പതിനഞ്ചു വര്‍ഷം നീണ്ട ബിജെപി ഭരണത്തിനുശേഷം 2018-ല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയ ഛത്തീസ്ഗഢില്‍ അടുത്ത നവംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ആദിവാസി ഗ്രാമങ്ങളിലെ ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെ വ്യാപകമായ അക്രമം അഴിച്ചുവിട്ട് വര്‍ഗീയ ധ്രുവീകരണത്തിന്റെ ഹിംസാത്മക തന്ത്രം ആവര്‍ത്തിക്കുകയാണ് രാഷ്ട്രീയ ശക്തികള്‍. ”പള്ളിയില്‍ പോകുന്ന” ആദിവാസികളെ ‘ഘര്‍ വാപസി’ എന്ന പേരില്‍ നിര്‍ബന്ധിച്ച് ഹിന്ദുമതത്തില്‍ ചേര്‍ക്കുകയോ അതിനു വിസമ്മതിക്കുന്നവരെ പഞ്ചായത്തു ചേര്‍ന്ന് സാമൂഹിക ഭ്രഷ്ട് കല്പിച്ച് സ്വന്തം ഗ്രാമങ്ങളില്‍ നിന്ന് ആട്ടിപ്പായിക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ സംസ്ഥാനത്തെ ബസ്തര്‍ ഡിവിഷനിലെ നാരായണ്‍പുര്‍, കോണ്ടാഗാവ്, കന്‍കേര്‍ ജില്ലകളില്‍ രണ്ടുമാസമായി നിര്‍ബാധം തുടരുകയായിരുന്നു. ക്രിസ്മസിനു മുന്‍പുതന്നെ, സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടെ ആയിരത്തിലേറെപ്പേര്‍ നാരായണ്‍പുരില്‍ സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ക്ക് ഇരകളായി കൊടുംതണുപ്പില്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ ഇങ്ങനെ വഴിയാധാരമാക്കപ്പെട്ടു.
നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍ ഡല്‍ഹിയില്‍ വച്ച് ക്രൈസ്തവ നേതാക്കള്‍ അടങ്ങുന്ന നിവേദകസംഘത്തിന് ഉറപ്പുനല്‍കി ഏതാനും ദിവസം കഴിഞ്ഞാണ് ജനുവരി രണ്ടിന് പട്ടാപ്പകല്‍ അന്‍പതോളം വരുന്ന അക്രമിസംഘം നാരായണ്‍പുര്‍ ബംഗ്ലാപാരയില് തിരുഹൃദയ ദേവാലയത്തിലേക്ക് ഇരച്ചുകയറി അള്‍ത്താരയിലെ ക്രൂശിതരൂപവും പൂജ്യവസ്തുക്കളും ഗ്രോട്ടോയിലെ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപവും ദേവാലയത്തിലെ ഉപകരണങ്ങളും കസേരകളും പുല്‍ക്കൂടും മറ്റു നിര്‍മിതികളുമെല്ലാം തച്ചുതകര്‍ത്തതും പള്ളിമേട, എസ്എബിഎസ് കോണ്‍വെന്റ്, വിശ്വദീപ്തി സ്കൂള്‍ എന്നിവയ്ക്കുനേരെ അക്രമം അഴിച്ചുവിട്ടതും. ആക്രമണത്തില്‍ പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. ക്രിമിനല്‍ ഗൂഢാലോചന, വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി നാല് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ടു പ്രാദേശിക ബിജെപി നേതാക്കള്‍ അടക്കം 11 പേരെ അറസ്റ്റു ചെയ്തത്, ആര്‍എസ്എസിന്റെ പോഷക സംഘടനയായ ജന്‍ജാതി സുരക്ഷാ മഞ്ചിന്റെ നേതൃത്വത്തില്‍ ആദിവാസി ക്രൈസ്തവര്‍ക്കെതിരെ സംഘടിതമായി നടന്നുവന്ന അതിക്രമങ്ങള്‍ തടയാന്‍ ന്യൂനപക്ഷ സംരക്ഷകരെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ഭരണകൂടം ഒന്നും ചെയ്തില്ല എന്ന പഴികേട്ട് മടുത്തിട്ടാകണം.
