിന് ആഴങ്ങളില്‍ നിന്ന് എന്തോ മുഴക്കം കേട്ടു; രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍, ഈ ചെറുപട്ടണത്തിലെ ആകെയുള്ള ഒന്‍പതു വാര്‍ഡുകളില്‍ നാലെണ്ണത്തില്‍ 561 കെട്ടിടങ്ങളുടെ മതിലുകള്‍ വിണ്ടുപൊട്ടി; റോഡുകള്‍ പിളര്‍ന്നകന്നു; ഒരു ക്ഷേത്രവും ചില വീടുകളും ഇടിഞ്ഞുവീണു; രണ്ടു വലിയ ഹോട്ടലുകള്‍ ചെരിഞ്ഞു. വാസയോഗ്യമല്ലെന്ന് സംസ്ഥാന ദുരന്ത പ്രതികരണ സേന ചെമന്ന ഗുണനചിഹ്നം വരച്ച് അടയാളപ്പെടുത്തിയ വീടുകളുടെ എണ്ണം ഒരാഴ്ചയ്ക്കകം 849 ആയി ഉയര്‍ന്നു. ഒന്നര കിലോമീറ്റര്‍ വരുന്ന വലിയൊരു ആര്‍ച്ച് പോലുള്ള ഭാഗത്താണ് വിള്ളലുകള്‍ അധികവും.
ജോഷിമഠ് പട്ടണത്തിന്റെ വലിയൊരു ഭാഗം പൂര്‍ണമായി ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ്-2എസ് ഉപഗ്രഹമെടുത്ത ചിത്രങ്ങള്‍ വിലയിരുത്തി നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ മുന്നറിയിപ്പ് നല്കി; തീവ്രമഴയുടെയും മഞ്ഞുവീഴ്ചയുടെയും കാലാവസ്ഥപ്രവചനവും ആശങ്ക വര്‍ധിപ്പിച്ചിരിക്കയാണ്. ഭൂമി ഇടിഞ്ഞുതാഴുന്നതിന്റെ വേഗം കൂടുകയാണ്. 2020 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള ഉപഗ്രഹദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍, ജോഷിമഠിലും സമീപപ്രദേശങ്ങളിലുമായി ഭൂമി ഒരു കൊല്ലം 6.5 സെന്റിമീറ്റര്‍ എന്ന തോതില്‍ ഇടിഞ്ഞുകൊണ്ടിരിക്കയാണെന്ന് ഡേറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ് സൂചിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 27 മുതല്‍ ജനുവരി എട്ടുവരെ 12 ദിവസത്തിനിടെ 5.4 സെന്റിമീറ്ററാണ് ഇടിഞ്ഞുതാണത്. കഴിഞ്ഞ ഏപ്രില്‍ – നവംബര്‍ കാലയളവില്‍ 8.9 സെന്റിമീറ്റര്‍ ഇടിഞ്ഞുതാഴ്ന്നിരുന്നു.
