സംവിധായകന്: കോം ബെയ്റേഡ്
കുട്ടികളുടെ വിചാരവികാരങ്ങളിലേക്ക് അല്പനേരം കടന്നുകയറാനും, ദയയോടെ അവരെയൊന്നു വീക്ഷിക്കാനും ‘ദ ക്വയറ്റ് ഗേള്‍’ നമ്മെ സഹായിച്ചേക്കും.
കുട്ടിക്കാലം എല്ലാവര്ക്കും മധുരോതരമായ ഓര്‍മകള്‍ സമ്മാനിക്കണമെന്നില്ല. കാലം, ദേശം, കുടുംബം, സാമ്പത്തികം, ബന്ധുക്കള്‍, രോഗങ്ങള്‍ എന്നിങ്ങനെ എല്ലാവരുടെ ബാല്യകാലത്തേയും സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ടാകും. 2022ല്‍ അയര്‍ലണ്ടില്‍ അമ്പരപ്പിക്കുന്ന വിജയം നേടിയ ഒരു കൊച്ചു സിനിമയാണ് ‘ദ ക്വയറ്റ് ഗേള്‍’. ക്ലെയര്‍ കീഗന്‍ എഴുതിയ ഫോസ്റ്റര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ദ ക്വയറ്റ് ഗേള്‍ നിര്‍മിച്ചിരിക്കുന്നത്. കോം ബെയ്റേഡ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചു. ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഐറിഷ് ഭാഷാ ചിത്രമെന്ന ഖ്യാതിയോടെയാണ് ‘ദ ക്വയറ്റ് ഗേള്‍’രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളില്‍ തകര്‍ത്താടുന്നത്. ഏകദേശം 40 വര്‍ഷത്തോളം പിറകില്‍, 1981 വര്‍ഷം പശ്ചാത്തലമാക്കി ഐറിഷ് ഭാഷയില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് ഇംഗ്ലീഷില്‍ സബ്ടൈറ്റിലുകളുണ്ട്. 2022 ഡിസംബറില്‍, മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഒസ്കറിന് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഐറിഷ് ഭാഷാ ചിത്രമായും ദ ക്വയറ്റ് ഗേള്‍ മാറി.
വില്ലോ യംഗ് കെയ്റ്റ് (കാതറിന് ക്ലിഞ്ച്) എന്ന 9 വയസ്സുള്ള പെണ്‍കുട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ദരിദ്രകുടുംബത്തിലെ അംഗം. ഉള്‍വലിഞ്ഞ സ്വഭാവക്കാരിയാണവള്‍. ഏകാന്തതയാണ് അവളുടെ കൂടപ്പിറപ്പ്. അവളുടെ പിതാവ് (മൈക്കല്‍ പാട്രിക്) പരുക്കനും അലസനുമാണ്. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശം. വില്ലോയുടെ അമ്മയ്ക്ക് (കേറ്റ് നിക് ചോനോനൈഗ്) അവളേയും സഹോദരങ്ങളേയും വേണ്ടവിധത്തില്‍ പരിപാലിക്കാന്‍ കഴിയുന്നില്ല. അവര്‍ വീണ്ടും ഗര്ഭിണിയായിരിക്കുകയുമാണ്. അതവളെ മാനസിക സംഘര്‍ഷങ്ങളിലേക്ക് തള്ളിയിടുന്നു. വില്ലോയ്ക്ക് ക്ലാസ് മുറികളുടെ അകവും പുറവും ഒരുപോലെ അവഗണനയുടെ കേന്ദ്രങ്ങളാണ്. സഹപാഠികള്‍ ഒരു വിചിത്രജീവിയെ പോലെയാണ് അവളെ കാണുന്നത്.
അവധിക്കാലമായപ്പോള്‍ അവളുടെ അമ്മയുടെ അകന്ന ബന്ധുവായ ഐബ്ലിന് (കാരി ക്രോളി), അവളുടെ ഭര്‍ത്താവ് സീന്‍ (ആന്‍ഡ്രൂ ബെന്നറ്റ്) എന്നിവരോടൊപ്പം അവരുടെ ചെറിയ ഡയറി ഫാമില്‍ വേനല്‍ക്കാലം ചെലവഴിക്കാന്‍ വില്ലോയെ പറഞ്ഞയക്കുന്നു. ഐബ്ലിന്, വില്ലോയോട് തികച്ചും ഊഷ്മളമായ ആര്‍ദ്രതയോടെയാണ് പെരുമാറുന്നത്. വീട്ടുജോലിയിലും ഭക്ഷണം തയ്യാറാക്കുന്നതിലും ഐബ്ലിന് അവളെ കൂടി ഉള്‍പ്പെടുത്തുന്നു. വീടിനും കൃഷിയിടത്തിനും ചുറ്റുമുള്ള ജോലികള്‍ എങ്ങനെ ചെയ്യണമെന്ന് അവളെ പഠിപ്പിക്കുമ്പോള്‍ വില്ലോ സാധാരണ ജീവിതത്തിലേക്ക് സാവധാനം മടങ്ങിവരികയാണ്. ഐബ്ലിന് വില്ലോയെ പറമ്പിലെ ഒരു കിണര്‍ കാണിക്കുന്നു, അതേസമയം കിണര്‍ ആഴമുള്ളതാണെന്നും അതില്‍ നിന്ന് വെള്ളമെടുക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്കുന്നു.