നാരായണ്പുറിലെ 18 ഗ്രാമങ്ങളിലും കോണ്ടാഗാവിലെ 15 ഗ്രാമങ്ങളിലും ന്യൂനപക്ഷ ക്രൈസ്തവ കുടുംബങ്ങള്‍ക്കു നേരെ ഭൂരിപക്ഷ ഗോത്രവര്‍ഗക്കാരില്‍ നിന്ന് ഡിസംബറില്‍ പല തവണ ആക്രമണമുണ്ടായി. ഇക്കഴിഞ്ഞ നവംബറില്‍, നാരായണ്‍പുര്‍ ജില്ലാകേന്ദ്രത്തില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെ ഭട്ട്പല് ഗ്രാമത്തിലെ ശ്മശാനം ക്രൈസ്തവര്‍ ഉപയോഗിക്കുന്നതില്‍ മറ്റുള്ളവര്‍ എതിര്‍പ്പുമായി രംഗത്തുവന്നു. ക്രിസ്തുവിശ്വാസം സ്വീകരിക്കുന്നവര്‍ ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിലും, വിതയും കൊയ്ത്തും ജനനവും മരണവും കല്യാണവും മറ്റുമായി ബന്ധപ്പെട്ട സാമൂഹിക വിഹിതം പങ്കുവയ്ക്കുന്നതിലും വിമുഖത കാട്ടുന്നുവെന്ന ഇതര ആദിവാസി വിഭാഗങ്ങളുടെ ആവലാതി കേട്ട് ഗ്രാമത്തിലെ സര്‍പഞ്ചും പട്ടേലും മതാചാര്യനായ ഗയ്തയും പഞ്ചായത്തു യോഗം വിളിച്ചുകൂട്ടി ക്രൈസ്തവരോട് തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ച് ഭൂരിപക്ഷ സമൂഹത്തിലേക്കു മടങ്ങിവരാന്‍ ആവശ്യപ്പെടുന്ന സാഹചര്യം പലയിടത്തുമുണ്ടായി. 1996-ലെ പഞ്ചായത്ത് പട്ടിക മേഖല വികസന നിയമ (പെസ) വ്യവസ്ഥകള്‍ ആയുധമാക്കിയാണ് ചില പഞ്ചായത്ത് മുഖ്യന്മാര് നിയമം കൈയിലെടുത്ത് ക്രൈസ്തവരെ മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കുന്നത്.
ഗ്രാമത്തില്‍ ജീവിക്കണമെങ്കില്‍ ഘര്‍വാപസിക്കു വഴങ്ങുക, ഇല്ലെങ്കില്‍ മരിക്കാന്‍ ഒരുങ്ങിക്കൊള്ളൂ എന്നായിരുന്നു ഭീഷണി. ജീവനു ഭീഷണിയുണ്ടായിട്ടും തങ്ങളുടെ മതവിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തവരുടെ വീടുകള്‍ക്കു നേരെ സംഘടിതമായ ആക്രമണമുണ്ടായി. സ്ത്രീകളെയും കുട്ടികളെയുമെല്ലാം വീട്ടില്‍ നിന്ന് അടിച്ചിറക്കി. വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ബൈക്ക്, ട്രാക്റ്റര്‍, ആട്, കോഴി, ധാന്യങ്ങള്‍, വിളകള്‍ ഒന്നും എടുക്കാന്‍ അനുവദിച്ചില്ല. ചിലയിടങ്ങളില്‍ പൊലീസിന്റെ സാന്നിധ്യത്തിലാണ് ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടത്. പാതിരാത്രി നാരായണ്‍പുര്‍ കലക്ടറേറ്റിനു സമീപത്തെ ഗ്രൗണ്ടിലും പള്ളിയിലും മറ്റുമായി ആയിരത്തിലേറെപ്പേര്‍ അഭയം തേടി. ജനുവരി ഒന്നിന് ഗോരാ ഗ്രാമത്തില്‍ ഇതിന്റെ പേരില്‍ ഭൂരിപക്ഷ സമൂഹത്തിനുനേരെ ആക്രമണമുണ്ടായി. ഇതിനുള്ള തിരിച്ചടിയായിരുന്നുവ്രേത ബംഗ്ലാപാര ദേവാലയ ആക്രമണം.