ഹിമാലയത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂചലനസാധ്യതയുള്ള സോണ്‍ അഞ്ചില്‍ ഉള്‍പ്പെടുന്നതാണ് ഈ മേഖല. ഹിമാനികള്‍ ഉരുകി മിന്നല്‍പ്രളയവും മണ്ണിടിച്ചിലും ആവര്‍ത്തിക്കുന്നിടം. ഉരുള്‍പൊട്ടി വീണ ഹിമാനി പാറകളുടെയും അവിശിഷ്ടങ്ങളുടെയും പിണ്ഡമായ മൊറൈനുകളും അവയുടെ അരികുകളില്‍ വരമ്പുകളായി അടിഞ്ഞുകൂടിയ കല്ലും മണ്ണും ചേര്‍ന്ന ദൃഢതയില്ലാത്ത ഭൂമിയാണ് ജോഷിമഠിലേത്. ജനവാസം വര്‍ധിക്കുകയും തീര്‍ഥാടനവും വിനോദസഞ്ചാരവും വികസിക്കുകയും ചെയ്തതോടെ വനനശീകരണവും അശാസ്ത്രീയമായ വെട്ടിപ്പൊളിക്കലും അതിനിര്മിതിയും ഭൂഗര്‍ഭ ജലസ്രോതസ്സുകളുടെ അമിത ചൂഷണവും ഏറെ മാലിന്യനിക്ഷേപവുമുണ്ടായി. ഗംഗാനദിയിലെയും മന്ദാകിനി, ഭഗീരഥി, അളകനന്ദ തുടങ്ങിയ പോഷകനദികളിലെയും ജലവൈദ്യുത പദ്ധതികളും അണക്കെട്ടുകളും പ്രതിരോധ വകുപ്പിന്റെ വികസന പദ്ധതികളും കേദാര്‍നാഥ്, ബദ്രീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയുമായി ബന്ധപ്പെട്ട ചാര്‍ധാം (നാലമ്പലം) റോഡ്, റെയില്‍ വികസനവുമെല്ലാം പാരിസ്ഥിതികമായും ഭൗമശാസ്ത്രപരമായും അതീവലോലമായ ഈ പ്രദേശങ്ങള്‍ക്ക് അപരിഹാര്യമായ ദുരന്താഘാതങ്ങള്‍ വിളിച്ചുവരുത്തുന്നതായിരുന്നു. മലഞ്ചെരുവിന്റെ അസ്ഥിരത പരിഗണിച്ച് റോഡിന്റെ വീതി അഞ്ചര മീറ്ററായി പരിമിതപ്പെടുത്തണമെന്ന വിജ്ഞാപനത്തിനു വിരുദ്ധമായി 12 മീറ്റര്‍ വീതിയില്‍ ചാര്‍ധാം മഹാമാര്‍ഗ് വികാസ് പരിയോജന എന്ന പേരില്‍ 900 കിലോമീറ്റര്‍ ദേശീയപാത ഏഴ്, എല്ലാ കാലാവസ്ഥയ്ക്കും പറ്റിയ രീതിയില്‍ വികസിപ്പിക്കുന്നത് സൈനിക താല്പര്യം കൂടി എടുത്തുകാട്ടിയാണ്. ചാര്‍ധാം റെയില്‍ പദ്ധതിയില്‍ 279 കിലോമീറ്റര്‍ വരുന്ന 61 ഹിമാലയന്‍ തുരങ്കങ്ങളുണ്ട്.
കേദാര്‍നാഥില്‍ 2013 ജൂണില്‍ അതിതീവ്രമഴയില്‍ ഹിമാലയന്‍ സുനാമി എന്നറിയപ്പെടുന്ന മിന്നല്‍പ്രളയത്തിലും മണ്ണിടിച്ചിലിലും ചോരാബാഡി തടാകം തകര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ആറായിരം ജീവനാണു പൊലിഞ്ഞത്. മേഘവിസ്ഫോടനവും മിന്നല്‍പ്രളയവും മണ്ണിടിച്ചിലുമൊക്കെയായി ഈ മേഖലയില്‍ 2009 മുതല്‍ 2018 വരെ 127 പ്രകൃതിക്ഷോഭക്കെടുതികളുണ്ടായിട്ടുണ്ട്. 2021 ഫെബ്രുവരിയിലെ മിന്നല്‍പ്രളയത്തില്‍ 204 പേരാണ് മരിച്ചത്. ഋഷിഗംഗ, ധൗലിഗംഗാ താഴ് വാരത്തേക്ക് പ്രവഹിച്ച ഹിമാനികളിലെ മഞ്ഞുകട്ടകളും വലിയ പാറക്കല്ലുകളും ജോഷിമഠിലെ അളകനന്ദ നദിയില്‍ വന്നടിഞ്ഞത് ഏതാണ്ട് 200 മീറ്റര്‍ വരെ ഉയരത്തിലാണ്. ഋഷിഗംഗ മിനി ജലവൈദ്യുതിനിലയവും പകുതി പണിതീര്‍ന്ന തപോവന്‍ അണക്കെട്ടും ഒലിച്ചുപോയി. അളകനന്ദ താഴ് വാരത്തിലെ ജോഷിമഠ് മലയോരത്തിന്റെ അടിത്തറ ഉലയ്ക്കുന്നതായിരുന്നു അതിശക്തമായ ഈ പ്രളയം.
