തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരായ ആർഒസി റിപ്പോർട്ടിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്ത് സിപിഎം കേന്ദ്രകമ്മറ്റിയംഗം എ.കെ. ബാലൻ. വീണ അഴിമതി നടത്തിയിട്ടില്ലെന്നും സേവനം നൽകിയെന്ന് എക്സാലോജിക്കിന് തെളിയിക്കാൻ കഴിയുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
എക്സാലോജിക് അന്വേഷണത്തിൽ കൊടുക്കേണ്ട രേഖകളെല്ലാം കൊടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു അഴിമതിയും നടന്നിട്ടില്ല. വിജിലൻസ് കോടതി തള്ളിയ കേസാണിത്. മുഖ്യമന്ത്രിക്കോ വീണയ്ക്കോ ഹൈക്കോടതി നോട്ടീസയച്ചിട്ടില്ലെന്നും ബാലൻ പറഞ്ഞു.
ഇന്‍കം ടാക്സും ജിഎസ്ടിയും കൊടുത്തിട്ടില്ല എന്നായിരുന്നു ആദ്യപ്രശ്നം. അത് കൊടുത്തിട്ടുണ്ടെന്ന് കൃത്യമായി മറുപടി നല്കി. സര്‍വീസിന്റെ വിവരങ്ങള്‍ ഇവര്‍ക്ക് അന്വേഷിക്കേണ്ട കാര്യമില്ല. ആര്‍ഒസി റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ എന്തുകൊണ്ട് കമ്പനിക്ക് ഇമ്മ്യൂണിറ്റി കൊടുത്തു. എന്തിന് മറച്ചുവയ്ക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.