ക്രൈസ്തവ മിഷണറിമാര്‍ തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും മതപരിവര്‍ത്തനത്തിലൂടെ ഗോത്രവര്‍ഗക്കാരുടെ സാംസ്കാരിക പൈതൃകം നശിപ്പിക്കുന്നതിനുള്ള പ്രതികരണമാണ് നാരായണ്‍പുരില്‍ കണ്ടതെന്നാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ന്യായീകരണം. മതപരിവര്‍ത്തന നിരോധന നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കിയിരുന്നെങ്കില്‍ പാവപ്പെട്ട ആദിവാസികള്‍ക്ക് ഇങ്ങനെ തെരുവിലിറങ്ങേണ്ടിവരുമായിരുന്നില്ല എന്നും ക്രൈസ്തവരായ ആദിവാസികളെ ഘര്‍വാപസി എന്ന പേരില്‍ നിര്‍ബന്ധിച്ച് ഹിന്ദുമതത്തില്‍ ചേര്‍ക്കാന്‍ വന്‍ സന്നാഹമൊരുക്കാറുള്ള വിഎച്ച്പി, ബഘേല്‍ ഗവണ്മെന്റിനെ ഓര്‍മിപ്പിക്കുന്നുണ്ട്.
രാഹുല്‍ ഗാന്ധി ‘ഭാരത് ജോഡോ യാത്ര’യിലെ ഒരു ട്വിറ്റര്‍ വീഡിയോയില്‍ പറയുന്നതുപോലെ, ആദിവാസികളെ ബിജെപിക്കാര്‍ എന്നും വനവാസികള്‍ എന്നാണ് വിളിക്കുന്നത്. ആദിവാസികളുടെ പൈതൃകഭൂമിയും വനവിഭവങ്ങളും ജലസ്രോതസുകളുമെല്ലാം വികസനത്തിന്റെ പേരില്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്കായി കൊള്ളയടിക്കുകയും അന്യാധീനപ്പെടുത്തുകയും ചെയ്യുന്നതിനു പുറമെ അവരുടെമേല്‍ ‘മനുവാദി’ വര്ണവ്യവസ്ഥിതിയും ഹിന്ദുത്വ മുദ്രയും ചാര്‍ത്താനാണ് സംഘ പരിവാര്‍ ശ്രമിക്കുന്നത്. പ്രകൃതിശക്തികളെ ആരാധിക്കുന്ന തങ്ങള്‍ ഹിന്ദുക്കളല്ലെന്ന് ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡിഷ, മധ്യപ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലെ സംഥാല്‍, മുണ്ടാ, ഹോ, ഉരാവ്, ഗോണ്ട്, ഭീല്‍, ഭൂമിജ്, മുരിയ, ധ്രുവ്, ഭത്ര, ഹല തുടങ്ങിയ ആദിവാസി സമൂഹങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്താനും തങ്ങളുടെ ആദിധര്മമായ സരനാ മതത്തിന് ഔദ്യോഗിക അംഗീകാരം നേടിയെടുക്കാനും വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കയാണ്. വനവാസി കല്യാണ്‍ ആശ്രമം, രാമകൃഷ്ണ മിഷന് തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ ആദിവാസികള്‍ക്കിടയില്‍ ഹൈന്ദവ സനാതന ധര്‍മ്മപ്രചാരണം നടത്തിവരുന്ന സംഘപരിവാര്‍ പക്ഷെ സരനാ പാരമ്പര്യത്തില്‍ നിന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെയും ഹിന്ദുത്വ പതാകയ്ക്കു കീഴില്‍ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്.
ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദിവാസികളെ പട്ടികവര്‍ഗത്തില്‍ നിന്നു നീക്കം ചെയ്യണം (ഡിലിസ്റ്റ്) എന്നാണ് വിശ്വ ഹിന്ദു പരിഷത്തും മറ്റും ഗോത്രമേഖലകളില്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന പ്രധാന രാഷ്ട്രീയ മുദ്രാവാക്യം. പട്ടികജാതിക്കാര്‍ മതപരിവര്‍ത്തനം നടത്തിയാല്‍ എസ് സി പദവി നഷ്ടപ്പെടും; എന്നാല്‍ പട്ടികവര്‍ഗക്കാര്‍ക്ക് ഇത് ബാധകമല്ല. ഇന്ത്യന്‍ ഭരണഘടനയുടെ 342-ാം വകുപ്പില്‍ ഗോത്രവര്‍ഗക്കാരെ നിര്‍വചിക്കുന്നിടത്ത് അവര്‍ ഹിന്ദുക്കളായിരിക്കണമെന്ന് പറയുന്നില്ല. മതപരിവര്‍ത്തനം കൊണ്ട് ഒരു ഗോത്രവും ഗോത്രമല്ലാതാവുന്നില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും, സര്‍ക്കാര്‍ ഉദ്യോഗത്തിനും ഉദ്യോഗക്കയറ്റത്തിനും, നിയമനിര്‍മാണസഭയില്‍ പ്രത്യേക പ്രാതിനിധ്യത്തിനും ലഭിക്കുന്ന സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ക്രൈസ്തവര്‍ക്കു നിഷേധിക്കണമെന്ന ആവശ്യം മതപരിവര്‍ത്തനം നിരുത്സാഹപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. ക്രൈസ്തവ ആദിവാസികള്‍ വിദ്യാഭ്യാസത്തില്‍ മുന്നിട്ടുനില്ക്കുന്നതിനാല് അവര്‍ക്ക് തൊഴില്‍സാധ്യത വര്‍ധിക്കുന്നു, അവര്‍ സാമ്പത്തികമായി കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കുന്നു എന്നതാണ് മറ്റുള്ളവരെ അസ്വസ്ഥരാക്കുന്നത്.
ജീവിക്കാനുള്ള അവകാശം, നിയമത്തിനു മുമ്പില്‍ തുല്യത, വിശ്വാസവും ആരാധനയും ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട മതസ്വാതന്ത്ര്യം, വിവേചനത്തിനു വിധേയരാകാതെ ജീവിക്കാനുള്ള അവകാശം എന്നീ മൗലികാവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍ ഗോത്രവര്‍ഗക്കാരായ ക്രൈസ്തവര്‍ക്ക് നിഷേധിക്കാന്‍ ആര്‍ക്കാണ് അധികാരം?
വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, അനന്തരാവകാശം, പിന്തുടര്ച്ചാവകാശം എന്നിവയുടെ കാര്യത്തില്‍ ജാതി, മത, ലിംഗഭേദമെന്യേ എല്ലാ ഇന്ത്യക്കാര്‍ക്കും ബാധകമാകുന്ന ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ആവര്‍ത്തിക്കുന്ന വാഗ്ദാനം 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് നടപ്പാക്കുമെന്ന് രാജ്യസഭയില്‍ ഇതു സംബന്ധിച്ച സ്വകാര്യ ബില്‍ അവതരിപ്പിച്ച രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി കിരോഡി ലാല്‍ മീണ പറയുന്നുണ്ടെങ്കിലും ഗോത്രമേഖലയില്‍ ഈ വിഷയം എടുത്തിടാന്‍ മോദിയും കൂട്ടരും ഒന്നു മടിക്കും. ”ഒരു രാജ്യം, ഒരു വ്യക്തിനിയമം” എന്നു പറഞ്ഞ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടക്കം ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത അവകാശങ്ങളില്‍ കൈകടത്താന്‍ ശ്രമിച്ചാല്‍ എന്താവും ഫലമെന്ന് അവര്‍ക്ക് നന്നായറിയാം.
