We, the people of India, having solemnly resolved to Constitute India,into a Soverreign Socialist Secular Democratic Repbulic and to secure to all its Citizens: നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം. നമ്മള്‍തന്നെ നല്കിയ ഭരണഘടനയുടെ പീഠിക എഴുതുകയും പറയുകയും തന്നെയാണ് പക്ഷം പിടിക്കല്‍. പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കിന്റെ വാര്‍ഷികം കടന്നുവരുമ്പോള്‍, രാഷ്ട്രത്തിന്റെ പൗരസമൂഹത്തിന് ഭൂരിപക്ഷ സമുദായത്തിന്റെ അധികാരരൂപമായി രാഷ്ട്രം നിലംപതിക്കുമോ എന്ന ഭയാശങ്കകള്‍ ഉണ്ട്.
അയോധ്യയില്‍ നിര്മ്മിക്കപ്പെടുകൊണ്ടിരിക്കുന്ന ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയുടെ യജമാനനായി ശ്രീ. നരേന്ദ്ര മോദി എന്ന രാമഭക്തന് കടന്നുവരുമ്പോള്‍, ഇന്ത്യയുടെ പ്രധാനമന്ത്രിയെ ആ സന്ദര്‍ഭത്തില്‍ അദ്ദേഹത്തില്‍ കാണേണ്ടതില്ല എന്ന വാദത്തില്‍ യാതൊരു കഴമ്പുമില്ല. ഇന്ത്യ എന്ന മതേതര രാഷ്ട്രം എല്ലാ പൗരര്‍ക്കും വിശ്വാസം ജീവിക്കാനും പ്രചരിപ്പിക്കാനും പ്രഖ്യാപിക്കാനും പ്രഖ്യാപിക്കാതിരിക്കാനും സ്വാതന്ത്ര്യം അനുവദിക്കുമ്പോഴും, രാഷ്ട്രത്തിന് ഏതെങ്കിലും മതത്തോടോ സമുദായത്തോടോ പ്രത്യേകമായ മമതയില്ലായെന്നതാണ് മതേതര സങ്കല്‍പ്പം. ഇതാണ് ഇന്ത്യയുടെ ഭരണഘടനാ ശില്പികള് വിഭാവനം ചെയ്ത മതേതര റിപ്പബ്ലിക്ക്.
രാഷ്ട്രം ഭരിക്കുന്ന പാര്‍ട്ടി നേതാക്കളുടെ മതം, മന്ത്രിമാരുടെ മതം, പ്രധാനമന്ത്രിയുടെ മതം രാഷ്ട്രത്തിന്റെ മതമല്ല. മതേതര ഇന്ത്യയ്ക്ക് മതമില്ല. മതേതര ഭരണകൂടത്തിന് മതമില്ല. ഭരണകൂട സ്ഥാപനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ അധികാരാവകാശങ്ങള്‍ രൂപപ്പെടുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിളുകളില്‍ നിന്നും ഭരണഘടനാ മൂല്യങ്ങളുടെ വ്യാഖ്യാനത്തില്‍ നിന്നുമാണ്. ദൈവനാമത്തിലോ സഗൗരവമായോ സത്യപ്രതിജ്ഞ ചെയ്യുന്ന വ്യക്തി, ഒപ്പു ചാര്‍ത്തിക്കഴിയുമ്പോള്‍, ഭരണഘടനാ മൂല്യങ്ങളുടെ പൗരവ്യാഖ്യാനമായി മാറുകയാണ്. മതേതരരാഷ്ട്രത്തിലെ ഒരു വ്യക്തിയുടെ മതചായ്വുകള്‍, അയാള്‍ വഹിക്കുന്ന ഭരണഘടനാ പദവിയില്‍ പ്രതിഫലിക്കാന്‍ അനുവാദമില്ലായെന്ന് ചുരുക്കം. വ്യക്തിതാല്പര്യങ്ങളും പൗരധര്‍മ്മവും കൂടിക്കുഴയുന്നിടത്ത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് ഇടിവ് പറ്റുകതന്നെ ചെയ്യും. നരേന്ദ്ര മോദിയുടെ മതചായ്വുകള്‍ പ്രധാനമന്ത്രിയുടേതായാല് പൗരസമൂഹത്തിന്റെ ഉള്ളില്‍ ആശങ്കകള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം.