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പറേഷന് ധൗലിഗംഗാ നദിയില്‍ 2006-ല്‍ ആരംഭിച്ച 512 മെഗാവാട്ട് തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിക്കായി നിര്‍മിക്കുന്ന 12 കിലോമീറ്റര്‍ തുരങ്കമാണ് ജോഷിമഠിലെ ഇന്നത്തെ ദുരന്തത്തിനു പ്രധാന കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. 2009 ഡിസംബറില്‍ തുരങ്കനിര്‍മാണത്തിനിടെ ഡ്രില്ലിങ് യന്ത്രം ഔലിക്കു സമീപം ഭൂഗര്‍ഭ ജലാശയത്തിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കുകയും തുരങ്കത്തില്‍ വെള്ളം നിറയുകയും ചെയ്തു. എന്നാല്‍ എന്‍ടിപിസിയുടെ തുരങ്കനിര്‍മാണത്തിനു മുന്‍പുതന്നെ ജോഷിമഠിലെ ഭൂമിക്ക് പ്രശ്നമുണ്ടായിരുന്നുവെന്നാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ലാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്ന കേന്ദ്ര ഊര്‍ജമന്ത്രി ആര്.കെ സിങ് അവിടെ മാധ്യമങ്ങളോട് വിശദീകരിച്ചത്. ജലവൈദ്യുത പദ്ധതി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍ 2021-ല്‍ പൊതുതാല്പര്യഹര്ജി സമര്‍പ്പിച്ചവര്‍ അജ്ഞാതരായ ഏതോ പാവകളിക്കാരുടെ കൈകളിലെ കളിപ്പാവകളാണെന്ന് വിശേഷിപ്പിച്ച് ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാന് അവര്‍ക്ക് 50,000 രൂപ പിഴ വിധിച്ചതും സ്മരണീയം.
കേദാര്‍നാഥിലും ബദ്രീനാഥിലുമായി ആറുവട്ടമെങ്കിലും പല വേഷമണിഞ്ഞ് വിശേഷാല്‍പൂജ നടത്തിയിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യാലയം ഇപ്പോള്‍ എട്ട് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകളെ നിയോഗിച്ച് ജോഷിമഠിലെ ഭൗമപ്രതിഭാസത്തെക്കുറിച്ച് അടിയന്തര പഠനം നടത്തുകയും, ഉത്തരാഖണ്ഡിലെ ബിജെപി ഭരണകൂടം ഭവനരഹിതരായവരെ പുനരധിവസിപ്പിക്കാന്‍ ഉറപ്പുള്ള വാസസ്ഥലം തേടുകയും ചെയ്യുന്നുണ്ട്.
പാവപ്പെട്ട ജനങ്ങളുടെ നിലവിളി ഇത്രയും കാലം അവഗണിച്ച് വികസനത്തിന്റെ പേരില്‍ ഹിമവാന്റെയും അടിത്തറ വരെ തോണ്ടിയ ബിജെപി ഭരണാധികാരികള്‍ രാജ്യത്ത് പലയിടത്തും ജോഷിമഠ് ദുരന്തം ആവര്‍ത്തിക്കുന്നത് കാണുന്നില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കുറ്റപ്പെടുത്തുന്നു.
ബംഗാളില്‍ പശ്ചിം ബര്‍ധമാന്‍ ജില്ലയിലെ ആസന്‍സോള്‍ റാണിഗഞ്ചിലെ കല്‍ക്കരി ഖനിമേഖലയില്‍ ഭൂമി ഇടിഞ്ഞുതാഴുന്നതിന് പ്രതിവിധി തേടി പത്തുവര്‍ഷമായി കേന്ദ്രത്തെ സമീപിച്ചിട്ട് ഒരു സഹായവും കിട്ടിയിട്ടില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ ആവലാതി.
