തൃശൂർ: കലാഭവൻ മണിയുടെ സ്മാരകത്തിനായി മൂന്ന് ബജറ്റുകളിലായി 3 കോടി രൂപ വകയിരുത്തിയിട്ടും സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങുന്നതിൽ പ്രതിഷേധിച്ച് മണിയുടെ കുടുംബം. ഇടതുപക്ഷ സർക്കാരിൽ നിന്നും ഇത്തരത്തിലൊരു അവഗണന പ്രതീക്ഷിച്ചില്ലെന്ന് സഹോദരൻ രാമകൃഷ്ണൻ സ്വകാര്യ ചാനലിനോട് പറഞ്ഞു.
2017-ലെ ബജറ്റിൽ മണിയുടെ സ്മാരകത്തിനായി 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പിന്നീട് ഇത് വിപുലീകരിച്ച് മൂന്ന് കോടിയോടുപ്പിച്ച് മന്ത്രി സജി ചെറിയാൻ സാംസ്കാരിക വകുപ്പ് മന്ത്രിയായിരിക്കെ ബജറ്റിൽ വകയിരുത്തി. അതിന് ശേഷം അദ്ദേഹം ചാലക്കുടി സന്ദർശിക്കാനെത്തിയപ്പോഴാണ് കലാഭവൻ മണിയുടെ ഒരു പ്രതിമയുള്ള സ്മാരകം എന്നതിൽ ഒതുക്കാതെ ഫോക്ക്ലോറുമായി ബന്ധപ്പെട്ട് പഠിക്കുന്നവർക്ക്, ഭാവി കലാകാരന്മാർക്ക് വേണ്ടി കൂടിയുള്ള സ്മാരകമാണ് വിഭാവനം ചെയ്തത്. അതിൽ സന്തോഷവുമുണ്ടായിരുന്നു. എന്നാൽ സർക്കാർ തന്നെ പ്രഖ്യാപിച്ച ഒന്നായിട്ടും അത് യാഥാർത്ഥ്യമാവാതിരിക്കുകയാണ്.