ഉടുതുണിക്ക് മറുതുണിയില്ലാത്ത നിലയിലാണ് വില്ലോ പുതിയ താമസസ്ഥലത്തെത്തുന്നത്. അവള്‍ക്ക് ആണ്‍കുട്ടികളുടെ വസ്ത്രങ്ങളാണ് ഐബ്ലിന് ധരിക്കാന്‍ നല്‍കുന്നത്. (പിന്നീട് അവള്‍ക്ക് പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ വാങ്ങി നല്‍കുന്നുണ്ട്).
തങ്ങളുടേത് രഹസ്യങ്ങളില്ലാത്ത വീടാണെന്നും രഹസ്യങ്ങള്‍ ലജ്ജയെ സൂചിപ്പിക്കുന്നുവെന്നും ഐബ്ലിന് അവളോട് പറയുന്നു. പക്ഷേ പറഞ്ഞറിയിക്കാനാകാത്ത ഒരു ശോകം ആ വീട്ടില്‍ തങ്ങിനില്ക്കുന്നുണ്ടെന്ന് വില്ലോയ്ക്ക് മനസിലാകുന്നു. ഒരു രഹസ്യം താനറിയാതെ ആ വീട്ടിലുണ്ടെന്നും അവള്‍ക്കു തോന്നുന്നു.
ഐബ്ലിന്റെ ഭര്‍ത്താവ് സീനിന് വില്ലോയുടെ പെരുമാറ്റം ആദ്യഘട്ടത്തില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഐബ്ലിന് വീട്ടിലില്ലാതിരുന്ന ഒരു ദിവസം ഫാമില്‍ വെച്ച് വില്ലോയെ കാണാതാകുന്നു. സീന്‍ വല്ലാതെ ഭയക്കുന്നു. അവളെ കണ്ടെത്തിയപ്പോള്‍ അയാള്‍ അവളെ ശകാരിക്കുകയും ഇനി ഒരിക്കലും അലഞ്ഞുതിരിയരുതെന്ന് അവളോട് കല്‍പ്പിക്കുകയും ചെയ്യുന്നു. അവന്റെ പെട്ടെന്നുള്ള കോപത്തില്‍ ഭയന്ന്, വില്ലോ വീട്ടിലേക്ക് ഓടുന്നു. സീന്‍ പശ്ചാത്താപം പ്രകടിപ്പിക്കുകയും വില്ലോയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സാവധാനം, അവള് തന്റെ വളര്‍ത്തച്ഛനുമായി അടുപ്പത്തിലാവുന്നു.
ഒരു ചടങ്ങില്‍ സുഹൃത്തുക്കളോടൊപ്പം ഐബ്ലിനും സീനും പങ്കെടുക്കേണ്ടതായി വന്നപ്പോള്‍ അയല്ക്കാരന് രണ്ടു മണിക്കൂര്‍ നേരത്തേക്ക് വില്ലോയെ നോക്കാമെന്ന് ഏല്ക്കുന്നു. അപവാദ പ്രചരണത്തില്‍ മുമ്പനായ അയാളോടൊപ്പം വില്ലോയെ അല്പനേരത്തേക്കാണെങ്കിലും വിടുന്നതില്‍ ഐബ്ലിന് അത്ര തൃപ്തിയില്ലെങ്കിലും ഒടുവില്‍ സമ്മതിക്കുന്നു.
ഐബ്ലിനും സീനിനും ഒരു മകന് ഉണ്ടായിരുന്നെന്നും കുറച്ചുകാലം മുമ്പ് അവന് കിണറ്റില്‍ മുങ്ങിമരിക്കുകയായിരുന്നുവെന്നും അയല്‍വാസി വില്ലോയെ അറിയിക്കുന്നു. ആ വീട്ടിലെ ഘനീഭവിച്ച ദുഃഖത്തിന്റെ കാരണം വില്ലോ തിരിച്ചറിയുന്നു. ഐബ്ലിനും സീനും വില്ലോയെ തിരികെ കൊണ്ടുപോകുമ്പോള്‍ അവളുടെ ഭാവമാറ്റം അവര്‍ തിരിച്ചറിയുന്നു. അയല്ക്കാരന് അവളോട് എന്താണ് പറഞ്ഞതെന്ന് അവര്‍ അന്വേഷിക്കുന്നു. വില്ലോ അവരോട് സത്യം പറയുന്നു. ഇത് ദമ്പതികളെ അസ്വസ്ഥരാക്കുന്നു. പക്ഷേ അവര്‍ അയല്ക്കാരന്റെ കഥ നിഷേധിക്കുന്നില്ല.