തന്ത്രതത്വം അനുസരിച്ച്, മൂര്‍ത്തിയുടെ പ്രാണപ്രതിഷ്ഠ ചെയ്യുന്ന ആള്‍ക്ക് തന്നില്‍ പരമാത്മാവിന്റെ ആവാസം അറിയേണ്ടതുണ്ട് – എല്ലാ കോശങ്ങളിലും അത് നിറയണം – അന്നമയത്തിലും പ്രാണമയത്തിലും, മനോമയത്തിലും, വിജ്ഞാനമയത്തിലും, ആനന്ദമയത്തിലും. പഞ്ചരാത്ര ആഗമനശാസ്ത്രത്തിലെ വൈശയാസി സംഹിതപ്രകാരം, ആരുടെ കര്‍മ്മേന്ദ്രിയങ്ങളിലും ജ്ഞാനേന്ദ്രിയങ്ങളിലുമാണോ പരമാത്മന്‍ കുടികൊള്ളുന്നത്, ആ മഹാപുരുഷനു മാത്രമേ പ്രാണപ്രതിഷ്ഠ നിറവേറ്റാനാകൂ. തന്റെ ഹൃദയഭൂവിലെ പരമത്വം അയാള്‍ മൂര്‍ത്തിയിലേക്ക് പകരുന്നു. തികച്ചും ആത്മീയമായ ദര്‍ശനമാണ് ഇതിനു പിന്നില്‍. ഇന്ത്യയില്‍ ഇന്ന് സജീവമായി നിലകൊള്ളുന്ന എല്ലാ മതാനുഭവങ്ങളിലും പുണ്യവസ്തുക്കളും സ്ഥലങ്ങളും സമര്പ്പിക്കുന്നതിന്റേതായ ആത്മീയ വ്യഖ്യാനങ്ങളും അടയാളങ്ങളും എത്രയോ ലഭ്യമാണ്. ഇതിലേതെങ്കിലുമൊന്ന് പിന്തുടരുന്നവരാണ് പൗരസമൂഹത്തിലെ ബഹുഭൂരിപക്ഷവും. പക്ഷേ, ഇതിലേതെങ്കിലുമൊന്നിലൂടെ നമ്മുടെ രാഷ്ട്രത്തേയോ ഭരണഘടനാ പദവികളേയോ വ്യാഖ്യാനിച്ചു തുടങ്ങിയാല്‍ മതേതരദര്‍ശനം തകരുകതന്നെ ചെയ്യും. വ്യത്യസ്ത മതസങ്കല്പ്പങ്ങള് കൊണ്ടുനടക്കുന്നവര്‍, അത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും, മതേതരതയുടെ രാഷ്ട്രപശ്ചാത്തലം കാത്തുസൂക്ഷിക്കുകതന്നെ വേണം. ഭൂരിപക്ഷ-ന്യൂനപക്ഷ പ്രീണനം, വോട്ടുബാങ്ക് രാഷ്ട്രീയം ഇന്ത്യയുടെ റിപ്പബ്ലിക്ക് ദര്‍ശനത്തിന് വലിയ പരിക്കേല്‍പ്പിക്കും.
അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനുശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍ ഇന്ത്യയുടെ ചരിത്രത്തെ ഭൂരിപക്ഷ മതദര്‍ശനങ്ങളുടെ വേരുകളിലേയ്ക്ക് ചുരുക്കിയെഴുതാനുള്ള ശ്രമമായിട്ടാണ് മനസ്സിലാക്കപ്പെട്ടത്. ഇന്ത്യയുടെ ചരിത്രത്തിന്റെ വേരുകള്‍ അതിന്റെ സങ്കീര്‍ണ്ണവും ബഹുസ്വരവുമായ അവസ്ഥകളില്‍ നിന്ന്, ഭൂരിപക്ഷ മതത്തിന്റെ തിണ്ണമിടുക്കുകൊണ്ട്, എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്ന പി.ആര്.ഒ. ജോലികൊണ്ട്, ഒരു പ്രത്യേക ദര്‍ശനത്തിന്റെ അടിത്തറയില്‍ നിന്നുമാണ് കിളിര്ത്തുവരുന്നതെന്നു പറയുകയും അവകാശപ്പെടുകയും, എതിര്‍ശബ്ദങ്ങളെ അധികാരവും ബലവും കൊണ്ട് ഇല്ലാതാക്കുകയും ചെയ്തുകൊണ്ട്, പ്രബലപ്പെടുമ്പോള്‍, അതങ്ങനെയല്ലാ എന്ന് ഉറച്ചുപറയുകയെന്നുകൂടി റിപ്പബ്ലിക്ക് മതേതരതയ്ക്ക് അര്‍ത്ഥമുണ്ട്. ഓരോരുത്തര്‍ക്കും അവരവരുടേതായ വിശ്വാസപ്രമാണങ്ങള്‍, അപരരെ നിന്ദിക്കാതെ ജീവിക്കാനാകുന്ന മതേതരത ഇന്ത്യ പ്രഖ്യാപിക്കുന്നു. അതില്‍ ഭൂരിപക്ഷത്തിന്റേയോ ന്യൂനപക്ഷത്തിന്റേയോ എന്ന വേര്‍തിരിവില്ല. ആരുടെ വിശ്വാസവും രാഷ്ട്രം ഏറ്റെടുക്കുന്നില്ല എന്നു ചുരുക്കം.
ഈ നിലപാടിന് ഇളക്കം തട്ടിത്തുടങ്ങിയെന്ന് പല സന്ദര്‍ഭങ്ങളും ഇന്ന് തെളിയിക്കുകയാണ്. ഭൂരിപക്ഷ മതവിശ്വാസത്തിന്റെ ലെന്‍സിലൂടെ ചരിത്രമെഴുതുമ്പോള്‍, അപരവിദ്വേഷവും അപരനിരാസവും പ്രതീക്ഷിക്കാവുന്നതേയുള്ളൂ. ലോകചരിത്രത്താളുകള് ഇതിന് സാക്ഷ്യം വഹിക്കുന്നു. ഭൂരിപക്ഷമതത്തിന്റെ വേരുകളിലേക്ക് ഇന്ത്യയുടെ ചരിത്രം ചുരുക്കിയെഴുതുക മാത്രമല്ല നമ്മുടെ കാലത്ത് നടക്കുന്നത്. ഭൂരിപക്ഷ മതമെന്ന് വിശേഷിക്കപ്പെടുന്ന വിശ്വാസത്തിന്റെ അയഞ്ഞ ഘടനയ്ക്കുള്ളിലെ വ്യത്യസ്ത ധാരകളെ ഏകശിലാത്മകമായി കൊത്തിയെടുക്കാനുമുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. ആ നിലയില്‍ പ്രവര്‍ത്തിക്കാനുള്ള ആശയങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കപ്പെട്ടിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ സുദീര്‍ഘമായി പഠിക്കപ്പെട്ടിട്ടുള്ളതാണ്.
ബഹുസ്വരതയുടെ സൗന്ദര്യമുള്ള ഇന്ത്യ എന്ന മതേതര രാഷ്ട്രത്തെ ചേര്‍ത്തുപിടിക്കേണ്ടതുണ്ട് എന്ന ആഹ്വാനം റിപ്പബ്ലിക്ക് ദിനം തരുന്നുണ്ട്. നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഈ ദേശത്ത് ഇനിയും പുലരട്ടെ. ഭരണഘടനയുടെ വെളിച്ചം ദര്‍ശിക്കാന്‍ കാഴ്ച അനാവരണം ചെയ്യപ്പെടട്ടെ.