മേഘവിസ്ഫോടനം, മിന്നല്‍പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങി കാലാവസ്ഥവ്യതിയാനവും പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട ദുരന്തങ്ങളുടെ പട്ടികയില്‍ രൂക്ഷമായ കടല്‍ക്ഷോഭവും തീവ്രമഴയും ചുഴലികൊടുങ്കാറ്റും വന്യജീവി-മനുഷ്യ സംഘര്‍ഷവും കൂടി ചേര്‍ക്കേണ്ടിവരുന്ന കേരളത്തിലും ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം നിലനില്‍ക്കുന്നുണ്ടെങ്കിലും പിണറായി സര്‍ക്കാര്‍ നെതര്‍ലന്‍ഡ്സ് മോഡല്‍ ‘റൂം ഫോര്‍ റിവര്‍’ എന്ന പൊങ്ങച്ചവര്‍ത്തമാനം വിട്ട് പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ എന്തെങ്കിലും നടപടികളെക്കുറിച്ച് ആലോചിച്ചതായി സൂചനയൊന്നുമില്ല. കൊല്ലം ജില്ലയില്‍ അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് 13.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള എട്ടു ചെറുതുരുത്തുകള്‍ ചേര്‍ന്ന മണ്‍റോതുരുത്തിന്റെ നല്ലൊരു ഭാഗം ഓരുവെള്ളത്തില്‍ മുങ്ങിതാഴ്ന്നുകൊണ്ടിരിക്കയാണ്. 2018-ലെ പ്രളയത്തിനുശേഷം കുട്ടനാട്ടിലെ കൈനകരി, മങ്കൊമ്പ് ഭാഗത്ത് ഭൂമി 20 സെന്റിമീറ്റര്‍ മുതല്‍ 30 സെന്റിമീറ്റര്‍ വരെ ഇടിഞ്ഞുതാണതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏഴു വര്‍ഷം, രാജ്യത്ത് ഏറ്റവുമധികം മണ്ണിടിച്ചില്‍ നടന്നത് കേരളത്തിലാണെന്ന് 2022 ജൂലൈയില്‍ ഭൗമശാസ്ത്ര ടെക്നോളജി മന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയില്‍ വെളിപ്പെടുത്തിയതാണ്. രാജ്യത്ത് 3,782 മണ്ണിടിച്ചിലുണ്ടായി, കേരളത്തില്‍ 2,239 തവണയും. കേരളത്തില്‍ 10 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള 19,000 ചതുരശ്ര കിലോമീറ്റര്‍ മലയോരപ്രദേശമുണ്ട്. സംസ്ഥാനത്തെ മൊത്തം ഭൂവിസ്തൃതിയുടെ 43% ഭാഗം മണ്ണിടിച്ചില്‍ സാധ്യതാ മേഖലയിലാണ്. പശ്ചിമഘട്ടത്തിലെ മലയോരങ്ങളില്‍, ഇടുക്കിയുടെ 74 ശതമാനവും വയനാടിന്റെ 51 ശതമാനവും ഉരുള്‍പൊട്ടല്‍ ഉണ്ടാകാനിടയുള്ള പ്രദേശങ്ങളാണ്. പരിസ്ഥിതിയെയും സ്വാഭാവിക ആവാസവ്യവസ്ഥയെയും തച്ചുടച്ച് മലയോരങ്ങളില്‍ മനുഷ്യര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് കൈയും കണക്കുമില്ല. ഉരുള്‍പൊട്ടല്‍ ആപല്സാധ്യതയുടെ മൈക്രോ-ലെവല്‍ മാപ്പിങ്, പശ്ചിമഘട്ടത്തിലെ ഭൂചലനങ്ങള്‍ കൃത്യമായി