ശ്രീനഗര്‍: ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പിന് മുൻപ് തന്നെ തല്ലിപ്പിരിയുകയാണ് .മുന്നണിയിൽ നിന്നും നിന്ന് സഖ്യകക്ഷികള്‍ ഓരോരുത്തരായി പിന്‍വാങ്ങുന്നതാണ് സമീപ ദിവസങ്ങളിലെ വാർത്തകൾ . ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു കശ്മീരില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് ഫറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചു. മറ്റൊരു പാര്‍ട്ടിയുമായി നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിനില്ലെന്നും അദ്ദേഹം അറിയിച്ചു.
സീറ്റ് പങ്കുവയ്ക്കുന്നതിലെ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്വന്തം നിലയില്‍ മത്സരിക്കനാണ് തീരുമാനിച്ചിരിക്കുന്നത്. അതില്‍ രണ്ടഭിപ്രായമില്ല. അക്കാര്യത്തില്‍ കൂടുതല്‍ ചോദ്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സഖ്യത്തിന്റെ കരുത്തനായ നേതാവായിരുന്നു ഫറൂഖ് അബ്ദുള്ള. മൂന്ന് തവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം മുന്നണിയുടെ എല്ലാ യോഗങ്ങളിലും പങ്കെടുത്തിരുന്നു. എന്നാല്‍ പെട്ടെന്ന് മറിച്ചൊരു തീരുമാനത്തിലേക്ക് കടക്കാനുണ്ടായ കാരണം അദ്ദേഹം വ്യക്തമാക്കിയില്ല.
മുന്നണിയിലെ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയില്ലായ്മയില്‍ അദ്ദേഹം നേരത്തെ ആശങ്ക പങ്കുവച്ചിരുന്നു. മുന്‍പ്, കപില്‍ സിബലിന്റെ യു ട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍, ‘രാജ്യത്തെ രക്ഷിക്കണമെങ്കില്‍, എല്ലാ ഭിന്നതകളും മറക്കണമെന്നും രാജ്യത്തെ കുറിച്ച് മാത്രം ചിന്തിക്കണമെന്നും’ അദ്ദേഹം പറഞ്ഞിരുന്നു.