അപ്പോള്‍, ഇല്ലാത്ത നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ കെട്ടുകഥകള്‍ മെനഞ്ഞ് ആദിവാസികള്‍ക്കിടയിലും ഭിന്നിപ്പു സൃഷ്ടിച്ച് ഹിന്ദുത്വ രാഷ്ട്രനിര്‍മിതിയുടെ ആഖ്യാനം പൊലിപ്പിച്ചെടുക്കാനാണ് സംഘ്പരിവാര്‍ പാടുപെടുന്നത്. എല്ലാ മതപരിവര്‍ത്തനവും നിയമവിരുദ്ധമാവില്ല എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ഓര്മിപ്പിക്കുന്നുണ്ടെങ്കിലും, ആത്യന്തികമായി രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ദേശീയ തലത്തില്‍ അടിയന്തരമായി നിയമം കൊണ്ടുവരേണ്ടതുണ്ടെന്ന് ഇതേ കോടതിയില്‍ ജസ്റ്റിസ് എം.ആര് ഷായുടെ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സൊളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഒരു ഡേറ്റയും ഉദ്ധരിക്കാതെ പറഞ്ഞത് ഗോത്രമേഖലകളില്‍ അരിയും ഗോതമ്പും മറ്റു സാധനങ്ങളും നല്കി പാവപ്പെട്ടവരെ മതംമാറ്റുന്നുവെന്നാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സുപ്രീം കോടതിയും ഡല്‍ഹി ഹൈക്കോടതിയും മൂന്നുവട്ടം തള്ളിയ ഒരു ബിജെപി നേതാവിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിച്ച ജസ്റ്റിസ് ഷാ, നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ കണക്കോ രേഖകളോ തെളിവോ ഉണ്ടോ എന്ന് അന്വേഷിച്ചില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വിദ്വേഷപ്രചാരണത്തിനും അക്രമങ്ങള്‍ക്കും വഴിതെളിക്കുന്നവര്ക്ക് ഊര്‍ജം പകരുന്നതാകരുത് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ മതപരിവര്‍ത്തന വിചിന്തനങ്ങള്‍.
ഭാരത് ജോഡോ യാത്രയില്‍ ‘മൊഹബത്ത് കീ ദുകാന്‍’ (സ്നേഹത്തിന്റെ കട) തുറക്കാന്‍ രാഹുല്‍ ഗാന്ധി പറയുന്നതിനു മുമ്പുതന്നെ ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി ബഘേല്‍ ഹിന്ദുത്വവാദികളുടെ ഹൃദയം കവരാനായി ഒട്ടേറെ പരിപാടികള്‍ ആവിഷ്കരിച്ചിരുന്നു: ഗോരക്ഷയുടെ പേരില്‍ ലിറ്ററിന് നാലു രൂപ നിരക്കില്‍ ഗോമൂത്രവും കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ ചാണകവും കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ സംഭരിക്കുന്ന ഗോധന്‍ ന്യായ് യോജനയും, ശ്രീരാമന് ലങ്കയിലേക്കു കാട്ടിലൂടെ നടന്ന ആയിരം കിലോമീറ്റര്‍ പാത പുനഃസൃഷ്ടിച്ചുകൊണ്ട് ഒന്‍പതിടങ്ങളില്‍ ശ്രീരാമന്റെ 51 അടി മുതല്‍ 25 അടി വരെ ഉയരമുള്ള ഒന്‍പത് പ്രതിമകള്‍ സ്ഥാപിക്കലും കൗസല്യയുടെയും ശിവന്റെയും പ്രതിമകളും പിന്നെ, ഗോത്രമേഖലയില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ ഇരകളെ കാണാതെ വേവലാതിപ്പെടുകയും.