വില്ലോ പുതിയ താമസസ്ഥലത്തെത്തിയിട്ട് ഒരു മാസത്തിലേറെയായി. അവളുടെ അമ്മ പ്രസവിച്ചു, അധ്യയന വര്‍ഷം ആരംഭിക്കാറായി. വില്ലോയ്ക്ക് തിരികെ പോകാന്‍ സമയമായി. വില്ലോ, ഐബ്ലിനേയും സീനിനേയും പിരിയാനാകാത്ത അവസ്ഥയിലാണ്. തിരിച്ച് അവര്‍ക്കും. തിരികെ വീട്ടിലേക്ക് പോകുന്നതിന്റെ തലേദിവസം വില്ലോ കിണറ്റില്‍ വീഴുന്നു. അവള് കഷ്ടിച്ച് അവിടെ നിന്നുരക്ഷപ്പെടുന്നു. പരിഭ്രാന്തനായി അവളെ അന്വേഷിക്കുന്ന സീന്‍, കുട്ടി നനഞ്ഞൊലിച്ചു വരുന്നതു കണ്ട് അവളെ ആശ്വസിപ്പിക്കുന്നു; അയാളും സ്വയം ആശ്വസിക്കുന്നുണ്ട്.
അടുത്ത ദിവസം രാവിലെ, ഐബ്ലിനും സീനും വില്ലോയെ അവളുടെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകുന്നു. മകളുടെ തിരിച്ചുവരവ് അവളുടെ മാതാപിതാക്കള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. തുമ്മിയതിന്റെ പേരില്‍ അച്ഛന് വില്ലോയെ കഠിനമായി വഴക്കുപറയുന്നു. മുതിര്‍ന്നവര്‍ തമ്മിലുള്ള പിരിമുറുക്കം നിറഞ്ഞ സംഭാഷണത്തിന് ശേഷം, വില്ലോയ്ക്ക് എപ്പോള്‍ വേണമെങ്കിലും തങ്ങളോടൊപ്പം താമസിക്കാന്‍ സ്വാഗതം എന്ന് ഐബ്ലിന് അവളുടെ മാതാപിതാക്കളോട് പറഞ്ഞു. ഇരുവരും മനസ്സില്ലാമനസ്സോടെ വില്ലോയോട് വിടപറഞ്ഞ് യാത്ര തിരിച്ചു. കാര്‍ ഡ്രൈവ്വേയില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് കാണുമ്പോള്‍ വില്ലോ പെട്ടെന്ന് കാറിനു പിന്നാലെ കുതിക്കുന്നു. കാറില്‍ നിന്നിറങ്ങി വന്ന വളര്‍ത്തച്ഛനും മകളും പരസ്പരം ആലിംഗനം ചെയ്യുന്നു. ഐബ്ലിന് കാറിലിരുന്ന് നിശബ്ദമായി കരയുന്നു. വില്ലോ സീനിന്റെ തോളിലൂടെ നോക്കുമ്പോള്‍, അവളുടെ അച്ഛന് ദേഷ്യത്തോടെ അവരുടെ അടുത്തേക്ക് നീങ്ങുന്നത് അവള് കാണുകയും സീനെ അച്ഛന്റെ സാന്നിധ്യമറിയിക്കാന്‍ ‘ഡാഡി’ എന്ന് പറയുകയും ചെയ്യുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അവള് വീണ്ടും ‘ഡാഡി’ എന്ന് പറയുന്നു. ഇത്തവണ ആ വിളി അവളുടെ വളര്‍ത്തച്ഛനായ സീനുവേണ്ടിയുള്ളതായിരുന്നു.
വില്ലോയ്ക്ക് തന്റെ വളര്‍ത്തച്ഛന്റേയും അമ്മയുടേയും കൂടെ കഴിയാനാകുമോ? കാലം അവളെ ശാശ്വതമായി മാറ്റുമോ ഇല്ലയോ എന്നതെല്ലാം അവ്യക്തമായി അവശേഷിച്ചാണ് സിനിമ അവസാനിക്കുന്നത്. പക്ഷേ ഒരുകാര്യം തീര്‍ച്ച…. ലോകത്തെ പുതിയ കണ്ണില്‍ കാണാനും ദയയുടെ സൗന്ദര്യത്തെ കുറിച്ചുള്ള അവളുടെ ധാരണയില്‍ മാറ്റമുണ്ടാക്കാനും കുറച്ചുകാലത്തെ ജീവിതം അവളെ സഹായിക്കുമെന്ന പ്രതീക്ഷ പ്രേക്ഷകനുണ്ടാകും. കുട്ടികളുടെ വിചാരവികാരങ്ങളിലേക്ക് അല്പനേരം കടന്നുകയറാനും, ദയയോടെ അവരെയൊന്നു വീക്ഷിക്കാനും ‘ദ ക്വയറ്റ് ഗേള്‍’ നമ്മെ സഹായിച്ചേക്കും.