വിലയിരുത്തല്‍, ഹൈഡ്രോജിയോളജിക്കല്‍ പഠനം, മൈക്രോ-ക്ലൈമാറ്റിക് വ്യതിയാന വിശകലനം, ഭൂവിനിയോഗ മേഖലാനിയന്ത്രണങ്ങള്‍, ജലവും കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ നേരിടാനും പുനരധിവാസത്തിനുമുള്ള കൃത്യമായ പ്ലാനിങ് എന്നിങ്ങനെ മനുഷ്യജീവനും പാര്‍പ്പിടങ്ങളും വസ്തുവകകളും ഉപജീവനവും സംരക്ഷിക്കാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളെക്കുറിച്ച് ഗൗരവതരമായ ആലോചന ഇനിയെങ്കിലും നടത്തണം.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും സംസ്ഥാനത്ത് 28 ലക്ഷം ജനങ്ങളെയാണ് ബാധിച്ചതെങ്കില്‍ പ്രളയം 77.95 ലക്ഷം പേരെ ദുരിതത്തിലാഴ്ത്തി. 2018, 2019, 2021 വര്‍ഷങ്ങളിലെ വെള്ളപ്പൊക്കത്തില്‍ കേരളത്തില്‍ 600 പേര് മരിച്ചു; ആയിരകണക്കിനു പാര്‍പ്പിടങ്ങള്‍ നശിച്ചു.
അതിരൂക്ഷമായ കടല്‍ക്ഷോഭവും തീവ്രമായ തീരശോഷണവും നേരിടുന്നതിന് പ്രായോഗിക, ശാസ്ത്രീയ മാര്‍ഗങ്ങള്‍ ആരായുന്നതിനു പകരം ആഗോളതാപനത്തെയും ചുഴലിക്കാറ്റുകളെയും പഴിക്കുന്ന പതിവ് മാറണം. തീരദേശവാസികളുടെ ജീവനും ഉപജീവനവും തീരവും സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കാലാവസ്ഥാവ്യതിയാനത്തില്‍ ഇനിയും കയറിപ്പിടിക്കരുത്.
സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള ബഫര്‍ സോണ്‍ നിര്‍ണയ പ്രതിസന്ധി ഒരു പരുവത്തിലെത്തിച്ച വനംമന്ത്രി എ.കെ. ശശീന്ദ്രന് ഇപ്പോള്‍ മലയോരത്തെ ജനവാസമേഖലകളെ വിറപ്പിക്കുന്ന കാട്ടാനകളുടെയും കടുവകളുടെയും പുലികളുടെയും കാട്ടുപന്നികളുടെയും കടന്നാക്രമണങ്ങള്‍ക്ക് കാരണമായി കാണുന്നത് കാലാവസ്ഥാവ്യതിയാനത്തെത്തുടര്ന്ന് മൃഗങ്ങള്‍ ആവാസകേന്ദ്രങ്ങള്‍ വിട്ടുപോകുന്നതും വന്യജീവികളുടെ വംശവര്ധനയുമാണ്. സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷമേഖലയായി ആയിരത്തിലേറെ സ്ഥലങ്ങള്‍ വനം വകുപ്പ് അടയാളപ്പെടുത്തിയിട്ടുണ്ട്. 2021 – 2022 കാലത്ത് 114 മനുഷ്യര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
വയനാടന്‍ കാടുകളില്‍ നിന്ന് കടുവകളെ മാറ്റിപാര്‍പ്പിക്കും, ഏഷ്യന്‍ ആനകളുടെ ഏറ്റവും വലിയ വംശത്തിന്റെ പ്രജനനം നിയന്ത്രിക്കാന്‍ ആഫ്രിക്കന്‍ മോഡല്‍ വന്ധ്യംകരണം നടപ്പാക്കുമെന്നും മന്ത്രി പറയുന്നതു കേട്ടാല്‍ പിന്നെ ഏതെങ്കിലും വന്യജീവി നമ്മുടെ ബഫര്‍ സോണ്‍ കടക്കുമോ!