ന്യൂഡൽഹി: രാജ്യത്തിന് ഐതിഹാസിക നേട്ടങ്ങളുടെ വർഷമാണ് കഴിഞ്ഞുപോയതെന്ന് രാഷ്ട്രപതി .എൻ ഡി എ സര്‍ക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞാനായിരുന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗം.
പുതിയ പാർലമെന്റ് മന്ദിരത്തിലെ തന്റെ ആദ്യപ്രസംഗമാണെന്ന് പറഞ്ഞാണ് രാഷ്ട്രപതി അഭിസംബോധന ആരംഭിച്ചത്. മോദി സർക്കാരിന്റെ “സാമൂഹ്യനീതി” ആശയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് ആരംഭിച്ച പ്രസംഗത്തിൽ ഓരോ പൗരന്റെയും അന്തസ് പരമപ്രധാനമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി.
വനിതാ സംവരണ ബിൽ പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. മുത്തലാഖ് നിരോധിക്കാനായി. ജമ്മു കാഷ്മീരിന്റെ പുനഃസംഘടന ശ്രദ്ധേയനേട്ടമാണ്. അയോധ്യയില്‍ രാമക്ഷേത്രം യാഥാർഥ്യമാക്കിയതും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു.
പ്രതിരോധരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ രാജ്യത്തിന് കഴിഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ത്രിവർണ പതാക ഉയർത്തി. ജി20 വിജയകരമായി നടത്തി. കായികരംഗത്തും നേട്ടമുണ്ടായി. ഇന്ത്യയുടെ കീർത്തി ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉയർന്നു. രാജ്യത്ത് ദാരിദ്ര്യ നിർമാർജനം യാഥാർഥ്യമായി. ഇന്ത്യ ശരിയായ ദിശയില്‍ ശരിയായ തീരുമാനങ്ങളെടുത്ത് മുന്നേറുന്നു. ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്കരിച്ചെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.
തിരിച്ചടികൾക്കിടയിലും സമ്പദ്വ്യവസ്ഥ വളർച്ച നേടി. വളർച്ചാ നിരക്കിൽ 7.5 ശതമാനം വർധനയുണ്ടായി. ആദിവാസി ക്ഷേമത്തിനായി വിവിധ പദ്ധതികൾ അവതരിപ്പിച്ചു. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാനും സർക്കാരിന് കഴിഞ്ഞതായി രാഷ്ട്രപതി പറഞ്ഞു.
അയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ നിരവധിപേർക്ക് സൌജന്യ ചികിത്സ ലഭ്യമാക്കി. ഡിജിറ്റൽ പണമിടപാടിൽ സർവകാല റിക്കാർഡ് വളർച്ച കൈവരിക്കാനും കഴിഞ്ഞു. രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞു. ഇന്ത്യയുടെ വളർച്ച ലോകം ഉറ്റുനോക്കുകയാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു.
രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനവും റിക്കാർഡിട്ടു. ദേശീയപാതകളുടേതടക്കം വികസനം റിക്കാർഡ് വേഗത്തിലാണ്. റോഡ് മാർഗമുള്ള ചരക്കുനീക്കം ഗണ്യമായി കൂടി. വന്ദേഭാരത് ട്രെയിനുകൾ റെയിൽവേ വികസനത്തിന്റെ പുതിയ ഉദാഹരണമാണ്. ഗ്യാസ് പൈപ്പ് ലൈൻ, ഒപ്റ്റിക്കൽ ഫൈബർ ഇതെല്ലാം വികസന നേട്ടങ്ങളാണെന്നും രാഷ്ട്രപതി പറഞ്ഞു.
രണ്ടര ലക്ഷം കോടി ഗ്യാസ് കണക്ഷൻ പാവപ്പെട്ടവർക്ക് നൽകി. സൗജന്യ ഡയാലിസിസ് പദ്ധതി നിരവധി പേർക്ക് ആശ്വാസമായി. പാവപ്പെട്ടവർക്ക് പോലും വിമാന സർവീസുകൾ പ്രാപ്യമാക്കി. പിഎം കിസാർ സമ്മാൻ പദ്ധതിയിലൂടെ രണ്ട് ലക്ഷം കോടിയിലേറെ രൂപ അനുവദിച്ചുവെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.